2014 മാർച്ച് 28, വെള്ളിയാഴ്‌ച

കേജ്രിവാൾ കണ്ടറിയേണ്ടതും മഅദനി കാണാതെ പോയതും


മഅദനി തരംഗം കേരളത്തിൽ ശക്തമായ സമയത്ത് മഅദനിയെ ഗാന്ധിജിയോടുപമിച്ചു കമ്മ്യൂണിസ്റ്റ് ആചാര്യൻ സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട്‌ നടത്തിയ പ്രസ്താവന രാഷ്ട്രീയ കേരളം ഏറക്കാലം കൊട്ടിഘോഷിച്ച ഒന്നായിരുന്നു. ഇപ്പോൾ ഇന്ത്യയാകെ അലയടിച്ചു കൊണ്ടിരിക്കുന്ന കേജ്രിവാൾ തരംഗത്തെ മഅദനി തരംഗവുമായി ഉപമിക്കുമ്പോൾ ചിലർക്കെങ്കിലും നെറ്റി ചുളിയാൻ സാധ്യതയുണ്ട്. വിഭിന്ന അഭിപ്രായങ്ങൾ പല കോണുകളിൽ നിന്നും ഉണ്ടാകാമെങ്കിലും ഒരു പാട് സാമ്യതകൾ ആശയപരമായും പ്രകടന പരമായും രണ്ടു പേരിലും സമ്മേളിച്ചിരുന്നു. "അവർണ്ണന്  അധികാരം പീഡിതർക്ക്  മോചനം " എന്ന മുദ്രാവാക്യമായിരുന്നു തന്റെ പാർട്ടിയുടെ പ്രഖ്യാപിത നയമായി മഅദനി മുന്നോട്ടു വെച്ചത്. ആം ആദ്മി മുന്നേറ്റത്തിലൂടെ കേജ്രിവാൾ അവതരിപ്പിക്കുന്നതും ഏറെക്കുറെ  ഇതേ നയം തന്നെ.ഐ എസ് എസ്  എന്ന ഒരു തീവ്ര സാമുദായിക സംഘടനയുടെ പശ്ചാത്തലം മഅദനിയുടെ രാഷ്ട്രീയ പ്രവേശനത്തിനില്ലായിരുന്നുവെങ്കിൽ അദ്ധെഹത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.
"സാധാരണക്കാരൻ " എന്ന പ്ലാറ്റ്ഫോമിലുപരി പീഡിതർ, അവർണർ ,എന്ന കാറ്റഗറിക്ക്  മഅദനി പ്രാമുഖ്യം കൊടുത്തു. തന്റെ പാർട്ടി എന്നെങ്കിലും അധികാരത്തിലെത്തുകയാണെങ്കിൽ പിന്നോക്ക വിഭാഗത്തിൽ പെട്ട ഒരു അവർണനായിരിക്ക്കും അതിനെ നയിക്കുക എന്ന് പ്രഖ്യാപിക്കാനും അദ്ദേഹം മടി കാണിച്ചില്ല. ദേശീയ തലത്തിൽ തന്നെ മുലായം സിംഗുമായി കൂടി കാഴ്ച നടത്തി ദലിത് പിന്നോക്ക വിഭാഗങ്ങളെ ഒരുമിപ്പിക്കെണ്ടാതിന്റെ ആവശ്യകതയും സമകാലിക അനിവാര്യതകളും ചർച്ചയ്ക്കു തുടക്കമിടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അംബെദ്ക്കറുടെ ജന്മദിനത്തിൽ രൂപം കൊടുത്ത അദ്ധെഹത്തിന്റെ പ്രസ്ഥാനം മഅദനിയുടെ പശ്ചാത്തലക്കറ കഴികിക്കളയാൻ ആവുന്നത്ര ശ്രമങ്ങൾ നടത്തി നോക്കി. പക്ഷെ, പി ഡി പി യുമായുള്ള രാഷ്ട്രീയ കൂട്ട് കെട്ടുകളെ വരെ അംഗീകരിക്കാൻ തയ്യാറാകാതെ ഒരുമിച്ചു വേദി പങ്കിട്ടവരെ പോലും ഒറ്റപ്പെടുത്തി മഅദനിയുടുള്ള സാമുദായിക അകൽച്ച മതേതരത്വം പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകൾ വരെ നടപ്പിലാക്കി. മഅദനിയുടെ പശ്ചാത്തലക്കറയുടെ കാഠിന്യം അദ്ധെഹം തന്നെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഇന്ന് കേജ്രിവാൾ ഒരു അലകടലായി മുഖ്യധാരാ രാഷ്ട്രീയ ശക്തികൾക്കെതിരെ ആഞ്ഞടിക്കുമ്പോൾ പണ്ട് കേരളത്തിലങ്ങോളമിങ്ങോളം പതിനായിരങ്ങളെ അഭിസംബോധനം ചെയ്തു നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിക്കെതിരെ വജ്രാസ്ത്രങ്ങൾ തൊടുത്തുവിട്ടിരുന്ന യുവ നേതാവിനെയാണ് ഓർമപ്പെടുത്തുന്നത്.
പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാക്കളെല്ലാം അദ്ധെഹത്തിന്റെ വാക്ക് ശരങ്ങൾക്ക് മുന്നിൽ പതിതാഴ്തുന്ന ഒട്ടനേകം രംഗങ്ങൾക്ക് തൊണ്ണൂറുകളിൽ കേരളം സാക്ഷിയായി. ഹരിയാനയിൽ നിന്നു കേജ്രിവാൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന രാഷ്ട്രീയ സമ്മേളനങ്ങൾക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, യു.പി , തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നല്കി വരുന്ന സ്വീകരണങ്ങൾ വാസ്തവത്തിൽ അധികാര കേന്ദ്രങ്ങളുടെ ഉറക്കം നഷ്ട്ടപെടുതിയിരിക്കുകയാണ് . അദ്ധേഹത്തിന്റെ ഗുജറാത്ത് യാത്രയും മോഡിയെ നേരിട്ട് കണ്ടു ചോദിക്കാൻ തയ്യാറാക്കിയ 16 ചോദ്യാവലിയും വൻ മാധ്യമ പ്രാധാന്യമാണ് നേടിയത്. എക്സിസ്റ്റ് പോളുകളിൽ മോഡി തരംഗത്തിന് വാൻ ഇടിവ് സംഭവിപ്പിക്കാനും ഇത് കാരണമായിട്ടുണ്ട്. ഏറെക്കുറെ ഇതേ കാഴ്ചയായിരുന്നു തൊണ്ണൂറിന്റെ ആദ്യ പകുതിയിൽ മഅദനിയിലൂടെ കേരളവും കണ്ടത്. ബാബരി മസ്‌ജിദ്‌ പുനർനിർമിക്കുക, ടാഡ പിൻവലിക്കുക, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാസർകോട്‌ നിന്നും തിരുവനന്തപുരത്തേക്ക് മഅദനി രാജ് ഭവൻ മാർച്ച് നടത്തുമ്പോൾ പാർട്ടിക്ക് രണ്ടു വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. പക്ഷെ, മുന്നണി സംവിധാനം വെച്ച് എംപി മാരെയും എം എൽ എ മാരെയും വാർത്തെടുത്തു രാഷ്ട്രീയ നാടകം കളിക്കുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കക്ഷികൾക്ക് സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത അതിഗംഭീര രാഷ്ട്രീയോത്സവമായിരുന്നു അത്. ചുരുക്കി പറഞ്ഞാൽ ജനക്കൂട്ടത്തെ ആകർഷിക്കുന്ന പോലെ ഒരു കാലത്ത് മഅദനിയും ജനങ്ങളെ നന്നായി ആകർഷിച്ചിരുന്നു. നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോരായ്മകളും സ്വതന്ത്രം കിട്ടി ഇത്ര വർഷമായിട്ട്ടും വികസനത്തിന്റെ കാറ്റ് എത്തിപ്പെടാത്ത നാട്ടിൻ പുറങ്ങളെ കുറിച്ചുള്ള കഥകളും അഴിമതിയുടെ തീരാകണക്കുകളുമാണ് രണ്ടു കൂട്ടരും മുന്നോട്ടു വെച്ചത്.ഹർഷദ്‌ മേത്തയുടെ ഹവാലാ ഇടപാടും ലാലുവിന്റെ കാലിതീട്ടയുമെല്ലാം മഅദനിക്ക് വിഷയങ്ങലായപ്പോൾ യു പി എ സർക്കാരിന്റെ ഔദാര്യം കൊണ്ട് കേജ്രിവാളിനു അഴിമതിയെ കുറിച്ച് സംസാരിക്കാൻ വിഷയത്തിനു ഒരു പഞ്ഞവുമുണ്ടായില്ല.
