2014 മേയ് 31, ശനിയാഴ്‌ച

അഴകുള്ള ദിന രാത്രങ്ങൾ


കയ്യിലൊരു പൂക്കുട
ചുണ്ടിൽ കോല് മിട്ടായിയും
കൂട്ടിനൊരു പീപ്പിയും.....
മുട്ടോളം പാകത്തിൽ കുഞ്ഞുടുപ്പും 
കാണാനഴകിലൊരു  തോൾ വള്ളിയും...
വർണങ്ങളിഴപിരിയിട്ട പൊൻ ചേല
യൊന്നഴകു വേറെ തന്നെ...
കരിമഷിയഴകുള്ള കുഞ്ഞെഴുത്ത്  ഫലകവും
കൂട്ടിനൊരു നീളൻ കരിപ്പെൻസിലും ...
ഇതളു വിടർത്തുമ്പോൾ പുതുമണം
ചൊരിയുന്ന കുഞ്ഞു ബുക്കിൽ
മുഖം പൂഴ്ത്തി മുധു നുകരുന്ന കുഞ്ഞിളം ബാല്യം.....
വർണ കടലാസിലെ തുമ്പിയും ശലഭവും
കൌശലക്കാരൻ നീലക്കുറുക്കനും
വിരുന്നുകാരി കൊക്കമ്മയും
തിരി താഴ്ത്തും സന്ധ്യകളിൽ കഥകൾ
ചൊല്ലിടും മുത്തശ്ശിയും .....
ഊണിലും ഉറക്കിലും തനിക്കു കൂട്ടായിരുന്നവരിവർ.
അന്നാദ്യമായി കൂട്ടത്തിൽ ഉറക്കെയുച്ചതിൽ
എന്റെ പേരുവിളിച്ചു ചോദിച്ചു ടീച്ചർ.
ചാടിയെണീറ്റു "ഹാജർ " മൊഴിഞ്ഞു
ഞെളിഞ്ഞിരുന്നിരുപ്പിടത്തിൽ വലിയ ഗർവോടെ ....
വേനലവധി കഴിഞ്ഞെത്തിയ പേമാരി
വരവേറ്റതാകെട്ടെയേറെ  തിമർപ്പോടെ....
തട്ടി തെറിപ്പിച്ച മഴ പൊയ്കയിൽ
ആടിയുലഞ്ഞു കടലാസു വഞ്ചികൾ...
മഴയൊടുങ്ങി മഴക്കാറു നീങ്ങി
വസന്തവും ഗ്രീഷ്മവും വിരുന്നെതി പിറകിലായി.
പുത്തക കെട്ടുകൾ തലച്ചുമടുമായി
അങ്കം വെട്ടിയതു ഇടവഴിയിലെ നെല്ലിയോടും
പുളിയോടും മുഴുത്ത മുവാണ്ടനോടും..
ഈണത്തിലേറ്റുപാടിയുറക്കെ
പന്തലിട്ടു പൂത്തു നിൽക്കുന്ന പുളി മര ചോട്ടിൽ
വട്ടത്തിൽ
നീണ്ട അഴകൊത്ത മുടിയഴകുള്ള
 ടീച്ചറും  കൂട്ടത്തിൽ..
ചായം മിനുക്കിയ കഥ കളിക്കാരനും
കുടു കുടെ ചിരിപ്പിക്കാൻ ഓട്ടം തുള്ളലും
ത്രസിപ്പിച്ചു നിർത്താൻ സർക്കസും മായാ ജാലവും.
ദിന രാത്രങ്ങൾക്ക്  ബഹുവർണമായിരുന്നു അന്ന് .
യുഗങ്ങളായി നീണ്ടു പോയിരുന്നു  ദിനങ്ങളോരോന്നും ...

2014 മേയ് 27, ചൊവ്വാഴ്ച

ചെമ്പക പൂവിൻറെ മണം


ചെമ്പകപ്പൂവിന്റെ മണമാണ്  പ്രണയത്തിന്
ഇന്നലെ ഞാനെന്റെ പ്രണയോർമകളെ  കോർത്തടുക്കി
വെച്ചപ്പോഴാണിത്  പിന്നെയും ഓർത്തെടുത്തത്‌ .
ഓരോ പെണ്ണിന്റെയും പ്രണയാഭിരുചി
തീർത്തും വിഭിന്നമെത്രേ.....
മെലിഞ്ഞു നീണ്ട പൊടുന്നനെ മിഴി വെട്ടിയടക്കുന്ന
കഴുത്തിലെപ്പോഴും വിയർപ്പു കിനിയുന്ന മുൻശുണ്ടിക്കാരി
അവളാനെന്റെയോർമയിലെ ആദ്യ കാമുകി.
വാട്ട്‌ സപ്പും  എസ് എം എസും  അന്യമായ
പുഴ വറ്റാത്ത കാലത്ത്  പ്രണയം മനസ്സിൽ  പലപ്പോഴും
തിരയായെങ്കിലും  ചിലപ്പോൾ കര കവിഞെങ്കിലും
അവളറിയാത്തത്രയേറക്കാലം സ്വകാര്യ സ്വത്തായി
കൊണ്ടുനടന്നു.....
