പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കുഞ്ഞായിൻ മുസ്‌ലിയാർ തന്റെ നർമം തുളുമ്പുന്ന രചനകളിലൂടെ ചിന്തോ ദീപമായ ധാരാളം രചനകൾ നടത്തുകയുണ്ടായി. മലയാള കാവ്യ മേഖലയിൽ പുതിയ പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. നൂൽ മദ്ഹും കപ്പപ്പാട്ടും നൂൽ മാലയും കേരളത്തിന് പുതിയ അനുഭവങ്ങളായിരുന്നു.ഖാദി മുഹമ്മദ്, മുഹ്‌യദ്ധീൻ മാലയുടെ രചന പൂർത്തീകരിച്ചു നൂറ്റി മുപ്പതു വർഷത്തിന് ശേഷമാണ് കുഞ്ഞായിൻ മുസ്‌ലിയാർ 1737 ൽ നൂൽ മദ്ഹ് രചിച്ചത്. 1887 ൽ മലയാളത്തത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലത പുറത്തിറങ്ങുന്നതിനും നാലു വർഷം മുൻപ് അറബി മലയാള നോവലായ ചാർദർവേഷ് രചന പൂർത്തിയാക്കിയിരുന്നു. ബ്രിട്ടീഷ് ആധിപത്യം ശക്തമായിരുന്ന അക്കാലത്തു ഇംഗ്ളീഷ് ഭാഷയോട് കടുത്ത അമർഷം വെച്ചു പുലർത്തുകയും സംസ്കൃത സ്വാധീനമുള്ള മലയാളത്തെ ആര്യ ബ്രാഹ്മണ ഭാഷയായി കണ്ടു അകറ്റി നിറുത്തുകയും ചെയ്തിരുന്ന ഒരു സാമൂഹിക അവസ്ഥ കൂടെ മലബാറിൽ ഉണ്ടായിരുന്നു. ഇംഗ്ളീഷ് ഭാഷയോടുള്ള വിരോധം കേരളത്തിലെ പാരമ്പര്യ മുസ്ലിയാക്കന്മാരുടെ വിവരക്കേടിൻറെ ഊക്കായി പലപ്പോഴും അഭിനവ നവോഥാന വാദികൾ ഉയർത്തി കാണിക്കാറുണ്ട്. ഇന്ത്യയിൽ ആകമാനം ബ്രിട്ടീഷ് വിരോധത്തിന്റെ ഫലമായി ഉയർന്ന ഭാഷാ-വസ്ത്ര നിസ്സഹകരണത്തിന്റെ ഭാഗമായി അലയടിച്ച സമരത്തിന്റെ ഭാഗമായിരുന്നു കേരളത്തിലും വളർന്ന ഈ ഭാഷാ വിരോധം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം ശിപായിമാർക്കിടയിൽ നിന്നും ആരംഭിക്കുകയും വളെരെ വേഗം സാധാരണ ജനങ്ങളിലേക്ക് പടരുകയും ചെയ്തു. ഉത്തരേന്ത്യയിലെ മുസ്ലിം നേതാക്കൾ നേതൃത്വം ഏറ്റെടുത്ത സമരം ഭാഷാ വിരുദ്ധ സമീപനത്തിലൂടെ തീർത്തും ധിഷണാപരമായ സമീപനമാണ് സ്വീകരിച്ചത്. പ്രാക്റ്റിക്കൽ സമരത്തിനപ്പുറം ആദർശപരമായ വ്യതിരിക്തത പ്രഖ്യാപിക്കുകയായിരുന്നു പണ്ഡിതന്മാർ. ഖൈറാബാദിലെ മൗലാനാ ഫസലുൽ ഹഖ് പൊതു ജനങ്ങളിലും ശിപായിമാരുടെ ഇടയിലും ഒരു പോലെ സമരാവേശം വളർത്തുകളയും മുസ്ലിംകളോട് ആയുധമനിയാൻ ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തു. സമരത്തിന് നേതൃ പരമായ പങ്കു വഹിച്ചിരുന്ന മുഗൾ ചക്രവർത്തി ബഹദൂർഷാ സഫർ ഇഗ്ളീഷ് ഭാഷ തന്നെ നിരോധിക്കുകയും അതു പഠിക്കുന്നവരെ അറസ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
ആധുനിക -ഉത്തരാധുനിക കവിതകൾ മലയാളത്തെ സ്വാധീനിക്കും മുൻപേ ജാതി മത ചിന്തകൾക്കതീതമായി ജനങ്ങളെ സ്വാധീനിച്ച മുസ്ലിം കവിയായിരുന്നു മോയിൻ കുട്ടി വൈദ്യർ. അറബി മലയാളം തന്നെയായിരുന്നു മോയിൻ കുട്ടി വൈദ്യർ തന്റെ രചനകൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ സാഹിത്യ രചനയിലേക്കു തിരിഞ്ഞ വൈദ്യർ രചിച്ച ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ പ്രണയ കാവ്യം ഇന്നും അനശ്വരമാണ്. അദ്ദേഹത്തിന്റെ തെന്നെ ബദർ,ഉഹദ്,ഖന്തഖ്, പട പ്പാട്ടുകളും മലപ്പുറം കിസ്സയും നൂറ്റാണ്ടുകളായി മലയാളികളെ ആവേശം കൊള്ളിപ്പിക്കുന്നു. അറബി,പേർഷ്യൻ,മലയാളി,തമിഴ്,ഹിന് ദി പദങ്ങൾ ഇഴുകി ചേർന്ന കാവ്യ രചനകൾ മറ്റെങ്ങും കാണാൻ കഴിയാത്ത അപൂർവ സൃഷ്ടിയാണ്.