ഏത് ഈർക്കിലി പാർട്ടിക്കും മുന്നണി സംവിധാനത്തിൽ നിന്ന് കൊണ്ട് നേട്ടങ്ങൾ കൊയ്തെടുക്കാവുന്ന ഒരു "പൊളിറ്റിക്കൽ സിസ്റ്റ " മാനെല്ലൊ നമ്മുടെ രാജ്യത്തുള്ളത്. ഏഴു വീതം ഘടക കക്ഷികളെ ഒരുമിച്ചു കെട്ടി 94 ലും 95 ലും യു ഡി എഫ് -എൽ ഡി എഫ് മുന്നണികൾ ഗുരുവായൂരിലും തിരൂരങ്ങാടിയിലും തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഇരു മുന്നണി കളോടും സമദൂരം പാലിക്കുന്ന രാഷ്ട്രീയ സമീപനമാണ്  മഅദനി സ്വീകരിച്ചത്. ഒരു വർഷം മാത്രം പഴക്കമുള്ള പി ഡി പി അന്ന് നേടിയത് പതിനാലായിരത്തി അഞ്ഞൂറോളം വോട്ടുകളായിരുന്നു. വിജയിച്ച എൽ ഡി എഫ് ന്റെ പി ടി കുഞ്ഞിമുഹംമെദ് മുന്നണി സംവിധാനത്തിലൂടെ നേടിയത് പി ഡി പി ഒറ്റയ്ക്ക് നേടിയതിന്റെ ഇരട്ടി മാത്രമായിരുന്നു. ഇതേ ചരിത്രം തിരൂരങ്ങാടിയിലും ആവർത്തിച്ചു. പക്ഷെ,അവിടം ലീഗിന്റെ കൊട്ടയായിരുന്നതിനാൽ എ കെ ആന്റണി കനത്ത ഭൂരിപക്ഷം നേടുകയുണ്ടായി. മുന്നണി സംവിധാനത്തിലൂടെ മത്സരിച്ച എൽ ഡി എഫും തനിച്ചു മത്സരിച്ച പി ഡി പി യും തമ്മിലുള്ള അന്തരം കേവലം പതിനായിരം വോട്ടുകളുടെതായിരുന്നു. അതായത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇരു മുന്നനികളിലെയും ഘടക കക്ഷികലായിരുന്ന പല പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ പി ഡി പി ഒരു വലിയ കക്ഷി തന്നെയായിരുന്നു. എങ്കിലും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളോട് സമരസപ്പെടാൻ തയ്യാറല്ലാത്ത കാരണത്താൽ അവർ തനിച്ചു നില്ക്കുകയും "അധികാരമില്ലാത്ത രാഷ്ട്രീയ പാർട്ടിക്ക്  നില നില്പ്പില്ലെന്ന " വാക്കിനെ അന്വര്തമാക്ക്കി അങ്ങിനെയൊരു പാർട്ടി തന്നെ ചരിത്രമായി തീരുകയും ചെയ്ത സംഭവമാണ് കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ നാളുകളിൽ നാം കണ്ടത്.
ഇതേ ഒരു രാഷ്ട്രീയ സിദ്ധാന്തമാണ് ഇപ്പോൾ കേജ്രിവാലും മുന്നോട്ടു വെച്ചിരിക്കുന്നത്. വർഗീയതയുടെ കരിപുരണ്ട ബി ജെ പി യെയും അഴിമതിയിൽ മുങ്ങി കുളിച്ച കൊണ്ഗ്രസ്സിനെയും സമദൂരം നിറുത്തി ഏക കക്ഷി സംവിധാനത്തിലൂടെ ഇന്ത്യ ആകെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണവർ. അത്തരമൊരു പരീക്ഷണം ഡൽഹിയിൽ വിജയിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ് തെരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി ഇത്രമേൽ വ്യാപിച്ചത്. ഫലം തിരിച്ചായിരുന്നെങ്കിൽ കേജ്രിവാലിന്റെ മോഹം സ്വപ്നമായി അവശേഷിചേനെ....പക്ഷെ, ആം ആദ്മിയുടെ ഭാവി ഇപ്പോഴും തുലാസിൽ തന്നെ. ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്കിൽ ഈ അവേശമെല്ലാം ആവിയായ് മാറും. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ എ എ പി നില നില്ക്കണോ വേണ്ടയോ എന്ന് കൂടി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്.
ആം ആദ്മിയുടെ ഉദയം തൊട്ടു കണ്ടു വരുന്ന ഒരു പ്രവണതയാണ് കേജ്രിവാളിൽ കേന്ദ്രീകരിച്ചു കൊണ്ടുള്ള നേതൃത്വം. ഒരു നേതാവിന്റെ ഗർവൊ ഹുങ്കോ അദ്ദേഹം പ്രകടിപ്പിക്കുന്നില്ലെങ്കിലും അറിഞ്ഞോ അറിയാതയോ പാർട്ടി മൊത്തമായി അദ്ധേഹത്തിൽ കേന്ദ്രീകൃതമാകുന്ന നല്ലതല്ലാതൊരു പ്രവണത ആപ്പിൽ നില നില്ക്കുന്നുണ്ട്. പി ഡി പി യുടെ കാര്യത്തിൽ പണ്ട് സംഭവിച്ചതും ഇതായിരുന്നു. മഅദനി ഇല്ലെങ്കിൽ പാർട്ടി ഇല്ല എന്ന ഒരവസ്ഥ. അതുകൊണ്ട് തന്നെ അദ്ദേഹം ജയിലിലായപ്പോൾ നോക്കി നടത്താൻ ആളില്ലാതെ പൂട്ടി പോകേണ്ട അവസ്ഥയിലായി പാർട്ടി. പ്രശാന്ത് ഭൂഷനെ പോലെ യോഗേന്ദ്ര യാദവിനെപൊലെ കുമാർ ബിശ്വാസിനെ പോലെ പ്രതിഭാ സമ്പന്നരായ നേതാക്കൾ ഒരു പാടുന്ടെങ്കിലും കേജ്രിവാൾ എന്ന ഒരു വ്യക്തിയിൽ എല്ലാം കേന്ദ്രീകരിക്കപ്പെടുന്നു. ഇത് സ്വാഭാവികമായും കെജ്രിവാളിനു ശേഷം ആര് എന്ന ചോദ്യം ചോദിക്കാൻ സാദാരണക്കാരെ പ്രേരിപ്പിക്കുന്നു.
വ്യതസ്ഥമായ പ്രകടനാത്മകത കൊണ്ട് മഅദനിയും കേജ്രിവാളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രകടനാത്മകത ലാളിത്യവത്കരിക്കാൻ ശ്രമിച്ചു എന്നതാണ് കെജ്രിവാളിന്റെ പ്ലസ്‌ പോയിന്റ് . ഉത്തരഇന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടു വന്നിരുന്ന കരിമ്പൂച്ച സംസ്കാരത്തെ കേരളത്തിന്‌ ആഘോഷ പൂർവ്വം പരിചയപ്പെടുത്തി വരവറിയിച്ച നേതാവായിരുന്നു മഅദനി. കറുത്ത പാന്റും ടി ഷർട്ടും തലയിൽ ഹെൽമറ്റും കയ്യിൽ മുച്ചാൻ വടിയുമായി മഅദനിക്ക് അകമ്പടി സേവിച്ചിരുന്ന കരിമ്പൂച്ചകൾ  കുറച്ചു കാലം കേരളത്തിന്‌ ആഘോഷ കാഴ്ചകളായിരുന്നു. തന്റെ വാക്കിലും പ്രവർത്തിയിലും പ്രകടനാത്മകത കുത്തിനിറച്ച മഅദനി , അത് കൊണ്ട് തന്നെ അതിനതീതമായി ചിന്തിക്കുന്ന ആളുകളെ സ്പർശിക്കാതെ പോയി. പക്ഷെ കേജ്രിവാളാകെട്ടേ ലാളിത്യത്തെ പ്രകടവത്കരിച്ചു.

