പണ്ട് പൂര പറമ്പുകളിൽ യന്ത്ര ഊഞ്ഞാലിൽ കയറി ആകാശത്തോളം പരന്നുയരുംപോഴാണ് ഇങ്ങിനെയൊരവസ്ഥ. തീരെ ഭാരമില്ലാതെ ഒരു പഞ്ഞി കെട്ട് പോലെ പാറി നീങ്ങുന്ന ഒരനുഭവം. സീറ്റ് ബെൽട്ട് നന്നായി മുറുക്കിയിട്ടുണ്ടെങ്കിലും ഊർന്നു വീഴുന്നൊരു പ്രതീതി...
നൈസാമിന്റെതു ആദ്യത്തെ വിമാന യാത്രയോന്നുമല്ല. കഴിഞ്ഞ പത്ത് കൊല്ലം കൊണ്ട്
നാലോ അഞ്ചോ തവണ നാട്ടിൽ വന്നു പോയിട്ടുണ്ട്. പക്ഷെ,അവനിപ്പോഴും ആദ്യ യാത്ര പോലെയാണ്. ചെക്കിങ്ങ് കൌണ്ടെറിലും എമിഗ്രാഷനിലുമെല്ലാം അകാരണമായ ഒരു ഭീതി ഇപ്പോഴും പ്രകടിപ്പിക്കും.
ഫ്ലൈറ്റിനകത്ത് കയറിയാലാകട്ടെ, കിളി വാതിലിനടുത്തു തന്നെ ഇരിക്കണം. ഇനി സീറ്റ് അവിടെയെല്ലെങ്കിൽ അടുത്തിരിക്കുന്ന ആളെ പറഞ്ഞു വശത്താക്കി കാര്യം സാധിപ്പിക്കും.
കൊച്ചു കുട്ടികളെ പോലെ പുറത്തെ കാഴ്ചകൾ നോക്കിയിരിക്കലാണ് വിമാന യാത്രയിലെ പ്രധാന ഹോബി.
വിമാനം റണ്‍വേയിലൂടെ മൂവ് ചെയ്യുമ്പോഴും പറന്നുയരുംപോഴും അവൻ മറ്റൊന്നും ചിന്തിക്കാറില്ലത്രെ...
മഞ്ഞു പാളികൾക്കിടയിലൂടെ ശാന്തമായി വിമാനം ചലിച്ചു തുടങ്ങിയാൽ നൈസാമിന്റെ വിമാന യാത്രയുടെ പകുതി ആരവം അവസാനിച്ചു. ഇനി തിരിച്ചിറങ്ങുംപോഴാണ് .
ബെൽറ്റ് അഴിച്ചു വെച്ച് സ്വതന്ത്രരായികൊള്ളാനുള്ള സന്ദേശം കിട്ടിയതോടെ ഭക്ഷണം പോലും കാര്യമാക്കാതെ തന്റെ പതിവ് മയക്കത്തിലേക്കവൻ തല ചായ്ച്ചു കൊടുത്തു.
ഈ യാത്രയിലവൻ മനോഹരമായൊരു സ്വപ്നം കണ്ടു. ...തീരെ തുടർച്ചയില്ലാത്ത സ്വപ്നം, പക്ഷെ മുഖങ്ങളെല്ലാം വ്യക്തം..
ചിരിച്ചു കൊണ്ടോടി വരുന്ന ഓമനത്വം വിട്ടു മാറാത്ത നാല് വയസ്സുകാരി ചിന്നു എന്ന സന മോളും തൊട്ടു പിറകെ അവളുടെ ഉമ്മച്ചിയും..തന്റെ ഭാര്യയും മകളും..
ഒറ്റ ചാട്ടത്തിനു ചിന്നു തന്റെ മാറിലെക്കും പിന്നെ കഴുത്തിലേക്കുമെത്തി. കഴുത്തിൽ കയ്യിട്ടു കെട്ടി പിടിച്ചു ഒന്ന് രണ്ടു ആവർത്തി തന്റെ കവിളിൽ ഉമ്മ വെച്ചു. കയ്യിലുള്ള പത്തു മുപ്പതു കിലോ തൂക്കം വരുന്ന ലഗെജു് തീർത്തും നിസ്സാരമായി കയ്യിലേന്തി വീട്ടിനകതേക്ക് ഒറ്റയോട്ടം...
ധൃതിയിൽ പെട്ടിയുടെ കയറുകൾ വലിച്ചഴിച്ചു കളിക്കോപ്പുകൾ വാരിയെടുത്തു അവനെ നോക്കി പുഞ്ചിരിച്ചു നിന്നു .....ആത്മ നിർവൃതിയുടെ പുഞ്ചിരി. വർഷങ്ങൾക്കു ശേഷം വാപ്പചിയെ വീണ്ടു കിട്ടിയ നിർവൃതി .
ഇത് നിളയോരം..
