2016 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ചരിത്രം വർത്തമാനമാക്കിയവരുടെ കഥ



                                     വർത്തമാനത്തിലും പൊന്നാനിക്ക് പറയാനുള്ളത് പ്രോജ്ജ്വലിച്ചു നിൽക്കുന്ന ഇന്നലെയുടെ കഥകളാണ്. തെരുവീഥികളിൽ നമ്മെ ഇപ്പോഴും സ്വാഗതം ചെയ്യുന്നത് നൂറ്റാണ്ടുകളുടെ ചരിത്ര ഭാരം പേറുന്ന ചെമ്മൺ ഭിത്തികളും,  നടുമുറ്റവും പാടാപ്പുറവും അലങ്കാരം ചാർത്തുന്ന തറവാടുകളും, അകത്തെ പള്ളിയും കരിങ്കൽ ഹ്യുളുകളും പഴമ പ്രസരിപ്പിക്കുന്ന  മുസ്ലിം പള്ളികളുമാണ്. ഇവ  ഈ നാടിന്റെ പ്രതാപം നിറഞ്ഞ ഇന്നലെകളിലേക്കാണ് നിങ്ങളെ കൂട്ടി കൊണ്ടു പോവുക. 
ലോക ചരിത്രത്തിൽ പുകൾപെറ്റ ഇതര നാഗരികതകൾക്കൊപ്പം നിൽക്കാൻ പാകത്തിൽ മഹത്തായ ഒരു സംസ്കൃതി ആയിരക്കണക്കിന് വർഷം മുൻപേ   ഇന്ത്യക്ക് അവകാശപ്പെടാൻ ഉണ്ടായിരുന്നെങ്കിലും പുരാതന ഗ്രീക്കിനു ഉണ്ടായിരുന്ന പോലെ ഒരു ഹെറോഡോട്ടാസോ തൂസി ഡൈസ്‌ടോ നമുക്ക് ഉയർത്തി കാണിക്കാൻ ഇല്ലാതെ പോയി. സഹസ്രാബ്ദങ്ങൾ പഴക്കമുള്ളത് എന്ന അവകാശ വാദത്തോടെ ചില പുരാണങ്ങളും ഇതിഹാസങ്ങളും നാം പൊക്കി പിടിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ നിഗമനങ്ങൾ കൊണ്ടു ആശാവഹമായ വിധം പഴക്കം സ്ഥാപിച്ചെടുക്കാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. 
വേദ കാലഘട്ടത്തെ കുറിച്ചും ജൈന ബുദ്ധ മതങ്ങളെ കുറിച്ചും നാം മനസ്സിലാക്കിയതെല്ലാം കൂടുതലും ശിലാഫലകങ്ങളിൽ നിന്നോ  പൗരാണിക മന്ദിരങ്ങളിൽ നിന്നോ അപൂർവം ചില കുറിപ്പുകളിൽ നിന്നോ ആയിരുന്നു. മൗര്യന്മാരെ കുറിച്ചും സുംഗ -കന്വ -ശത -ശാഖ- കുശാന രാജ ഭരണത്തെ കുറിച്ചുമെല്ലാം കൃത്യമായ രീതിയിൽ എഴുതപ്പെട്ട ചരിത്രമൊന്നും നമുക്ക് ലഭ്യമായിട്ടില്ല. 
ഏ ഡി പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ മുഹമ്മദ് ഗസ്നി ഇന്ത്യയിൽ ആധിപത്യം നേടിയതിനു ശേഷമാണ് കൃത്യമായ ചരിത്ര ശേഖരവും നടപ്പു കാലത്തെ സാമൂഹ്യ രാഷ്ട്രീയ കലാ വിവരണങ്ങളും ഭാവി തലമുറക്കായി കരുതി വെക്കാൻ തുടങ്ങിയത്.അൽ ബറൂനി താരീഖ് ഹിന്ദിലൂടെ തുടക്കമിട്ട വിപ്ലവം ഇബ്നു ബത്തൂത്തയും സിയാദ് ദിനബറാണിയും അബുൽ ഫസലും അബ്ദുൽ ഖാദിർ ബാദുഅനിയും തുടർന്നു കൊണ്ടു പോവുകയും സുവ്യക്തമായ ഒരു ചരിത്രം ഇന്നലെയെ കുറിച്ചു നമുക്ക് ലഭിക്കുകയും ചെയ്തു.
കേരളത്തിൽ പൊന്നാനിയോളം ഇസ്‌ലാമിക സംസ്കൃതി അവകാശപ്പെടാൻ കഴിയുന്ന മറ്റൊരു പ്രദേശമുണ്ടാകില്ല. തെക്കേ ഇന്ത്യയുടെ തന്നെ ഇസ്‌ലാമിക ആസ്ഥാനമായി ഒരു കാലത്തു പൊന്നാനി നിറഞ്ഞു നിന്നിരുന്നു. പൊന്നാനി ലിപിയും പൊന്നാനി ദർസ് രീതിയുമെല്ലാം ഇതര ദേശക്കാർ മാതൃകയാക്കുകയും പ്രഗത്ഭരായ ധാരാളം പണ്ഡിത ശ്രേഷ്ഠർ ഈ പ്രദേശത്തെ വൈജ്ഞാനിക ചർച്ചകളാൽ ധന്യമാക്കുകയും ചെയ്തിരുന്നു. സമൃദ്ധമായ പൊന്നാനിയുടെ ഇന്നലകളിലേക്കുള്ള  അന്വേഷണവും കണ്ടെത്തലുമാണ് ടി വി അബ്‌ദുറഹ്‌മാൻ കുട്ടി രചിച്ചു പൂങ്കാവനം ബുക്സ് പ്രസിദ്ധീകരിച്ച "പൊന്നാനി :പൈതൃകവും നവോഥാനവും "എന്ന ബൃഹത്തായ ഗ്രന്ഥം.624 പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥം പൊന്നാനിയുടെ എല്ലാ ഇടവഴികളിലൂടെയും കയറി ഇറങ്ങി അനല്പമായ ചരിത്ര ജ്ഞാനം പകർന്നു നൽകിയാണ് യാത്ര അവസാനിപ്പിക്കുന്നത്. 
പൊന്നാനിയുടെ ചരിത്രം പറയുന്നതോടൊപ്പം തെക്കേ ഇന്ത്യയുടെ വിശിഷ്യാ മലബാറിന്റെ സാമൂഹ്യ, രാഷ്ട്രീയ, മത മേഖലകൾ വിശദീകരിക്കുന്നുണ്ട്. പൗരാണിക ശേഷിപ്പുകളിൽ നിന്നും തുടങ്ങി ഐതിഹ്യങ്ങൾ അലങ്കാരം ചാർത്തി പുരോഗമിക്കുന്ന ചരിത്ര കഥനം  എ ഡി പതിനഞ്ചാം നൂറ്റാണ്ട് ആകുമ്പോഴേയ്ക്കും കൃത്യമായ രേഖകളുടെ പിൻബലത്തോടെ പൊന്നാനിയുമായതൊന്നും വിട്ടു പോകാതെ വായനക്കാരിലേക്കെത്തിക്കുന്നു. അനായാസ വായനയും ഭാവിയിലെ റഫറൻസ് സൗകര്യവും ലക്ഷ്യം വെച്ചു കൊണ്ടാകാം കൃത്യമായ 12 ഭാഗമായി പുസ്തകത്തെ വിഭചിച്ചിട്ടുണ്ട്. സാംസ്കാരിക ആസ്ഥാനം എന്ന ഒന്നാം ഭാഗത്തിൽ പൊന്നാനിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും പൗരാണിക കഥകളും വിവരിക്കുകയും അതു വഴി നഗരത്തിൻറെ പിറവിയിലേക്കു വായനക്കാരെ നയിക്കുകയും ചെയ്യുന്നു. പഠന പര്യടനം നടത്തിയ ഫ്രാൻസിസ് ബുക്കാനന്റെയും വില്യം ലോഗന്റെയും നാടുമായി ബന്ധപ്പെട്ട വിവരണങ്ങളും മൈസൂർ രാജാക്കന്മാരുടെ ആഗമനവും സാമൂതിരി കുഞ്ഞാലി മരക്കാർമാരുടെ ഇതിഹാസ സമാനമായ കഥകളെല്ലാം ഒന്നാം ഭാഗത്തിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തിന്റെ സാമൂഹ്യ,രാഷ്ട്രീയ,വാണിജ്യ ,മേഖലകളെല്ലാം അടിസ്ഥാന പരമായി ഇവിടെ നമുക്ക് വായിക്കാം. 
 ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിൽ നൂറ്റാണ്ടുകൾ മുൻപ് പൊന്നാനി കൈവരിച്ച നേട്ടവും പൊന്നാനി പണിതുയർത്തിയ സാംസ്കാരിക പൈതൃകവും രണ്ടാം ഭാഗത്തിൽ വിവരിക്കുന്നു. നഗരത്തിൽ കാണുന്ന പൗരാണിക പള്ളികളെ കുറിച്ചും ദർസ് സമ്പ്രദായത്തെ കുറിച്ചും ഈ ഭാഗത്തു തന്നെ വിവരണം നൽകുന്നുണ്ട്. നൂറ്റാണ്ട് മുൻപ് സ്ഥാപിതമായ മൗനത്തുൽ ഇസ്‌ലാം സഭയെ കുറിച്ചും ഹൈദ്രോസി തങ്ങന്മാരുടെ ആസ്ഥാനമായ വലിയ ജാറത്തെ കുറിച്ചും അടുത്ത ഭാഗത്തു പറയുന്നു.
 മുസ്ലിം നവോഥാനം എന്ന ഭാഗത്തിൽ വിശദീകരിക്കുന്നത് പ്രദേശത്തു ജീവിച്ചു വെളിച്ചം വിതറി കടന്നു പോയ മഹാന്മാരെ കുറിച്ചാണ്. ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഒന്നാമനിൽ നിന്നും തുടങ്ങി രണ്ടാമനിലൂടെ പുരോഗമിക്കുന്ന വിവരണം സൂക്ഷ്മാവതരണത്തിലൂടെ നമുക്ക് സമ്മാനിക്കുന്നത് തീർത്തും നഷ്ടപ്പെട്ടു പോകുമായിരുന്ന ഒട്ടനവധി മഹത്തുക്കളെ  കുറിച്ചുള്ള അറിവുകളാണ്. തുടർന്നു വരുന്ന രണ്ടു ഭാഗങ്ങളിൽ പൊന്നാനിയിലെ ക്ഷേത്രങ്ങളെ കുറിച്ചും ആചാര അനുഷ്ഠാനങ്ങളെ കുറിച്ചും വളെരെ വിശദമായി പറഞ്ഞു തരുന്നു. വിശ്വാസി സമൂഹത്തിനു പോലും റഫർ ചെയ്യാൻ പാകത്തിൽ സമഗ്രമായി അവതരിപ്പിക്കാൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ കഥ പറയുന്ന ഏഴാം ഭാഗത്തിൽ പോർച്ചു ഗീസ് ,ബ്രിടീഷ്, കൊളോണിയൽ ശക്തികൾക്കെതിരെ പൊന്നാനിയിലെ ജനത നടത്തിയ പോരാട്ടങ്ങളും സംഭവ ബഹുലമായ സമ്മേളന പ്രകടനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൊന്നാനിയിൽ ചിലയിടങ്ങളിൽ ഇന്നും നില നിൽക്കുന്ന മരുമക്കത്തായ സമ്പ്രദായവും തറവാട് സംസ്കാരവും നമ്മെ ഇന്നലകളിലേക്കു വഴി നടത്താൻ പര്യാപ്തമാണ്. 
   മലയാളം,അറബിക്,അറബി-മലയാളം ഭാഷകളിൽ ആധികാരികതയും വൈവിധ്യവും ഒത്തിണങ്ങിയ ധാരാളം ഗ്രന്ഥങ്ങൾ ലോകത്തിനു സമർപ്പിച്ച പ്രദേശമാണ് പൊന്നാനി. ശൈഖ് സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ രചിച്ച ഫത്ഹുൽ മുഈൻ ലോക മാകമാനം ഗവേഷണ വിദ്യാർത്ഥികൾ പഠനം നടത്തി കൊണ്ടിരിക്കുന്ന കർമ ശാസ്ത്ര ഗ്രന്ഥമാണ്. അക്ഷര പെരുമ എന്ന ഭാഗത്തിൽ പൊന്നാനിയിലെ വലുതും ചെറുതുമായ മുഴുവൻ സാഹിത്യ സംരംഭങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുന്നു. ഭാഗം പത്തിൽ മുസ്ലിം സാംസ്കാരിക നായകരെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. പ്രദേശത്തെ ആധുനിക വിദ്യാഭ്യാസത്തെ കുറിച്ചു ഭാഗം പതിനൊന്നിലും രാഷ്ട്രീയയ മേഖലയെ അതി സൂക്ഷമമായി ഭാഗം പന്ത്രണ്ടിലും പരിചയപ്പെടുത്തുന്നു. 
പ്രാദേശിക ചരിത്ര സംബന്ധമായി ഇതിനു മുൻപും പല പുസ്തകങ്ങൾ ഗ്രന്ഥകാരൻറെതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അവ ഇത്രത്തോളം സമഗ്രമല്ല.പൊന്നാനിയെ വേർതിരിച്ചു നിറുത്തുന്ന ഒട്ടനവധി സാംസ്കാരിക സ്തംഭങ്ങളുടെ മനോഹരമായ വർണ ചിത്രങ്ങൾ  വായനക്കാർക്കു  പ്രദേശത്തെ കുറിച്ചുള്ള വിവരങ്ങൾ  മനസ്സിൽ തങ്ങി നിൽക്കാൻ കാരമാകും.എല്ലാറ്റിലുമുപരി  ചരിത്ര പണ്ഡിതൻ ഡോ ഹുസൈൻ രണ്ടത്താണിയുടെ ഒരു ചെറു പുസ്തകത്തോളം വിശാലമായ അവതാരിക മുഴുവനായും വായനക്കാർക്കു സമ്മാനിക്കുന്നത് പുത്തൻ അറിവുകളാണ്. 