തണുപ്പ് കാലങ്ങളിലെ ദൽഹിക്കാരുടെ അനൗദ്യോഗിക യൂണിഫോമായ കറുത്ത രോമകുപ്പായവും ധരിച്ചു റിപ്പബ്ലിക് ദിന പരേഡിന് സല്യൂട്ട് സ്വീകരിക്കുന്ന ഡൽഹി മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യൽ നെറ്റ് വർക്കുകളിൽ ഒരു വൈറലായി പടർന്നിരുന്നു .പിന്നേടദ്ദേഹം, പാരമ്പര്യമായി അധികാരി വർഗങ്ങൾ ഉപയോഗിച്ച് വന്നിരുന്ന സൌകര്യങ്ങളെ ഒഴിവാകിയും കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ലളിതനാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങിനെ ലാളിത്യതെയും പ്രകടവാത്കരിക്കാം എന്ന ഒരു പാഠം പാരമ്പര്യ രാഷ്ട്രീയക്കർക്കദേഹം പകർന്നു കൊടുത്തു. രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ കേജ്രിവാലിന്റെ ഈ ലാളിത്യ സമീപനങ്ങളെ പിന്തുടർന്നത്‌ സമകാലിക സംഭവങ്ങൾ. കേജ്രിവാലിന്റെ ലാളിത്യ വത്കരണം കൂടിപ്പോകുന്നുണ്ടോ എന്നതു പലര്ക്കുമിപ്പോൾ ഒരു സംശയമായി ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം മുംബയിൽ വിമാനമിറങ്ങിയ കേജ്രിവാൾ ഓട്ടോ മാർഗമാണ് അന്ധേരി റെയിൽവേ സ്റെഷനിൽ എത്തിയത്. അവിടെ നിന്നും സാദാരണക്കാരുടെ യാത്രാ മാർഗമായ ലോക്കൽ ട്രെയിൻ വഴി ചർച്ച് ഗെട്ടിലെക്കും. കേജ്രിവാളിനെ പോലുള്ള ഒരു ദേശീയ നേതാവാകുംപോൾ ഒപ്പം ആളുകൾ കൂടലും തിരക്കനുഭാവപ്പെടലും സ്വാഭാവികം. പക്ഷെ,സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകൾക്ക് ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിചെന്ന് മുംബൈ സംസാരം. കേജ്രിവാൾ സ്വപ്നം കാണുന്ന ഇന്ത്യ യാഥാർത്യമാകണമെങ്കിൽ കുറച്ചു കാലം കൂടെ അദ്ദേഹം ജീവിചിരിക്കൽ അനിവാര്യമാണ്. രാഷ്ട്രപിതാവ് ഉൾപ്പെടെയുള്ള സമുന്നതരായ രാഷ്ട്ര നേതാക്കൾ കൊല ചെയ്യപ്പെട്ടിട്ടുള്ള നാടാണ് നമ്മുടേത്‌. ഭരണ ഘടന അനുവദിക്കുകയും അനുശാസിക്കുകയും ചെയ്യുന്ന സുരക്ഷ സ്വീകരിക്കൽ കേജ്രിവാലിനു വേണ്ടിയെല്ലെങ്കിലും അദ്ദേഹം സ്വപ്നം കാണുന്ന ഇന്ത്യക്ക് വേണ്ടി നല്ലതായിരിക്കും.
തനിക്കു പറയാനും പകരാനുമുള്ള ആശയങ്ങൾ മുന്നോട്ടു വെക്കുമ്പോൾ അതനനുകൂലമായ ഒരു നിലം അദ്ദേഹം ഉഴുതു മറിച്ചു പകപ്പെടുതിയിരുന്നു. വലിയൊരു ഗൃഹ പാഠം നടത്തിയാണ് അദ്ദേഹം അങ്കതട്ടിലെക്കിരങ്ങിയത്. ഡൽഹിക്ക് പുറത്തുള്ളവരെ സംബന്ധിച്ച് 2012 ൽ ഉദയം ചെയ്ത "ആം ആദ്മി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണ്‌ കേജ്രിവാൾ. പക്ഷെ തന്റെ സ്വന്തം തട്ടകത്തിൽ വർഷങ്ങളായി അദ്ദേഹം പണിയെടുക്കുകയായിരുന്നു. ജോയിന്റ് കമ്മീഷണർ ജോലി രാജിവെച്ചു "പരിവർതൻ" എന്ന സംഘടനയിലൂടെ നിരന്തരം ബോധവത്കരണം നടത്തി അഴിമതിക്കെതിരെയും വർഗീയതെക്കെതിരെയും ചിന്തിക്കുന്ന കുറെയേറെ മനസ്സുകളെ പാകപ്പെടുതിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.മഅദനി കാണാതെ പോയതും അതായിരുന്നു. തീരെ ഗൃഹ പാഠമില്ലാത്ത ഒരു വിദ്യാർഥിയുടെ പരീക്ഷ പോലെ യായിരുന്നു അത്. തന്റെ നാക്ക് ബലത്തിന്റെ ആവേശത്തിൽ മാത്രം ഒരുമിച്ചു കൂടിയവരെ "വെറും ഒരാൾ കൂട്ടം " എന്ന് മഅദനി തന്നെ പിന്നീട് തിരുത്തുകയുണ്ടായി.
           കേജ്രിവാളിന്റെ ഭാഷണത്തിൽ പക്ഷെ ആക്രോശങ്ങളോ അലമുരയിടാലോ ഇല്ല. ശുദ്ധ ഹിന്ദിയിൽ സദസ്സിനു കൂടെ ഇടപെടാൻ അവസരം കൊടുത്തു ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് കൊണ്ടുള്ള സംസാരം. മഅദനിയുടേത് പോലെ ശ്വാസമടക്കി പിടിച്ചിരുന്നു കേൾക്കുന്ന കേൾവിക്കാർ എവിടെയുമില്ല. മോഡിയുടെ വികസന പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്യുമ്പോൾ സദസ്സിനെ കൂടെ ഉൾപ്പെടുത്തി മോടിയുടെത് നിരർതക വാദമാണെന്ന് തെളിയിക്കുന്നു.യു.പി. യിലെ കർഷകരും ദലിതരും നേരിടുന്ന പിന്നോക്കാവസ്ഥ കണക്കുകൾ വെച്ച് നിരത്തുമ്പോൾ "ജീ സാബ്"എന്ന മറുപടി പറയാൻ അവർ തയ്യാറാവുന്നു.തെരുവിൽ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന്‌ നഗരവാസികളുടെ ഉന്നമനമില്ലായ്മയെ കുറിച്ച് വാചാലമാകുമ്പോൾ തിരിച്ചൊന്നും മറുപടി നല്കാൻ നഗര വാസികൾക്ക് വാക്കുകൾ കിട്ടുന്നില്ല.ഓരോയിടങ്ങളിലും അതതു പ്രദേശത്തെ തദ്ധെശീയരുടെ പ്രശ്നനങ്ങൾ അവതരിപ്പിക്കാനും കയ്യടി നേടാനും കേജ്രിവാലിനു കഴിയുന്നുണ്ട്.
  ദളിത് പിന്നോക്ക ന്യൂന പക്ഷങ്ങളുടെ പ്രശ്നങ്ങളെകുറിച്ച് മഅദനി വാചാലനായിരുന്നെങ്കിലും അദ്ധേഹത്തിന്റെ മുസ്ലിം ഐഡന്റിറ്റി വലിയൊരു തടസ്സമായിരുന്നു.തൊപ്പിയും താടിയും വെച്ച മുറ തെറ്റാതെ ആരാധന കർമങ്ങൾ അനുഷ്ടിക്കുകയും ചെയ്യുന്ന മഅദനിയിൽ നിന്നും ലഭിക്കുന്ന മോചന വഴികൾ,അതെത്ര സുതാര്യമാണെങ്കിലും നിരുപാധികം അതിനെ വാരിപ്പുണരാൻ ദളിത് പിന്നോക്ക ജനത തയ്യാറായില്ല.പറഞ്ഞു ഫലിപ്പിച്ച മത മൗലിക വാദത്തിന്റെ തൊപ്പിയും താടിയും മഅദനിയിൽ ഒരു മോചകനെ കാണാൻ അവർക്ക് തടസ്സമായി. അത് കൊണ്ട് തന്നെ എൻപതു ശതമാനത്തോളം വരുന്ന പിന്നോക്ക -ദളിത് ന്യൂന പക്ഷ കൂട്ടായ്മ എന്ന മഅദനി സ്വപ്നം എങ്ങുമെത്തിയില്ല.പി ഡി പി വെറുമൊരു മുസ്ലിം രാഷ്ട്രീയ പാർട്ടിയായി ഒതുങ്ങി.
കേജ്രിവലിന്റെ നല്ല കാലത്തിനോ എന്തോ കഴിഞ്ഞ യു പി എ ഭരണ കാലത്ത് ആവശ്യത്തിലേറെ അഴിമതി കഥകൾ വീണു കിട്ടി.അണ്ണാ ഹസ്സരയുമൊതു രാംലീല മൈതാനിയിൽ തുടങ്ങിയ അഴിമതി വിരുദ്ധ സമരം വിദ്യാസമ്പന്നരായ ലക്ഷകണക്കിന് യുവതെയെയാണ് ആകർഷിച്ചത്. അവരെ ഏറെ ക്കുറെ തനിക്കൊപ്പം നിറുത്തുന്നതിലും കേജ്രിവാൾ വിജയിച്ചു.പക്ഷെ,അന്നത്തെ മുഖ്യ സഹകാരികളായ ഹസ്സാരെയും കിരണ്‍ ബേദിയും കൂട് വിട്ട് പോയത് വലിയ നഷ്ടമായി.കേജ്രിവാലിന്റെ പ്രവർത്തനങ്ങളിൽ ആത്മാർഥത ദർശിച്ചത് കൊണ്ടാകാം ഒട്ടേറെ വിദ്യാഭ്യാസ വിചക്ഷണരും ജഡ്ജിമാരും ഐ പി എസ് കാരുമുൾപ്പെടെ സമൂഹത്തിൽ വിലയും നിലയുമുള്ള ഏറെ പേർ ആം ആദ്മിയിലേക്ക് കടന്നു വന്നത്.
ആപ്പിലേക്ക് കയറി വന്നതിനേക്കാൾ ഏറെ പ്രമുഖർ ഇപ്പോഴും അർദ്ധ മനസ്സോടെ പുറത്തു നില്പ്പുണ്ട്.അരുന്ധതി റോയിയെ പോലുള്ളവർ അതിൽ ചിലർ മാത്രം. നയ വ്യക്തതയില്ലായ്മയാണ് അവരുടെ അർദ്ധ മനസ്സിന് കണ്ടെത്തുന്ന മുഖ്യ കാരണം.ഏറെക്കുറെ അത് ശരിയുമാണ്. പക്ഷെ രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അൽപ്പം കൂടെ സാവകാശം നൽകേണ്ടതുണ്ട് . പക്ഷെ, പിണറായി വിജയൻ പറയുന്ന പോലെ ഒരു അരാഷ്ട്രീയ വാദം ആപ്പിൽ കാണേണ്ട ആവശ്യമില്ല.അഴിമതിക്കെതിരെ എന്നതല്ലാതെ മറ്റെന്തൊരു നയമാണ് ആപ്പിനുള്ളതെന്നു പിണറായി ചോദിക്കുന്നു. വർഗീയതക്കെതിരെ കടുത്ത പ്രഖ്യാപനങ്ങൾ നടത്തിയ കേജ്രിവാൾ മതേതര വിശ്വാസികൾക്ക് പ്രതീക്ഷകൾ നല്കുന്നുണ്ട്." ഞങ്ങൾ 18 കോടി മുസ്ലിംകൾക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു എന്ന ചോദ്യത്തിനു നിങ്ങൾ 18 കൊടിയല്ല നാം 120 കൊടിയാനെന്നാനു കേജ്രിവാൾ മറുപടി നല്കിയത്.കടുത്ത വർഗീയത മനസ്സിൽ സൂക്ഷിക്കുന്നവരുടെ വരെ മനസ്സിളക്കാൻ പ്രാപ്തമാണ് ഈ വാകുകളെന്നു നമുക്ക് വിശ്വസിക്കാം.
കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യുന്ന പോലെ ഒരു മനുഷ്യ ജീവിതത്തിനു വേണ്ട ജീവിത ക്രമങ്ങൾ പടചെടുക്കുന്ന ഒരാശയ സംഹിത സമർപ്പിക്കേണ്ട ബാധ്യതയൊന്നും ഇവിടെ രാഷ്ട്രീയ പാർട്ടികൾക്കില്ല. അതെല്ലാം മതത്തിന്റെ വരുതിയിൽ വരുന്നു.
പൌരന്മാരുടെ അടിസ്ഥാന പ്രശ്നങ്ങളായ ഭക്ഷണം പാർപ്പിടം വസ്ത്രം എന്നിവയിൽ നിന്നും തുടങ്ങി വിദ്യാഭ്യാസം സാമൂഹിക ജീവിതം ഗതാഗത സംവിധാനങ്ങൾ ആരാധന സ്വതന്ത്രം മുതലായവ സ്വസ്ഥമായും ക്രമമായും ചെയ്തു പോരാനുള്ള അനുയോജ്യ അവസ്ഥ സൃഷ്ടിച്ചുതരിക എന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രഥമ കർമ പരിപാടി. കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന പോലെ അവരുടെ വിശ്വാസ കർമങ്ങളെ കൂടെ സ്വോധീനിക്കേണ്ട ബാധ്യത രാഷ്ട്രീയ പാർട്ടികൽക്കില്ല. ബി ജെ പി ,ശിവ സേന പോലുള്ള രാഷ്ട്രീയ പാർട്ടികൾ അത്തരം ഇടപെടലുകൾ ശക്തമായി നടത്തിയതിന്റെ ദുരന്ത ഫലങ്ങളാണ് മതേതര ഇന്ത്യ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായി നില നില്ക്കുന്ന രണ്ടു സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. ഇവിടെങ്ങളിൽ മത വിശ്വാസത്തിനു എന്ത് കുറവാണുള്ളത്?...എന്താണിതിനർത്ഥം ?...കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ഘടകമായ ദൈവിക നിരാകരണത്തെ അവർ തന്നെ അംഗീകരിക്കുന്നില്ല എന്നല്ലേ ഇത് വ്യകതമാക്കുന്നത്.
എങ്കിലും,ആപ് നയ നിലപാടുകൾ വ്യക്തമാക്കേണ്ട ഒട്ടനേകം മേഖലകൾ അല്ലാതെ തന്നെ കിടപ്പുണ്ട്. വിദേശ നിക്ഷേപം,കാർഷിക മേഖല,ഇസ്രയേൽ അമേരിക്ക തുടങ്ങിയ കൊളോണിയൽ ശക്തികളോടുള്ള സമീപനങ്ങൾ -തുടങ്ങീ സമകാലികമായി നമ്മെ ബാധിക്കുന്ന വിഷയങ്ങളിൽ ആപ് നയം വ്യക്തമാക്കി അർദ്ധ മനസ്സിൽ നില്ക്കുന്നവരെ സ്വതന്ത്രമാക്കണം.
ഡൽഹിയിൽ സാധ്യമാക്കിയത് പോലെ ഒരു അധികാര പ്രവേശമാണ് കേജ്രിവാലിന്റെ ഭാരത പര്യടനത്തിലൂടെ ആപ് ലക്‌ഷ്യം വെക്കുന്നത്. പക്ഷെ,ഗുണതെക്കാളേറെ ദോഷമേ ഇപ്പോൾ ആപ്പിനു ഇത് നല്കുകയുള്ളൂ .പൊരുതി നിൽക്കാനുള്ള കുറെ ഏറെ എം പി മാരെ സൃഷ്ടിചെടുക്കുന്നതിനപ്പുറാം നിൽപ്പുറപ്പിക്കും മുൻപ് ഇന്ത്യ പോലുള്ള ഒരു മഹാരാജ്യത്തിന്റെ ഭരണം കയ്യാളാനുള്ള രാഷ്ട്രീയ താണിയൊന്നും ആപ് നേടിയെടുത്തിട്ടില്ല.കുറച്ചു കൂടെ വർഷങ്ങൾ എടുത്തു സംഘടനാ സംവിധാനം കുറെ കൂടെ ശക്തവും സുദൃഡവും ആകിയതിനു ശേഷം  അത്തരമൊരു സാഹസത്തിനു  മുതിരലാണ് ആപ്പിനു നല്ലത്.
49 ദിവസത്തെ ഭരണം കൊണ്ട് ഒട്ടേറെ പരിഷ്കരണ പ്രവർത്തങ്ങൾക്ക് കേജ്രിവാൾ മുന്നിട്ടിറങ്ങിയെങ്കിലും അദ്ധേഹത്തിന്റെ ചില പ്രഖ്യാപനങ്ങൾ യഥാർത്ഥ ഫലം ചെയ്തുവോയെന്നു പലരും സന്ധേഹിക്കുന്നുണ്ട്. ഉദാഹരണമായി ഡൽഹിയിൽ പ്രഖ്യാപിച്ച ഇലക്ട്രിസിറ്റി ബില്ലിളവ്‌ . പകുതിയായി വെട്ടി കുറച്ച കറന്റു ചാർജു പ്രത്യക്ഷത്തിൽ ജനങ്ങൾക്ക്‌ ആശ്വാസമായെങ്കിലും പരോക്ഷമായി ജനങ്ങളുടെ പണം തന്നെയെല്ലേ സബ്സിഡിയായി ചോർന്നത്‌ . അമ്പതു ശതമാനം സർക്കാർ സബ്സിഡി നൽകുമ്പോൾ സാധാരണകാരന്റെ നികുതിപ്പണത്തിൽ നിന്നു തന്നെയാണ് റിലയൻസ് പോലെയുള്ള കുത്തക സ്വകാര്യ കമ്പനികളുടെ കാശ് കൌണ്ടറിലേക്ക് പണമോഴുകിയത്. നേരെ മറിച്ചു വൈദ്യുത വിതരണം നടത്തുന്ന കമ്പനികളെ കൊണ്ട്  വില കുറപ്പിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ സാധാരണക്കാരന് പൂർണ ആശ്വാസമാകുമായിരുന്നു. ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ പ്രവർത്തി പഥത്തിൽ കൊണ്ട് വരാൻ എത്രത്തോളം സാധ്യമാകും എന്ന് കൂടെ വിലയിരുത്തുന്നത് നന്നായിരിക്കും.
സാംസ്കാരിക മേഖല,ശാസ്ത്രീയ മേഖല,എന്ന പോലെ തന്നെ രാഷ്ട്രീയവും അതിനെ ചുറ്റി പറ്റി മാത്രമുള്ളവരുടെ ഒരു മേഖലയാണ് ഇന്ത്യയിൽ. സത്യത്തിൽ എല്ലാ മേഖലയിലുമുള്ളവർ ഒന്ന് ചേരേണ്ട ഒരു മേഖലയെല്ലേ രാഷ്ട്രീയം. ബുദ്ധിയും ഗ്രാഹ്യ ശക്തിയുമുള്ള വലിയൊരു വിഭാഗം എന്നും അകന്നു നിന്ന് മാത്രമാണ് രാഷ്ട്രീയത്തെ വീക്ഷിക്കാര് . അവരെ കൂടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുക എന്ന വലിയൊരു ദൌത്യം ആപ്പിനു നിറവേറ്റാനുണ്ട് . ആപേക്ഷികമായി അത് നിറവേറ്റുന്നത്  "ആപ് " തന്നെ എന്ന സത്യം വിസ്മരിക്കുന്നില്ല.
സത്യത്തിൽ ഇതൊന്നുമല്ല ആപ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി. വ്യതസ്ത മത വിഭാഗങ്ങളും ജാതികളും ഉപ ജാതികളും സമ്മിശ്രമായി കഴിയുന്ന ലോകത്തെ അപൂർവ്വം രാജ്യമാണ് ഇന്ത്യ. ജാതി താല്പര്യവും സാമുദായിക ചിന്തയും ചെറുതായൊന്നുമല്ല സമൂഹത്തെ സ്വോധീനിചിട്ടുള്ളത് . നമ്മുടെ കൊച്ചു കേരളത്തിലെ സാമുദായിക അവസ്ഥ തന്നെ പരിശോധിച്ചാൽ നമുക്കത് മനസ്സിലാക്കാൻ കഴിയും. അപ്പോൾ പിന്നെ പ്രവിശാലമായ ഇന്ത്യാ മഹാ രാജ്യത്തെ ആയിരക്കണക്കിന് ജാതി സംഘടനകളെയും സാമുദായിക പ്രസ്ഥാനങ്ങളെയും പിണക്കാതെ എങ്ങിനെ കൊണ്ട് പോകാം എന്നിടത്താണ് കേജ്രിവാൾ പരീക്ഷണങ്ങൾ നടത്തേണ്ടത്. സ്ഥാനാർഥി നിർണയത്തിലും പ്രകടന പത്രികയിലും പദ്ധതി പ്രഖ്യാപനങ്ങലിലുമെല്ലാം ഈ വെല്ലുവിളി മുന്നിൽ കാണേണ്ടതുണ്ട്. ബി ജെ പി പോലുള്ള മതകീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ വിഭിന്ന വികാരങ്ങളെ മാനിക്കേണ്ട ആവശ്യമില്ല.പക്ഷെ, ആപ്പിനെ പോലുള്ള ഒരു മതേതര പ്രസ്ഥാനത്തിന്റെ അവസ്ഥ അതല്ലല്ലോ....
ചുരുക്കി പറഞ്ഞാൽ തിരിച്ചു പോകാൻ കഴിയാത്ത വിധത്തിൽ കുറഞ്ഞ കാലം കൊണ്ട് കേജ്രിവാലും സംഘവും ബഹുദൂരം മുന്നേറി കഴിഞ്ഞു. പക്ഷെ, സൂപ്പെർ ഗെയിമുകൾ ഇനിയാണ് കിടക്കുന്നത്.ലൈഫ് ചാൻസുകൾ വളരെ കുറവാണ് .നോക്കൌട്ട് മത്സരങ്ങൾ എന്ന് വേണമെങ്കിൽ പറയാം. ആവേശതിനടിമാപ്പെടാതെ സശ്രദ്ധം നീങ്ങിയാൽ ലക്ഷ്യതിലെതാനുള്ള സാദ്ധ്യതയുണ്ട്. അതായതു ആം ആദ്മി ഇന്ത്യ ഭരിക്കും. അല്ലെങ്കിൽ പതിവ് പോലെ അംബാനിമാർ തന്നെ ഭരണം നടത്തും

