വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചരിത്രത്തിലും വർത്തമാനത്തിലും ഒരു പടി മുന്നിലാണ് സ്ത്രീകളുടെ ഇടപെടലുകളും സ്ഥാന മാനങ്ങളും.ചരിത്രത്തിനപ്പുറം ഐതിഹ്യ കഥകളിലും സ്ത്രീ കഥാ പാത്രങ്ങൾ തന്നെ നിറഞ്ഞു നിൽക്കുന്നു.വയലിലും ഖനികളിലും ചന്തയിലും തെരുവിലും നിറഞ്ഞു നിൽക്കുന്ന സ്ത്രീകൾ തന്നെ ഇവിടെ അടുക്കളയിലും ആധിപത്യം നില നിറുത്തുന്നു.വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിന് ഇതിഹാസ പൂർവം പറയാനുണ്ട് ,ഒരു അമ്മൂമ്മയുടെ കഥ.മലയോരവും താഴ്വാരവും നൂറുകണക്കിന് ഇനം പച്ചക്കറികളാൽ സമ്പന്നമാണ്. അതിൽ നൂറിനം പച്ചക്കറികൾ തിന്നാൻ ഒന്ന് കഴുകുക പോലും വേണ്ടത്ര.ഇത്ര സമൃദ്ധമായ വിളകൾ ഈ അമ്മൂമ്മ സ്ത്രീ ധനമായി മണിപ്പൂരിലേക്കു കൊണ്ട് വന്നതാണെന്ന് ഇവിടെത്തുകാർ വിശ്വസിക്കുന്നു.ഈ അമ്മൂമ്മയുടെ ഓർമയ്ക്കായി വീടുകളിൽ സ്ത്രീകൾ "പന്ത" രൂപത്തിൽ തീ അണയാതെ സൂക്ഷിക്കുന്നു.അത് കൊണ്ട് മണിപ്പൂരി സ്ത്രീകളെ "മെയ്‌രാ പെയ്ബി "(പന്തമേന്തിയ പെണ്ണുങ്ങൾ ) എന്ന വിശേഷ നാമം കൊണ്ട് വിളിക്കപ്പെടുന്നു.
പന്തമേന്തിയ ഈ കൈകൾ എന്നും വിപ്ലവത്തിന്റെ പാതയിലായിരുന്നു.തങ്ങളുടെ ആൺ ജനതയിൽ നിന്നും വേണ്ട പിന്തുണ ലഭിക്കാതിരിന്നിട്ടു കൂടെ സമര മാർഗത്തിൽ ഉറച്ചു നിൽക്കാൻ മണിപ്പൂരി സ്ത്രീകൾ കാണിക്കുന്ന ആർജവം പ്രത്യേകം പരാമർശ വിധേയമാക്കേണ്ടതാണ്.വിഘടന വാദികളും അവരെ നേരിടാനെത്തിയ സൈന്യവും ഒരേ അനുപാതത്തിൽ സങ്കർഷ പരിതമാക്കിയ ദുരിത കഥകളാണ് ഈ ജനതയ്ക്കു പങ്കു വെക്കാനുള്ളത്.
സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്പസാ (Armed Forces Special Powers Act ) ക്കെതിരെ ഒന്നര പതിറ്റാണ്ടിലേറെയായി മണിപ്പൂരിൽ ഇറോം ചാനു ശർമിള നടത്തി വരുന്ന നിരാഹാര സമരം അടുത്ത മാസം ഒൻപതിന് അവസാനിപ്പിക്കുന്നു എന്ന വാർത്ത കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ ഒരേ സമയം ആശ്വാസവും ആശങ്കയും തീർക്കുന്നതാണ്. ശർമിളയുടെ പുതിയ രാഷ്ട്രീയ പരീക്ഷങ്ങളുടെ ഇരകളും ഗുണഭോക്താക്കളും ആരൊക്കെയാകും എന്ന ചിത്രം ഇനിയും വ്യക്തമായിട്ടില്ല. ഒന്നര പതിറ്റാണ്ടു നീണ്ട, രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയെ പോലും പിന്തള്ളിയ റെക്കോർഡ് നിരാഹാര സമരത്തിലൂടെ മണിപ്പൂരിലെ കാൽ കോടി വരുന്ന ജനങ്ങളെ വളെരെയേറെ സ്വാധീനിക്കാൻ ഇറോമിന് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം അവിതർക്കിതമാണ്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ നിലവിലുള്ള ഏതെങ്കിലും കക്ഷികളിൽ അംഗത്ത്വം നേടി പുതിയ സമര മാർഗങ്ങൾ സ്വീകരിക്കുമോ ,എന്നൊന്നും വ്യക്തത വരാത്തതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ അങ്കലാപ്പ് ഏറ്റുന്നുണ്ട്.1999 ൽ "പരിവർത്തൻ " എന്ന സാംസ്കാരിക സാമൂഹിക സംഘടനയിലൂടെ അഴിമതിക്കെതിരെ പോരാട്ടം തുടങ്ങിയ അരവിന്ദ് കെജ്‌രിവാൾ ഒന്നര പതിറ്റാണ്ടിനു ശേഷം മൃഗീയ ഭൂരിപക്ഷത്തിൽ ഡൽഹിയിൽ പിടി മുറുക്കിയതു സമകാലിക സംഭവമായി നമ്മുടെ മുന്നിൽ ഉണ്ട്.കെജ്‌രിവാളിന്റെ പരിവർത്തൻ അന്തോളിനേക്കാൾ പതിന്മടങ്ങു് സംസ്ഥാന ജനങ്ങളെ സ്വാധീനിക്കുവാനും ദേശീയ രാഷ്ട്രീയത്തിൽ അലയൊലി തീർക്കുവാനും ശർമിളയുടെ അഫ്‌സ്പ വിരുദ്ധ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. പുതിയ നീക്കങ്ങൾ എത്ര കണ്ടു ലക്‌ഷ്യം കാണുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
സ്ത്രീ നായകത്വത്തിന്റേതാണ് മണിപ്പൂരിന്റെ സമര ചരിത്രം.മണിപ്പൂരി പാരമ്പര്യ സമ്പ്രദായങ്ങൾക്കു പകരം പാശ്ചാത്യ രീതികൾ അടിച്ചേൽപ്പിക്കാനുള്ള കൊളോണിയൽ ശ്രമങ്ങൾക്കെതിരെ 1904 ൽ മണിപ്പൂരി സ്ത്രീകൾ സമര രംഗത്തിറങ്ങിയിരുന്നു. സമരം അരങ്ങേറുന്നതിനിടെ 1904 മാർച് 16 നു ബ്രിട്ടീഷ് പ്രതിനിധി ഡാൻലിപ്പും മണിപ്പൂർ രാജാവിന്റെ അദ്ധ്യാപകൻ ക്യാപ്റ്റൻ നടവാളും താമസിച്ചിരുന്ന ബംഗ്ളാവിനു ആരോ തീ വെച്ചു. തകർക്കപ്പെട്ട ബംഗ്ളാവിനു പകരം നാട്ടിലെ പുരുഷന്മാർ എല്ലാവരും കൂടെ ചേർന്ന് പുതിയ ബംഗ്ളാവ് നിർമിച്ചു കൊടുക്കണമെന്ന് ഇംഗ്ളീഷ് അധികാരികൾ ഉത്തരവ് പുറപ്പെടുവിച്ചു. ബ്രിടീഷ് ആവശ്യത്തോട് അനുകൂലമായ നിലപാട് പുരുഷ പക്ഷത്തു നിന്നുണ്ടായെങ്കിലും മണിപ്പൂരി സ്ത്രീകൾ ആയുധമേന്തി സമരത്തിനിറങ്ങി. തെരുവ് കച്ചവടക്കാരികളായിരുന്ന ആയിരക്കണക്കിന് മങ്കമാർ സമര രംഗത്തു ഉറച്ചു നിൽക്കുകയും അവസാനം ബ്രിടീഷ് സർക്കാർ പിടി വാശി ഉപേക്ഷിക്കുകയും ചെയ്തു.