2016 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

മണിപ്പൂർ രാഷ്ട്രീയത്തിൽ ഇറോം ശർമിളയുടെ ഇടം


                              വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചരിത്രത്തിലും വർത്തമാനത്തിലും ഒരു പടി മുന്നിലാണ് സ്ത്രീകളുടെ ഇടപെടലുകളും സ്ഥാന മാനങ്ങളും.ചരിത്രത്തിനപ്പുറം ഐതിഹ്യ കഥകളിലും സ്ത്രീ കഥാ പാത്രങ്ങൾ തന്നെ നിറഞ്ഞു നിൽക്കുന്നു.വയലിലും ഖനികളിലും ചന്തയിലും തെരുവിലും നിറഞ്ഞു നിൽക്കുന്ന സ്ത്രീകൾ തന്നെ ഇവിടെ അടുക്കളയിലും ആധിപത്യം നില നിറുത്തുന്നു.വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിന് ഇതിഹാസ പൂർവം പറയാനുണ്ട് ,ഒരു അമ്മൂമ്മയുടെ കഥ.മലയോരവും താഴ്വാരവും നൂറുകണക്കിന് ഇനം പച്ചക്കറികളാൽ സമ്പന്നമാണ്. അതിൽ നൂറിനം പച്ചക്കറികൾ തിന്നാൻ ഒന്ന് കഴുകുക പോലും വേണ്ടത്ര.ഇത്ര സമൃദ്ധമായ വിളകൾ ഈ അമ്മൂമ്മ സ്ത്രീ ധനമായി മണിപ്പൂരിലേക്കു കൊണ്ട് വന്നതാണെന്ന് ഇവിടെത്തുകാർ വിശ്വസിക്കുന്നു.ഈ അമ്മൂമ്മയുടെ ഓർമയ്ക്കായി വീടുകളിൽ സ്ത്രീകൾ "പന്ത" രൂപത്തിൽ തീ അണയാതെ സൂക്ഷിക്കുന്നു.അത് കൊണ്ട് മണിപ്പൂരി സ്ത്രീകളെ "മെയ്‌രാ പെയ്ബി "(പന്തമേന്തിയ പെണ്ണുങ്ങൾ ) എന്ന വിശേഷ നാമം കൊണ്ട് വിളിക്കപ്പെടുന്നു.
പന്തമേന്തിയ ഈ കൈകൾ എന്നും വിപ്ലവത്തിന്റെ പാതയിലായിരുന്നു.തങ്ങളുടെ ആൺ ജനതയിൽ നിന്നും വേണ്ട പിന്തുണ ലഭിക്കാതിരിന്നിട്ടു കൂടെ സമര മാർഗത്തിൽ ഉറച്ചു നിൽക്കാൻ മണിപ്പൂരി സ്ത്രീകൾ കാണിക്കുന്ന ആർജവം പ്രത്യേകം പരാമർശ വിധേയമാക്കേണ്ടതാണ്.വിഘടന വാദികളും അവരെ നേരിടാനെത്തിയ സൈന്യവും ഒരേ അനുപാതത്തിൽ സങ്കർഷ പരിതമാക്കിയ ദുരിത കഥകളാണ് ഈ ജനതയ്ക്കു പങ്കു വെക്കാനുള്ളത്. 
         സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്പസാ (Armed Forces Special Powers Act ) ക്കെതിരെ ഒന്നര പതിറ്റാണ്ടിലേറെയായി മണിപ്പൂരിൽ ഇറോം ചാനു ശർമിള നടത്തി വരുന്ന നിരാഹാര സമരം അടുത്ത മാസം ഒൻപതിന് അവസാനിപ്പിക്കുന്നു എന്ന വാർത്ത കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ ഒരേ സമയം ആശ്വാസവും ആശങ്കയും തീർക്കുന്നതാണ്. ശർമിളയുടെ പുതിയ രാഷ്ട്രീയ പരീക്ഷങ്ങളുടെ ഇരകളും ഗുണഭോക്താക്കളും ആരൊക്കെയാകും എന്ന ചിത്രം ഇനിയും വ്യക്തമായിട്ടില്ല. ഒന്നര പതിറ്റാണ്ടു നീണ്ട, രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയെ പോലും പിന്തള്ളിയ റെക്കോർഡ് നിരാഹാര സമരത്തിലൂടെ മണിപ്പൂരിലെ കാൽ കോടി വരുന്ന ജനങ്ങളെ വളെരെയേറെ സ്വാധീനിക്കാൻ ഇറോമിന് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം അവിതർക്കിതമാണ്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ നിലവിലുള്ള ഏതെങ്കിലും കക്ഷികളിൽ അംഗത്ത്വം നേടി പുതിയ സമര മാർഗങ്ങൾ സ്വീകരിക്കുമോ ,എന്നൊന്നും വ്യക്തത വരാത്തതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ അങ്കലാപ്പ് ഏറ്റുന്നുണ്ട്.1999 ൽ "പരിവർത്തൻ " എന്ന സാംസ്കാരിക സാമൂഹിക സംഘടനയിലൂടെ അഴിമതിക്കെതിരെ പോരാട്ടം തുടങ്ങിയ അരവിന്ദ് കെജ്‌രിവാൾ ഒന്നര പതിറ്റാണ്ടിനു ശേഷം മൃഗീയ ഭൂരിപക്ഷത്തിൽ ഡൽഹിയിൽ പിടി മുറുക്കിയതു സമകാലിക സംഭവമായി നമ്മുടെ മുന്നിൽ ഉണ്ട്.കെജ്‌രിവാളിന്റെ പരിവർത്തൻ അന്തോളിനേക്കാൾ പതിന്മടങ്ങു് സംസ്ഥാന ജനങ്ങളെ സ്വാധീനിക്കുവാനും ദേശീയ രാഷ്ട്രീയത്തിൽ അലയൊലി തീർക്കുവാനും ശർമിളയുടെ അഫ്‌സ്പ വിരുദ്ധ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. പുതിയ നീക്കങ്ങൾ എത്ര കണ്ടു ലക്‌ഷ്യം കാണുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
സ്ത്രീ നായകത്വത്തിന്റേതാണ് മണിപ്പൂരിന്റെ സമര ചരിത്രം.മണിപ്പൂരി പാരമ്പര്യ സമ്പ്രദായങ്ങൾക്കു പകരം പാശ്ചാത്യ രീതികൾ അടിച്ചേൽപ്പിക്കാനുള്ള കൊളോണിയൽ ശ്രമങ്ങൾക്കെതിരെ 1904 ൽ  മണിപ്പൂരി സ്ത്രീകൾ സമര രംഗത്തിറങ്ങിയിരുന്നു. സമരം അരങ്ങേറുന്നതിനിടെ 1904 മാർച് 16 നു ബ്രിട്ടീഷ് പ്രതിനിധി ഡാൻലിപ്പും മണിപ്പൂർ രാജാവിന്റെ അദ്ധ്യാപകൻ ക്യാപ്റ്റൻ നടവാളും താമസിച്ചിരുന്ന ബംഗ്ളാവിനു ആരോ തീ വെച്ചു. തകർക്കപ്പെട്ട ബംഗ്ളാവിനു പകരം നാട്ടിലെ പുരുഷന്മാർ എല്ലാവരും കൂടെ ചേർന്ന് പുതിയ ബംഗ്ളാവ് നിർമിച്ചു കൊടുക്കണമെന്ന് ഇംഗ്ളീഷ് അധികാരികൾ ഉത്തരവ് പുറപ്പെടുവിച്ചു. ബ്രിടീഷ് ആവശ്യത്തോട് അനുകൂലമായ നിലപാട് പുരുഷ പക്ഷത്തു നിന്നുണ്ടായെങ്കിലും മണിപ്പൂരി സ്ത്രീകൾ ആയുധമേന്തി സമരത്തിനിറങ്ങി. തെരുവ് കച്ചവടക്കാരികളായിരുന്ന ആയിരക്കണക്കിന് മങ്കമാർ സമര രംഗത്തു ഉറച്ചു നിൽക്കുകയും അവസാനം ബ്രിടീഷ് സർക്കാർ പിടി വാശി ഉപേക്ഷിക്കുകയും ചെയ്തു. 
1939 ൽ അരി വില കൂട്ടിയതിനെതിരെയും മണിപ്പൂരിൽ നിന്നും അരി കടത്തി കൊണ്ട് പോകുന്നതിനെതിരെയും സ്ത്രീകൾ സമരം ചെയ്യുകയുണ്ടായി.അത് കൊണ്ടായിരിക്കണം ഇറോം ശർമിളയുടെ സമരത്തെ മണിപ്പൂർ സമരത്തിലെ മൂന്നാം ഘട്ടം എന്ന് വിശേഷിപ്പിക്കുന്നത്.
നാഗാലാണ്ട്,മിസോറാം,ആസ്സാം തുടങ്ങിയ ഇന്ത്യൻ സംസ്ഥാഞങ്ങളും അയൽ രാജ്യമായ മ്യാൻമാറുമാണ് മണിപ്പൂരുമായി അയൽപക്കം പങ്കിടുന്നത്.1972 ൽ സംസ്ഥാനമായി അംഗീകരിക്കപ്പെടുന്നത് വരെ കേന്ദ്ര ഭരണ പ്രദേശമായിരുന്നു.അതിനു മുൻപ് മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളെ പ്പോലെ ബ്രിടീഷ് അധീനതയിലും നാട്ടു രാജാക്കന്മാരുടെ വരുതിയിലുമാണ് പ്രദേശത്തിന്റെ രാഷ്ട്രീയ ചരിത്രം നീങ്ങിയത്.രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികൾ കുറെയേറെ നേരിട്ട് സഹിക്കേണ്ടി വന്ന ഭാരത പ്രദേശത്തിന്റെ ഭാഗം കൂടെയായിരുന്നു ഇൻഫാൽ ഉൾക്കൊള്ളുന്ന മണിപ്പൂർ.സഖ്യ ശക്തികളുടെ സൈന്യവും ജാപ്പനീസ് സേനയും കടുത്ത പോരാട്ടം നടത്തുകയും മണിപ്പൂരിൽ കയറാൻ കഴിയാതെ ജാപ്പാനീസ്‌ സേന പിന്മാറിയ കഥയും മണിപ്പൂരിന് പറയാനുണ്ട്.
മലയോരവും താഴ്വരയും തമ്മിൽ നില നിൽക്കുന്ന അതി വിചിത്രമായ വംശീയ പ്രശ്നങ്ങളാണ് അടിസ്ഥാനപരമായി മണിപ്പൂരിലെ സമകാലിക സങ്കർഷങ്ങളുടെ ഹേതു.മെയ്റ്റെയ്സ്,കൂകി,നാഗ,മിസോകൾ,സോമി,ചിൻ ,പായ്ടെ തുടങ്ങിയ വ്യത്യസ്ത ഗോത്ര വർഗ്ഗങ്ങൾ വിവേചനപൂർവം ജീവിക്കുന്ന അതി സങ്കീർണ സാമൂഹിക സാഹചര്യങ്ങൾ വരുത്തിയ  അസമത്വ പ്രശ്നങ്ങൾ അപരിഹാര്യമായി നീണ്ടു പോവുകയാണ്.പുതിയ സെൻസസ് പ്രകാരം 60 ശതമാനം ജനങ്ങൾ താഴ്വരകളിലും ബാക്കിയുള്ളവർ മലയോരങ്ങളിലുമാണ് വസിക്കുന്നത്. ഭൂരിപക്ഷ വിഭാഗമായ താഴ്വര വാസികൾ എല്ലാ മേഖലയിലും മലയോര വാസികളെ മറികടക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് അസമത്വ പ്രശ്നങ്ങൾ രൂക്ഷമാകാൻ ഇടയാക്കുന്നുണ്ട്.പതിറ്റാണ്ടുകളായി നില നിൽക്കുന്ന ഈ വംശീയ പ്രശ്നം സംസ്ഥാനത്തിന്റെ രാഷ്ട്രീയ മൂല്യ ബോധത്തെ മാരകമാം വിധം ബാധിക്കുകയും ഭരണ മേഖലകളിൽ കെടു കാര്യസ്ഥത നിറഞ്ഞാടുകയും ചെയ്തതിന്റെ ഫലമായിരുന്നു പുതിയ വിപ്ലവ ഗ്രൂപ്പുകളുടെ ഉദയം.