നെല്ലി മരത്തിലെ കായ്കൾ വേണ്ടുവോളം കടിച്ചു പറിച്ചു
കുരു നീട്ടി തുപ്പി തൊടിയിലെ കിണറ്റിൻ കരയിൽ
 ഞാൻ പാർന്ന തെളിനീരിനായ്  ഇരു കയ്യും ചേർത്തു
മുന്നിൽ കുനിഞ്ഞു നിന്നപ്പോൾ നാക്കിൻ
തുമ്പിലെത്തിയ പ്രേമലേഖനം തെളിനീരിൽ കുതിർന്നതും
പിന്നെ കണ്ണുനീരായി തുളുമ്പിയതും  അവൾ  കണ്ടുവോ?
സതീർത്യരുടെ പ്രണയ ഗാഥകളിൽ ആവേശം പൂണ്ട്
ഏറെ അടുത്തവനോടൊരിക്കൽ പങ്കു വെച്ചു
എനിക്കിനിയും പ്രേമിക്കണം.
പണ്ടെങ്ങോ പാതിവഴിയിൽ കളഞ്ഞിട്ടു പോയ
പ്രണയ കോടി വീണ്ടുമെടുതണിയുമ്പോൾ
കാചെണ്ണയുടെ മദിപ്പിക്കുന്ന മണം ചെമ്പകപൂവുമായി
കിന്നരിച്ചവളുടെ തലയിൽ പ്രണയ ഗന്ധം പടചെടുത്തിരുന്നു.
അരയാൽ മരത്തിന്റെ ചോട്ടിലവൾ  ഞൊട്ടങ്ങ
വീർപ്പിച്ചുടക്കുമ്പോൾ പിറകിലവളുടെ തലയിൽ
നാസിക തുമ്പു ചേർത്ത്  പ്രണയ ഗന്ധം വലിചെടുക്കാൻ
മറ്റാരെയും അവൾ വിലക്കാതിരുന്നില്ല.
പോക്കു വെയിലേറ്റാൽ പൊന്നാകുമെന്നു മൊഴിഞ്ഞവൾ
സായം സന്ധ്യക്കൊപ്പം നൃത്ത ചുവടുകളുമായി
കണ്‍ മുന്നിലെനിക്ക് കാഴ്ച തീർത്തപ്പോൾ
ചിതറി തെറിച്ച കാൽ ചിലങ്കയിൽ എങ്ങു നിന്നോ
കിനിഞ്ഞിറങ്ങിയ നിണപ്പാടുകൾ അലങ്കാരം ചാർത്തിയിരുന്നു.
പടികെട്ടുകളിറങ്ങി തിരിഞ്ഞോടിയവളുടെ മുഖത്ത്
നാണവും ഭീതിയും ഒരുമിച്ചു തിര തല്ലിയിരുന്നു...
വയസ്സറിയിക്കലിന്റെ  അരങ്ങേറ്റം കെങ്കേമമാക്കിയെങ്കിലും
പിരിയറ്റ ചിലങ്ക തുണ്ടുകൾ പിന്നീടൊരിക്കലുമവൾ
കൂട്ടിയിണക്കിയില്ല.
അറിഞ്ഞതിലേറയും പറയാതെ പോയെന്നപോൽ
കഥയും കവിതയും കണ്‍ കോണുകളിലൊളിപ്പിച്ച
മറ്റൊരുത്തി,ഘടികാര സൂചി പിറകോട്ടു വലിക്കുമെന്നും
ശൂന്യതയെ സാക്ഷിയാക്കി കിനാക്കൾ കൊണ്ടൊരു
താജ് മഹൽ  സമ്മാനിക്കുമെന്നും ഞാൻ വൃഥാ നിനച്ചു.
കാലം മിഴിപൂട്ടിയുറങ്ങിയൊരു  പാതിരാ നേരത്ത്
തലക്കൊരു കിഴി കൊടുത്തു ഞാൻ സ്വയം തിരുത്തി....
ഇവിടെ നിന്റെ ശൈശവത്തിനൊപ്പം കളി കോപ്പുകളും
തീർന്നിരിക്കുന്നു...
നെഞ്ചിൽ തല ചായ്ച്ചുറങ്ങുന്ന ഭാരത്തെ ഒരു
ചെമ്പകപ്പൂ കണക്കെ നിന്റെ നാസിക തുമ്പിൽ തിരുകുക.
പാതിരാത്രിയൊരു മുല്ല വിരിഞ്ഞു, ഒരു പാല പൂത്തു
പക്ഷെ രണ്ടിനും ചെമ്പക പൂവിന്റെ മണമായിരുന്നു
അതായത് പ്രണയത്തിന്റെ മണം ..... 

2014 മേയ് 25, ഞായറാഴ്‌ച

രത്നഗിരിയിലെ പെണ്‍കുട്ടി


"സസോകി സരൂരത് ഹൈ ജൈസി ...സിന്ദഗി കേലിയെ ഏക്‌ സനം ചാഹിയെ ".....
രവി മാലികിൻറെ വരികൾക്ക് നദീം ശരവൻസ്  ഈണം നല്കിയ പ്രണയാർദ്ര വരികളും മൂളിയുള്ള ആ വരവ് കണ്ടാലേ എനിക്കറിയാം, ആള് ഇന്ന് നല്ല മൂടിലാണെന്ന് ...
        അല്ലെങ്കിലും ഉത്സാഹവതിയെല്ലാതെ അവളെ കണ്ടതായി എനിക്ക്  ഓർത്തെടുക്കാൻ കഴിയുന്നില്ല ....
