2016 ജൂലൈ 22, വെള്ളിയാഴ്‌ച

കേരള ഭാഷയിലെ മുസ്ലിം ഇട പെടലുകൾ -ഭാഗം 1

               
      
                     നമ്മുടെ മാതൃഭാഷയെ മലയാളം എന്ന പേരിട്ടു വിളിക്കാൻ തുടങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മാത്രമാണ്. കുഞ്ചൻ നമ്പ്യാർ പോലും "ചാരു കേരള ഭാഷ "എന്നാണ് കേരളീയന്റെ ഭാഷയെ വിളിച്ചത്. മലയാളം എന്ന പദം മുൻപേ ഉണ്ടായിരുന്നെങ്കിലും അതു കേരളമെന്ന ദേശത്തെ സൂചിപ്പിക്കാൻ വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്. ബി സീ 300 ൽ ആരംഭിച്ച സംഘ കാല സാഹിത്യത്തിന്റേയും സംസ്‌കാരത്തിന്റെയും സ്വാധീനത്തിൽ നിന്നും തമിഴ്,തെലുങ്ക് ,കന്നട ,തുടങ്ങിയ ഭാഷകൾ എളുപ്പം മോചനം നേടുകയും മലയാളം മാത്രം പിന്നെയും കുറെ കാലം പരാശ്രയത്വത്തോടെ മുന്നോട്ടു പോവുകയും ചെയ്തു. ഒൻപതാം നൂറ്റാണ്ടു വരെയും കേരളം ഇന്നത്തെ തമിഴ് നാടും ആന്ധ്രായും കർണാടകയും ഉൾപ്പെട്ട തമിഴകം പ്രദേശത്തിന്റെ ഭാഗമായി തുടർന്നു. ഇക്കാലത്ത്  കേരള പ്രദേശങ്ങളിൽ പിറവി  കൊണ്ട സാഹിത്യവും സാഹിത്യനായകരും തമിഴകത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതു പിന്നീട് മലയാളത്തിൻറെ ശ്രേഷ്ഠ ഭാഷാ  പ്രഖ്യാപനത്തിന് കാല താമസം നേരിടാൻ കാരണമായി. എട്ടാം നൂറ്റാണ്ടിലും ഒൻപതാം നൂറ്റാണ്ടിലും ജീവിച്ചിരുന്ന പരണർ, ഇളംകോ അടികൾ , കുലശേഖര ആഴ്വാർ തുടങ്ങിയ കവികൾ കേരള പ്രദേശത്തു ജീവിച്ചിരുന്നവരായിരുന്നെങ്കിലും തമിഴ് കവികളായാണ് അറിയപ്പെടുന്നത്. ഒൻപതാം നൂറ്റാണ്ടിൻറെ അവസാനത്തോട് കൂടെ മലയാളം സ്വാശ്രയാവിഷ്കാരം കൈവരിക്കുകയും നേരത്തെ ഉണ്ടായിരുന്ന വട്ടെഴുത്തിനു പകരം നിയതമായ ലിപിയിലേക്കു പതിയെ കൂടു മാറുകയും ചെയ്തു. 
  തമിഴകത്ത് നിന്നും വേർപെട്ട സ്വതന്ത്ര കേരള ഭാഷയുടെ പ്രഥമ സംരംഭമായി കണക്കാക്കുന്നത് മണിപ്രവാളം എന്ന പുതിയ സാഹിത്യ ഭാഷ രൂപം കൊണ്ടതായിരുന്നു. ചമ്പുക്കളം സന്ദേശ കാവ്യങ്ങളും കണ്ണശ്ശ പണിക്കർ ഉൾപ്പെടെയുള്ള നിരണം കവികളുടെ രചനകളും പതിനഞ്ചാം നൂറ്റാണ്ടിലെ ചെറുശ്ശേരിയുടെ കൃഷ്ണ ഗാഥയും മലയാള നാടിനും കേരളീയ ഭാഷയ്ക്കും സ്വത്വം നേടി കൊടുത്തു. 