അഴിമതിയിൽ കഴിവ് തെളിയിച്ച രാഷ്ട്രീയ നേതൃത്വമാണ് മണിപ്പൂരിലെ അസ്വാരസങ്ങളുടെ മുൻ നിര പ്രതികൾ. വികസന കാര്യങ്ങളിലോ സാമൂഹിക ഉന്നതിയിലോ ശ്രദ്ധ പതിപ്പിക്കാതെ അഴിമതിയിൽ മുഴുകിയ രാഷ്ട്രീയക്കാരെ നിലക്ക് നിറുത്താൻ വേണ്ടിയാണ്‌ പീപ്പിൾസ് ലിബറേഷൻ ആർമി , പീപ്പിൾസ് റെവലൂഷനറി പാർട്ടി ഓഫ് കാങ് ലെയ്ക് ,തുടങ്ങിയ വിപ്ലവ സംഘങ്ങൾ രൂപം കൊള്ളുന്നത്. തുടക്കത്തിൽ ഇടതു ആശയത്തിലൂന്നി പ്രവർത്തിച്ച ഈ സംഘങ്ങൾ വിദ്യാഭ്യാസ പ്രവർത്തകരുടെയും സാംസ്കാരിക നേതാക്കളുടെയും ഇടയിൽ ഏറെ ആവേശം സൃഷ്ട്ടിച്ചു. മണിപ്പൂരിലെ ചുരുക്കം ചിലയിടങ്ങളിൽ മാത്രമുണ്ടായിരുന്ന സൈനിക നിയമം സംസ്ഥാനത്താകമാനം പാസ്സാക്കിയത് ഈ കാലഘട്ടത്തിലായിരുന്നു. നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സംഘങ്ങളുടെ പ്രവർത്തന ഗതി മാറ്റി വിടാൻ സർക്കാരിന്റെ ഈ തീരുമാനം കാരണമായി. വിപ്ലവ സംഘങ്ങൾ ഒളിത്താവളങ്ങളിക്ക് പിൻ വാങ്ങുകയും ഗറില്ലാ മുറകളും മിന്നൽ ആക്രമങ്ങളും പതിവാവുകയും ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഭീകരമാം വിധം സൈനികാധികാരങ്ങൾ സുരക്ഷാ സേന ഇവിടെ നേടിയെടുക്കുന്നതാണ് പിന്നീട് കണ്ടത്. 
സംശയം തോന്നുന്ന പക്ഷം ആരെയും വെടി വെച്ച് കൊല്ലാനും ജനങ്ങളെ കസ്റ്റഡിയിലെടുക്കാനും വാറണ്ടില്ലാതെ വീടുകൾ പരിശോധിക്കാനും സൈനികാധികാരം നീണ്ടു. സൈനിക പക്ഷത്തു നിന്നും എന്ത് ഭീകര താണ്ഡവമുണ്ടായാലും കോടതിയെ സമീപിക്കാൻ വകുപ്പില്ല. നൂറു പേർക്ക് 35 സൈനികർ എന്നതാണ് മണിപ്പൂരിലെ സൈനിക- സിവിൽ അനുപാതം.പട്ടാള ഭരണമുള്ള മ്യാൻമറിൽ പോലും നൂറു പേർക്ക് ഒരു സൈനികനേയുള്ളൂ.
സംസ്ഥാനത്തിന്റെ സുരക്ഷക്കായി നിയോഗിച്ച സൈനികർ നിരന്തരം സ്വസ്ഥ ജീവിതം നശിപ്പിക്കുന്ന വാർത്തകളാണ് പിന്നീട് മണിപ്പൂരിൽ നിന്നും നമ്മെ തേടിയെത്തിയത്. 
1984 ൽ സി ആർ പി എഫ് നടത്തിയ വെടി വെപ്പിൽ വോളിബോൾ മാച്ച് കണ്ടു കൊണ്ടിരുന്ന 14 കാണികളാണ് കൊല്ലപ്പെട്ടത്. 1987 ൽ ഒയ്‌നാം ഗ്രാമത്തിൽ ആസാം റൈഫിൾസിന്റെ പോസ്റ്റിൽ ഒളി പ്പോരാളികൾ നടത്തിയ ആക്രമണത്തിൽ ഒൻപതു ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ സൈനിക നീക്കം മൂന്നു മാസത്തിലേറെ നീണ്ടു നിന്നു. നിരവധി ഗ്രാമീണർ കൊല്ലപ്പെടുകയും വീടുകൾ ചുട്ടെരിക്കപ്പെടുകയും ചെയ്തു. പൂർണ ഗർഭിണിയായ സ്ത്രീ തീർത്തും നഗ്നയായ നിലക്ക് പട്ടാളക്കാർക്കിടയിൽ പ്രസവിക്കാൻ നിര്ബന്ധിതയാവുകയും ആർത്തു ചിരിച്ചു കൂവിയാർത്തു സൈന്യം അതാഘോഷിച്ചതും വാർത്തയിൽ മാത്രമൊതുങ്ങി. 2000 ത്തിൽ മാലോം എന്ന സ്ഥലത്തു ആസാം റൈഫിൾസിന്റെ ജവാന്മാർ ബസ്സ്റ്റോപ്പിൽ നിന്ന സിവിലിയന്മാർക്കെതിരെയായിരുന്നു ആക്രമണം അഴിച്ചു വിട്ടത്. 65 വയസായ ഒരു വൃദ്ധയടക്കം പത്തു പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 
വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയി വിജന സ്ഥലത്തു കൊന്നു തള്ളിയ മനോരമ ദേവിയുടെ മരണമാണ് ദേശീയ ശ്രദ്ധയാകർഷിക്കും വിധം വിവാദമായത്.അതിനൊരു കാരണവുമുണ്ടായിരുന്നു. ഈ കൊലപാതകത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ രീതിയായിരുന്നു അത്. "ഞങ്ങളെ റാപ്പ്"ചെയ്യൂ എന്ന് അലമുറയിട്ട് പൂർണ നഗ്നരായ മണിപ്പൂരി അമ്മമാർ നടത്തിയ സമരം മാധ്യമ ലോകം ശരിക്കും ആഘോഷിച്ചു. 
മാലോം ഗ്രാമത്തിലെ ബസ് സ്റ്റോപ്പിൽ സൈന്യം നടത്തിയ ആക്രമണത്തിൽ മൃത്യു വരിച്ച നിരപരാധികളുടെ ശവ കാഴ്ചകളും അവരുടെ കുടുമ്പങ്ങളുടെ അലമുറയുമായിരുന്നു 2000 നവംബർ രണ്ടിന് ഇറോം ശർമിളയെ ഒന്നര പതിറ്റാണ്ടു നീണ്ട മാരത്തോൺ സമര പാതയിലേക്ക് നയിച്ചത്.ഇടയ്ക്കു വെച്ച് പിന്തിരിയാൻ ഭാവമുണ്ടെങ്കിൽ സമര പ്രഖ്യാപനം നടത്തരുതെന്നായിരുന്നു അമ്മയുടെ നിർദേശം.
കേവലം ഒരു സമര നായിക എന്നതിനപ്പുറം സംസ്ഥാനത്തിന്റെ വികസന -പ്രക്രിയയെ കുറിച്ചും ക്രമ സമാധാന പാലനത്തെ കുറിച്ചും ശര്മിളയ്ക്കു വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്.നേരാം വണ്ണം ശാസ്ത്രീയ മാർഗത്തിൽ ശ്രമിച്ചാൽ രാജ്യത്തു തന്നെ ഏറ്റവും മികച്ച കാർഷിക ഇടമാക്കി മാറ്റാൻ കഴിയുന്ന ഭൂ മേഖലയാണ് മണിപ്പൂരിന്റെ മലയോരവും താഴ്വാരവും. ഇവിടെ നിന്നും കൊണ്ട് പോകുന്ന വരുമാനത്തിന്റെ തീരെ ചെറിയ ശതമാനം മാത്രമാണ് തിരികെ വികസനത്തിനായി മടങ്ങി വരുന്നത്. ബജറ്റിൽ വലിയ ശതമാനം തുകയും സുരക്ഷക്കായി മാറ്റി വെക്കുമ്പോൾ നഷ്ടം സംഭിക്കുന്നതു വിദ്യാഭ്യാസ വ്യവസായ മേഖലകളിലാണ്. സർക്കാർ ഉദ്യോഗ മേഖലകൾ എല്ലാം ഇന്നും കടുത്ത അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്നു. പോലീസ് തസ്തികകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും ലക്ഷങ്ങളുടെ എൻട്രി ഫീയാണ് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുന്നത്. മുപ്പത്തിനായിരത്തിനും നാല്പത്തിനായിരത്തിനും മുകളിൽ പോകുമ്പോഴാണ് ടെലിഫോൺ ബില്ലിന്റെ കാര്യത്തിൽ ഉദ്യോഗസ്ഥന്മാർ തീരുമാനമെടുക്കുക. സേവനവും ഇതേ നിലക്ക് തന്നെയായിരിക്കും. വാഹനങ്ങളുടെ ഭീകരമായ അന്തരീക്ഷ മലിനീകരണവും വിദ്യാഭ്യാസ നിലവാര തകർച്ചയും ആരോഗ്യ -സാമൂഹിക മേഖലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ശോഷണവുമെല്ലാം സംസ്ഥാനത്തിന്റെ ഭരണ ഉദ്യോഗസ്ഥ മേഖലകളിലെ അനാസ്ഥ വെളിവാക്കുന്നു. 
കൊടിയേന്താനുള്ള ഇറോം ശർമിളയുടെ പുത്തൻ തീരുമാനത്തെ ഈ വക പരിതസ്ഥികൾ വെച്ച് വേണം വിലയിരുത്താൻ. താഴ്വരയിലെ പ്രബല വിഭാഗമായ മെയ്‌റ്റികളുടെ താല്പര്യം സംരക്ഷിക്കാനെന്ന വണ്ണം കഴിഞ്ഞ വർഷം നിയമ സഭ പാസാക്കിയ ബില്ലുകൾക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ശർമിളയുടെ പുതിയ തീരുമാനം. കുറെയേറെ മണിപ്പൂരികളുടെ പ്രാദേശികതയെ വരെ ചോദ്യം ചെയ്യുന്ന ബില്ല് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം എങ്ങിനെ കൈകാര്യം ചെയ്യാം എന്ന ചിന്തയിലാണ് കോൺഗ്രസ്സ്. മാസങ്ങൾക്കു മുൻപ് നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളിൽ ബി ജെ പി നില മെച്ചപെടുത്തിയത് കോൺഗ്രസ്സ് ക്യാംപുകളിൽ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.2017 ൽ നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ്സും ബി ജെ പിയും കരുക്കൾ നീക്കി തുടങ്ങിയ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ശർമിളയുടെ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്. ആകെയുള്ള  60 അംഗ നിയമ സഭയിൽ 47 പേരുടെ പിന്തുണയോടെ ഭരിക്കുന്ന കോൺഗ്രസ്സിനെ പെട്ടന്നൊന്നും ഊതി ക്കെടുത്താൻ തങ്ങൾക്കാവില്ലെന്നു ബി ജെ പി ക്കും നല്ല ബോധ്യമുണ്ട്. ശർമിളയുടെ തീരുമാനത്തെ എങ്ങിനെ സ്വീകരിക്കണമെന്ന കാര്യത്തിൽ ഇരു കക്ഷികൾക്കും തുല്യ ആശങ്ക തന്നെയാകും.സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തുന്ന ഇരു പാർട്ടികൾക്കും അപ്പുറം പുതിയൊരു രാഷ്ട്രീയ മുന്നേറ്റമാകും മണിപ്പൂർ ജനത ശർമിളയിൽ നിന്നും പ്രതീക്ഷിക്കുന്നത്. 