2014 മാർച്ച് 19, ബുധനാഴ്‌ച

തിവാരിയും അബ്ദുള്ളകുട്ടിയും നമ്മുടെ രാഷ്ട്രീയ സദാചാരവും, ഭാഗം-2


എത്ര വലിയ വെളിപ്പെടുത്തലുകൾ വന്നാലും പിടിച്ചു നിൽക്കാനുള്ള കരുത്ത് നമ്മുടെ രാഷ്ട്രീയ നേതാക്കൾ ആർജിചെടുതിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള ഗൂഡ ശ്രമം എന്ന നാലുവരി പ്രസ്താവന മാത്രം മതി, അണികൾ ശാന്തരായിക്കൊള്ളും. തുടർന്നതിനെ കുറിച്ചു ചിന്തിക്കുകയേ ഇല്ല. മല പോലെ വന്ന എത്രയെത്ര കേസുകളാണ് നമ്മുടെ കൊച്ചു കേരളത്തിൽ വരെ മഞ്ഞു പോലെ ഉരുകി തീര്ന്നിട്ടുള്ളത്. നിയമ സഭാ സാമാജികൻ തന്നോടൊപ്പം ശയിക്കുന്നത് വീഡിയോയിൽ പകർത്തി പൊതു ജനത്തിന് സമർപ്പിച്ചു കൊടുത്തു, വിരുതയായ ഒരുത്തി. എന്നിട്ട് വിലപ്പോയോ ജനം അത് എന്നോ മറന്നു.
വിതുരയും പറവൂരും ഐസ് ക്രീമും തെറ്റയിലും നളിനിയും തുടങ്ങി എണ്ണിയാലോടുങ്ങാത്ത കേസുകളും വെളിപ്പെടുത്തലുകളും നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ പലപ്പോഴായി ഉയർന്നു വന്നിട്ടുണ്ട്.പക്ഷെ, ഒന്നിനും ആയുസ്സില്ലെന്നതാണ് യാഥാർത്ഥ്യം. ഒതുക്കാനുള്ള ശക്തി രാഷ്ട്രീയ തലകൾക്കും ;മറക്കാനുള്ള കഴിവ് പൊതുജനത്തിനുമുണ്ടെങ്കിൽ പിന്നെയെന്തിനു പേടിക്കണം. പണ്ടൊരു ഉന്നത നേതാവിനെ സംശയാസ്പദമായ നിലയിൽ ഒരു യുവതിക്കൊപ്പം ലോഡ്ജ്ൽ നിന്നും പിടികൂടി അതെ ജില്ലയിൽ അതെ പാർട്ടിയുടെ ഓഫീസിൽ ഒരു യുവതി കൊല്ലപ്പെട്ടത്തിന്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല.
നിയമങ്ങളിലെ പഴുതുകളാണോ അതോ നിയമത്തിന്റെ അപര്യാപ്തതയോ കുറ്റ വാളികൾ എവിടെയുമെത്തുന്നില്ല.
കുറച്ചു ദിവസം നല്ലത് പോലെ ആഘോഷിച്ചു മീഡിയകൾ പുതിയത് തേടി യാത്രയാവുന്നു.അവരെ പറഞ്ഞിട്ടും കാര്യമില്ല.ജനങ്ങൾ ആഗ്രഹിക്കുന്നതെല്ലേ അവർക്ക് നല്കാനാവൂ...
മന്ത്രി പുത്രനായ ഒരു മുൻ മന്ത്രിയുടെ വിവാഹ മോചനവും പുനർവിവാഹവും അടുത്തിടെയാണ് ആഘോഷിക്കപ്പെട്ടത്‌. അതിനടുത്ത ദിവസങ്ങളിൽ തന്നെ കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി ഭർത്താവിന്റെ മൊബൈലിൽ നിന്ന് പാകിസ്ഥാനിലെ ഒരു സുന്ദരിയുടെ ഫോണിലേക്ക് തുരു തുരെ എസ് എം എസുകൾ പാഞ്ഞതും ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയതും.പ്രായം ചെന്ന ഒരു എം പി യുവതിയായ സിനിമാ നടിയെ തലോടിയതും പീഡനം നടി നല്ല പോലെ ആഘോഷിച്ചതും മാസങ്ങൾക്ക് മുൻപായിരുന്നു.
 വളർന്നു വരുന്ന തലമുറയുടെ ആരാഷ്ട്രീയവസ്ഥയെ കുറിച്ച് ഏറെ ആശങ്കാ കുലരാണ്  നാം. ഇന്റർനെറ്റിലും തൊഴിൽ മേഖലയിലും ഒതുങ്ങി കൂടി സ്വയം ഉൾവലിയാൻ ശ്രമിക്കുന്ന ഒരു തലമുറയെ കുറിച്ചാണ് ഈ ആശങ്ക. നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ സഞ്ചാരം ഈ നിലക്കാണെങ്കിൽ അവരെയെങ്ങിനെ കുറ്റപ്പെടുതാനാകും. പൊതു നിരത്തിൽ  ഉടു മുണ്ടഴിച്ചും തെറി വിളിച്ചും കൊലവിളിച്ചും മുന്നേറുന്ന രാഷ്ട്രീയ നേതൃത്വം ആശങ്ക പെടുന്നതെന്തിനു?
രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും ബൈലോകളും കടലാസുകളിൽ തന്നെ വിശ്രമിക്കുന്നു. അവിഹിത മാർഗത്തിൽ എർപ്പെട്ടതിന്റെ പേരില് ഒരംഗതിനെതിരെയും നടപടിയെടുക്കാൻ ഒരു കക്ഷിയും മുന്നോട്ടു വരുന്നില്ലല.പരമാവധി സംരക്ഷണം കൊടുക്കുകയാനവർ ചെയ്യുന്നത്.എത്ര വലിയ തെമ്മാടിത്തരം ചെയ്താലും സംരക്ഷണത്തിന്റെ കോട്ട വലയം തീർക്കാൻ പാര്ട്ടിയും അനുയായികളു മുള്ളപ്പോൾ പിന്നെന്തിനു പേടിക്കണം?തെറ്റ് ചെയ്യാത്തവർ വേണ്ടേ കല്ലെറിയാൻ?മോന്തായം  തന്നെ  വളഞ്ഞാൽ എന്ത്‌ ചെയ്യും?
സരിതയുടെ വെളിപ്പെടുതലിലൂടെ അബ്ദുള്ള കുട്ടിയുടെ ചിരി മാഞ്ഞ പോലെ മറ്റു പലർക്കും ചിരി നഷ്ടപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഊഴമെന്നാനെന്നാലോചിച്ചു നിദ്രാവിഹീനരാനവരിപ്പോൾ. പത്തു മാസമായി താനനുഭവിക്കുന്ന വേദനയുടെ ഒരു ശതമാനമെങ്കിലും തന്നോടൊപ്പം പലതും പങ്കു വെച്ചവരും അനുഭവിക്കെട്ടെ എന്ന നിലപാടാണവർക്ക്. ഒന്നുമില്ലായ്മയിൽ നിന്നും ഇവിടം വരെയെതാനും പലരെയും ഇരുതെണ്ടത് പോലെ ഇരുത്താനും സരിതയ്ക്ക്  കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മുടെ നേതാക്കൾ ഉള്ളുകൊണ്ട് പേടിക്കുന്ന പോലെ എന്തൊക്കെയോ ഉണ്ട് എന്ന് തന്നെ അല്ലെ...
രാഷ്ട്രീയക്കാർക്കൊപ്പം തന്നെ സദാചാര ബോധത്തിന്റെ അപ്പോസ്തലന്മാരായി വാഴ്ത്തപ്പെടുന്ന മടങ്ങളും പുണ്യ പുരുഷന്മാരും ഈ ച്യുതിയിൽ അകപ്പെടുന്നതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.അമൃതാനന്ദ മയീ മടവുമായി ചുറ്റി പറ്റി അരങ്ങേറി കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ വിശ്വാസി ജനങ്ങളോട് കാണിച്ച ചതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.

