വർത്തമാനത്തിലും പൊന്നാനിക്ക് പറയാനുള്ളത് പ്രോജ്ജ്വലിച്ചു നിൽക്കുന്ന ഇന്നലെയുടെ കഥകളാണ്. തെരുവീഥികളിൽ നമ്മെ ഇപ്പോഴും സ്വാഗതം ചെയ്യുന്നത് നൂറ്റാണ്ടുകളുടെ ചരിത്ര ഭാരം പേറുന്ന ചെമ്മൺ ഭിത്തികളും, നടുമുറ്റവും പാടാപ്പുറവും അലങ്കാരം ചാർത്തുന്ന തറവാടുകളും, അകത്തെ പള്ളിയും കരിങ്കൽ ഹ്യുളുകളും പഴമ പ്രസരിപ്പിക്കുന്ന മുസ്ലിം പള്ളികളുമാണ്. ഇവ ഈ നാടിന്റെ പ്രതാപം നിറഞ്ഞ ഇന്നലെകളിലേക്കാണ് നിങ്ങളെ കൂട്ടി കൊണ്ടു പോവുക.
ലോക ചരിത്രത്തിൽ പുകൾപെറ്റ ഇതര നാഗരികതകൾക്കൊപ്പം നിൽക്കാൻ പാകത്തിൽ മഹത്തായ ഒരു സംസ്കൃതി ആയിരക്കണക്കിന് വർഷം മുൻപേ ഇന്ത്യക്ക് അവകാശപ്പെടാൻ ഉണ്ടായിരുന്നെങ്കിലും പുരാതന ഗ്രീക്കിനു ഉണ്ടായിരുന്ന പോലെ ഒരു ഹെറോഡോട്ടാസോ തൂസി ഡൈസ്‌ടോ നമുക്ക് ഉയർത്തി കാണിക്കാൻ ഇല്ലാതെ പോയി. സഹസ്രാബ്ദങ്ങൾ പഴക്കമുള്ളത് എന്ന അവകാശ വാദത്തോടെ ചില പുരാണങ്ങളും ഇതിഹാസങ്ങളും നാം പൊക്കി പിടിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ നിഗമനങ്ങൾ കൊണ്ടു ആശാവഹമായ വിധം പഴക്കം സ്ഥാപിച്ചെടുക്കാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
വേദ കാലഘട്ടത്തെ കുറിച്ചും ജൈന ബുദ്ധ മതങ്ങളെ കുറിച്ചും നാം മനസ്സിലാക്കിയതെല്ലാം കൂടുതലും ശിലാഫലകങ്ങളിൽ നിന്നോ പൗരാണിക മന്ദിരങ്ങളിൽ നിന്നോ അപൂർവം ചില കുറിപ്പുകളിൽ നിന്നോ ആയിരുന്നു. മൗര്യന്മാരെ കുറിച്ചും സുംഗ -കന്വ -ശത -ശാഖ- കുശാന രാജ ഭരണത്തെ കുറിച്ചുമെല്ലാം കൃത്യമായ രീതിയിൽ എഴുതപ്പെട്ട ചരിത്രമൊന്നും നമുക്ക് ലഭ്യമായിട്ടില്ല.
ഏ ഡി പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ മുഹമ്മദ് ഗസ്നി ഇന്ത്യയിൽ ആധിപത്യം നേടിയതിനു ശേഷമാണ് കൃത്യമായ ചരിത്ര ശേഖരവും നടപ്പു കാലത്തെ സാമൂഹ്യ രാഷ്ട്രീയ കലാ വിവരണങ്ങളും ഭാവി തലമുറക്കായി കരുതി വെക്കാൻ തുടങ്ങിയത്.അൽ ബറൂനി താരീഖ് ഹിന്ദിലൂടെ തുടക്കമിട്ട വിപ്ലവം ഇബ്നു ബത്തൂത്തയും സിയാദ് ദിനബറാണിയും അബുൽ ഫസലും അബ്ദുൽ ഖാദിർ ബാദുഅനിയും തുടർന്നു കൊണ്ടു പോവുകയും സുവ്യക്തമായ ഒരു ചരിത്രം ഇന്നലെയെ കുറിച്ചു നമുക്ക് ലഭിക്കുകയും ചെയ്തു.