മലയാളത്തിൻറെ പ്രിയ കാഥികൻ എം ടി പലപ്പോഴായി മലയാളി മനസ്സിലേക്ക് അലകളുയർത്തി വിട്ട ഓളവും കാറ്റും സ്വന്തമായുള്ള നിളാ നദിയും ഓർമ്മകൾ തങ്ങി നിൽക്കുന്ന അതിന്റെ തീരവും.നിളയുടെ ഓരത്ത് പുതുതായി പണി കഴിപ്പിച്ച ഉദ്യാനത്തിലാണിപ്പോൾ നൈസാം..കൂട്ടിനവന്റെ മോളും പ്രിയതമയും..
കാത് വട്ടം പിടിച്ചു വടക്കൻ പാട്ടിൻറെ സംഗീതം സാകൂതം ശ്രവിച്ച് ഇടയ്ക്കിടെ നിശ്ചലമാകുന്നുണ്ടയാൾ...പണ്ടെപ്പോഴോ ആരെല്ലാം പകുതി പാടി നിറുത്തിയ പാടിന്റെ തുടർ വരികൾ അങ്ങിനെ നിൽക്കുമ്പോൾ അയാൾ കേൾക്കാറണ്ടെത്രെ....
പുഴയോട് ചേർന്ന് പണിതിരിക്കുന്ന വലിയ ഇരുമ്പു കമ്പിയിൽ തൂങ്ങിയാടി രസിക്കുകയാണ് ചിന്നു..
ഉപ്പച്ചീ വാ..വാ.........ഞാനൊരു കൂട്ടം കാണിച്ചു തരാം...
കാഴ്ച കാണാൻ ക്ഷണിക്കുകയാണ് ചിന്നു..മാറിൽ ചേർന്നിരിക്കുന്ന അവളുടെ ഉമ്മച്ചിയുടെ ശരീര ഭാരം ഒരു പൂവെടുത്ത് വെക്കുന്ന ലാളനയോടെയെടുത്ത് മാറ്റി ചിന്നുവിന്റെയടുതേക്ക് നീങ്ങി........
എന്താ പൊന്നൂ..... ?
ദാ ..അങ്ങോട്ടു നോക്ക്യാ ....
മണൽ ആർത്തിയോടെ വലിച്ചു കുടിച്ചപ്പോഴും ബാക്കി വെച്ചിരിക്കുന്ന കുറച്ചൽപ്പം തെളിനീർ ഒരു ചെറിയ തടാകം കണക്കെ അങ്ങ് ദൂരെ.....ഇതൊരു പുഴയാണെത്രെ...ആയിരുന്നെത്രെ.....നിറഞ്ഞൊഴുകിയിരുന്ന, കാല വർഷങ്ങളിൽ ആർതലചിരുന്ന ഭാരത പ്പുഴയോട് ചേർന്ന നിളാ നദി..ഇപ്പോഴിതൊരു തരിശു ഭൂമി മാത്രം....വെള്ളം മുഴുവനായി മണൽ കുടിചിറക്കുമ്പോഴും ബാക്കിയായി നിൽക്കുന്ന പോയ്കയാണിപ്പോൾ ചിന്നുവിന്റെ കാഴ്ച വസ്തു...മൂന്നു കുട്ടികളുൾപ്പെടെ നാലഞ്ചു പേർ അവിടെ തിമർത്തുല്ലസിക്കുന്നുണ്ട് .
ഇക്കങ്ങുട് പൂവണം ....
ഇപ്പോഴോ?...
ആ........ഇപ്പം തന്നെ................ മോളൂ...മഗ് രിബു വാങ്ക് കൊടുക്കാനായി ..ഇനിയും നേരം വൈകിയാൽ ഉപ്പുപ്പ ചീത്ത പറയും....
പൊയ്ക നോക്കി വിടർന്ന കണ്ണുകളിൽ കണ്ണീരിന്റെ നനവ് പടർന്നു.സായാഹ്ന സൂര്യൻറെ വിഷാദ ഭാവം പോലെ മോഹ ഭംഗയായവൾ ശബ്ദമില്ലാതെ തേങ്ങി.....
നൈസാമിന്റെ മനസ്സലിയാൻ അത് ധാരാളമായിരുന്നു....
ചിന്നുവുമൊത് ഓർമയിൽ തങ്ങി നിൽക്കുന്ന ഒരു സായാഹ്നം, കഥകളിരമ്പുന്ന നിളയുടെ തീരത്ത്....
കാഴ്ചയിലിപ്പോൾ അറബിക്കടൽ ...അലകളായി വന്നു പതിക്കുന്ന തിരകളിൽ വേവും നോവും വേണ്ടുവോളം..ഒരായിരം സ്വപ്നങ്ങളും മോഹഭംഗങ്ങളും മുറു മുറുപ്പെതുമില്ലാതെ ഏറ്റുവാങ്ങിയ കടലമ്മയുടെ മടിത്തട്ട് അതിന്റെ മക്കളുടെ ദുഖങ്ങൾ ഏറ്റു വാങ്ങാൻ ഇനിയും വിശലമാണ് .