2016 ജൂലൈ 22, വെള്ളിയാഴ്‌ച

കേരള ഭാഷയിലെ മുസ്ലിം ഇട പെടലുകൾ -ഭാഗം 1

               
      
                     നമ്മുടെ മാതൃഭാഷയെ മലയാളം എന്ന പേരിട്ടു വിളിക്കാൻ തുടങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മാത്രമാണ്. കുഞ്ചൻ നമ്പ്യാർ പോലും "ചാരു കേരള ഭാഷ "എന്നാണ് കേരളീയന്റെ ഭാഷയെ വിളിച്ചത്. മലയാളം എന്ന പദം മുൻപേ ഉണ്ടായിരുന്നെങ്കിലും അതു കേരളമെന്ന ദേശത്തെ സൂചിപ്പിക്കാൻ വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്. ബി സീ 300 ൽ ആരംഭിച്ച സംഘ കാല സാഹിത്യത്തിന്റേയും സംസ്‌കാരത്തിന്റെയും സ്വാധീനത്തിൽ നിന്നും തമിഴ്,തെലുങ്ക് ,കന്നട ,തുടങ്ങിയ ഭാഷകൾ എളുപ്പം മോചനം നേടുകയും മലയാളം മാത്രം പിന്നെയും കുറെ കാലം പരാശ്രയത്വത്തോടെ മുന്നോട്ടു പോവുകയും ചെയ്തു. ഒൻപതാം നൂറ്റാണ്ടു വരെയും കേരളം ഇന്നത്തെ തമിഴ് നാടും ആന്ധ്രായും കർണാടകയും ഉൾപ്പെട്ട തമിഴകം പ്രദേശത്തിന്റെ ഭാഗമായി തുടർന്നു. ഇക്കാലത്ത്  കേരള പ്രദേശങ്ങളിൽ പിറവി  കൊണ്ട സാഹിത്യവും സാഹിത്യനായകരും തമിഴകത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതു പിന്നീട് മലയാളത്തിൻറെ ശ്രേഷ്ഠ ഭാഷാ  പ്രഖ്യാപനത്തിന് കാല താമസം നേരിടാൻ കാരണമായി. എട്ടാം നൂറ്റാണ്ടിലും ഒൻപതാം നൂറ്റാണ്ടിലും ജീവിച്ചിരുന്ന പരണർ, ഇളംകോ അടികൾ , കുലശേഖര ആഴ്വാർ തുടങ്ങിയ കവികൾ കേരള പ്രദേശത്തു ജീവിച്ചിരുന്നവരായിരുന്നെങ്കിലും തമിഴ് കവികളായാണ് അറിയപ്പെടുന്നത്. ഒൻപതാം നൂറ്റാണ്ടിൻറെ അവസാനത്തോട് കൂടെ മലയാളം സ്വാശ്രയാവിഷ്കാരം കൈവരിക്കുകയും നേരത്തെ ഉണ്ടായിരുന്ന വട്ടെഴുത്തിനു പകരം നിയതമായ ലിപിയിലേക്കു പതിയെ കൂടു മാറുകയും ചെയ്തു. 
  തമിഴകത്ത് നിന്നും വേർപെട്ട സ്വതന്ത്ര കേരള ഭാഷയുടെ പ്രഥമ സംരംഭമായി കണക്കാക്കുന്നത് മണിപ്രവാളം എന്ന പുതിയ സാഹിത്യ ഭാഷ രൂപം കൊണ്ടതായിരുന്നു. ചമ്പുക്കളം സന്ദേശ കാവ്യങ്ങളും കണ്ണശ്ശ പണിക്കർ ഉൾപ്പെടെയുള്ള നിരണം കവികളുടെ രചനകളും പതിനഞ്ചാം നൂറ്റാണ്ടിലെ ചെറുശ്ശേരിയുടെ കൃഷ്ണ ഗാഥയും മലയാള നാടിനും കേരളീയ ഭാഷയ്ക്കും സ്വത്വം നേടി കൊടുത്തു. 
അതു വരെ ഉപയോഗിച്ചിരുന്ന 30  അക്ഷരങ്ങളുള്ള മലയാള ലിപിയെ 51 അക്ഷരങ്ങളുള്ള സമ്പൂർണ ഭാഷയാക്കി പരിവർത്തിപ്പിച്ച തുഞ്ചത്ത് രാമാനുജൻ എഴുതിത്തച്ചൻ ആയിരുന്നു മലയാളികളുടെ ഇടയിൽ മാതൃഭാഷയെ ജനകീയനാക്കിയത്. അദ്ദേഹത്തിന്റെ  ആദ്യാത്മ  രാമായണവും മഹാഭാരതവും കിളിപ്പാട്ടു എന്ന വേറിട്ട ശൈലിയിലൂടെ അവതരിപ്പിച്ചത് മലയാള സാഹിത്യത്തിന് പുതിയ വാതായനങ്ങൾ തുറന്നു കൊടുത്തു. ഭാഷ ആശയ വിനിമയത്തിനപ്പുറം വൈകാരികത പ്രകടിപ്പിക്കാനുള്ള മാധ്യമമായി കണ്ടു തുടങ്ങുകയും പുതിയ രചനകളും പരീക്ഷണങ്ങളും രൂപം കൊള്ളുകയും ചെയ്തു. 
    തുഞ്ചെത്തെഴുത്തച്ഛന്റെ മുൻപുള്ള ഭാഷാ രചനകളെ സാഹിത്യ സമ്പത്തായി നമ്മൾ ഗണിക്കുന്നതിൽ നിന്നും ഉരുത്തിരിയേണ്ട മാനദണ്ഡം ഭാഷയുടെ ദൗത്യ നിർവഹണത്തിന്റെതാണ്. അക്ഷരങ്ങൾ വാക്കുകളും വാക്യങ്ങളുമായി ജനമനസ്സിൽ നേടിയിരുന്ന സ്വാധീനവും നിർവഹിച്ചിരുന്ന കർത്തവ്യങ്ങളും ശുദ്ധ മലയാളത്തിൻറെ ആധുനിക നിബന്ധനകൾക്കപ്പുറം മനസ്സുകൾ തമ്മിലുള്ള സംവാദവും ചിന്തകളിലെക്കുള്ള പാലായനവുമായിരുന്നെങ്കിൽ, ആധുനിക മലയാളത്തിൻറെ പിറവിക്കു മുൻപേയുള്ള അറബി മലയാള ലിപിയും  രചനകളും നമ്മുടെ സാഹിത്യ സമ്പത്തായി കണക്കാക്കേണ്ടതും പരി രക്ഷിക്കേണ്ടതുമാണ്.
 പത്താം നൂറ്റാണ്ടിലോ അതിനടുത്ത കാലങ്ങളിലോ ആയി അറബി മലയാളം കേരളത്തിൽ വിശിഷ്യാ മലബാർ മേഖലയിൽ മുസ്ലിംകളുടെ ഇടയിൽ വ്യാപിച്ചിരുന്നതായി ചരിത്രം അനുമാനിക്കുന്നു. അതിനു മുൻപ് തന്നെ വാമൊഴിയായി മുസ്ലിം സംഭാവനകൾ മലയാള ഭാഷ അതിന്റെ ശൈശവ ദശയിൽ അറബികൾ വഴി കൈകൊണ്ടിരുന്നു. 
     പ്രവാചകർ മുഹമ്മദ് (സ ) യുടെ കാലഘട്ടത്തിനും മുൻപ് തന്നെ അറബികൾ കേരളവുമായി കച്ചവട ബന്ധവും വൈവാഹിക ബന്ധവും സ്ഥാപിക്കുകയും അവരുടെ പിൻതലമുറക്കാർ മാപ്പിളമാർ എന്ന പേരിൽ കേരളത്തിൽ സജീവമാവുകയും ചെയ്തിരുന്നു.പ്രവാചകർ (സ ) യുടെ കാലശേഷമാണ് അറബികൾ കേരളത്തിൽ കച്ചവടത്തിന്നപ്പുറം മത സാംസ്കാരിക ഇടപെടലുകൾ നടത്തി തുടങ്ങിയത്. മലയാളിയുടെ വസ്ത്ര വിധാനം മുതൽ ഭക്ഷണ രീതികളെ വരെ സ്വാധീനിക്കാൻ അറബികൾക്ക് കഴിഞ്ഞിരുന്നു. അതിന്റെയൊക്കെ അനുരണങ്ങൾ ഇന്നും മലയാള നാട്ടിൽ നിറഞ്ഞു നിൽക്കുന്നുണ്ട്, പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചു ഗീസ് കൊളോണിയലിസം ആരംഭിക്കും വരെയും മലബാറിന്റെ വൈദേശിക കച്ചവട ഇടപാടുകൾ ഏറെ കുറെ പൂർണമായും അറബികൾ തന്നെ നിർവഹിച്ചു പോന്നു .
    മലയാളം കേവലം സംഭാഷണ ശൈലിയിൽ ഒതുങ്ങി നിന്നിരുന്ന കാല ഘട്ടത്തിലാണ് ഒട്ടനേകം പുത്തൻ പദാവലികൾ വാമൊഴിയായി മലയാളത്തിന് അറബികൾ സംഭാവന നൽകുന്നതും കൃത്യമായൊരു ലിപിയിലൂടെ രചനാ വിപ്പ്ളവം സാധ്യമാക്കുന്നതും. ഒരു ഭാഷയ്ക്കു വേണ്ട എല്ലാവിധ ചേരുവകളോടും കൂടെ ആശയ വിനിമയവും രചനാ സധ്യതയും ഒരുപോലെ കൂട്ടിയിണക്കിയ ഒരു പരീക്ഷണം വിജയകരമായി നടപ്പിലാക്കാൻ മുസ്ലിംകൾക്ക് സാധിച്ചു. രണ്ടോ മൂന്നോ നൂറ്റാണ്ടു മുൻപുള്ള കേരളത്തിലെ രചനാ മേഖല പരിശോധനാ വിധേയമാക്കുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തും വിധം അറബി മലയാള കൃതികൾ മലയാള രചനകളെ അതി ജയിക്കുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും. അറബി മലയാളം  സങ്കര ഭാഷയായതിനാൽ അറബിക്കോ മലയാളത്തിനോ കൈകാര്യം ചെയ്യാൻ കഴിയാത്ത പല പദങ്ങളും അറബി മലയാളം  നിഷ്പ്രയാസം കൈകാര്യം ചെയ്തിരുന്നു. മത പ്രചാരണത്തിനും കച്ചവടത്തിനുമായി  വ്യത്യസ്ത ഇടങ്ങളിൽ സഞ്ചരിച്ച അറബികൾ പ്രാദേശിക ഭാഷകളെ അറബിയുമായി കൂട്ടിയിണക്കി ഇത്തരത്തിൽ സങ്കര ഭാഷ ധാരാളമായി സൃഷ്ടിച്ചിരുന്നു.അറബി മലയാളത്തിന് പുറമെ അറബി തമിഴും ഒരു കാലത്തു വ്യാപകമായിരുന്നു. 
 അറബി മലയാളത്തിലുള്ള ആദ്യത്തെ കൃതിയായി കണക്കാക്കുന്നത് 1607 ൽ കോഴിക്കോട് ഖാദി മുഹമ്മദ് രചിച്ച മുഹ്‌യിദ്ധീൻ മാലയാണ്.  എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തേക്കാൾ 5 വർഷം മുൻപാണ് മുഹ്‌യിദ്ധീൻ മാല രചിക്കപ്പെട്ടത്. ശുദ്ധ അറബിയിൽ അതിനും പതിറ്റാണ്ടുകൾ മുൻപ് കേരളത്തിൽ നിന്നും ഒരു കനപ്പെട്ട ഗ്രന്ഥം പുറത്തിറങ്ങിയിരുന്നു. ശൈഖ് സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ ആയിരുന്നു അത്. കേരളത്തിന്റെ ആദ്യ ചരിത്ര ഗ്രന്ഥമായും വിലയിരുത്തപ്പെടുന്നതും ഇതു തന്നെ. പൊന്നാനി കേന്ദ്രീകരിച്ചു ശക്തി പ്പെട്ട ഇസ്‌ലാമികാ പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അറബിയിലും അറബി മലയാളത്തിലുമായി ചുരുങ്ങിയ കാലം കൊണ്ടു നൂറു കണക്കിന് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു.അച്ചടി നിലവിലില്ലാതിരുന്ന അക്കാലത്തു എല്ലാം കയ്യെഴുത്തു പ്രതികളായിരുന്നു. (തുടരും )