അതു വരെ ഉപയോഗിച്ചിരുന്ന 30  അക്ഷരങ്ങളുള്ള മലയാള ലിപിയെ 51 അക്ഷരങ്ങളുള്ള സമ്പൂർണ ഭാഷയാക്കി പരിവർത്തിപ്പിച്ച തുഞ്ചത്ത് രാമാനുജൻ എഴുതിത്തച്ചൻ ആയിരുന്നു മലയാളികളുടെ ഇടയിൽ മാതൃഭാഷയെ ജനകീയനാക്കിയത്. അദ്ദേഹത്തിന്റെ  ആദ്യാത്മ  രാമായണവും മഹാഭാരതവും കിളിപ്പാട്ടു എന്ന വേറിട്ട ശൈലിയിലൂടെ അവതരിപ്പിച്ചത് മലയാള സാഹിത്യത്തിന് പുതിയ വാതായനങ്ങൾ തുറന്നു കൊടുത്തു. ഭാഷ ആശയ വിനിമയത്തിനപ്പുറം വൈകാരികത പ്രകടിപ്പിക്കാനുള്ള മാധ്യമമായി കണ്ടു തുടങ്ങുകയും പുതിയ രചനകളും പരീക്ഷണങ്ങളും രൂപം കൊള്ളുകയും ചെയ്തു. 
    തുഞ്ചെത്തെഴുത്തച്ഛന്റെ മുൻപുള്ള ഭാഷാ രചനകളെ സാഹിത്യ സമ്പത്തായി നമ്മൾ ഗണിക്കുന്നതിൽ നിന്നും ഉരുത്തിരിയേണ്ട മാനദണ്ഡം ഭാഷയുടെ ദൗത്യ നിർവഹണത്തിന്റെതാണ്. അക്ഷരങ്ങൾ വാക്കുകളും വാക്യങ്ങളുമായി ജനമനസ്സിൽ നേടിയിരുന്ന സ്വാധീനവും നിർവഹിച്ചിരുന്ന കർത്തവ്യങ്ങളും ശുദ്ധ മലയാളത്തിൻറെ ആധുനിക നിബന്ധനകൾക്കപ്പുറം മനസ്സുകൾ തമ്മിലുള്ള സംവാദവും ചിന്തകളിലെക്കുള്ള പാലായനവുമായിരുന്നെങ്കിൽ, ആധുനിക മലയാളത്തിൻറെ പിറവിക്കു മുൻപേയുള്ള അറബി മലയാള ലിപിയും  രചനകളും നമ്മുടെ സാഹിത്യ സമ്പത്തായി കണക്കാക്കേണ്ടതും പരി രക്ഷിക്കേണ്ടതുമാണ്.
 പത്താം നൂറ്റാണ്ടിലോ അതിനടുത്ത കാലങ്ങളിലോ ആയി അറബി മലയാളം കേരളത്തിൽ വിശിഷ്യാ മലബാർ മേഖലയിൽ മുസ്ലിംകളുടെ ഇടയിൽ വ്യാപിച്ചിരുന്നതായി ചരിത്രം അനുമാനിക്കുന്നു. അതിനു മുൻപ് തന്നെ വാമൊഴിയായി മുസ്ലിം സംഭാവനകൾ മലയാള ഭാഷ അതിന്റെ ശൈശവ ദശയിൽ അറബികൾ വഴി കൈകൊണ്ടിരുന്നു. 