എന്നും 6 മണിക്കും 6.15 നും ഇടയിൽ അവൾ ഇവിടെ എത്തിയിരിക്കും.....നല്ല മൂടിലാണെങ്കിൽ ചുണ്ടിലൊരു മൂളിപാട്ടും മുഖം നിറയെ നിലാവെളിച്ചം നിറഞ്ഞ പോലെ വെമ്പി നിൽക്കുന്ന പുഞ്ചിരിക്കും പൊട്ടി ചിരിക്കും മദ്ധ്യേയുള്ള മനം തുറന്നൊരു ചിരിയുമുണ്ടാകും....
                                                                        ഓട നിറഞ്ഞൊഴുകുന്ന കുർള ചേരിക്ക്  ഒട്ടും ചേരുന്ന ഒരു പ്രകൃതമല്ലായിരുന്നു അവളുടേത്‌ ....ഇടുങ്ങിയ ചേരി വഴികളിൽ അന്തരീക്ഷവുമായി ഇഴുകി ചേർന്ന ദുർഗന്ധങ്ങൾക്കിടയിൽ മൂക്കള യൊലിപ്പിചു നടക്കുന്ന ചേരി പിള്ളാരും സാദാ രൂക്ഷ ഗന്ധം വമിക്കുന്ന ഗുടുക്കയും പാൻ മസാലയും വായിൽ തിരുകി സായൂജ്യമടയുന്ന ആണ്‍ പെണ്‍ ഭേദമില്ലാത്ത ഈ ചേരി സൊസൈറ്റി അവൾക്കു തീരെ അനുഗുണ മല്ലെന്ന്  അവളുടെ മട്ടും ഭാവവും കണ്ട അന്ന് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്.......
                           ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ ചേരി പ്രദേശത്തു ഇത്ര സുന്ദരിയായിരിക്കാൻ നിനക്കെങ്ങിനെ കഴിയുന്നു എന്നവളോട് ഒരിക്കൽ ഞാൻ ചോദിച്ചു....
            "ഏയ് മദ്രാസീ ,,തെരെകു അഭി സംജധൂങ്ക ..സബൂർ കരോ ...."
          പറഞ്ഞു തീരും മുൻപേ മൂന്നാം ഗല്ലിയിൽ താമസിക്കുന്ന ദൽഹി കാരിയായ സോനം അവിടെയെത്തി....
                                അവളെ യൊന്നു നോക്കാൻ കണ്ണ് കൊണ്ടൊരു ആക്ഷൻ തന്നു "സോൻ പപടിയുടെ " പ്ലാസ്റ്റിക് പാത്രം തുറന്നു ഒന്ന് രണ്ടെണ്ണം പുറത്തെടുത്തു .....
           സോൻ പാപടിയുടെ മദിപ്പിക്കുന്ന മധുരം രുചിചിറക്കി അവൾ സോനത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങി .....
                 നിങ്ങൾ സോനത്തെ കണ്ടില്ലേ?....
                        അവളുടെ സൌന്ദര്യത്തിനു എന്താ ഒരു കുറവ് ?...
   ആവശ്യമില്ലാത്ത ഒരൽപം ഭാഗമെങ്കിലും അവളുടെ മേനിയിൽ എവിടെയെങ്കിലും  ഉള്ളതായി തോന്നുന്നുണ്ടോ?....
              ശരിയായിരുന്നു  അത്.....സോനം അണിഞൊരുങ്ങി നടക്കുന്നില്ല എന്നേ യുള്ളൂ ...അഞ്ചര അടി നീള മുള്ള അവളുടെ ശരീരത്തിൽ നോക്കിയാൽ കാണുന്ന ഒരിടത്തും ഒരു അനാവശ്യ കുത്തു പോലുമില്ല ...വലത്തേ കവിളത്ത്  കടുക് മണി വലുപ്പത്തിൽ ബ്രൌണ്‍ കളറിലുള്ള ഒരേ ഒരു പുള്ളി യാണെങ്കിൽ അവളുടെ സൌന്ദര്യം ഇരട്ടിപ്പിക്കാനെ കാരണമാകൂ എന്ന്  ഗല്ലിയിലെ  ചെറുപ്പകാരുടെ സംസാരത്തിൽ നിന്നും  ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
                         ഗുജറാത്തി സ്റ്റൈലിൽ സാരി യെടുത്ത് വരുന്ന ദിവസങ്ങളിൽ കുളിക്കാതിരുന്നിട്ടു പോലും ഒട്ടും അഭംഗി തോന്നാറില്ല...
                                     മുടിയിഴകൾ അലസമായി കിടക്കുമ്പോഴും കണ്‍ പോളകളിൽ ഉറക്കച്ചടവ് പ്രകടമാകുമ്പോഴും അടർന്നു വീഴാത്ത സൌന്ദര്യം അവളെ വ്യത്യസ്തയാക്കിയിരുന്നു....
     .ഇതൊക്കെ മനസ്സിലാക്കി കൊണ്ടാവണം സോനത്തെ നോക്കാൻ അവൾ എനിക്ക് ആക്ഷൻ തന്നത് ....
സോനതെക്കാൾ സുന്ദരി നീ തന്നെ.....
ഏതൊരു പെണ്ണും വീണു പോകുന്നൊരു പ്രഖ്യാപനമാണ് അത്....പക്ഷെ അവൾ അതിൽ വീഴില്ലാന്ന് എനിക്ക്  ഉറപ്പായിരുന്നു....
."വോ  മേരെസേ സ്യാദ കുപ്സൂരത്ത് ഹൈ ...'
തർക്കിക്കാൻ നിന്നാൽ രക്ഷയില്ലെന്ന് എനിക്കറിയാം . അത് കൊണ്ട് തന്നെ ഞാൻ പ്ലേറ്റ് ഒന്ന് മാറ്റി ...