കേരള ഭാഷയിലെ മുസ്ലിം ഇടപെടലുകൾ -ഭാഗം. 2


പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കുഞ്ഞായിൻ മുസ്‌ലിയാർ തന്റെ നർമം തുളുമ്പുന്ന രചനകളിലൂടെ ചിന്തോ ദീപമായ ധാരാളം രചനകൾ നടത്തുകയുണ്ടായി. മലയാള കാവ്യ മേഖലയിൽ പുതിയ പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. നൂൽ മദ്ഹും കപ്പപ്പാട്ടും നൂൽ മാലയും കേരളത്തിന് പുതിയ അനുഭവങ്ങളായിരുന്നു.ഖാദി മുഹമ്മദ്, മുഹ്‌യദ്ധീൻ മാലയുടെ രചന പൂർത്തീകരിച്ചു നൂറ്റി മുപ്പതു വർഷത്തിന് ശേഷമാണ് കുഞ്ഞായിൻ മുസ്‌ലിയാർ 1737 ൽ നൂൽ മദ്ഹ് രചിച്ചത്.  1887 ൽ മലയാളത്തത്തിലെ  ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലത പുറത്തിറങ്ങുന്നതിനും നാലു വർഷം മുൻപ് അറബി മലയാള നോവലായ ചാർദർവേഷ് രചന പൂർത്തിയാക്കിയിരുന്നു. ബ്രിട്ടീഷ് ആധിപത്യം ശക്തമായിരുന്ന അക്കാലത്തു ഇംഗ്ളീഷ് ഭാഷയോട് കടുത്ത അമർഷം വെച്ചു പുലർത്തുകയും സംസ്കൃത സ്വാധീനമുള്ള മലയാളത്തെ ആര്യ ബ്രാഹ്മണ ഭാഷയായി കണ്ടു അകറ്റി നിറുത്തുകയും ചെയ്തിരുന്ന ഒരു സാമൂഹിക അവസ്ഥ കൂടെ മലബാറിൽ ഉണ്ടായിരുന്നു. ഇംഗ്ളീഷ് ഭാഷയോടുള്ള വിരോധം കേരളത്തിലെ പാരമ്പര്യ  മുസ്ലിയാക്കന്മാരുടെ വിവരക്കേടിൻറെ ഊക്കായി പലപ്പോഴും അഭിനവ നവോഥാന വാദികൾ ഉയർത്തി കാണിക്കാറുണ്ട്. ഇന്ത്യയിൽ ആകമാനം ബ്രിട്ടീഷ് വിരോധത്തിന്റെ ഫലമായി ഉയർന്ന ഭാഷാ-വസ്ത്ര നിസ്സഹകരണത്തിന്റെ ഭാഗമായി അലയടിച്ച സമരത്തിന്റെ ഭാഗമായിരുന്നു കേരളത്തിലും വളർന്ന ഈ ഭാഷാ വിരോധം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം ശിപായിമാർക്കിടയിൽ നിന്നും ആരംഭിക്കുകയും വളെരെ വേഗം സാധാരണ ജനങ്ങളിലേക്ക് പടരുകയും ചെയ്തു. ഉത്തരേന്ത്യയിലെ മുസ്ലിം നേതാക്കൾ നേതൃത്വം ഏറ്റെടുത്ത സമരം ഭാഷാ വിരുദ്ധ സമീപനത്തിലൂടെ തീർത്തും ധിഷണാപരമായ സമീപനമാണ് സ്വീകരിച്ചത്. പ്രാക്റ്റിക്കൽ സമരത്തിനപ്പുറം ആദർശപരമായ വ്യതിരിക്തത പ്രഖ്യാപിക്കുകയായിരുന്നു പണ്ഡിതന്മാർ. ഖൈറാബാദിലെ മൗലാനാ ഫസലുൽ ഹഖ് പൊതു ജനങ്ങളിലും ശിപായിമാരുടെ ഇടയിലും ഒരു പോലെ സമരാവേശം വളർത്തുകളയും മുസ്ലിംകളോട് ആയുധമനിയാൻ  ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തു. സമരത്തിന് നേതൃ പരമായ പങ്കു വഹിച്ചിരുന്ന മുഗൾ ചക്രവർത്തി ബഹദൂർഷാ സഫർ ഇഗ്ളീഷ് ഭാഷ തന്നെ നിരോധിക്കുകയും അതു പഠിക്കുന്നവരെ അറസ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
     ആധുനിക -ഉത്തരാധുനിക കവിതകൾ മലയാളത്തെ സ്വാധീനിക്കും മുൻപേ ജാതി മത ചിന്തകൾക്കതീതമായി ജനങ്ങളെ സ്വാധീനിച്ച മുസ്ലിം കവിയായിരുന്നു മോയിൻ കുട്ടി വൈദ്യർ. അറബി മലയാളം തന്നെയായിരുന്നു മോയിൻ കുട്ടി വൈദ്യർ തന്റെ രചനകൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ സാഹിത്യ രചനയിലേക്കു തിരിഞ്ഞ വൈദ്യർ രചിച്ച ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ പ്രണയ കാവ്യം ഇന്നും അനശ്വരമാണ്. അദ്ദേഹത്തിന്റെ തെന്നെ ബദർ,ഉഹദ്,ഖന്തഖ്, പട പ്പാട്ടുകളും മലപ്പുറം കിസ്സയും നൂറ്റാണ്ടുകളായി മലയാളികളെ ആവേശം കൊള്ളിപ്പിക്കുന്നു. അറബി,പേർഷ്യൻ,മലയാളി,തമിഴ്,ഹിന്ദി പദങ്ങൾ ഇഴുകി ചേർന്ന കാവ്യ രചനകൾ മറ്റെങ്ങും കാണാൻ കഴിയാത്ത അപൂർവ സൃഷ്ടിയാണ്. 
                           സാഹിത്യ സൃഷ്ടികൾ രൂപം കൊള്ളും മുൻപേ ഗദ്യ രൂപത്തിൽ ധാരാളം കയ്യെഴുത്തു രചനകൾ അറബി മലയാളത്തിൽ നിർമിക്കപ്പെട്ടിരുന്നു. പൊന്നാനി ദർസ് കേന്ദ്രീകരിച്ചു, പണ്ഡിതന്മാർ തായാറാക്കിയിരുന്ന ഫത്‌വ (മത വിധികൾ )കളായിരുന്നു കൂടുതലും. പ്രവാചകർ (സ )യുടെ ചികിത്സാ രീതികൾ വിവരിക്കുന്ന തിബ്ബ് നബിയ്യ് എന്ന ഗ്രന്ഥമാണ് ആദ്യമായി അച്ചടിച്ച കൃതി. തുടർന്ന് കർമ്മ ശാസ്ത്രം,ചരിത്രം,പരിഭാഷ,ജന്തു ശാസ്ത്രം,നിർമാണ ശാസ്ത്രം,കൈ രേഖാ ശാസ്ത്രം,തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ധാരാളം കൃതികൾ അറബിയിലും അറബി മലയാളത്തിലുമായി മുസ്ലിം പക്ഷത്തു നിന്നും വെളിച്ചം കണ്ടു. 
             പൊന്നാനിയും പരിസരവും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അറബി മലയാള സാഹിത്യം പടർന്നു പന്തലിച്ചത്. ആഗോള വ്യാപകമായി മുസ്ലിംകൾ ഉപയോഗിച്ചിരുന്ന ലിപിയിൽ നിന്നും വ്യത്യസ്തമായി അക്ഷരങ്ങൾക്ക് തികഞ്ഞ വടിവ് നൽകി ഉപയോഗിച്ചു വന്ന കേരളത്തിലെ അറബി ലിപി പൊന്നാനി ലിപി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പൊന്നാനിയും അന്നത്തെ മലബാറിലെ അറബി  ഭാഷയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം തെളിയിക്കുന്ന വസ്തുതയാണിത്.