     പ്രവാചകർ മുഹമ്മദ് (സ ) യുടെ കാലഘട്ടത്തിനും മുൻപ് തന്നെ അറബികൾ കേരളവുമായി കച്ചവട ബന്ധവും വൈവാഹിക ബന്ധവും സ്ഥാപിക്കുകയും അവരുടെ പിൻതലമുറക്കാർ മാപ്പിളമാർ എന്ന പേരിൽ കേരളത്തിൽ സജീവമാവുകയും ചെയ്തിരുന്നു.പ്രവാചകർ (സ ) യുടെ കാലശേഷമാണ് അറബികൾ കേരളത്തിൽ കച്ചവടത്തിന്നപ്പുറം മത സാംസ്കാരിക ഇടപെടലുകൾ നടത്തി തുടങ്ങിയത്. മലയാളിയുടെ വസ്ത്ര വിധാനം മുതൽ ഭക്ഷണ രീതികളെ വരെ സ്വാധീനിക്കാൻ അറബികൾക്ക് കഴിഞ്ഞിരുന്നു. അതിന്റെയൊക്കെ അനുരണങ്ങൾ ഇന്നും മലയാള നാട്ടിൽ നിറഞ്ഞു നിൽക്കുന്നുണ്ട്, പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചു ഗീസ് കൊളോണിയലിസം ആരംഭിക്കും വരെയും മലബാറിന്റെ വൈദേശിക കച്ചവട ഇടപാടുകൾ ഏറെ കുറെ പൂർണമായും അറബികൾ തന്നെ നിർവഹിച്ചു പോന്നു .
    മലയാളം കേവലം സംഭാഷണ ശൈലിയിൽ ഒതുങ്ങി നിന്നിരുന്ന കാല ഘട്ടത്തിലാണ് ഒട്ടനേകം പുത്തൻ പദാവലികൾ വാമൊഴിയായി മലയാളത്തിന് അറബികൾ സംഭാവന നൽകുന്നതും കൃത്യമായൊരു ലിപിയിലൂടെ രചനാ വിപ്പ്ളവം സാധ്യമാക്കുന്നതും. ഒരു ഭാഷയ്ക്കു വേണ്ട എല്ലാവിധ ചേരുവകളോടും കൂടെ ആശയ വിനിമയവും രചനാ സധ്യതയും ഒരുപോലെ കൂട്ടിയിണക്കിയ ഒരു പരീക്ഷണം വിജയകരമായി നടപ്പിലാക്കാൻ മുസ്ലിംകൾക്ക് സാധിച്ചു. രണ്ടോ മൂന്നോ നൂറ്റാണ്ടു മുൻപുള്ള കേരളത്തിലെ രചനാ മേഖല പരിശോധനാ വിധേയമാക്കുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തും വിധം അറബി മലയാള കൃതികൾ മലയാള രചനകളെ അതി ജയിക്കുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും. അറബി മലയാളം  സങ്കര ഭാഷയായതിനാൽ അറബിക്കോ മലയാളത്തിനോ കൈകാര്യം ചെയ്യാൻ കഴിയാത്ത പല പദങ്ങളും അറബി മലയാളം  നിഷ്പ്രയാസം കൈകാര്യം ചെയ്തിരുന്നു. മത പ്രചാരണത്തിനും കച്ചവടത്തിനുമായി  വ്യത്യസ്ത ഇടങ്ങളിൽ സഞ്ചരിച്ച അറബികൾ പ്രാദേശിക ഭാഷകളെ അറബിയുമായി കൂട്ടിയിണക്കി ഇത്തരത്തിൽ സങ്കര ഭാഷ ധാരാളമായി സൃഷ്ടിച്ചിരുന്നു.അറബി മലയാളത്തിന് പുറമെ അറബി തമിഴും ഒരു കാലത്തു വ്യാപകമായിരുന്നു. 