      ഓക്കേ  ശരി സോനം നിന്നെക്കാൾ സുന്ദരിയാണ് , പക്ഷെ നിന്നെ പോലെ അവൾ വൃത്തിയായി നടക്കുന്നില്ല്ലോ ...അതിനവൾക്ക്  എതിർക്കാൻ വാക്കുൾ ഒന്നുമുണ്ടായിരുന്നില്ല ...                       അവളുടെ മറ്റൊരു പ്ലസ്‌ പോയിന്റ്‌ അതായിരുന്നു.....ജയിക്കാൻ വേണ്ടി വാദിക്കില്ല ....ശരിയാണെന്ന് മനസ്സിലായാൽ പിന്നെ സംസാരം നിറുത്തും.....
                                                  നിന്റെ ഈ ദൂഫട്ടയിലെ എംബ്രോയിഡറി വർക്ക്‌  വളെരെ മനോഹരമായിരിക്കുന്നു....സംസാരം തുടരാൻ വേണ്ടിയാണതു ഞാൻ തട്ടി വിട്ടത് ..
                    .തോളിലൂടെ മടക്കിയിട്ടിരുന്ന ഷാൾ തലയ്ക്കു മുകളിലൂടെ വലിചെടുത്തപ്പോൾ കുറെ അധികം മുടി ചുരുളുകൾ നെറ്റിയിലേക്ക് ഊർന്നു വീണു. അതങ്ങിനെ തന്നെ കിടന്നു. കൈകൊണ്ടത്  നേരയാകിടാനുള്ള ശ്രമം ഒന്നും അവൾ നടത്തി കണ്ടില്ല ...
                       നിന്റെ മുടി ഇങ്ങിനെ കാണുമ്പോൾ റാണി മുഖർജിയെ പോലുണ്ട് ....അവളുടെ മുഖത്തെ പുതിയ ഭാവ വ്യത്യാസങ്ങൾ കാണാൻ വേണ്ടി ഒന്ന് ചോദിച്ചു നോക്കിയതായിരുന്നു...
              ശരിക്കും?...
അവൾ അതിൽ വീണുവോ.....
    ഞാൻ ഒന്ന് കൂടെ ഉറപ്പിച്ചു ...
         അതെ ശരിക്കും.....നീ ഈ ചേരിയുടെ റാണിയാണ് ...ഇപ്പോൾ അവളുടെ മുഖത്ത് സ്ത്രീ ജന്യമായ ഒരു നാണം ഞാൻ കണ്ടു ..ക്യാ ശരം ആതെ ഹൈ ക്യാ? (നാണം വരുന്നുവോ?)                                         ചുണ്ടിലൊരു കുസൃതി വരുത്തി ഞാൻ ചോദിച്ചു....രത്ന ഗിരിയിൽ വളർന്നു വലുതാവേണ്ട നീ എന്തിനാ ഇവിടെ ഈ മുംബൈ ചേരിയിൽ വന്നു?....അവിടെ എല്ലാവരും നിന്നെ പോലെ സുന്ദരികളാണോ?.......
                രത്ന ഗിരിയിൽ എന്നല്ല ഭൂമിയിൽ എല്ലായിടത്തും ആണും പെണ്ണും സുന്ദരികളും സുന്ദരന്മാരുമാണ് ....
                      അതെനിക്കൊരു പുതിയ അറിവാണ് ....
                    ഏതായാലും പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതിനാൽ ഇന്ന് ഇവളുമായി അല്പം തർക്കിക്കുക തന്നെ...ഞാൻ തീരുമാനിച്ചുറച്ചു...
അതെങ്ങിനെ ശരിയാകും ?   ..അങ്ങിനെയെങ്കിൽ എല്ലാവരും സിനിമാ നടികളും നടന്മാരുമാകെണ്ടേ?....
               തർക്കിക്കാൻ വേണ്ടി ഒരു വെറും ചോദ്യം ചോദിച്ചതായിരുന്നു...അപ്പൊ സിനിമാ നടനും നടിയും ആകുന്നതാണോ സൌന്ദര്യത്തിന്റെ മാന ദണ്ഡം ?.....
                         ആ ചോദ്യം ഞാൻ ഏറെ ക്കുറെ പ്രതീക്ഷിച്ചതായിരുന്നു.....പിന്നെ അവൾ ഒരു താത്വികയെ പോലെ സംസാരിക്കാൻ തുടങ്ങി...
                                  സൌന്ദര്യം തീർത്തും ആപേക്ഷികമാണ് ....ഇപ്പോൾ തന്നെ നോക്കൂ എന്നെ അപേക്ഷിച്ച് സോനത്തിന് സൌന്ദര്യം കൂടുതലാണ് ....സോനത്തെ അപേക്ഷിച്ച് സൌന്ദര്യം കൂടുതലുള്ളവർ വേറെയുണ്ട്......
                                                      അതിനർത്ഥം എനിക്കോ സോനതിനോ സൌന്ദര്യം ഇല്ല എന്നാണോ?....
        അങ്ങിനെ എങ്കിൽ മറ്റൊരു തിരുത്തുമുണ്ട്...ഞാൻ പറഞ്ഞു....സൌന്ദര്യത്തിന്റെ ഏറ്റ കുറച്ചിലുകൾ അത് നോക്കി കാണുന്നവരുടെ കാഴ്ചപ്പാട് പോലെയാണ് ...