              അറബി മലയാളം ഉപയോഗപ്പെടുത്തി സർഗ്ഗ സാഹിത്യത്തിലും വൈജ്ഞാനിക സാഹിത്യത്തിലും മികവ് തെളിയിച്ച ഒട്ടനവധി പേർ പന്നാനിയിലും പരിസരത്തുമായി പതിനെട്ട്,പത്തൊൻപതു നൂറ്റാണ്ടുകളിൽ കേരളത്തിലാകമാനം വിശിഷ്യാ മലബാറിൽ സജീവ സാന്നിധ്യമായി. ചരിത്രകാരനും കവിയുമായ കോടമ്പിയാകത്ത് കുഞ്ഞു സീതി കോയ തങ്ങൾ നിസ്കാര പാട്ട്,നഫീസത്തുൽ മിസ്‌രിയ്യ ചരിത്ര കാവ്യം,ഖന്തഖ് പടപ്പാട്ട്, ഫുതൂഹ് തായിഫ് തുടങ്ങീ നിരവധി കാവ്യങ്ങളും ചരിത്ര കൃതികളും ഈ മേഖലയിൽ സമരപ്പിച്ചു. മാളിയേക്കൽ കുഞ്ഞഹമ്മദ് സാഹിബും നാലകത്ത് കുഞ്ഞു മൊയ്‌ദീൻ സാഹിബും എം പി അബ്ദുൽ അസീസും മാളിയേക്കൽ മുഹമ്മദ് കുട്ടി മുല്ലയും വ്യത്യസ്ത കാലങ്ങളിലായി ഈ മേഖലയിൽ കനപ്പെട്ട സംഭാവനകൾ അർപ്പിച്ച വ്യക്തിത്വങ്ങളായിരുന്നു. 
                       ഇംഗ്ളീഷിന് ആഗോള പരിവേഷം ലഭിക്കും മുൻപേ അറബി ലോകത്തിന്റെ വ്യത്യസ്തയിടങ്ങളിൽ വ്യവഹാര ഭാഷയായി യദേഷ്ടം ഉപയോഗിച്ചിരുന്നു.ധാരാളം യാത്ര നടത്തിയിരുന്ന അറബികൾ കുറെ വാക്കുകൾ തങ്ങളുടെ പദ സമ്പത്തിലേക്കു കടം കൊള്ളുകയും അതിലേറെ അവർക്കു തിരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ അറബികൾ ഏറ്റവും കൂടുതൽ ആദാന പ്രദാനങ്ങൾ നടത്തിയുത് ഒരു പക്ഷെ കേരളവുമായിട്ടായിരിക്കും. ഭാരതത്തിനു ഹിന്ദ് എന്ന പേര് വിളിച്ച അറബികൾ തന്നെയാണ് വടക്കൻ കേരളത്തെ മലബാർ എന്നു ആദ്യമായി വിളിച്ചതും. കേരളത്തിലെ പല ഉത്പന്നങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും അവയ്ക്കു ആഗോള മാർക്കറ്റിൽ പുത്തൻ നാമങ്ങൾ അറബികൾ വിളിക്കുകയും ചെയ്തു. മലയാളികളുടെ ഇഷ്ട ഭോജ്യമായ പുളി റ്റമറൈൻഡ് എന്ന പേരിൽ ലോകത്തിനു പരിചയപ്പെടുത്തിയത് അറബികൾ ആയിരുന്നു. മലയാളികൾ ഇന്ന് സർവ സാധാരണയായി ഉപയോഗിക്കുന്ന നൂറുകണക്കിന് പദങ്ങളിൽ അറബി സ്വാധീനം കാണാൻ കഴിയും മുൻസിഫും വക്കീലും വക്കാലത്തും പോലുള്ള ഔദ്യോഗിക പദ സമ്പത്തുകൾ പോലും അറബി സംഭാവനകൾ ആയിരുന്നു. പുറമെ നാം സ്ഥിരമായി ഉപയോഗിക്കുന്ന പല പഴഞ്ചൊല്ലുകളും അറബി സഹവാസത്തിൽ നിന്നും നമുക്ക് വീണു കിട്ടിയതായിരുന്നു. 
 പഴഞ്ചൊല്ലുകളുടെ താരതമ്യ പഠനം പ്രദേശങ്ങളുടെ വൈകാരികമായ അടുപ്പം കൂട്ടുകയും ദേശത്തിന്റെ അതിർ വരമ്പുകൾ പൊളിക്കുകയും ചെയ്യും. 
            പല അറബി പഴഞ്ചൊല്ലുകളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി നാം സ്വന്തമാക്കുകയും മറ്റു ചിലത്തിൽ അറബി പദങ്ങളുടെ അനല്പമായ സാനിധ്യം നമ്മുട ഭാഷയുടെ മികവിന് വഴി വെക്കുകയും ചെയ്തിട്ടുണ്ട്. 
 "ഒട്ടകത്തിന്റെ പുറത്തിരിന്നിട്ടും അവനെ പട്ടി കടിച്ചു". ഇതു അറബിയിലുള്ള പഴഞ്ചൊല്ലാണ്. മലയാളത്തിലെ "ആന പുറത്തിരിക്കുന്നവൻ നായയെ പേടിക്കണോ " എന്ന പഴഞ്ചൊല്ല് ഇതോടപ്പം കൂട്ടി വായിച്ചാൽ മതി. മലയാളത്തിൽ ആനയുമായി  ബന്ധപ്പെട്ട ധാരാളം പഴഞ്ചൊല്ലുകൾ ഉണ്ടല്ലോ ..അറേബ്യയിലെ ഒട്ടകത്തെയാണ് നാമിവിടെ ആനയാക്കി നമ്മുടെ ദേശ വത്കരിച്ചത്. ആന കൊടുത്താലും ആശ കൊടുക്കരുത് എന്ന മലയാള പഴഞ്ചൊല്ലും കടന്നു വന്നത് അറബിയിൽ നിന്നായിരുന്നു. ആനക്ക് പകരം ഓട്ടക്കാമായിരുന്നു എന്നു മാത്രം. 
          സാംസ്കാരിക പരമായും ഭാഷാപരമായും നൂറ്റാണ്ടുകളായി ഇരു ദേശങ്ങളും കാത്തു സൂക്ഷിച്ച സൗഹൃദ കഥകൾക്ക് ഇന്നും ഒരു മാറ്റവുമില്ല.ഒരു കാലത്തു കപ്പൽ കയറി കേരള തീരത്തണഞ്ഞു ഭാഷയും സംസ്കാരവും കൈമാറ്റം ചെയ്തിരുന്ന കൂട്ടർ അതിലേറെ 
സൗഹൃദ മനസ്സോടെ ഗഗന ചാരികളായി വിരുന്നെത്തുന്ന മലയാളിയെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും അനേകമനേകം ആദാന പ്രദാനങ്ങൾ നടത്തുകയും ചെയ്യുന്നത് കാലം കരുതി വെച്ച സൗഹൃദ കർമങ്ങളായിരിക്കാം. 

2016 മാർച്ച് 25, വെള്ളിയാഴ്‌ച

വളപ്പൊട്ട്


വേലിയിറങ്ങിയ പുഴക്കരയിൽ
അനാഥപ്പെട്ടു കിടന്നു
ചോപ്പും പച്ചയും വളപ്പൊട്ടുകൾ.
ഓരോ വള കിലുക്കവും
നിശബ്ദത ഭേദിച്ച പ്രണയത്തിൻറെ
തിരയുയർത്തലായിരുന്നു.
പ്രണയ ചെഷ്ട്ടക്കൊടുവിൽ
ബാക്കി വെച്ച നിണപ്പാടുകൾ
തണുത്ത നിലാവിലും
കനലായെരിഞ്ഞു.
വസന്തത്തിന്റെ കുട മാറ്റം പോലെ
വളപ്പൊട്ടിന്റെ നിറ ഭേദങ്ങൾ
മനം നിറച്ചു.
കുപ്പി വളകളെല്ലാം  മുഖം പൂഴ്ത്തി
മരിച്ച ശവങ്ങളെപോലെ
വളപ്പൊട്ടുകളായ്  പുഴക്കരയിലടിഞ്ഞു.
പ്രായ-വർഗ-കുല ഭേദമന്യേ
വളക്കാരികൾ കഴുത്തറ്റം
വെള്ളത്തിൽ തെക്കോട്ട്‌
തിരിഞ്ഞു കുരവയിട്ടു.
കുപ്പിയും വളയും മത്സരിച്ചുടഞ്ഞ
പുഴ വക്കത്തെ മൻകൂന
ഇന്നൊരു രക്ത സാക്ഷി
മണ്ടപമാണ്.
കോടതി കൂട്ടിൽ സാക്ഷി പറയാൻ
ഒരു കരി വള പോലും ബാക്കിയുണ്ടായില്ല.