അതെ പ്രകാരം തിരുവനതപുരം പാളയം പള്ളിയിലെ താടി നീട്ടി വളർത്തിയ ഒരു മൌലവി ഖുർആൻ ക്ലാസിന്റെ മറവിൽ പഠിതാവിനെ വശതാക്കിയതും ഗത്യന്തരമില്ലാതെ രഹസ്യ വിവാഹം ചെയ്തതും ഇതേ ഗണത്തിൽ പെടുതെണ്ടാതാണ്. ഇവർ നേടി കൊണ്ടിരിക്കുന്ന ആദരവുകൾ അനർഹാമാനെന്നത് തന്നെ കാരണം.
രാജ്യത്തിന്റെ മതേതര പാരമ്പര്യങ്ങളും സദാചാര മൂല്യങ്ങളും വാതോരാതെ പ്രസംഗിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാകൾ അൽപമെങ്കിലും ആത്മാർഥത ഈ വിഷയത്തിൽ പ്രകടിപ്പിച്ചില്ലെങ്കിൽ ന്യൂ ജനറേഷൻ രാഷ്ട്രീയത്തിനു നൽകുന്ന പേരും വിലാസവും മറ്റെന്തെല്ലാമോ ആയിരിക്കും 

2014 മാർച്ച് 7, വെള്ളിയാഴ്‌ച

തിവാരിയും അബ്ദുള്ളകുട്ടിയും നമ്മുടെ രാഷ്ട്രീയ സദാചാരവും, ഭാഗം-1



പണ്ടൊരു അമേരിക്കൻ പര്യടനം കഴിഞ്ഞു തിരിചെത്തിയ സരസനായ മുൻ മുഖ്യ മന്ത്രി ഇ.കെ.നായനാർ പറഞ്ഞു. "നമ്മുടെ നാട്ടിൽ ചായ കുടിക്കുന്നത് പോലെയാണ് അമേരിക്കയിൽ പെണ്‍ വാണിഭവും സ്ത്രീ-പുരുഷ സംസർഗവും നടക്കുന്നത്. നായനാർ അപ്പോൾ മാത്രം അതു നേരിട്ടറിഞ്ഞത് കൊണ്ടാവാം അദ്ധേഹതിനത്തിൽ പുതുമ തോന്നിയതും തന്റെ നർമം നിറഞ്ഞ ഭാഷയിലൂടെ നമ്മോടു പറഞ്ഞതും.അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ-യൂറോപ്യൻ രാഷ്ട്രങ്ങളിലെ ലൈംഗിക ഉദാരവത്കരണവും അരാജകത്വവും എല്ലാവര്ക്കും എന്നോ അറിയുന്ന കാര്യമാണ് . പച്ച മലയാളത്തിൽ പറഞ്ഞാൽ ആണിനും പെണ്ണിനും താല്പര്യമുണ്ടെങ്കിൽ പിന്നെയൊരു സദാചാര പോലീസിനെയും പേടിക്കണ്ട.....പക്ഷെ, എന്നിട്ടു പോലും അവിടെ ഒരു മുൻ പ്രസിഡണ്ട്‌ ലൈംഗിക അപവാദ കേസിൽ പെടുകയും ജനകീയ വിചാരണക്കു വിധേയനാവുകയും ചെയ്തത് കഴിഞ്ഞ കാലങ്ങളിൽ നാമറിഞ്ഞ സത്യം. അമേരിക്കയിലെ ജീവിത സാഹചര്യങ്ങൾ വെച്ച് വിലയിരുത്തുമ്പോൾ ഒരു പുരുഷനായ ബിൽക്ലിന്റന്  സുന്ദരിയായ മോണിക്ക ലെവിന്സ്കിയോട് തോന്നുന്ന അഭിനിവേശവും അവളുടെ കൂടെ താൽപര്യ പൂർവമുള്ള ഇടപെടലുകളും ഒരു ചർച്ചയെ ആക്കേണ്ട ആവശ്യമില്ല. പ്രായപൂർത്തിയായിട്ടും തന്റെ മകനോ മകളോ ഗേൾ ഫ്രണ്ടും ബോയ്‌ ഫ്രണ്ടുമില്ലാതെ ജീവിക്കുന്നത് കാണുമ്പോൾ അവിടെയുള രക്ഷിതാക്കൾക്ക് ആധിയാണെത്രെ..തങ്ങളുടെ മകനു/ മകൾക്ക് മാനസികമായി വല്ല തകരാറുമുണ്ടോ ?..ഇത്ര മാത്രം ലൈംഗിക  ഉദാരത നില നില്ക്കുന്ന രാജ്യത്ത് രണ്ടു പ്രായ പൂര്തിയായാവരുടെ അടുപ്പത്തെ ഈ നിലയ്ക്ക് ആഘോഷിചെങ്കിൽ അത് മറ്റൊന്നും കൊണ്ടല്ല, ആ ജനത ആരോപണ വിധേയനായ അലങ്കരിച്ചിരുന്ന പദവിക്ക് കണ്ട മാന്യതയായിരുന്നു.
                                  സദാചാര മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ ഭാരതീയരുടെ അത്ര തന്നെ പോരിശ അവകാശപ്പെടാൻ അർഹതയില്ലാത്ത അമേരിക്കയിലെ അവസ്ഥ ഇതാണെങ്കിൽ സദാചാര ബോധം നഷ്ടപ്പെടുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളെ പൊതു ജനം ഏതു നിലയ്ക്ക് കൈകാര്യം ചെയ്യണം?...
സ്വാതന്ത്ര ലബ്ധിയുടെ തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നെഹ്‌റു ഒരു പ്രസംഗം നടത്തി.ഡൽഹിയിൽ വെച്ചു നടന്ന ഒന്നാം ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനമായിരുന്നു വേദി. ഇന്ത്യൻ സംസ്കാരത്തിന്റെ മഹത്വവും മൂല്യവും മറ്റു രാഷ്ട്ര നേതാക്കന്മാരെ ബോധ്യപ്പെടുതാനായിരുന്നു അന്നദേഹം തന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗ സമയവും വിനിയോഗിച്ചത്. ഇന്ത്യയുടെ ചുറ്റു വട്ടത്തുള്ള അഫ്ഗാനിസ്ഥാൻ, പശ്ചിമ ഏഷ്യ ,മധ്യ ഏഷ്യ ,ചൈന  തുടങ്ങിയ സ്ഥലങ്ങളിൽ നിങ്ങൾ എന്തെങ്കിലും മൂല്യമോ മഹത്തമോ ദർശിക്കുന്നുണ്ടെങ്കിൽ അത് പോലും ഇന്ത്യൻ സംസ്കാരത്തോട്‌ ഒട്ടി നിന്ന കാരണത്താൽ പകർന്നു കിട്ടിയതാണെന്ന് അന്നദേഹം തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കയുണ്ടായി.ചുരുക്കി പറഞ്ഞാൽ ലോകത്തിനാകമാനം മാതൃകയാക്കാവുന്ന മൂല്യ സംഹിതകൾ കാത്തു സൂക്ഷിക്കുന്ന ഒരു വിശുദ്ധ നാഗരികതയുടെ വക്താക്കളാണ് നാം.
പക്ഷെ, കുറച്ചു കാലങ്ങളായി നമ്മുടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് നമ്മെ തേടിയെത്തുന്ന വാർത്തകളോ?...കേരളത്തിൽ നിന്നും കേന്ദ്രത്തിൽ നിന്നും ഒന്ന് വീതം വെളിപ്പെടുതലുകലാണ് കൂട്ടത്തിൽ ഏറ്റവും പുതിയത്.
സംഭവ ബഹുലമായ ഒരു രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലങ്ങളിലാണ് വലിയൊരു ഏറ്റുപറച്ചിലുമായി തന്റെ തന്നെ മൂല്യ ശോഷണത്തിന്റെ കഥ നാരായണ്‍ ദത്ത് തിവാരി എന്ന കോണ്‍ഗ്രസ്  പ്രസ്ഥാനത്തിന്റെ ആചാര്യൻ തുറന്ന് സമ്മതിക്കുന്നത്. രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉന്നത വഴികളിലൂടെയായിരുന്നു തിവാരി ഇത്ര കാലവും സഞ്ചരിച്ചത് .
പൂർണാനന്ദ് തിവാരി എന്ന ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റ് ഓഫീസറുടെ മകനായി 1925 ൽ ജനനം. ഉത്തർ പ്രദേശിലെ നേനിട്ടാൽ ,ബറേലി,ഹാൽദ്വനി തുടങ്ങിയവിടങ്ങളിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിൽ വിദ്യഭ്യാസം. അലഹാബാദ് യൂണിവെഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം.അതെ യൂണി വെഴ്സിറ്റിയിൽ നിന്നും എൽ .എൽ ബി. ഓൾ ഇൻഡ്യ സ്റ്റുഡാന്റ്റ്‌  കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക്. മൂന്ന് തവണ ഉത്തർ പ്രദേശ്‌ മുഖ്യമന്ത്രി.ഉത്തരാഖണ്ട്  രൂപീകരിച്ചതിന് ശേഷം ഒരു തവണ അവിടെയും മുഖ്യമന്ത്രി. ലോക്സഭയിലും രാജ്യ സഭയിലും സജീവ സാന്നിധ്യം.രാജീവ് ഗാന്ധി മന്ത്രി സഭയിൽ വിദേശകാര്യം കൈകാര്യം ചെയ്തു. കോണ്‍ഗ്രസ്‌ അഖിലേന്ത്യാ പ്രസിഡണ്ട്‌. ഇങ്ങിനെ കടന്നു പോയത് സംഭവ ബഹുലമായ ജീവിതത്തിലൂടെ. അതായത് എന്നും ജനങ്ങളോട് ഒട്ടി നിൽക്കേണ്ട, ജനങ്ങളിൽ നിന്നു ബഹുമാനാദാരവുകൾ അർഹിക്കുന്ന തിരക്കിട്ട ജീവിതം. പക്ഷെ ഇതിനിടയിലും ഇത്ര വലിയ രാഷ്ട്രീയ അചാര്യനു പിഴച്ചതെവിടെ?..എങ്ങിനെ?.. 
അതിനേക്കാൾ ഏറ്റവും ആശ്ചര്യവും സങ്കടവും തോന്നിയത് 34 വയസ്സുള്ള ഒരു യുവാവ്‌ താങ്കൾ എന്റെ അച്ഛനാണെന്ന്  ഇന്ത്യ ഓണടങ്കം ബഹുമാന പൂർവ്വം കാണുന്ന ഒരു രാഷ്ട്രീയ കാരണവരുടെ മുഖത്ത് നോക്കി പറയുമ്പോൾ പ്രായാധിക്യത്തിൽ പോലും ആ യാഥാർത്ഥ്യം അംഗീകരിക്കാൻ തയ്യാറാകാത്ത അദ്ധേഹത്തിന്റെ മരവിച്ച മനസ്സിനെ കുറിചാലോചിച്ചായിരുന്നു. രോഹിത് ശേകർ എന്ന മകൻ അകെട്ടെ, തനിക്കു മറ്റൊരു ആനുകൂല്യവും വേണ്ട താൻ മകനാണെന്ന് അംഗീകരിച്ചാൽ മാത്രം മതിയെന്ന സഹാനുഭൂതിയുണർത്തുന്ന അഭ്യർഥനയും.
വർഷങ്ങളോളം കേസും ഫയലുമായി കോടതി കയറിയിറങ്ങി, അവസാനം ഡി.എൻ .എ  ടെസ്ടിനു കോടതി ഉത്തരവിട്ടപ്പോൾ അതിനു പോലും തയ്യാറാകാത്ത ദാർഷ്റ്റ്യമായിരുന്നു ആ വൃദ്ധ മനസ്സിൽ. ഗന്ത്യന്തരമില്ലാതെ അവസാനം എല്ലാം തുറന്നു സമ്മതിച്ചപ്പോൾ പിതാവിനും മകനും മകന്റെ മാതാവിനും ഹാപ്പിയെങ്കിലും കാലമിത്രയും സർവാദരവുകളോടെ ഈ മാന്യ ദേഹത്തെയും താങ്ങി നടന്നിരുന്ന ലക്ഷോപലക്ഷം അനുയായികളോട് എന്തു മറുപടിയാണ് നല്കാനുള്ളത്?
തങ്ങളുടെ കൂട്ടത്തിൽ നിന്നു തങ്ങളെ നയിക്കാൻ ഒരാളെ നേതാവായി തെരഞ്ഞെടുക്കുമ്പോൾ പൊതു ജനം അവരിൽ നിന്ന് ഒരുപാടു ഗുണമേന്മകൾ ആഗ്രഹിക്കുന്നുണ്ട്. ആദർശ നിഷ്ഠയുള്ള ഏതു പ്രതിസന്ധിയിലും മുന്നിൽ നിന്ന് നയിക്കുന്ന സദാചാര ബോധമുള്ള ഒരു നേതാവിനെയാണ് ജനം ആഗ്രഹിക്കുന്നത്.ഇനി,അങ്ങിനെയൊന്നുമല്ലെങ്കിൽ തന്നെ അത്തരമൊരു കുപ്പായവും അണിയിപ്പിച്ചു കൊണ്ടാണ് ജനം ജനകീയ നേതാക്കളെ എഴുന്നെള്ളിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു അസാന്മാർഗിയാണെന്ന് വിളിച്ചു പറയുന്ന ഒരു നേതാവിനെ കൊണ്ട് നടക്കാൻ ജനത്തിനൽപ്പം ബുദ്ധിമുട്ടുണ്ട്.