          .തെരഞ്ഞ്ടുപ്പിലോ ഓട്ട മത്സരതിലോ വിധി നിർണയിക്കുന്ന പോലെ കൃത്യമായി പറയാൻ കഴിയില്ല ....
      നീ തീർത്തു പറയുന്നു സോനം നിനെക്കാൾ സുന്ദരി ആണെന്ന്....അത് നിന്റെ വീക്ഷണം....പക്ഷെ എന്റെ കാഴ്ചപാടിൽ നീ ആണ് സുന്ദരി.....
         റാണി മുഖർജിക്കാനൊ പ്രീതി സിന്തക്കണോ കൂടുതൽ സൌന്ദര്യം?....
     ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു എന്റെ ഭാഗത്ത്‌ നിന്നും ...
പ്രീതി സിന്റാ ...
അവൾ ഒറ്റയടിക്ക് ഉത്തരം നല്കി...
അല്ല ഞാൻ പറയുന്നു റാണി യാണ് സുന്ദരിയെന്നു ...
അതെങ്ങിനെ ശരിയാകും?.....
                               അത് ശരിയാവണം ..എന്നാലേ നീ പറഞ്ഞതും ഞാൻ പറഞ്ഞതും ശരിയാകൂ.....
കുറെ പേരുടെ കാഴ്ചപാടിൽ അവരുടെ മാനദണ്ഡം വെച്ച് റാണിയും മറ്റു  ചിലരുടെ കാഴ്ചപാടിൽ അവരുടെ മാനദണ്ഡം വെച്ച് പ്രീതിയും സുന്ദരികളാകുന്നു.
                   എന്തായാലും കല്യാണം കഴിഞ്ഞ സ്ത്രീകളും ആണുങ്ങളും സുന്ദരന്മാരും സുന്ദരികളും തന്നെ. അതെങ്ങിനെ?......
                 ഭൂമിയിൽ ഓരാണിന്റെ ജീവിതത്തിൽ ഏറ്റവും വലിയ സുന്ദരി അവന്റെ ഭാര്യയും ഭാര്യയ്ക്ക് സുന്ദരൻ ഭര്താവുമാകണം...
              അപ്പൊ പിന്നെ ലോകത്ത് അകെ സുന്ദരമാരും സുന്ദരികളും മാത്രമാകും.    കല്യാണം കഴിക്കാതവരോ?.....
എന്നായാലും അവർ കല്യാണം കഴിക്കുമല്ലൊ?....അത് വരെ പ്രണയിച്ചു നടക്കുക.....
       ഒരു പെണ്ണിന്റെ മനസ്സിലെങ്കിലും അവൻ എറ്റവും വലിയ സുന്ദരൻ ആകുമല്ലൊ?.....
പക്ഷെ ഒരു പ്രശ്നമുണ്ട്.....
എന്ത് പ്രശ്നം?....
ലോക സൌന്ദര്യ മത്സരം എന്ത് ചെയ്യും?...
അത് നടക്കെട്ടെ........
അതിനെക്കാൾ വലിയ സുന്ദരിമാർ കാമാട്ടി പുരയിലും പിലാ ഹൗസിലും തുടയും മുലയും കാണിച്ചു നില്ക്കുന്നില്ലേ?.......
എത്രായിരങ്ങൾ അത് ആസ്വദിക്കുന്നു.....
അപ്പൊ ഇടയ്ക്കിടെ വി ടി സ്റെഷനിലേക്ക് ടിക്കറ്റ്‌ എടുക്കുന്നത്  കമാത്തി പുരയിലെ പെണ്ണുങ്ങളുടെ തുടയും മുലയും കാണാനാണ് അല്ലെ?.....
ഇതാണ് പെണ്ണിന്റെ മനസ്സ്....എത്ര പെട്ടന്നാണ് നല്ല ഒരു ചർച്ച സ്വാർത്ഥതക്കു വേണ്ടി വഴി മാറ്റി വിട്ടത്. ഞാൻ പറഞ്ഞു....
എങ്കിൽ പറ ഞാനോ സോനമോ ..ആരാ കൂടുതൽ സുന്ദരി ?.....
ഇപ്പൊ നീ ശരിക്കും ഒരു പെണ്ണായി...
അസൂയയും കുശുമ്പും സ്വാർത്ഥതയും കൂട് കൂട്ടിയ മനസ്സുള്ള ഒരു രത്നഗിരിക്കാരി ...
.ജവാബ് ദെദൊ ....
സ്യാദ കുപ്സൂരത്ത്  കൊൻഹൈ ?...
മെരെലിയെ തും അച്ഛാ ലഗതാഹൈ ....പക്ഷെ സൌന്ദര്യം ശരീരതിലല്ലോ?.....
ബുദ്ധിയും സ്വഭാവവും നശിച്ച ശരീരത്തിൽ പിന്നെ എന്ത് സൗന്ദര്യമാ അവശേഷിക്കുന്നത്? 

2014 മേയ് 6, ചൊവ്വാഴ്ച

ദൈവം വാദിക്കുന്നത് ആർക്കു വേണ്ടി..?