1939 ൽ അരി വില കൂട്ടിയതിനെതിരെയും മണിപ്പൂരിൽ നിന്നും അരി കടത്തി കൊണ്ട് പോകുന്നതിനെതിരെയും സ്ത്രീകൾ സമരം ചെയ്യുകയുണ്ടായി.അത് കൊണ്ടായിരിക്കണം ഇറോം ശർമിളയുടെ സമരത്തെ മണിപ്പൂർ സമരത്തിലെ മൂന്നാം ഘട്ടം എന്ന് വിശേഷിപ്പിക്കുന്നത്.
നാഗാലാണ്ട്,മിസോറാം,ആസ്സാം തുടങ്ങിയ ഇന്ത്യൻ സംസ്ഥാഞങ്ങളും അയൽ രാജ്യമായ മ്യാൻമാറുമാണ് മണിപ്പൂരുമായി അയൽപക്കം പങ്കിടുന്നത്.1972 ൽ സംസ്ഥാനമായി അംഗീകരിക്കപ്പെടുന്നത് വരെ കേന്ദ്ര ഭരണ പ്രദേശമായിരുന്നു.അതിനു മുൻപ് മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളെ പ്പോലെ ബ്രിടീഷ് അധീനതയിലും നാട്ടു രാജാക്കന്മാരുടെ വരുതിയിലുമാണ് പ്രദേശത്തിന്റെ രാഷ്ട്രീയ ചരിത്രം നീങ്ങിയത്.രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികൾ കുറെയേറെ നേരിട്ട് സഹിക്കേണ്ടി വന്ന ഭാരത പ്രദേശത്തിന്റെ ഭാഗം കൂടെയായിരുന്നു ഇൻഫാൽ ഉൾക്കൊള്ളുന്ന മണിപ്പൂർ.സഖ്യ ശക്തികളുടെ സൈന്യവും ജാപ്പനീസ് സേനയും കടുത്ത പോരാട്ടം നടത്തുകയും മണിപ്പൂരിൽ കയറാൻ കഴിയാതെ ജാപ്പാനീസ് സേന പിന്മാറിയ കഥയും മണിപ്പൂരിന് പറയാനുണ്ട്.
മലയോരവും താഴ്വരയും തമ്മിൽ നില നിൽക്കുന്ന അതി വിചിത്രമായ വംശീയ പ്രശ്നങ്ങളാണ് അടിസ്ഥാനപരമായി മണിപ്പൂരിലെ സമകാലിക സങ്കർഷങ്ങളുടെ ഹേതു.മെയ്റ്റെയ്സ്,കൂകി,നാഗ,മി സോകൾ,സോമി,ചിൻ ,പായ്ടെ തുടങ്ങിയ വ്യത്യസ്ത ഗോത്ര വർഗ്ഗങ്ങൾ വിവേചനപൂർവം ജീവിക്കുന്ന അതി സങ്കീർണ സാമൂഹിക സാഹചര്യങ്ങൾ വരുത്തിയ അസമത്വ പ്രശ്നങ്ങൾ അപരിഹാര്യമായി നീണ്ടു പോവുകയാണ്.പുതിയ സെൻസസ് പ്രകാരം 60 ശതമാനം ജനങ്ങൾ താഴ്വരകളിലും ബാക്കിയുള്ളവർ മലയോരങ്ങളിലുമാണ് വസിക്കുന്നത്. ഭൂരിപക്ഷ വിഭാഗമായ താഴ്വര വാസികൾ എല്ലാ മേഖലയിലും മലയോര വാസികളെ മറികടക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് അസമത്വ പ്രശ്നങ്ങൾ രൂക്ഷമാകാൻ ഇടയാക്കുന്നുണ്ട്.പതിറ്റാണ്ടു കളായി നില നിൽക്കുന്ന ഈ വംശീയ പ്രശ്നം സംസ്ഥാനത്തിന്റെ രാഷ്ട്രീയ മൂല്യ ബോധത്തെ മാരകമാം വിധം ബാധിക്കുകയും ഭരണ മേഖലകളിൽ കെടു കാര്യസ്ഥത നിറഞ്ഞാടുകയും ചെയ്തതിന്റെ ഫലമായിരുന്നു പുതിയ വിപ്ലവ ഗ്രൂപ്പുകളുടെ ഉദയം.