ജനകീയ എം.എൽ.എ എന്ന വിശേഷണത്തിലൂടെ തരംഗം തീർത്ത കണ്ണൂരിൽ നിന്നുള്ള അബ്ദുള്ളകുട്ടിയാണ്  മറ്റൊരു വെളിപ്പെടുതലിലൂടെ രാഷ്ട്രീയ സദാചാരത്തിന്റെ വേലിക്കെട്ടുകൾ തകർത്തിരിക്കുന്നത് . സരിതയുടെത് ചാരിത്ര പ്രസംഗം എന്നു പറഞ്ഞു തള്ളാമെങ്കിലും എന്തൊക്കെയോ ചിലത് മണക്കുന്നില്ലേ എന്നൊരു സന്ദേഹം പലർക്കുമുണ്ട്. സരിതയുടെ വാർത്താസമ്മേളനം കഴിഞ്ഞയുടെനെ അബ്ദുള്ളകുട്ടിയോടുള്ള പത്രക്കാരുടെ ചോദ്യങ്ങൾക്ക് പലതും അദ്ധേഹം തൃപ്തികരമായ മറുപടിയല്ല നല്കിയത്. ഏതായാലും നമ്മുടെ രാഷ്ട്രീയക്കാരുടെ പിന്നാമ്പുറങ്ങളിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. ജനങ്ങൾ വെച്ചു നീട്ടിയ അധികാരവും സംവിധാനങ്ങളും മറ്റു പല നിലക്കും ദുരുപയോഗം ചെയ്യുന്നതായി കുറെ മുൻപേ ജനം മനസ്സിലാക്കിയിട്ടുണ്ട്.കോളിളക്കം സൃഷ്ടിച്ച സൂര്യ നെല്ലി കേസ് മുതൽ കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ രാഷ്ട്രീയ നായകർ വേഷമിട്ട നീല ചിത്രങ്ങൾ ഒട്ടനവധിയുണ്ട്. പലതും കേസും അപ്പീലുമായി ഇപ്പോഴും നീണ്ടു പോവുകയും ചെയ്യുന്നുണ്ട്.പലർക്ക്കും മന്ത്രി പദവിയും പാർട്ടി പദവിയും നഷ്ട്ടപെടുകയും പൊതു ജന മദ്ധ്യേ വിചാരണ ചെയ്യപ്പെടുകയും ചെയ്തെങ്കിലും ജനങ്ങൾ എല്ലാം പൊടുന്നനെ എല്ലാം മറക്കുകയും വീണ്ടും വീണ്ടും വാരിപ്പുണരുകയും പതിനായിരങ്ങൾ ഭൂരിപക്ഷത്തിനു പർലിമെന്റിലെക്കും നിയമ സഭയിലേക്കും അയക്കുന്ന കാഴ്ചകൾക്കും കുറവില്ല. 

2014 മാർച്ച് 6, വ്യാഴാഴ്‌ച

കിനാവിലെ വർണങ്ങൾ ..ഉണർവിലെ കാഴ്ചകൾ ....