വാക്കുകളിലെ സൗമനസ്യവും ചിന്തകളിലെ കുടിലതയും എത്രമാത്രം വൈരുദ്ധ്യാത്മകമാണെന്ന്  അമൃതാനന്ധമയിയിലൂടെ കുറച്ചു കാലങ്ങളായി കേരള ജനത കണ്ടു കൊണ്ടിരിക്കുകയാനെല്ലോ?..ഇപ്പോൾ മറ്റൊരു ആൾ ദൈവം സാത്താൻ വചനങ്ങളുമായി രംഗ പ്രവേശം ചെയ്തിരിക്കുന്നു. കൊർപറേറ്റ് ലോകവും സാമ്രാജ്യത്ത മീഡിയകളും പടച്ചുണ്ടാക്കിയ അവാസ്തവമാായ വികസിത ഐതിഹ്യങ്ങൾക്ക് പിൻബലം നല്കാൻ ശ്രീ ശ്രീ രവിശങ്കറും രംഗതെത്തിയിരുക്കുന്നു. വാരാണസിയിൽ നരേന്ദ്ര മോധിക്കെതിരെയുള്ള സ്ഥാനാർഥിത്വതെ രൂക്ഷമായി വിമർശിക്കാൻ അദ്ദേഹം കണ്ടെത്തിയ കാരണം മോഡിയുടെ നന്മയായിരുന്നു പോൽ....പണ്ട് ഗുജറാത്തിലെ ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോൾ ഇരു വശവും വിജനമായിരുന്നെത്രേ ...ഇപ്പോൾ മനോഹരമായ ഹരിത ഭംഗി നിറഞ്ഞൊഴുകുന്ന മരങ്ങൾ പ്രദേശത്തിന് തന്നെ ചാരുത നൽകുന്നുണ്ടെന്നാണ് ദൈവത്തിൻറെ കണ്ടെത്തൽ....ഭക്തന്മാരുടെ ആത്മീയതയിലേക്ക് ഉൾകണെറിയുന്ന ദൈവത്തിനു മോഡി വരുത്തിയ പുറം മോടിക്കപ്പുറത്ത്  പച്ചയായ ജീവിത യാതാര്ത്യങ്ങളെ മനസ്സിലാക്കാൻ കഴിയാത്തതോ അതോ മോദി കൊർപറേറ്റ്നു മുന്നിൽ ദൈവവും വിൽപ്പന ചരക്കായോ?....
2002 ൽ ഗുജറാത്തിൽ മോദി അധികാരത്തിൽ എത്തും മുൻപ് തന്നെ സാമൂഹ്യ-രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ കഴിവു തെളിയിച്ച ഒട്ടനവധി പേർ അവിടെ ജന്മം കൊള്ളുകയും തങ്ങളുടെ പ്രവർത്തന ഫലങ്ങൾ ആ നാടിനു സമർപ്പിക്കുകയും അതിന്റെ ഗുണ ഫലങ്ങൾ ആ നാട്ടുകാർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭാരത രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയും പാകിസ്താൻ രാഷ്ട്ര പിതാവ് മുഹമ്മദലി ജിന്നയും ഇന്ത്യൻ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലും ഗുജറാത്തിന്റെ രാഷ്ട്രീയ സംഭാവനകളായിരുന്നു. പ്രശസ്തമായ ടാറ്റ ഗ്രൂപ്പിൻറെ സ്ഥാപകൻ ജംസത്ജി ടാറ്റയും വിപ്രോ ലിമിറ്റഡ് ചെയർമാൻ അസിം പ്രേംജിയും ധിരുഭായ് അംബാനിയും ഗുജറാത്ത് ഭാരതത്തിനു സമ്മാനിച്ച സാമ്പത്തിക വട വൃക്ഷങ്ങളായിരുന്നു. ഇന്ത്യൻ ശാസ്ത്ര ലോകം ഒരിക്കലും മറക്കാത്ത ഇന്ത്യൻ സ്പേസ് പ്രോഗ്രാമിന്റെ പിതാവ് അഹ്മദാബാദിൽ നിന്നുള്ള വിക്രം സാരാഭായ് ഗുജറാത്ത് ഭാരതത്തിനു സമ്മാനിച്ച ഏറ്റവും വിലപ്പെട്ട സ്വത്തായിരുന്നു. മോഡിയുടെ വികസന ഗീർവാണങ്ങൾ മുഴങ്ങുന്നത്നിറെ എത്രയോ വര്ഷം മുൻപ് ഇത് പോലെയുള്ള എത്രയോ ജന്മങ്ങൾ ഗുജ്രാതിനും ഭാരതത്തിനും അനൽപമായ നേട്ടങ്ങൾ കൊയ്ത്  തന്നിട്ടുണ്ട്...ഇനി അതിനും മുൻപ്, ചരിത്ര രേഖകൾ പരിശോധിക്കുമ്പോൾ ലോകത്തിലെ ആദ്യത്തെ തുറമുഖമുണ്ടായിരുന്നെന്നു കണക്കാക്കപ്പെടുന്ന ലോത്തൽ നാഗരികതയും അതിനു ശേഷം മൌര്യ ഗുപ്ത കാലങ്ങളിൽ സജീവമായി നില നിന്നിരുന്ന ബാരുച് , കംപെട്, വ്യാപാര വ്യവസായ കേന്ദ്രങ്ങളും നില നിന്നിരുന്നത് 1960 ൽ രൂപം കൊടുത്ത ആധുനിക ഗുജറാത്ത് സംസ്ഥാനത്തിന്റെ പ്രാചീന അതിർ വരമ്പുകൾകകതായിരുന്നു.ഇതിനർത്ഥം ഗുജറാത്ത് പാരമ്പര്യമായി ശക്തമായ സാമ്പത്തിക അടിത്തറയും വ്യാപാര പ്രാധാന്യവുമുള്ള നഗരമായിരുന്നു എന്നെല്ലേ ?....മോഡിയുൾപ്പെടെയുള്ള  ഭരണാധികാരികൾ സംസ്ഥാന വികസനവും സാമ്പത്തിക മുന്നേറ്റവും മുരടിപ്പികുകയാണ് ചെയ്തതെന്ന് ചരിത്രവും വർത്തമാനവും കൂട്ടി വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും.