സാഹിത്യ സൃഷ്ടികൾ രൂപം കൊള്ളും മുൻപേ ഗദ്യ രൂപത്തിൽ ധാരാളം കയ്യെഴുത്തു രചനകൾ അറബി മലയാളത്തിൽ നിർമിക്കപ്പെട്ടിരുന്നു. പൊന്നാനി ദർസ് കേന്ദ്രീകരിച്ചു, പണ്ഡിതന്മാർ തായാറാക്കിയിരുന്ന ഫത്‌വ (മത വിധികൾ )കളായിരുന്നു കൂടുതലും. പ്രവാചകർ (സ )യുടെ ചികിത്സാ രീതികൾ വിവരിക്കുന്ന തിബ്ബ് നബിയ്യ് എന്ന ഗ്രന്ഥമാണ് ആദ്യമായി അച്ചടിച്ച കൃതി. തുടർന്ന് കർമ്മ ശാസ്ത്രം,ചരിത്രം,പരിഭാഷ,ജന്തു ശാസ്ത്രം,നിർമാണ ശാസ്ത്രം,കൈ രേഖാ ശാസ്ത്രം,തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ധാരാളം കൃതികൾ അറബിയിലും അറബി മലയാളത്തിലുമായി മുസ്ലിം പക്ഷത്തു നിന്നും വെളിച്ചം കണ്ടു.
പൊന്നാനിയും പരിസരവും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അറബി മലയാള സാഹിത്യം പടർന്നു പന്തലിച്ചത്. ആഗോള വ്യാപകമായി മുസ്ലിംകൾ ഉപയോഗിച്ചിരുന്ന ലിപിയിൽ നിന്നും വ്യത്യസ്തമായി അക്ഷരങ്ങൾക്ക് തികഞ്ഞ വടിവ് നൽകി ഉപയോഗിച്ചു വന്ന കേരളത്തിലെ അറബി ലിപി പൊന്നാനി ലിപി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പൊന്നാനിയും അന്നത്തെ മലബാറിലെ അറബി ഭാഷയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം തെളിയിക്കുന്ന വസ്തുതയാണിത്.
അറബി മലയാളം ഉപയോഗപ്പെടുത്തി സർഗ്ഗ സാഹിത്യത്തിലും വൈജ്ഞാനിക സാഹിത്യത്തിലും മികവ് തെളിയിച്ച ഒട്ടനവധി പേർ പന്നാനിയിലും പരിസരത്തുമായി പതിനെട്ട്,പത്തൊൻപതു നൂറ്റാണ്ടുകളിൽ കേരളത്തിലാകമാനം വിശിഷ്യാ മലബാറിൽ സജീവ സാന്നിധ്യമായി. ചരിത്രകാരനും കവിയുമായ കോടമ്പിയാകത്ത് കുഞ്ഞു സീതി കോയ തങ്ങൾ നിസ്കാര പാട്ട്,നഫീസത്തുൽ മിസ്‌രിയ്യ ചരിത്ര കാവ്യം,ഖന്തഖ് പടപ്പാട്ട്, ഫുതൂഹ് തായിഫ് തുടങ്ങീ നിരവധി കാവ്യങ്ങളും ചരിത്ര കൃതികളും ഈ മേഖലയിൽ സമരപ്പിച്ചു. മാളിയേക്കൽ കുഞ്ഞഹമ്മദ് സാഹിബും നാലകത്ത് കുഞ്ഞു മൊയ്‌ദീൻ സാഹിബും എം പി അബ്ദുൽ അസീസും മാളിയേക്കൽ മുഹമ്മദ് കുട്ടി മുല്ലയും വ്യത്യസ്ത കാലങ്ങളിലായി ഈ മേഖലയിൽ കനപ്പെട്ട സംഭാവനകൾ അർപ്പിച്ച വ്യക്തിത്വങ്ങളായിരുന്നു.