 അറബി മലയാളത്തിലുള്ള ആദ്യത്തെ കൃതിയായി കണക്കാക്കുന്നത് 1607 ൽ കോഴിക്കോട് ഖാദി മുഹമ്മദ് രചിച്ച മുഹ്‌യിദ്ധീൻ മാലയാണ്.  എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തേക്കാൾ 5 വർഷം മുൻപാണ് മുഹ്‌യിദ്ധീൻ മാല രചിക്കപ്പെട്ടത്. ശുദ്ധ അറബിയിൽ അതിനും പതിറ്റാണ്ടുകൾ മുൻപ് കേരളത്തിൽ നിന്നും ഒരു കനപ്പെട്ട ഗ്രന്ഥം പുറത്തിറങ്ങിയിരുന്നു. ശൈഖ് സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ ആയിരുന്നു അത്. കേരളത്തിന്റെ ആദ്യ ചരിത്ര ഗ്രന്ഥമായും വിലയിരുത്തപ്പെടുന്നതും ഇതു തന്നെ. പൊന്നാനി കേന്ദ്രീകരിച്ചു ശക്തി പ്പെട്ട ഇസ്‌ലാമികാ പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അറബിയിലും അറബി മലയാളത്തിലുമായി ചുരുങ്ങിയ കാലം കൊണ്ടു നൂറു കണക്കിന് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു.അച്ചടി നിലവിലില്ലാതിരുന്ന അക്കാലത്തു എല്ലാം കയ്യെഴുത്തു പ്രതികളായിരുന്നു. (തുടരും )

കേരള ഭാഷയിലെ മുസ്ലിം ഇടപെടലുകൾ -ഭാഗം. 2


പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കുഞ്ഞായിൻ മുസ്‌ലിയാർ തന്റെ നർമം തുളുമ്പുന്ന രചനകളിലൂടെ ചിന്തോ ദീപമായ ധാരാളം രചനകൾ നടത്തുകയുണ്ടായി. മലയാള കാവ്യ മേഖലയിൽ പുതിയ പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. നൂൽ മദ്ഹും കപ്പപ്പാട്ടും നൂൽ മാലയും കേരളത്തിന് പുതിയ അനുഭവങ്ങളായിരുന്നു.ഖാദി മുഹമ്മദ്, മുഹ്‌യദ്ധീൻ മാലയുടെ രചന പൂർത്തീകരിച്ചു നൂറ്റി മുപ്പതു വർഷത്തിന് ശേഷമാണ് കുഞ്ഞായിൻ മുസ്‌ലിയാർ 1737 ൽ നൂൽ മദ്ഹ് രചിച്ചത്.  1887 ൽ മലയാളത്തത്തിലെ  ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലത പുറത്തിറങ്ങുന്നതിനും നാലു വർഷം മുൻപ് അറബി മലയാള നോവലായ ചാർദർവേഷ് രചന പൂർത്തിയാക്കിയിരുന്നു. ബ്രിട്ടീഷ് ആധിപത്യം ശക്തമായിരുന്ന അക്കാലത്തു ഇംഗ്ളീഷ് ഭാഷയോട് കടുത്ത അമർഷം വെച്ചു പുലർത്തുകയും സംസ്കൃത സ്വാധീനമുള്ള മലയാളത്തെ ആര്യ ബ്രാഹ്മണ ഭാഷയായി കണ്ടു അകറ്റി നിറുത്തുകയും ചെയ്തിരുന്ന ഒരു സാമൂഹിക അവസ്ഥ കൂടെ മലബാറിൽ ഉണ്ടായിരുന്നു. ഇംഗ്ളീഷ് ഭാഷയോടുള്ള വിരോധം കേരളത്തിലെ പാരമ്പര്യ  മുസ്ലിയാക്കന്മാരുടെ വിവരക്കേടിൻറെ ഊക്കായി പലപ്പോഴും അഭിനവ നവോഥാന വാദികൾ ഉയർത്തി കാണിക്കാറുണ്ട്. ഇന്ത്യയിൽ ആകമാനം ബ്രിട്ടീഷ് വിരോധത്തിന്റെ ഫലമായി ഉയർന്ന ഭാഷാ-വസ്ത്ര നിസ്സഹകരണത്തിന്റെ ഭാഗമായി അലയടിച്ച സമരത്തിന്റെ ഭാഗമായിരുന്നു