2016 ജനുവരി 31, ഞായറാഴ്‌ച

വെള്ളാപ്പള്ളിയിൽ നിന്നും നാരായണ ഗുരുവിലെക്കുള്ള ദൂരം




                കേരളീയ സാമൂഹത്തിൽ ശ്രീ നാരായണ ഗുരുവിനും അദ്ധേഹത്തിന്റെ ആശയങ്ങൾക്കുമുള്ള പ്രാധാന്യം വർഷങ്ങളായി നമ്മുടെ സാംസ്കാരിക മേഖല ചർവിത ചർവണം ചർചീകരിചു കഴിഞ്ഞതാണ്.പക്ഷെ,പുതിയ ചില  സംഭവ വികാസങ്ങൾ വീണ്ടും വീണ്ടും ഗുരുവിനെയും അദ്ധേഹത്തിന്റെ ദർശനങ്ങളെയും സമൂഹ മധ്യത്തിലേക്ക് ആരോഗ്യ പരമോ അനാരോഗ്യ പരമോ ആയി പിന്നെയും വലിചിടുന്നുണ്ട്. അതിൽ മുഴു പങ്കും അദ്ധേഹത്തിന്റെ അനന്തരാവകാശികൾ എന്ന് അവകാശപ്പെടുന്നവർക്ക് തന്നെയാണ്.നവോഥാന ക്രിയകൾ ഒരു മതത്തെ മാറ്റിയിട്ടുണ്ടെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധകമാവുക ഹിന്ദു മതത്തിനായിരിക്കും.ഓരോ ദശകങ്ങളിലും ഉയിർ കൊണ്ട നവോഥാന നായകരുടെ തഴുകലും തലോടലും നന്നായി അനുഭവിച്ചത് കൊണ്ടാണ് പുതിയ കാല ഘട്ടത്തിൽ മറ്റു മതങ്ങൾക്കൊപ്പം ഹൈന്ദവ സംസ്കാരത്തിനും പിടിച്ചു നിൽക്കാൻ കഴിയുന്നത്‌. സ്വാമി വിവേകാനന്ദനും രാജാറാം മോഹൻരായിയും ചട്ടമ്പി സ്വാമികളുമെല്ലാം ഇത്തരത്തിൽ പരാമർശിക്കെണ്ടാവരാണ്.
              ഏകീകൃത സ്വഭാവമില്ലാതെ വ്യത്യസ്ത ഇടങ്ങളിൽ വളരുകയും പടരുകയും ചെയ്ത ഒരു സംസ്കാരമായതു കൊണ്ട് ഇത്തരത്തിൽ വൈരുധ്യങ്ങളും ന്യൂനതകളും കാണുക സ്വാഭാവികം. ഹൈന്ദവത ഒരു മതമായി രൂപം പ്രാപിക്കും മുൻപേ ജാതീയത ഒരു ശാപമായി ഈ സംസ്കാരത്തിന് അകമ്പടി സേവിച്ചിരുന്നു.വ്യതസ്ത കാല ഘട്ടങ്ങളിൽ മഹോന്നതരായ പലരും ഈ കുടില വ്യവസ്ഥിതിക്കെതിരെ രംഗത്ത് വന്നെങ്കിലും ജാതീയത ഒരു കൂടെപ്പിറപ്പായി  ഇന്നും ഈ സംസ്കാരത്തെ അനുഗമിക്കുന്നു. ഭ്രാന്താലയം എന്ന് വിളിക്കാൻ പാകത്തിൽ ജാതീയത കളം വാഴ്ന്നിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കമായിരുന്നു ശ്രീ നാരായണ ഗുരുവിന്റെയും കാല ഘട്ടം. ഒരു ഹൈന്ദവ നവോഥാന നായകൻ എന്ന പദവി കൊണ്ട് അദ്ദേഹത്തിന് ഏറ്റവും ഉചിതമായ പോരാട്ടം അന്ന് നടതെണ്ടിയിരുന്നതും ജാതീയതെക്കെതിരെയായിരുന്നു. അരുവിക്കരയിൽ ഒരു ശിവ വിഗ്രഹം നടയിരുത്തി കൊണ്ടായിരുന്നു അദ്ദേഹം പൊതു പ്രവർത്തനം തുടക്കമിടുന്നത്.താൻ കുടിയിരുത്തിയത് "ഈഴവ ശിവനെ" യായിരുന്നു എന്നാണു പിന്നീട് അദ്ദേഹം പറഞ്ഞത്.ഗുരുവിന്റെ ഈ വാക്ക് ഉദ്ധരിച്ചു കൊണ്ടാണ് തുഷാരിനെ പോലുള്ള അഭിനവ "ഗുരു ഭക്തർ "ഇന്ന് ജാതീയതക്ക് വേണ്ടി വാദിക്കുന്നത്.നാരായണ ഗുരു അന്ന് ഈഴവ ശിവനെ നടയിരുതാനുണ്ടായ സാമൂഹിക പശ്ചാത്തലം എന്തായിരുന്നു?..അദ്ദേഹം അതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിനു നല്കിയത്?..ശിവ ബിമ്പം പ്രതിഷ്ടിച്ച ഉടനെ അരുവിക്കര ക്ഷേത്ര മതിലിൽ അദ്ദേഹം ഇപ്രകാരം കുറിച്ചിട്ടു " ജാതി ഭേദം മത ധ്വഷം , ഏതു മില്ലാതെ സർവരും ,സ്വദരതെന വാഴുന്ന ,മാതൃകാ സ്ഥാനമാണിത്" വളെരെ ദീർഘ വീക്ഷണതോട് കൂടിയായിരുന്നു അന്ന് അദ്ദേഹം അതവിടെ കുറിച്ചിട്ടത്‌.എങ്കിലും പക്ഷെ, ജാതീയ പ്രോത്സാഹിപ്പിക്കാത്ത ഗുരു എന്തിനായിരുന്നു ഈഴവരെ പ്രത്യേകം എടുത്തു കാണിക്കാൻ ശ്രമിച്ചത്?.അന്നത്തെ കേരളീയ സാമൂഹിക പശ്ചാത്തലമാണ് അതിന്റെ ഏറ്റവും വലിയ ഉത്തരം.
                                  1881 ലെ സെന്സസ്സു പ്രകാരം തിരുവതാം കൂർ ഉൾപ്പെടെയുള്ള മലയാള ക്കരയിൽ വലിയ അംഗ ബലമുള്ള സമുദായമായിരുന്നു ഈഴവർ.ഹിന്ദു സമുദായത്തിലെ 25 ശതമാനത്തിനു മുകളിൽ ഈഴവർ ആയിരുന്നു. ന്യൂന പക്ഷമായിരുന്ന സവർണ ബ്രാഹ്മണ്യം കാര്യങ്ങൾ തീരുമാനിക്കുകയും അധികാരം കയാളുകയും ചെയ്തിരുന്ന സാമൂഹിക പശ്ചാത്തലത്തിൽ ഈഴവർ പാടെ അവഗണിക്കാപ്പെട്ട്ടു. രാഷ്ട്രീയ ഭരണ മേഖലയിലും മത - വൈജ്ഞാനിക മേഖലയിലും സീറോ സാന്നിധ്യമായിരുന്നു ഈഴവരുടെത്. വേദങ്ങളും മത നിയമങ്ങളും വ്യാഖ്യാനിച്ചു അമ്പല പ്രവേശം വിലക്കിയിരുന്നു അവര്ക്ക്. അഞ്ചു രൂപ പോലും മാസ ശമ്പളം മേടിക്കുന്ന ഒരു ഈഴവൻ പോലും 1890 കാലഘട്ടങ്ങളിൽ തിരുവതാംകൂറിൽ ഉണ്ടായിരുന്ന്നില്ല.സാമൂഹിക ഔനിത്യം മോഹിച്ച പലരും മറ്റു മതങ്ങളിലേക്ക് കുടിയേറുന്ന കാഴ്ചയും ധാരാളമായി കണ്ടു തുടങ്ങി.സ്വന്ത്വം സമുദായത്തിൻറെ അവസ്ഥ ഇന്നലക്ക് ദുരവസ്ഥയായി മാറുമ്പോൾ നവോഥാന ആശയങ്ങൾ  ആവശ്യത്തിലേറെ ചിന്തയിൽ വ്യാപരിക്കുന്ന ശ്രീനാരായണ ഗുരുവിനെ പോലെയോരാൾ സ്വ-സമുദായ പുരോഗതിയെ കുറിച്ച് ചിന്തിക്കുക സ്വാഭാവികം.വിശാല മനസ്ഥിതിയോടെയുള്ള ഒരു സമുദായ സ്നേഹം എന്നതിലുപരി അതിനു ജാതീയമായ മറ്റു വ്യാഖ്യാനങ്ങൾ നൽകുന്നത്  ഭൂഷണമല്ല. സർക്കാർ സർവീസിൽ ജോലി ചെയ്യാൻ പ്രാപ്തരായിരുന്ന ഈഴവരെ ജാതി പോരായ്മ മാത്രം കാരണം കാണിച്ചു ജോലി നിഷേധിച്ച സംഭവങ്ങളും ധാരാളം അരങ്ങേറി. ഈഴവ അവഗണന ഇത്തരത്തിൽ ഒരു തുടർക്കഥയായ സന്ദർഭത്തിലാണ് ഡോക്ടർ പൽപുവിനെ പോലുള്ള വിദ്യാസമ്പന്നരും സമുദായ നേതാക്കളും ഗുരുവിന്റെ നേതൃത്വത്തിൽ ഒരു സമുദായം എന്ന നിലക്ക് സംഘടിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. തികഞ്ഞ മത സൌഹാർദം കാത്തു സൂക്ഷിക്കുകയും ജാതീയതെക്കെതിരെ പോരാടുകയും ചെയ്യുകയെന്നതായിരുന്നു യോഗത്തിന്റെ സ്ഥാപിത ലക്‌ഷ്യം. ഒപ്പം സമൂഹത്തിൽ  നില നില്ക്കുന്ന ധാരാളം  അനാചാരങ്ങൾ സാമ്പത്തികമായി സമുദായത്തെ തളർത്തുകയും ബൌദ്ധികമായി  പിന്നോക്കം വലിക്കുകയും ചെയ്യുന്നുണ്ടെന്ന് നേതാകൾ മനസ്സിലാക്കി. 