അഴിമതിയിൽ കഴിവ് തെളിയിച്ച രാഷ്ട്രീയ നേതൃത്വമാണ് മണിപ്പൂരിലെ അസ്വാരസങ്ങളുടെ മുൻ നിര പ്രതികൾ. വികസന കാര്യങ്ങളിലോ സാമൂഹിക ഉന്നതിയിലോ ശ്രദ്ധ പതിപ്പിക്കാതെ അഴിമതിയിൽ മുഴുകിയ രാഷ്ട്രീയക്കാരെ നിലക്ക് നിറുത്താൻ വേണ്ടിയാണ് പീപ്പിൾസ് ലിബറേഷൻ ആർമി , പീപ്പിൾസ് റെവലൂഷനറി പാർട്ടി ഓഫ് കാങ് ലെയ്ക് ,തുടങ്ങിയ വിപ്ലവ സംഘങ്ങൾ രൂപം കൊള്ളുന്നത്. തുടക്കത്തിൽ ഇടതു ആശയത്തിലൂന്നി പ്രവർത്തിച്ച ഈ സംഘങ്ങൾ വിദ്യാഭ്യാസ പ്രവർത്തകരുടെയും സാംസ്കാരിക നേതാക്കളുടെയും ഇടയിൽ ഏറെ ആവേശം സൃഷ്ട്ടിച്ചു. മണിപ്പൂരിലെ ചുരുക്കം ചിലയിടങ്ങളിൽ മാത്രമുണ്ടായിരുന്ന സൈനിക നിയമം സംസ്ഥാനത്താകമാനം പാസ്സാക്കിയത് ഈ കാലഘട്ടത്തിലായിരുന്നു. നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സംഘങ്ങളുടെ പ്രവർത്തന ഗതി മാറ്റി വിടാൻ സർക്കാരിന്റെ ഈ തീരുമാനം കാരണമായി. വിപ്ലവ സംഘങ്ങൾ ഒളിത്താവളങ്ങളിക്ക് പിൻ വാങ്ങുകയും ഗറില്ലാ മുറകളും മിന്നൽ ആക്രമങ്ങളും പതിവാവുകയും ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഭീകരമാം വിധം സൈനികാധികാരങ്ങൾ സുരക്ഷാ സേന ഇവിടെ നേടിയെടുക്കുന്നതാണ് പിന്നീട് കണ്ടത്.
സംശയം തോന്നുന്ന പക്ഷം ആരെയും വെടി വെച്ച് കൊല്ലാനും ജനങ്ങളെ കസ്റ്റഡിയിലെടുക്കാനും വാറണ്ടില്ലാതെ വീടുകൾ പരിശോധിക്കാനും സൈനികാധികാരം നീണ്ടു. സൈനിക പക്ഷത്തു നിന്നും എന്ത് ഭീകര താണ്ഡവമുണ്ടായാലും കോടതിയെ സമീപിക്കാൻ വകുപ്പില്ല. നൂറു പേർക്ക് 35 സൈനികർ എന്നതാണ് മണിപ്പൂരിലെ സൈനിക- സിവിൽ അനുപാതം.പട്ടാള ഭരണമുള്ള മ്യാൻമറിൽ പോലും നൂറു പേർക്ക് ഒരു സൈനികനേയുള്ളൂ.
സംസ്ഥാനത്തിന്റെ സുരക്ഷക്കായി നിയോഗിച്ച സൈനികർ നിരന്തരം സ്വസ്ഥ ജീവിതം നശിപ്പിക്കുന്ന വാർത്തകളാണ് പിന്നീട് മണിപ്പൂരിൽ നിന്നും നമ്മെ തേടിയെത്തിയത്.