ഇംഗ്ളീഷിന് ആഗോള പരിവേഷം ലഭിക്കും മുൻപേ അറബി ലോകത്തിന്റെ വ്യത്യസ്തയിടങ്ങളിൽ വ്യവഹാര ഭാഷയായി യദേഷ്ടം ഉപയോഗിച്ചിരുന്നു.ധാരാളം യാത്ര നടത്തിയിരുന്ന അറബികൾ കുറെ വാക്കുകൾ തങ്ങളുടെ പദ സമ്പത്തിലേക്കു കടം കൊള്ളുകയും അതിലേറെ അവർക്കു തിരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ അറബികൾ ഏറ്റവും കൂടുതൽ ആദാന പ്രദാനങ്ങൾ നടത്തിയുത് ഒരു പക്ഷെ കേരളവുമായിട്ടായിരിക്കും. ഭാരതത്തിനു ഹിന്ദ് എന്ന പേര് വിളിച്ച അറബികൾ തന്നെയാണ് വടക്കൻ കേരളത്തെ മലബാർ എന്നു ആദ്യമായി വിളിച്ചതും. കേരളത്തിലെ പല ഉത്പന്നങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും അവയ്ക്കു ആഗോള മാർക്കറ്റിൽ പുത്തൻ നാമങ്ങൾ അറബികൾ വിളിക്കുകയും ചെയ്തു. മലയാളികളുടെ ഇഷ്ട ഭോജ്യമായ പുളി റ്റമറൈൻഡ് എന്ന പേരിൽ ലോകത്തിനു പരിചയപ്പെടുത്തിയത് അറബികൾ ആയിരുന്നു. മലയാളികൾ ഇന്ന് സർവ സാധാരണയായി ഉപയോഗിക്കുന്ന നൂറുകണക്കിന് പദങ്ങളിൽ അറബി സ്വാധീനം കാണാൻ കഴിയും മുൻസിഫും വക്കീലും വക്കാലത്തും പോലുള്ള ഔദ്യോഗിക പദ സമ്പത്തുകൾ പോലും അറബി സംഭാവനകൾ ആയിരുന്നു. പുറമെ നാം സ്ഥിരമായി ഉപയോഗിക്കുന്ന പല പഴഞ്ചൊല്ലുകളും അറബി സഹവാസത്തിൽ നിന്നും നമുക്ക് വീണു കിട്ടിയതായിരുന്നു.
പഴഞ്ചൊല്ലുകളുടെ താരതമ്യ പഠനം പ്രദേശങ്ങളുടെ വൈകാരികമായ അടുപ്പം കൂട്ടുകയും ദേശത്തിന്റെ അതിർ വരമ്പുകൾ പൊളിക്കുകയും ചെയ്യും.
പല അറബി പഴഞ്ചൊല്ലുകളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി നാം സ്വന്തമാക്കുകയും മറ്റു ചിലത്തിൽ അറബി പദങ്ങളുടെ അനല്പമായ സാനിധ്യം നമ്മുട ഭാഷയുടെ മികവിന് വഴി വെക്കുകയും ചെയ്തിട്ടുണ്ട്.
"ഒട്ടകത്തിന്റെ പുറത്തിരിന്നിട്ടും അവനെ പട്ടി കടിച്ചു". ഇതു അറബിയിലുള്ള പഴഞ്ചൊല്ലാണ്. മലയാളത്തിലെ "ആന പുറത്തിരിക്കുന്നവൻ നായയെ പേടിക്കണോ " എന്ന പഴഞ്ചൊല്ല് ഇതോടപ്പം കൂട്ടി വായിച്ചാൽ മതി. മലയാളത്തിൽ ആനയുമായി ബന്ധപ്പെട്ട ധാരാളം പഴഞ്ചൊല്ലുകൾ ഉണ്ടല്ലോ ..അറേബ്യയിലെ ഒട്ടകത്തെയാണ് നാമിവിടെ ആനയാക്കി നമ്മുടെ ദേശ വത്കരിച്ചത്. ആന കൊടുത്താലും ആശ കൊടുക്കരുത് എന്ന മലയാള പഴഞ്ചൊല്ലും കടന്നു വന്നത് അറബിയിൽ നിന്നായിരുന്നു. ആനക്ക് പകരം ഓട്ടക്കാമായിരുന്നു എന്നു മാത്രം.
സാംസ്കാരിക പരമായും ഭാഷാപരമായും നൂറ്റാണ്ടുകളായി ഇരു ദേശങ്ങളും കാത്തു സൂക്ഷിച്ച സൗഹൃദ കഥകൾക്ക് ഇന്നും ഒരു മാറ്റവുമില്ല.ഒരു കാലത്തു കപ്പൽ കയറി കേരള തീരത്തണഞ്ഞു ഭാഷയും സംസ്കാരവും കൈമാറ്റം ചെയ്തിരുന്ന കൂട്ടർ അതിലേറെ
സൗഹൃദ മനസ്സോടെ ഗഗന ചാരികളായി വിരുന്നെത്തുന്ന മലയാളിയെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും അനേകമനേകം ആദാന പ്രദാനങ്ങൾ നടത്തുകയും ചെയ്യുന്നത് കാലം കരുതി വെച്ച സൗഹൃദ കർമങ്ങളായിരിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