കേരളത്തിലും വളർന്ന ഈ ഭാഷാ വിരോധം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം ശിപായിമാർക്കിടയിൽ നിന്നും ആരംഭിക്കുകയും വളെരെ വേഗം സാധാരണ ജനങ്ങളിലേക്ക് പടരുകയും ചെയ്തു. ഉത്തരേന്ത്യയിലെ മുസ്ലിം നേതാക്കൾ നേതൃത്വം ഏറ്റെടുത്ത സമരം ഭാഷാ വിരുദ്ധ സമീപനത്തിലൂടെ തീർത്തും ധിഷണാപരമായ സമീപനമാണ് സ്വീകരിച്ചത്. പ്രാക്റ്റിക്കൽ സമരത്തിനപ്പുറം ആദർശപരമായ വ്യതിരിക്തത പ്രഖ്യാപിക്കുകയായിരുന്നു പണ്ഡിതന്മാർ. ഖൈറാബാദിലെ മൗലാനാ ഫസലുൽ ഹഖ് പൊതു ജനങ്ങളിലും ശിപായിമാരുടെ ഇടയിലും ഒരു പോലെ സമരാവേശം വളർത്തുകളയും മുസ്ലിംകളോട് ആയുധമനിയാൻ  ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തു. സമരത്തിന് നേതൃ പരമായ പങ്കു വഹിച്ചിരുന്ന മുഗൾ ചക്രവർത്തി ബഹദൂർഷാ സഫർ ഇഗ്ളീഷ് ഭാഷ തന്നെ നിരോധിക്കുകയും അതു പഠിക്കുന്നവരെ അറസ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
     ആധുനിക -ഉത്തരാധുനിക കവിതകൾ മലയാളത്തെ സ്വാധീനിക്കും മുൻപേ ജാതി മത ചിന്തകൾക്കതീതമായി ജനങ്ങളെ സ്വാധീനിച്ച മുസ്ലിം കവിയായിരുന്നു മോയിൻ കുട്ടി വൈദ്യർ. അറബി മലയാളം തന്നെയായിരുന്നു മോയിൻ കുട്ടി വൈദ്യർ തന്റെ രചനകൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ സാഹിത്യ രചനയിലേക്കു തിരിഞ്ഞ വൈദ്യർ രചിച്ച ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ പ്രണയ കാവ്യം ഇന്നും അനശ്വരമാണ്. അദ്ദേഹത്തിന്റെ തെന്നെ ബദർ,ഉഹദ്,ഖന്തഖ്, പട പ്പാട്ടുകളും മലപ്പുറം കിസ്സയും നൂറ്റാണ്ടുകളായി മലയാളികളെ ആവേശം കൊള്ളിപ്പിക്കുന്നു. അറബി,പേർഷ്യൻ,മലയാളി,തമിഴ്,ഹിന്ദി പദങ്ങൾ ഇഴുകി ചേർന്ന കാവ്യ രചനകൾ മറ്റെങ്ങും കാണാൻ കഴിയാത്ത അപൂർവ സൃഷ്ടിയാണ്. 
                           സാഹിത്യ സൃഷ്ടികൾ രൂപം കൊള്ളും മുൻപേ ഗദ്യ രൂപത്തിൽ ധാരാളം കയ്യെഴുത്തു രചനകൾ അറബി മലയാളത്തിൽ നിർമിക്കപ്പെട്ടിരുന്നു. പൊന്നാനി ദർസ് കേന്ദ്രീകരിച്ചു, പണ്ഡിതന്മാർ തായാറാക്കിയിരുന്ന ഫത്‌വ (മത വിധികൾ )കളായിരുന്നു കൂടുതലും. പ്രവാചകർ (സ )യുടെ ചികിത്സാ രീതികൾ വിവരിക്കുന്ന തിബ്ബ് നബിയ്യ് എന്ന ഗ്രന്ഥമാണ് ആദ്യമായി അച്ചടിച്ച കൃതി. തുടർന്ന് കർമ്മ ശാസ്ത്രം,ചരിത്രം,പരിഭാഷ,ജന്തു ശാസ്ത്രം,നിർമാണ ശാസ്ത്രം,കൈ രേഖാ ശാസ്ത്രം,തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ധാരാളം കൃതികൾ അറബിയിലും അറബി മലയാളത്തിലുമായി മുസ്ലിം പക്ഷത്തു നിന്നും വെളിച്ചം കണ്ടു. 