ചിന്നു തിരമാലകൾക്കിടയിലൂടെ ചാടി മറിയുന്നുണ്ട്..വേവഥു പൂണ്ട അവളുടെ ഉമ്മച്ചി കടലിലേക്കിറങ്ങുമ്പോൾ അവൻ വിലക്കി...അവളൊരു അമ്മയുടെ മടിതട്ടിലാണിപ്പോൾ, പേടിക്കേണ്ട...
ഒരു വലിയ മല ...താഴ്‌വാരത്തിൽ അമ്മയുടെ കണ്ണുനീർ തുള്ളി പോലെ കളങ്കമേശാത്ത തെളിനീർ അരുവിയായി ഒഴുകി.. ചിന്നുവും കൂടെ സമപ്രായക്കാരായ പിന്നെയും കുറെ കുരുന്നുകൾ...തലയിൽ മുല്ലപ്പൂ വെച്ച് കയ്യിലും കാതിലും പൊന്നാഭരണമണിഞ്ഞു ഒരു മണവാട്ടി പോലെ ചിന്നു മോൾ...അവൾക്കു ചുറ്റും കൈ കൊട്ടി പാടി കുരുന്നു പട..പെട്ടന്നൊരു ഇടി വെട്ടി ...ചിന്നു ഓടി വന്നു അവനെ അണച്ചു പിടിച്ചു. കുഞ്ഞിളം ചുണ്ടിൽ ഭീതി നിറഞ്ഞ സങ്കടം...മുത്തിനെ മാറോടടുക്കി പിടിച്ചു ...നന്നായി ചേർത്ത് പിടിച്ചപ്പോൾ ആരോ ഉയരത്തിൽ നിന്നും താഴെക്കെടുത്തു എറിഞ്ഞ പോലെ ...ഞെട്ടിയുണർന്നപ്പോൾ മനസ്സിലായി വിമാനം റണ്‍വേയിൽ ഇറങ്ങിയതാണ് ...
മനസ്സിൽ പറഞ്ഞറിയിക്കാനാവാത്തൊരു അനുഭൂതി...ചിന്നുവിന്റെയും അവളുടെ ഉമ്മചിയുടെയും സാമീപ്യം തരുന്ന സായൂജ്യം...മനസ്സ് തിടുക്കം കൂട്ടി, ഫ്ലൈറ്റിനു പുറത്തു കടക്കാൻ.കാത്തു നിൽക്കുന്ന ചിന്നുവിനെ കോരിയെടുത്തു കവിളിലോരായിരം മുത്തം നൽകാൻ ..കടക്കണ്ണ് കൊണ്ട് അവളുടെ ഉമ്മച്ചിയുടെ നേർക്കൊരു നോട്ടമെറിയാൻ ..
കൊട്ടിയടച്ച വിമാനത്തിന്റെ ഗുഹാ വാതിലിലൂടെ എയർ പോർട്ടിനകത്തു കടന്നതും നൈസാമിന്റെ തലയിൽ കൊള്ളിയാൻ മിന്നിയതും ഒരുമിച്ചായിരുന്നു...
ഇത് ദുബൈ എയർപോർട്ട് ആണ് ...തന്നെ കാത്തു പുറത്തു ചിന്നു മോളും ഉമ്മച്ചിയും ഉണ്ടാകില്ല..മണിക്കൂറുകൾക്കു മുൻപ് നെടുമ്പാശേരിയിൽ നിന്നും ചിന്നുവിനെ കോരിയെടുത്തതും ആർത്തിയോടെ കുഞ്ഞു കവിളിൽ മുത്തം കൊടുത്തതും മോള് വാവിട്ടു കരഞ്ഞതും കണ്ണ്നീർ തുടച്ചു ചെകിംഗ് കൌണ്ടറിലേക്ക് നീങ്ങിയതുമെല്ലാം സ്വപ്ന ലഹരിയിൽ നൈസാം മറന്നിരുന്നു.....തന്റെ മുന്നിൽ ഇനി നീണ്ടു കിടക്കുന്ന പ്രവാസ ജീവിതമാണ്...ചിലപ്പോൾ അത് രണ്ടു കൊല്ലം വരെ നീളാം...നൈസാമിറെ സ്വപ്‌നങ്ങൾ മരുഭൂമിയുടെ ഊഷരതയിൽ ആവിയായി ഉയർന്നു ..റൂം,മെസ്സ്, ഡ്യൂട്ടി,ഉറക്കം, ഫോണ്‍ വിളി....നൈസാം തന്റെ ജീവിതം വീണ്ടും പ്രവാസ ലോകത്തേക്ക് റീ കണക്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു..


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