കേരളത്തിൽ പൊന്നാനിയോളം ഇസ്‌ലാമിക സംസ്കൃതി അവകാശപ്പെടാൻ കഴിയുന്ന മറ്റൊരു പ്രദേശമുണ്ടാകില്ല. തെക്കേ ഇന്ത്യയുടെ തന്നെ ഇസ്‌ലാമിക ആസ്ഥാനമായി ഒരു കാലത്തു പൊന്നാനി നിറഞ്ഞു നിന്നിരുന്നു. പൊന്നാനി ലിപിയും പൊന്നാനി ദർസ് രീതിയുമെല്ലാം ഇതര ദേശക്കാർ മാതൃകയാക്കുകയും പ്രഗത്ഭരായ ധാരാളം പണ്ഡിത ശ്രേഷ്ഠർ ഈ പ്രദേശത്തെ വൈജ്ഞാനിക ചർച്ചകളാൽ ധന്യമാക്കുകയും ചെയ്തിരുന്നു. സമൃദ്ധമായ പൊന്നാനിയുടെ ഇന്നലകളിലേക്കുള്ള അന്വേഷണവും കണ്ടെത്തലുമാണ് ടി വി അബ്‌ദുറഹ്‌മാൻ കുട്ടി രചിച്ചു പൂങ്കാവനം ബുക്സ് പ്രസിദ്ധീകരിച്ച "പൊന്നാനി :പൈതൃകവും നവോഥാനവും "എന്ന ബൃഹത്തായ ഗ്രന്ഥം.624 പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥം പൊന്നാനിയുടെ എല്ലാ ഇടവഴികളിലൂടെയും കയറി ഇറങ്ങി അനല്പമായ ചരിത്ര ജ്ഞാനം പകർന്നു നൽകിയാണ് യാത്ര അവസാനിപ്പിക്കുന്നത്.
പൊന്നാനിയുടെ ചരിത്രം പറയുന്നതോടൊപ്പം തെക്കേ ഇന്ത്യയുടെ വിശിഷ്യാ മലബാറിന്റെ സാമൂഹ്യ, രാഷ്ട്രീയ, മത മേഖലകൾ വിശദീകരിക്കുന്നുണ്ട്. പൗരാണിക ശേഷിപ്പുകളിൽ നിന്നും തുടങ്ങി ഐതിഹ്യങ്ങൾ അലങ്കാരം ചാർത്തി പുരോഗമിക്കുന്ന ചരിത്ര കഥനം എ ഡി പതിനഞ്ചാം നൂറ്റാണ്ട് ആകുമ്പോഴേയ്ക്കും കൃത്യമായ രേഖകളുടെ പിൻബലത്തോടെ പൊന്നാനിയുമായതൊന്നും വിട്ടു പോകാതെ വായനക്കാരിലേക്കെത്തിക്കുന്നു. അനായാസ വായനയും ഭാവിയിലെ റഫറൻസ് സൗകര്യവും ലക്ഷ്യം വെച്ചു കൊണ്ടാകാം കൃത്യമായ 12 ഭാഗമായി പുസ്തകത്തെ വിഭചിച്ചിട്ടുണ്ട്. സാംസ്കാരിക ആസ്ഥാനം എന്ന ഒന്നാം ഭാഗത്തിൽ പൊന്നാനിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും പൗരാണിക കഥകളും വിവരിക്കുകയും അതു വഴി നഗരത്തിൻറെ പിറവിയിലേക്കു വായനക്കാരെ നയിക്കുകയും ചെയ്യുന്നു. പഠന പര്യടനം നടത്തിയ ഫ്രാൻസിസ് ബുക്കാനന്റെയും വില്യം ലോഗന്റെയും നാടുമായി ബന്ധപ്പെട്ട വിവരണങ്ങളും മൈസൂർ രാജാക്കന്മാരുടെ ആഗമനവും സാമൂതിരി കുഞ്ഞാലി മരക്കാർമാരുടെ ഇതിഹാസ സമാനമായ കഥകളെല്ലാം ഒന്നാം ഭാഗത്തിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തിന്റെ സാമൂഹ്യ,രാഷ്ട്രീയ,വാണിജ്യ ,മേഖലകളെല്ലാം അടിസ്ഥാന പരമായി ഇവിടെ നമുക്ക് വായിക്കാം.
ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിൽ നൂറ്റാണ്ടുകൾ മുൻപ് പൊന്നാനി കൈവരിച്ച നേട്ടവും പൊന്നാനി പണിതുയർത്തിയ സാംസ്കാരിക പൈതൃകവും രണ്ടാം ഭാഗത്തിൽ വിവരിക്കുന്നു. നഗരത്തിൽ കാണുന്ന പൗരാണിക പള്ളികളെ കുറിച്ചും ദർസ് സമ്പ്രദായത്തെ കുറിച്ചും ഈ ഭാഗത്തു തന്നെ വിവരണം നൽകുന്നുണ്ട്. നൂറ്റാണ്ട് മുൻപ് സ്ഥാപിതമായ മൗനത്തുൽ ഇസ്‌ലാം സഭയെ കുറിച്ചും ഹൈദ്രോസി തങ്ങന്മാരുടെ ആസ്ഥാനമായ വലിയ ജാറത്തെ കുറിച്ചും അടുത്ത ഭാഗത്തു പറയുന്നു.