             പൊന്നാനിയും പരിസരവും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അറബി മലയാള സാഹിത്യം പടർന്നു പന്തലിച്ചത്. ആഗോള വ്യാപകമായി മുസ്ലിംകൾ ഉപയോഗിച്ചിരുന്ന ലിപിയിൽ നിന്നും വ്യത്യസ്തമായി അക്ഷരങ്ങൾക്ക് തികഞ്ഞ വടിവ് നൽകി ഉപയോഗിച്ചു വന്ന കേരളത്തിലെ അറബി ലിപി പൊന്നാനി ലിപി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പൊന്നാനിയും അന്നത്തെ മലബാറിലെ അറബി  ഭാഷയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം തെളിയിക്കുന്ന വസ്തുതയാണിത്.
              അറബി മലയാളം ഉപയോഗപ്പെടുത്തി സർഗ്ഗ സാഹിത്യത്തിലും വൈജ്ഞാനിക സാഹിത്യത്തിലും മികവ് തെളിയിച്ച ഒട്ടനവധി പേർ പന്നാനിയിലും പരിസരത്തുമായി പതിനെട്ട്,പത്തൊൻപതു നൂറ്റാണ്ടുകളിൽ കേരളത്തിലാകമാനം വിശിഷ്യാ മലബാറിൽ സജീവ സാന്നിധ്യമായി. ചരിത്രകാരനും കവിയുമായ കോടമ്പിയാകത്ത് കുഞ്ഞു സീതി കോയ തങ്ങൾ നിസ്കാര പാട്ട്,നഫീസത്തുൽ മിസ്‌രിയ്യ ചരിത്ര കാവ്യം,ഖന്തഖ് പടപ്പാട്ട്, ഫുതൂഹ് തായിഫ് തുടങ്ങീ നിരവധി കാവ്യങ്ങളും ചരിത്ര കൃതികളും ഈ മേഖലയിൽ സമരപ്പിച്ചു. മാളിയേക്കൽ കുഞ്ഞഹമ്മദ് സാഹിബും നാലകത്ത് കുഞ്ഞു മൊയ്‌ദീൻ സാഹിബും എം പി അബ്ദുൽ അസീസും മാളിയേക്കൽ മുഹമ്മദ് കുട്ടി മുല്ലയും വ്യത്യസ്ത കാലങ്ങളിലായി ഈ മേഖലയിൽ കനപ്പെട്ട സംഭാവനകൾ അർപ്പിച്ച വ്യക്തിത്വങ്ങളായിരുന്നു. 
                       ഇംഗ്ളീഷിന് ആഗോള പരിവേഷം ലഭിക്കും മുൻപേ അറബി ലോകത്തിന്റെ വ്യത്യസ്തയിടങ്ങളിൽ വ്യവഹാര ഭാഷയായി യദേഷ്ടം ഉപയോഗിച്ചിരുന്നു.ധാരാളം യാത്ര നടത്തിയിരുന്ന അറബികൾ കുറെ വാക്കുകൾ തങ്ങളുടെ പദ സമ്പത്തിലേക്കു കടം കൊള്ളുകയും അതിലേറെ അവർക്കു തിരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ അറബികൾ ഏറ്റവും കൂടുതൽ ആദാന പ്രദാനങ്ങൾ നടത്തിയുത് ഒരു പക്ഷെ കേരളവുമായിട്ടായിരിക്കും. ഭാരതത്തിനു ഹിന്ദ് എന്ന പേര് വിളിച്ച അറബികൾ തന്നെയാണ് വടക്കൻ കേരളത്തെ മലബാർ എന്നു ആദ്യമായി വിളിച്ചതും. കേരളത്തിലെ പല ഉത്പന്നങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും അവയ്ക്കു ആഗോള മാർക്കറ്റിൽ പുത്തൻ നാമങ്ങൾ അറബികൾ വിളിക്കുകയും ചെയ്തു. മലയാളികളുടെ ഇഷ്ട ഭോജ്യമായ പുളി റ്റമറൈൻഡ് എന്ന പേരിൽ ലോകത്തിനു പരിചയപ്പെടുത്തിയത് അറബികൾ ആയിരുന്നു. മലയാളികൾ ഇന്ന് സർവ സാധാരണയായി ഉപയോഗിക്കുന്ന നൂറുകണക്കിന് പദങ്ങളിൽ അറബി സ്വാധീനം കാണാൻ കഴിയും മുൻസിഫും വക്കീലും വക്കാലത്തും പോലുള്ള ഔദ്യോഗിക പദ സമ്പത്തുകൾ പോലും അറബി സംഭാവനകൾ ആയിരുന്നു. പുറമെ നാം സ്ഥിരമായി ഉപയോഗിക്കുന്ന പല പഴഞ്ചൊല്ലുകളും അറബി സഹവാസത്തിൽ നിന്നും നമുക്ക് വീണു കിട്ടിയതായിരുന്നു. 