1984 ൽ സി ആർ പി എഫ് നടത്തിയ വെടി വെപ്പിൽ വോളിബോൾ മാച്ച് കണ്ടു കൊണ്ടിരുന്ന 14 കാണികളാണ് കൊല്ലപ്പെട്ടത്. 1987 ൽ ഒയ്‌നാം ഗ്രാമത്തിൽ ആസാം റൈഫിൾസിന്റെ പോസ്റ്റിൽ ഒളി പ്പോരാളികൾ നടത്തിയ ആക്രമണത്തിൽ ഒൻപതു ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ സൈനിക നീക്കം മൂന്നു മാസത്തിലേറെ നീണ്ടു നിന്നു. നിരവധി ഗ്രാമീണർ കൊല്ലപ്പെടുകയും വീടുകൾ ചുട്ടെരിക്കപ്പെടുകയും ചെയ്തു. പൂർണ ഗർഭിണിയായ സ്ത്രീ തീർത്തും നഗ്നയായ നിലക്ക് പട്ടാളക്കാർക്കിടയിൽ പ്രസവിക്കാൻ നിര്ബന്ധിതയാവുകയും ആർത്തു ചിരിച്ചു കൂവിയാർത്തു സൈന്യം അതാഘോഷിച്ചതും വാർത്തയിൽ മാത്രമൊതുങ്ങി. 2000 ത്തിൽ മാലോം എന്ന സ്ഥലത്തു ആസാം റൈഫിൾസിന്റെ ജവാന്മാർ ബസ്സ്റ്റോപ്പിൽ നിന്ന സിവിലിയന്മാർക്കെതിരെയായിരുന്നു ആക്രമണം അഴിച്ചു വിട്ടത്. 65 വയസായ ഒരു വൃദ്ധയടക്കം പത്തു പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയി വിജന സ്ഥലത്തു കൊന്നു തള്ളിയ മനോരമ ദേവിയുടെ മരണമാണ് ദേശീയ ശ്രദ്ധയാകർഷിക്കും വിധം വിവാദമായത്.അതിനൊരു കാരണവുമുണ്ടായിരുന്നു. ഈ കൊലപാതകത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ രീതിയായിരുന്നു അത്. "ഞങ്ങളെ റാപ്പ്"ചെയ്യൂ എന്ന് അലമുറയിട്ട് പൂർണ നഗ്നരായ മണിപ്പൂരി അമ്മമാർ നടത്തിയ സമരം മാധ്യമ ലോകം ശരിക്കും ആഘോഷിച്ചു.
മാലോം ഗ്രാമത്തിലെ ബസ് സ്റ്റോപ്പിൽ സൈന്യം നടത്തിയ ആക്രമണത്തിൽ മൃത്യു വരിച്ച നിരപരാധികളുടെ ശവ കാഴ്ചകളും അവരുടെ കുടുമ്പങ്ങളുടെ അലമുറയുമായിരുന്നു 2000 നവംബർ രണ്ടിന് ഇറോം ശർമിളയെ ഒന്നര പതിറ്റാണ്ടു നീണ്ട മാരത്തോൺ സമര പാതയിലേക്ക് നയിച്ചത്.ഇടയ്ക്കു വെച്ച് പിന്തിരിയാൻ ഭാവമുണ്ടെങ്കിൽ സമര പ്രഖ്യാപനം നടത്തരുതെന്നായിരുന്നു അമ്മയുടെ നിർദേശം.