മുസ്ലിം നവോഥാനം എന്ന ഭാഗത്തിൽ വിശദീകരിക്കുന്നത് പ്രദേശത്തു ജീവിച്ചു വെളിച്ചം വിതറി കടന്നു പോയ മഹാന്മാരെ കുറിച്ചാണ്. ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഒന്നാമനിൽ നിന്നും തുടങ്ങി രണ്ടാമനിലൂടെ പുരോഗമിക്കുന്ന വിവരണം സൂക്ഷ്മാവതരണത്തിലൂടെ നമുക്ക് സമ്മാനിക്കുന്നത് തീർത്തും നഷ്ടപ്പെട്ടു പോകുമായിരുന്ന ഒട്ടനവധി മഹത്തുക്കളെ കുറിച്ചുള്ള അറിവുകളാണ്. തുടർന്നു വരുന്ന രണ്ടു ഭാഗങ്ങളിൽ പൊന്നാനിയിലെ ക്ഷേത്രങ്ങളെ കുറിച്ചും ആചാര അനുഷ്ഠാനങ്ങളെ കുറിച്ചും വളെരെ വിശദമായി പറഞ്ഞു തരുന്നു. വിശ്വാസി സമൂഹത്തിനു പോലും റഫർ ചെയ്യാൻ പാകത്തിൽ സമഗ്രമായി അവതരിപ്പിക്കാൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ കഥ പറയുന്ന ഏഴാം ഭാഗത്തിൽ പോർച്ചു ഗീസ് ,ബ്രിടീഷ്, കൊളോണിയൽ ശക്തികൾക്കെതിരെ പൊന്നാനിയിലെ ജനത നടത്തിയ പോരാട്ടങ്ങളും സംഭവ ബഹുലമായ സമ്മേളന പ്രകടനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൊന്നാനിയിൽ ചിലയിടങ്ങളിൽ ഇന്നും നില നിൽക്കുന്ന മരുമക്കത്തായ സമ്പ്രദായവും തറവാട് സംസ്കാരവും നമ്മെ ഇന്നലകളിലേക്കു വഴി നടത്താൻ പര്യാപ്തമാണ്.
മലയാളം,അറബിക്,അറബി-മലയാളം ഭാഷകളിൽ ആധികാരികതയും വൈവിധ്യവും ഒത്തിണങ്ങിയ ധാരാളം ഗ്രന്ഥങ്ങൾ ലോകത്തിനു സമർപ്പിച്ച പ്രദേശമാണ് പൊന്നാനി. ശൈഖ് സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ രചിച്ച ഫത്ഹുൽ മുഈൻ ലോക മാകമാനം ഗവേഷണ വിദ്യാർത്ഥികൾ പഠനം നടത്തി കൊണ്ടിരിക്കുന്ന കർമ ശാസ്ത്ര ഗ്രന്ഥമാണ്. അക്ഷര പെരുമ എന്ന ഭാഗത്തിൽ പൊന്നാനിയിലെ വലുതും ചെറുതുമായ മുഴുവൻ സാഹിത്യ സംരംഭങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുന്നു. ഭാഗം പത്തിൽ മുസ്ലിം സാംസ്കാരിക നായകരെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. പ്രദേശത്തെ ആധുനിക വിദ്യാഭ്യാസത്തെ കുറിച്ചു ഭാഗം പതിനൊന്നിലും രാഷ്ട്രീയയ മേഖലയെ അതി സൂക്ഷമമായി ഭാഗം പന്ത്രണ്ടിലും പരിചയപ്പെടുത്തുന്നു.
പ്രാദേശിക ചരിത്ര സംബന്ധമായി ഇതിനു മുൻപും പല പുസ്തകങ്ങൾ ഗ്രന്ഥകാരൻറെതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അവ ഇത്രത്തോളം സമഗ്രമല്ല.പൊന്നാനിയെ വേർതിരിച്ചു നിറുത്തുന്ന ഒട്ടനവധി സാംസ്കാരിക സ്തംഭങ്ങളുടെ മനോഹരമായ വർണ ചിത്രങ്ങൾ വായനക്കാർക്കു പ്രദേശത്തെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിൽ തങ്ങി നിൽക്കാൻ കാരമാകും.എല്ലാറ്റിലുമുപരി ചരിത്ര പണ്ഡിതൻ ഡോ ഹുസൈൻ രണ്ടത്താണിയുടെ ഒരു ചെറു പുസ്തകത്തോളം വിശാലമായ അവതാരിക മുഴുവനായും വായനക്കാർക്കു സമ്മാനിക്കുന്നത് പുത്തൻ അറിവുകളാണ്.