അടിസ്ഥാന വികസനങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി പുറം മോടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഒരു വികസിത നയമായിരുന്നു മോഡി ഗുജറാത്തിൽ നടപ്പിലാക്കിയത്. വഴിയോരങ്ങളിലെ പച്ചപ്പും കൂറ്റൻ ബില്ടിങ്ങുകളും അക്കൂട്ടത്തിൽ നമുക്ക് വായിക്കാം. ഭക്ഷണം,വസ്ത്രം,പാർപ്പിടം, എന്ന ഏറ്റവും അടിസ്ഥാന പരമായ ആവശ്യങ്ങളിൽ നിന്നാണ് സമൂഹത്തിൻറെ വികസന സ്വപ്നങ്ങൾ ആരംഭിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്  പൊതു ഭക്ഷ്യ വിതരണം. കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും വലിയ അഴിമതിയും പിടിച്ചു പറിയും പൂഴ്ത്തി വെപ്പും ഗുജറാത്തിൽ അരങ്ങേറിയത് ഈ മേഖലയിലായിരുന്നു. പൊതു വിതരണത്തിനായുള്ള  ഭക്ഷ്യധാന്യങ്ങളിൽ 70 ശതമാനവും ആവശ്യക്കാരിലെതാതെ ഇടക്കെവിടെയോ ചോർന്നു പോയതാണ് ഏറ്റവും പുതിയ വികസന വാർത്ത. അവിടെ നിന്നും തുടങ്ങി സാധാരണക്കാരായ ഗുജറാത്തി ജനതയുടെ അടിസ്ഥാന ആവശ്യങ്ങലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഇന്ത്യയിലെ ഏറ്റവും പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്ന് ഏറെ വൈകാതെ നമുക്ക് ബോധ്യമാകും. കേവലം 5 ശതമാനം ജനങ്ങൾ മാത്രമാണ് കൊച്ചു കേരളത്തിൽ സ്വന്തമായി ശൌചാലയം ഇല്ലാത്തവരായി ഉള്ളത്. എന്നാൽ ഗുജറാത്തിൽ 65 ശതമാനം പേർക്കും സ്വന്തമായി ബാത്ത് റൂമോ കക്കൂസോ ഇല്ല. പൊതു നിരത്തുകളിൽ കാലികലോടൊപ്പം നീരാട്ടും പ്രാഥമിക ആവശ്യങ്ങളും. ശുദ്ധ ജലം ഇന്നും ഗുജറാത്തിലെ ഭൂരിഭാഗം പേർക്കും സ്വപ്നം മാത്രമാണ്. ഗുജറാത്തിലെ ഗ്രാമീണ മേഖലയിലും പല നഗര പ്രദേശങ്ങളിൽ വരെയും രാവിലെ ഒരു മണിക്കൂർ മാത്രമാണ് കുടി വെള്ളം ലഭിക്കുക. കുടി വെള്ളം എന്ന് പേരുണ്ടെങ്കിലും ശുദ്ധ ജല പൈപ്പും മലിന ജല പൈപ്പും തീർത്തും അശാസ്ത്രീയമായി പണി കഴിപ്പിച്ചതിനാൽ പലപ്പോഴും കുടി വെള്ളത്തിൽ മാലിന്യം കലർന്ന് വരുന്നു. ഗ്രാമീണ മേഖലയിൽ 40 ശതമാനം പേർക്കും കുടി വെള്ളം ലഭ്യമല്ല. മാലിന്യ നിർമാർജനതിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രയോ പിറകിലാണ് വികസിത ഗുജറാത്ത്. ജന സാന്ദ്രത കൂടിയ ഇടങ്ങളിൽ വരെ പ്രാഥമിക വിദ്യാലയങ്ങളുടെ ദൂര വ്യത്യാസം ആറും ഏഴും കിലോ മീറ്റരുകളാണ് . അത് കൊണ്ട് തന്നെ പ്രൈമറി സ്‌കൂളുകൾ പോലും കാണാതെ ശൈശവം പിച്ച വെക്കുന്നു.
ആരോഗ്യ മേഖലയാവട്ടെ മഹാ കഷ്ട്ടം...നരേന്ദ്ര മോഡി അധികാരതിലെതിയത്തിനു ശേഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം പതിന്മടങ്ങായി വർദ്ധിപ്പിച്ചു. പക്ഷെ,എണ്ണത്തിൽ മാത്രം. ആവശ്യത്തിനു ഡോക്ടർമാരോ ജീവനക്കാരോ ഇല്ലാതെ അനാഥമായി കിടക്കുകയാണ്‌ മിക്ക ആരോഗ്യ കേന്ദ്രങ്ങളും. കേജ്രിവാൾ തന്റെ ദിവസങ്ങൾ നീണ്ട ഗുജറാത്ത് യാത്രക്ക് ശേഷം ഡൽഹിയിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച 'കോണ്‍കേവ് 2014" ൽ ഗുജറാത്തിന്റെ ദയനീയ സ്ഥിതിയെ കുറിച്ച് വിശദമായി പ്രഭാഷണം നടത്തിയപ്പോൾ ഇത് വരെ രണ്ടു വരിയെങ്കിലും മറുപടി പ്രസ്താവന നടത്താൻ മോഡി തയ്യാറായിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസ്സരിച്ച് ഗുജറാത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 1156 ഡോക്റെർമാരെ ആവശ്യമുണ്ട്. പക്ഷെ,അവിടെ നിയമനത്തിലുള്ളത്  നാനൂറിൽ താഴെ മാത്രം.ആരോഗ്യ മേഖലയിൽ ആകമാനം ഈ ജീർണത കാണാനാവും.