                                  തിരണ്ടു കുളി, പുളി കുടി തുടങ്ങിയ സമ്പ്രദായങ്ങളും വിവാഹം അടിയന്തിരം തുടങ്ങിയ വേളകളിൽ നടത്തപ്പെടുന്ന അമിത വ്യയങ്ങളും സമുദായത്തെ കുറെയേറെ  പുറകോട്ടു വലിക്കുന്നതായി നേതൃത്വം കണ്ടെത്തി. ഇത്തരം മേഖലകളിൽ ബോധ വത്കരണം നടത്തുകയും  അത് വഴി സമുദായത്തിൽ നവോധാനം സാധ്യമാക്കുകയും ചെയ്യുക എന്നതും യോഗ ലക്ഷ്യമായിരുന്നു. വിദ്യാസമ്പാദനതിലൂടെ  മാത്രമേ പൂർണ പുരോഗതി സാധ്യമാകൂയെന്നും വ്യാപാര വ്യവസായങ്ങളിലൂടെ സമുദായത്തിൻറെ സാമ്പത്തിക മേന്മ വർദിപ്പിക്കണമെന്നും ഗുരു ആഹ്വാനം നല്കി.അന്നത്തെ പ്രധാന വ്യവസായ മേഖലയായിരുന്ന കൊപ്ര, ചകിരി- കച്ചവട രംഗത്തേക്ക് സമുദായംഗങ്ങളെ  തിരിച്ചു വിടാനും യോഗത്തിന് സാധിച്ചു. സാഹിത്യ സാംസ്കാരിക മേഖലയിലും വായനയുടെ ലോകത്തും ഈഴവർ ഒരിക്കലും പുറകിലാകരുതെന്നും ഗുരു ഓർമിപ്പിച്ചു. അവഗണനയുടെ പിന്നാമ്പുറങ്ങളിൽ ഒതുങ്ങി കൂടേണ്ട ഒരു സമുദായത്തെ മുഖ്യ ധാരയിൽ ലയിപ്പികുക എന്ന കർത്തവ്യം മാത്രമായിരുന്നു അദ്ദേഹം നിർവഹിച്ചത് . ജതീയതക്കെതിരെയുള്ള ചെറിയൊരു വാക്ക് പോലും ഭീകരാബദ്ധമായി വ്യാഖ്യാനിക്കുന്ന  സാമൂഹികാന്തരീക്ഷം നിലനിൽക്കുന്ന  കാല ഘട്ടത്തിലാണ്  "ജാതി ചോദിക്കരുത് ,പറയരുത് " എന്ന വിപ്ലവകരമായ മുദ്രാവാക്യം  ഗുരു മുഴക്കുന്നത്.                                                             അദ്ധേഹത്തിന്റെ ഈ പ്രഖ്യാപനത്തിന് ശേഷം നടന്ന സെൻസിൽ പങ്കെടുത്ത 31 ലക്ഷം ഹിന്ദുക്കളിൽ അയ്യായിരം പേർ തങ്ങളുടെ ജാതി പറയാൻ തയ്യാറായില്ല എന്നത് അന്നത്തെ സാമൂഹിക പരിതസ്തിയിൽ നിന്നും വായിക്കുമ്പോൾ വലിയൊരു ജന വിഭാഗമായിരുന്നു. നാരായണ ഗുരുവിന്റെ നവോഥാന പ്രവർത്തനങ്ങൾക്ക് കൃത്യമായ ഒരു തുടര്ച്ച നൽകാൻ യോഗ സാരഥികൾക്ക്  കാലാ കാലം കഴിഞ്ഞിരുന്നെങ്കിൽ ഒരു നൂറ്റാണ്ടിനടുത്ത ഈ കാല ഘട്ടം കൊണ്ട് ജാതീയത കേരളത്തിൽ നിന്നും പൂർണാർഥത്തിൽ തുരതാമായിരുന്നു. ഗുരുവിന്റെ പ്രശസ്തമായ രണ്ടു പ്രഖ്യാപനങ്ങളും ക്രൂരമാം വിധം ബലാത്സംഘം ചെയ്യപ്പെടുന്നതാണ് അടുത്ത കാലങ്ങളിൽ നാം കണ്ടത്.ജാതി ചോദിക്കരുത് എന്ന് പ്രഖ്യാപനം നടത്തിയ ഗുരുവിന്റെ മണ്ണിൽ  ജാതി പറച്ചിലിന്റെ ആക്രോശങ്ങളും വെല്ലു വിളികളും. മദ്യം വിഷമാണ് അത് കുടിക്കരുത് എന്ന ഗുരു സന്ദേശത്തിന്റെ വാഹകർ ഏറ്റവും വലിയ മദ്യ ലോപികളായി വിലസുന്നു. 
    മത സൌഹാർദം വാക്കിലും പ്രവർത്തിയിലും ചിന്തയിലും ഊട്ടിയുറപ്പിച്ച ഗുരുവിന്റെ പിൻഗാമികൾ അന്യ മതസ്ഥരെ വെറുപ്പിക്കുന്ന വിഷയത്തിൽ തങ്ങൾ ഒട്ടും മോശമല്ലയെന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു. ഇല്ലാത്ത ലവ് ജിഹാാദിന്റെ പേരിൽ ആവശ്യത്തിലേറെ ശബ്ദ മലിനീകരണവും അനെഷനാത്മക പത്രപ്രവർത്തനത്തിന്റെ സാഹസിക കൃത്യങ്ങളും നാം കണ്ടു. ഗുരുവിന്റെ പവിത്രമായ മഞ്ഞ വസ്ത്രത്തിന് മുൻപിൽ സാഷ്ടാംഗ പ്രണാമം നടത്തുന്നവരും പോരാളികളായി ലവ് ജിഹാദ് വേട്ടയിൽ മുന്നിലും പിന്നിലും ഉണ്ടായിരുന്നു.വർഗീയ ചിന്ത മനസ്സുകളിൽ നിന്നും അന്യം നിന്ന് പോകാൻ മിശ്ര വിവാഹമാണ് ഏറ്റവും മികച്ച പരിഹാരം എന്ന അഭിപ്രായമായിരുന്നു ഗുരുവിനുണ്ടായിരുന്നത്.സ്വാമി നേരിട്ട് നടത്തിയ മിശ്ര വിവാഹ സംഭവങ്ങൾ അദ്ധേഹത്തിന്റെ ചരിത്രത്തിൽ അനേകം വായിക്കാൻ കഴിയും.ജാതിയും മതവും എതൊന്നിന്റെയും മാനദണ്ടമായി  കണക്കാക്കുന്നത് അദ്ദേഹം വക വെച്ച് കൊടുത്തിരുന്നില്ല.പക്ഷെ,പുതിയ യോഗ ക്രമ പ്രകാരം മുഖ്യ മന്ത്രിയെ  വരെ മതം വെച്ചുള്ള പരിശോധനയിൽ പടിക്ക് പുറത്താക്കിയ ധീര സമീപനങൾ  നേതാക്കളുടെ ഭാഗത്ത്‌ നിന്നും കാണാൻ കഴിഞ്ഞു.തീവ്ര ഹിന്ദുത്വം വാരിപ്പുണരുന്ന ഈ പുതു സമീപനം യോഗ നടപടി യായി മാറ്റിയതിലെ ചേതോ വികാരം എന്താണ്?...ഗുരുവിന്റെ ജീവിതത്തിൽ എപ്പോഴെങ്കിലും അത്തരം ഒരു വർഗീയ നിലപാട് നമുക്ക് കണ്ടെത്താൻ കഴിയുമോ?..സ്വാമിയുടെ നവോഥാന പാഠങ്ങൾ പകര്ന്നു കൊടുക്കുന്നതിനു പകരം അദ്ധേഹത്തിന്റെ പേരിൽ അസഹിഷ്ണുത വിളാമ്പാൻ താൽപര്യപ്പെടുന്നവർ നന്ദി കേടുകാണിക്കുന്നത്  സ്വന്തം ഗുരുവിനോട് തന്നെയെല്ലേ?...
         തപസ്സും യോഗയും ജടയുമെല്ലാം പുരാണങ്ങളിലും പറഞ്ഞു കേട്ട ഹൈന്ദവ ചരിത്രങ്ങളിലും ഹിന്തുത്വത്തിന്റെ പ്രതീകമായി ഉയർത്തി കാണിക്കയും അഭിനവ ഹൈന്തവ വാദികൾ അത് സിമ്പലായി സ്വീകരിക്കയും ചെയ്തത് നമുക്കറിയാം.പക്ഷെ, പലപ്പോഴും സ്വാമിയുടെ ബുദ്ധി അതിനു പോലും വഴങ്ങി കൊടുത്തിരുന്നില്ല. പരീക്ഷണാടിസ്ഥാനത്തിൽ 
മരുത്വാമല കയറി  ഗുരു തപസ്സു  ചെയ്ത കഥ  പ്രശസ്തമാണ്.
                        യോഗാഭ്യാസത്തിലൂടെയും  തപസ്സിലൂടെയും കൈവരുന്ന സിദ്ധികൾ ഒരു കായികാഭ്യാസിയുടെയോ മായ ജാലക്കാരന്റെയോ ആശ്ചര്യ പ്രകടനങ്ങൾക്കപ്പുറം ഒന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിനോ സമുദായതിനൊ അത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലാന്ന് സ്വാമി കണ്ടെത്തി. തപസ്സും യോഗയും ഒഴിവാക്കി ജനങളുടെ ഇടയിൽ  അവരുടെ പ്രശ്നങ്ങൾ പഠിച്ചു മനസ്സിലാക്കി ജീീവിക്കുമ്പൊഴെ അവര്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നധേഹം മനസ്സിലാകി. " മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന പ്രചരണം അദ്ധേഹത്തിന്റെ  വലിയ സാമൂഹ്യ പ്രഖ്യാപനമായിരുന്നു. ഭാവിയില വിഭാഗീയ പ്രവർത്തനങ്ങളുടെയും  പ്രതിലോമ ചിന്തകളുടെയും നാലയലത്ത്‌ പോലും തന്റെ നാമം വലിചിടരുത് എന്ന വലിയ സന്ദേശവും അദ്ധേഹത്തിന്റെ ഈ പ്രഖ്യാപനത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. പഷേ ,അടുത്ത കുറച്ചു  കാലങ്ങളായി ഇന്ത്യയിൽ ശക്തി  പെട്ട് വരുന്നു ഫാസിസ്റ്റു വത്കരണത്തിലേക്ക്  ഗുരുവിനെ കൂടെ മുറിച്ചു വില്പ്പന നടത്തിയിരിക്കയാണ് വെള്ളാപ്പള്ളിയും കൂട്ടരും.ബീഫ് വിട്ടു ഉപജീവനം നടത്തിയിരുന്ന സഹോദരന്റെ കച്ചവട സ്ഥാപനം തകർത്ത സ്വന്തം മതത്തിലെ അനുയായികളോട് തീർത്തും പരുഷമായി പെരുമാറിയ സ്വാമി വിവേകാനധാൻ ഇന്ന് ഫാസിസ്റ്റു പോസ്റ്റുകളിലെ സെലിബ്രിറ്റി താരമാണ്. അംബേദ്‌കരെയും  വിവേകാനധയെയും വിലകെട്ടിയ കൂട്ടത്ത്ൽ കേരളത്തിൽ  നിന്നും നാരായണ ഗുരുവിനെയാണ് മാല ചാര്തിയിരിക്കുന്നത്. കേരളീയ സാമൂഹിക പശ്ച്ഹതലത്തിൽ ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങള്ക്ക് ഏറെ പ്രസക്തിയും മാഹാത്മ്യവുമുണ്ട്. വർഗീയ ചേരിതിരിവുകൾക്ക്   ബദലായ ഒരു മാനവിക കൂട്ടായ്മയും സൗഹ്രുദവുമാണ്  അധെഹതിമ്ന്റെ ആശയങ്ങൾ ലക്ഷ്യമിടുന്നത്.