 പഴഞ്ചൊല്ലുകളുടെ താരതമ്യ പഠനം പ്രദേശങ്ങളുടെ വൈകാരികമായ അടുപ്പം കൂട്ടുകയും ദേശത്തിന്റെ അതിർ വരമ്പുകൾ പൊളിക്കുകയും ചെയ്യും. 
            പല അറബി പഴഞ്ചൊല്ലുകളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി നാം സ്വന്തമാക്കുകയും മറ്റു ചിലത്തിൽ അറബി പദങ്ങളുടെ അനല്പമായ സാനിധ്യം നമ്മുട ഭാഷയുടെ മികവിന് വഴി വെക്കുകയും ചെയ്തിട്ടുണ്ട്. 
 "ഒട്ടകത്തിന്റെ പുറത്തിരിന്നിട്ടും അവനെ പട്ടി കടിച്ചു". ഇതു അറബിയിലുള്ള പഴഞ്ചൊല്ലാണ്. മലയാളത്തിലെ "ആന പുറത്തിരിക്കുന്നവൻ നായയെ പേടിക്കണോ " എന്ന പഴഞ്ചൊല്ല് ഇതോടപ്പം കൂട്ടി വായിച്ചാൽ മതി. മലയാളത്തിൽ ആനയുമായി  ബന്ധപ്പെട്ട ധാരാളം പഴഞ്ചൊല്ലുകൾ ഉണ്ടല്ലോ ..അറേബ്യയിലെ ഒട്ടകത്തെയാണ് നാമിവിടെ ആനയാക്കി നമ്മുടെ ദേശ വത്കരിച്ചത്. ആന കൊടുത്താലും ആശ കൊടുക്കരുത് എന്ന മലയാള പഴഞ്ചൊല്ലും കടന്നു വന്നത് അറബിയിൽ നിന്നായിരുന്നു. ആനക്ക് പകരം ഓട്ടക്കാമായിരുന്നു എന്നു മാത്രം. 
          സാംസ്കാരിക പരമായും ഭാഷാപരമായും നൂറ്റാണ്ടുകളായി ഇരു ദേശങ്ങളും കാത്തു സൂക്ഷിച്ച സൗഹൃദ കഥകൾക്ക് ഇന്നും ഒരു മാറ്റവുമില്ല.ഒരു കാലത്തു കപ്പൽ കയറി കേരള തീരത്തണഞ്ഞു ഭാഷയും സംസ്കാരവും കൈമാറ്റം ചെയ്തിരുന്ന കൂട്ടർ അതിലേറെ 
സൗഹൃദ മനസ്സോടെ ഗഗന ചാരികളായി വിരുന്നെത്തുന്ന മലയാളിയെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും അനേകമനേകം ആദാന പ്രദാനങ്ങൾ നടത്തുകയും ചെയ്യുന്നത് കാലം കരുതി വെച്ച സൗഹൃദ കർമങ്ങളായിരിക്കാം.