റിലയൻസ് ആസ്ഥാനം നില കൊള്ളുന്ന ജാം നഗർ സന്ദർശിച്ച ഒരു കൂട്ടുകാരൻ ഫേസ് ബുക്കിൽ ഇങ്ങിനെ കുറിച്ചിട്ടു. "അംബാനിമാരുടെ സാമ്രാജ്യങ്ങൾക്കിപ്പരതുള്ള ജാം നഗർ തീർത്തും വൃത്തി ഹീനം. പൊട്ടി പൊളിഞ്ഞു യാത്ര ചെയ്യാൻ കഴിയാത്ത വിധം. ഓടകൾ നിറഞ്ഞൊഴുകി എങ്ങും ദുർഗന്ധം വമിക്കുന്നു. അവിടം തെരുവ് കച്ചവടക്കാരും തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരും. പിന്നെ എവിടെയാണ് ഇവിടെ വികസനം സാധ്യമാക്കിയിട്ടുള്ളത്. ഫേസ് ബുക്ക്‌ കൂട്ടുകാരന്റെ ചോദ്യമാണത്. മുംബൈ കാമാത്തി പുരയെ വെല്ലുന്ന രൂപത്തിൽ സൂറത്തിലെ തെരുവോരങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ മാംസ വിൽപ്പനക്കായി യുവതികൾ നിര നിൽക്കുന്ന കാഴ്ചയും വികസിത ഗുജറാത്തിന്റെ ചിത്രങ്ങൾ തന്നെ.
സംഗ്രഹിച്ചു മനസ്സിലാക്കിയാൽ "വികസനം" എന്ന പദത്തെ തീർത്തും തെറ്റായ രീതിയിൽ മനസ്സിലാക്കിയ ഒരു ആധുനിക ഭരണാധികാരിയാണ് നരേന്ദ്ര മോഡി. താഴെ തട്ടിലുള്ള ജന വിഭാഗങ്ങളെയും ഗ്രാമീണ മേഖലയെയും ഒഴിച്ച് നിറുത്തിയുള്ള വികസനം പണക്കാരെ വീണ്ടും വീണ്ടും പണക്കാരാക്കാനും രാഷ്ട്രീയക്കാർക്ക്  പോക്കറ്റ് വീർപ്പിക്കാനും മാത്രമേ ഉതകൂ..സഹകരണ മേഖല,കൃഷി,ജല സേചനം,തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഗുജറാത്ത് മന്ത്രി ബാബു ലാൽ ബുക്രാജി മൂന്നു വർഷത്തെ ശിക്ഷക്കിടെ ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ്. 2009 ൽ ഗുജറാത്തിലെ തടാകങ്ങളിൽ നിന്നും മത്സ്യ ബന്ധനതിനുള്ള കരാർ ടെണ്ടർ കൂടാതെ വൻ കമ്പനികൾക്ക് മറിച്ചു നല്കി 450 കോടിയുടെ നഷ്ടം സർകാരിനു സമാനിച്ച പുരുഷതൻ സോളങ്കിയാണ് മോഡി മന്ത്രി സഭയിലെ മറ്റൊരു കക്ഷി. ഇങ്ങിനെ 12 വർഷത്തെ ഭരണം കൊണ്ട് തുല്യതയില്ലാത്ത പേരു ദോഷങ്ങൾ സമ്പാദിചെടുത്ത നരേന്ദ്ര മോഡി, രവി ശങ്കറെന്ന ആൾ ദൈവത്തിനു പുണ്യാളനാകുന്നതെവിടെയാണ് ?
എല്ലാത്തിനും പുറമെ 2002 ൽ സ്വതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത അധ്യായമായി നില നില്ക്കുന്ന മനുഷ്യ കൂട്ട കുരുതിക്ക് നേതൃത്വം കൊടുത്ത നരേന്ദ്ര മോഡി നാല് മരങ്ങൾ നാട്ടപോഴെയ്ക്കും അഗ്നി ശുദ്ധി നേടിയോ?...രവി ശങ്കറെ പോലുള്ളവരുടെ നോട്ടങ്ങളിലെ സൌമ്യതക്കപ്പുറം ചിന്തകളിലെ കുടിലതകൾ പുറത്തു വരുന്നത് ഇത്തരത്തിലുള്ള അധമന്മാർക്ക്‌ കുഴലൂത്ത് നടത്തുമ്പോഴാണ് . ആത്മാവിനെ  കളങ്ക രഹിതമാക്കുമ്പോഴാണ്  ആത്മീയത സാധ്യമാകുന്നത്. നല്ല ആത്മജ്ഞാനികൾ വിഭാവനം ചെയ്യുന്നതും നില കൊള്ളുന്നതും മനുഷ്യ നന്മയിലും നിഷ്കളങ്കതയിലും കെട്ടിയുയർത്തുന്ന ആത്മീയതക്ക് വേണ്ടിയാണ്. മോഡിയെ പോലുള്ള കറ പുരണ്ട ഭരണാധികാരികൾക്ക്  ഇവിടെഎവിടെയുണ്ട് സ്ഥാനം......