കേവലം ഒരു സമര നായിക എന്നതിനപ്പുറം സംസ്ഥാനത്തിന്റെ വികസന -പ്രക്രിയയെ കുറിച്ചും ക്രമ സമാധാന പാലനത്തെ കുറിച്ചും ശര്മിളയ്ക്കു വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്.നേരാം വണ്ണം ശാസ്ത്രീയ മാർഗത്തിൽ ശ്രമിച്ചാൽ രാജ്യത്തു തന്നെ ഏറ്റവും മികച്ച കാർഷിക ഇടമാക്കി മാറ്റാൻ കഴിയുന്ന ഭൂ മേഖലയാണ് മണിപ്പൂരിന്റെ മലയോരവും താഴ്വാരവും. ഇവിടെ നിന്നും കൊണ്ട് പോകുന്ന വരുമാനത്തിന്റെ തീരെ ചെറിയ ശതമാനം മാത്രമാണ് തിരികെ വികസനത്തിനായി മടങ്ങി വരുന്നത്. ബജറ്റിൽ വലിയ ശതമാനം തുകയും സുരക്ഷക്കായി മാറ്റി വെക്കുമ്പോൾ നഷ്ടം സംഭിക്കുന്നതു വിദ്യാഭ്യാസ വ്യവസായ മേഖലകളിലാണ്. സർക്കാർ ഉദ്യോഗ മേഖലകൾ എല്ലാം ഇന്നും കടുത്ത അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്നു. പോലീസ് തസ്തികകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും ലക്ഷങ്ങളുടെ എൻട്രി ഫീയാണ് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുന്നത്. മുപ്പത്തിനായിരത്തിനും നാല്പത്തിനായിരത്തിനും മുകളിൽ പോകുമ്പോഴാണ് ടെലിഫോൺ ബില്ലിന്റെ കാര്യത്തിൽ ഉദ്യോഗസ്ഥന്മാർ തീരുമാനമെടുക്കുക. സേവനവും ഇതേ നിലക്ക് തന്നെയായിരിക്കും. വാഹനങ്ങളുടെ ഭീകരമായ അന്തരീക്ഷ മലിനീകരണവും വിദ്യാഭ്യാസ നിലവാര തകർച്ചയും ആരോഗ്യ -സാമൂഹിക മേഖലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ശോഷണവുമെല്ലാം സംസ്ഥാനത്തിന്റെ ഭരണ ഉദ്യോഗസ്ഥ മേഖലകളിലെ അനാസ്ഥ വെളിവാക്കുന്നു.
കൊടിയേന്താനുള്ള ഇറോം ശർമിളയുടെ പുത്തൻ തീരുമാനത്തെ ഈ വക പരിതസ്ഥികൾ വെച്ച് വേണം വിലയിരുത്താൻ. താഴ്വരയിലെ പ്രബല വിഭാഗമായ മെയ്‌റ്റികളുടെ താല്പര്യം സംരക്ഷിക്കാനെന്ന വണ്ണം കഴിഞ്ഞ വർഷം നിയമ സഭ പാസാക്കിയ ബില്ലുകൾക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ശർമിളയുടെ പുതിയ തീരുമാനം. കുറെയേറെ മണിപ്പൂരികളുടെ പ്രാദേശികതയെ വരെ ചോദ്യം ചെയ്യുന്ന ബില്ല് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം എങ്ങിനെ കൈകാര്യം ചെയ്യാം എന്ന ചിന്തയിലാണ് കോൺഗ്രസ്സ്. മാസങ്ങൾക്കു മുൻപ് നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളിൽ ബി ജെ പി നില മെച്ചപെടുത്തിയത് കോൺഗ്രസ്സ് ക്യാംപുകളിൽ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.2017 ൽ നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ്സും ബി ജെ പിയും കരുക്കൾ നീക്കി തുടങ്ങിയ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ശർമിളയുടെ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്. ആകെയുള്ള 60 അംഗ നിയമ സഭയിൽ 47 പേരുടെ പിന്തുണയോടെ ഭരിക്കുന്ന കോൺഗ്രസ്സിനെ പെട്ടന്നൊന്നും ഊതി ക്കെടുത്താൻ തങ്ങൾക്കാവില്ലെന്നു ബി ജെ പി ക്കും നല്ല ബോധ്യമുണ്ട്. ശർമിളയുടെ തീരുമാനത്തെ എങ്ങിനെ സ്വീകരിക്കണമെന്ന കാര്യത്തിൽ ഇരു കക്ഷികൾക്കും തുല്യ ആശങ്ക തന്നെയാകും.സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തുന്ന ഇരു പാർട്ടികൾക്കും അപ്പുറം പുതിയൊരു രാഷ്ട്രീയ മുന്നേറ്റമാകും മണിപ്പൂർ ജനത ശർമിളയിൽ നിന്നും പ്രതീക്ഷിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