പാഞ്ഞടുക്കുന്ന ശത്രു വ്യൂഹത്തിൻ മുന്നിലവൻ
മലപോലെ നിന്നവനെന്നു കേട്ടപ്പോൾ
എനിക്കാരാധന തോന്നിയതവനോടല്ല,
മലയോടായിരുന്നു.
കാറ്റും കോളും തിരിച്ചു വിട്ട്
ഒരു ദേശത്തിൻ ആവാസ വ്യവസ്ഥിതിയും
കാല വസന്തങ്ങളും നിർണയിക്കാൻ കെൽപ്പുള്ള
ഗിരി ശക്തിയിൽ പലരെന്ന പോൽ
ഞാനും നമിച്ചു.
പിന്നീടെപ്പോഴോ അവന്റെ ഗർവിന്റെ
അടിവാരത്തിലൂടെ ഒരു തുരങ്കമായി
ചീറി പാഞ്ഞപ്പോൾ
മലയോടു ഞാൻ സഹതപിച്ചു.
കാറ്റിനു ഞാനിതു വരെ കേട്ട പേര്
മന്ദ മാരുതെനെന്നും ഇളം തെന്നലെന്നുമായിരുന്നു.
കുളിർ കാറ്റേറ്റു കൂമ്പി നിന്നവളെന്ന
വരികൾ കേട്ട് ഞാൻ പോലും
തരളിതയായിട്ടുണ്ട്.
പക്ഷെ, ഇന്നലെ ഞാൻ കണ്ട കാറ്റിനു
ക്രൗര്യതയും ദ്രംഷ്ടകൾ നീണ്ട വന്യതയുമായിരുന്നു.
നിലാവിൽ ഇളം തെന്നലിനെയും
കാത്തു കിടന്നവരെ തൂത്ത് വാരിയെടുത്ത കാഴ്ച
എന്നിൽ വീണ്ടും വീണ്ടും വിതച്ചത്‌ ഭീതിയുടെ വിതുകളായിരുന്നു.
നിശക്കും നിലാവിനും പുലരിക്കും മാതൃത്വത്തിനും ബാല്യത്തിനും
പള്ളികൂടത്തിനും വാദ്യാർക്കും പുസ്തക താളുകൾക്കും
പേനയ്ക്കും യോഗിക്കും വേദ ഗ്രന്ഥത്തിനും ഇടവഴികൾക്കും
ഇടതോടുകൾക്കും ....ഇവക്കെല്ലാം ഇത് വരെ
സ്നേഹത്തിന്റെയോ ആർദ്രദയുടെയോ ലാളനയുടെയോ
ഭാവ്യതയുടെയോ അറിവിന്റെയോ ജിന്ജാസനയുടെയോ
അകമ്പടിയുണ്ടായിരുന്നു.
നിശയുടെയും നിലാവിന്റെയും
പ്രണയവും ആർദ്രതയുമിന്നു കമപൂരണത്തിനും
ഗളചേദത്തിനും വഴിമാറി.
പുലരിയെന്നും കണി കണ്ടുണരുന്നതു
കരയാൻ കണ്ണു നീരില്ലാതെ
ഉഴലുന്ന പാഴ്ജന്മങ്ങളുടെ മുഖത്തു നോക്കി.
ഉദരത്തിലുറങ്ങിയതിനെ വിറ്റു കാശാക്കി
ഉദര പൂരണം നടത്തുന്ന മാതൃത്വത്തിനു പിഴച്ചതെവിടെ?
വയസ്സറിയിക്കും മുൻപേ കൽതുറങ്കിലേക്ക്
യാത്ര നടത്തുന്ന ബാല്യവും തന്റെ കയ്യിൽ
പിടഞ്ഞമരുന്നവളുടെ നഗ്ന മെനിക്കകതെ
തൂവെള്ള ഹൃദയം കാണാൻ ദൈവം കാഴ്ച
കൊടുക്കാത്ത ഗുരുവും നമുക്ക് മുന്നിൽ
കരിമണ്‍ കൂനകൾ തീർക്കുന്നു.
കലാലയങ്ങളിലെ കിണുങ്ങി ചിരികൾക്കും
തരളിത മൂളലുകൾക്കും പകരം
ആർതട്ടഹാസവും പൊട്ടിചിരികളും
ചിലപ്പോൾ സീൽക്കാര ശബ്ദങ്ങളും ......
നീല നിറം പകിട്ടേകിയ പുസ്തക താളുകളിൽ
നിന്നും അരക്കെട്ടിലേക്കു വീഴുന്ന അഗ്നികൾ
തീപ്പന്തമായി ആളിക്കതുന്നത് കൂടപ്പിറപ്പിന്റെ
നഗ്ന മേനിയിലേക്ക്‌.
യോഗിയുടെ അരമനക്കകത്ത്
അരങ്ങു തകർക്കുന്ന ഭോഗ
വിദ്യകളെ കൂപ്പി തൊഴാൻ ക്യൂ
നില്ക്കുന്ന കൂലി വേലക്കാർ ...
കാമം മൂലം കാമിനി മൂലം .....
പെണ്ണ് ഒരുമ്പെട്ടാൽ ,..
പെണ്‍ ദൈവമൊരുമ്പെട്ടാലും....

2014 മാർച്ച് 2, ഞായറാഴ്‌ച

പ്രകടന പത്രിക : വഞ്ചിക്കപെടാതിരിക്കെട്ടെ ....


ആന കൊടുത്താലും ആശ കൊടുക്കരുതെന്നെല്ലേ ചൊല്ല്.കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ആനയില്ലാതെ ആശ മാത്രമായി കഴിയുകയനെല്ലോ  ഇന്ത്യയിലെ കോടിക്കണക്കിനു വോട്ടർമാർ. തെരഞ്ഞെടുപ്പു  വിജയം ലക്ഷ്യം വെച്ചു പുറത്തിറക്കുന്ന പ്രകടന പത്രിക പിന്നീട് പേരിനെങ്കിലും തുറന്നു നോക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും താത്പര്യം കാണിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. ഈ അവസരത്തിലാണ് സുപ്രീം കോടതി നിർദേശത്തെ തുടർന്ന് തെരഞ്ഞെടുപ്പ്  കമ്മീഷൻ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ ശ്രദ്ധേയമാകുന്നത്.
പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ നിർദേശങ്ങളെ മറികടക്കുന്നതുമായ പ്രഖ്യാപനങ്ങൾക്കാണ്  സുപ്രീം കോടതി ഉത്തരവ് വഴി കൂച്ചു വിലങ്ങ് വീഴുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയുമെന്ന രൂപത്തിലുള്ള വാഗ്ദാനങ്ങൾ മാത്രമേ പൊതുജന സമക്ഷം സമർപ്പിക്കാവൂ എന്ന് കമ്മീഷൻ നിർദേശിക്കുന്നുണ്ട്. പക്ഷെ, കാലമിത്രയും രാഷ്ട്രീയ പാർട്ടികൾ പുറപ്പെടുവിച്ച പ്രകടന പത്രികയിൽ അത്തരത്തിൽ പ്രതീക്ഷ നല്കുന്ന ഒരായിരം പദ്ധതികളുണ്ടായിരുന്നു. ലളിതമായി നടപ്പിലാക്കാവുന്ന അത്തരം പദ്ധതികൾ പോലും പ്രാബല്യത്തിൽ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ട രാഷ്ട്രീയ പാർട്ടികൾ, ഇതെല്ലം തെരഞ്ഞെടുപ്പിന് മുൻപ് തങ്ങൾ സംവിധാനിക്കുന്ന പുകമറ മാത്രമാണെന്ന്  നമ്മെ വീണ്ടും വീണ്ടും ദ്യോതിപ്പിച്ചു കൊണ്ടേയിരിക്കുന്നു ....
പ്രകടന പത്രികയിലെ പൊള്ള വാഗ്ദാനങ്ങൾക്കെതിരെ കമ്മീഷൻ രംഗത്തെതുമ്പോൾ ഏതു നിലക്കാണ് ഈ നിർദേശം നടപ്പിൽ വരുതുന്നതെന്നറിയാൻ പൊതു ജനത്തിന് ആഗ്രഹമുണ്ട്. മോഹന വാഗ്ദാനങ്ങളുമായി രംഗത്തെത്തുകയും അധികാരതിലെതുന്നതോടെ 'പറ്റിച്ചേ " എന്നും പറഞ്ഞു വീണ്ടും അഞ്ചു കൊല്ലം ഞെളിഞ്ഞിരിക്കുവാനും നമ്മുടെ നേതാക്കൾക്ക് ഒരു ഉളുപ്പും കാണില്ല. അത് കൊണ്ട് കുറെ കൂടെ പ്രായോഗികമായ നിർദേശങ്ങൾ കമ്മീഷന്റെ ഭാഗത്തു നിന്നും ഈ വിഷയത്തിൽ ഉണ്ടാവേണ്ടതുണ്ട്.
ഓരോ രാഷ്ട്രീയ പാർട്ടികളും പുറപ്പെടുവിക്കുന്ന പ്രകടന പത്രികയിലെ കാര്യങ്ങൾ അക്കമിട്ടു കമ്മീഷൻ രേഖപ്പെടുത്തണം. പറഞ്ഞ കാലയളവിനുള്ളിൽ അധികാരം ലഭിച്ചിട്ടും വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പു വിജയത്തെ പോലും ചോദ്യം ചെയ്യുന്ന നിയമ നടപടികൾക്ക് അത് കാരണമാവുകയും വേണം. മുൻപ് പലപ്പോഴായി അധികാരത്തിൽ വന്ന പാർട്ടികൾ പുതുതായി പുറത്തിറക്കുന്ന പ്രകടന പത്രികകൾ പരിശോധിക്കുകയും ഇവരുടെ മുൻ പ്രകടന പത്രിക യാഥാർത്യമാക്കാൻ ഇവർ എത്രത്തോളം മുൻപോട്ടു പോയി എന്ന് വിലയിരുത്താനും കമ്മീഷന് കഴിയണം. വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച പറ്റിയവർ, വാക്ക് കസർതിനും വോട്ടു സമ്പാദ്യത്തിനുമായി പുതിയ പത്രികയിൽ എഴുതി ചേർത്ത വാഗ്ദാനങ്ങൾ ഭേദഗതി വരുത്തി പൊതു ജനത്തെ മോഹ ഭംഗത്തിൽ നിന്നും രക്ഷപ്പെടുത്താനും കമ്മീഷന് ബാധ്യതയുണ്ട്.
ഔദ്യോദികമായി പ്രകടന പത്രിക പുറത്തിരക്കിയിട്ടില്ലെങ്കിലും പ്രധാനപ്പെട്ട രണ്ടു വാഗ്ദാനങ്ങൾ മുന്നോട്ടു വെച്ചാണ് ആം ആദ്മി രംഗതിരങ്ങിയിരിക്കുന്നത്. കർഷകർക്കും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികർക്കും ആനുകൂല്യങ്ങൾ ,സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണം തിരിചെതികൽ - എന്നീ രണ്ടു പ്രഖ്യാപനങ്ങളാണ് പ്രഥമ ഘട്ടത്തിൽ അവർ മുന്നോട്ടു വെക്കുന്നത്. ദൽഹിയിലെ 49 ദിവസം മാത്രം നീണ്ട അവരുടെ ഭരണം വെച്ച് വിലയിരുത്തുമ്പോൾ മറ്റു പരമ്പരാഗത പാർട്ടികളെ അപേക്ഷിച്ചു പത്രിക പാലിക്കുന്നതിൽ ഊർജ ശ്രമം ഇവരുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് നമുക്ക് വിശ്വസിക്കാം.
ദാരിദ്ര നിർമാർജനം പറഞ്ഞു അധികാരതിലെതിയവർ ദരിദ്രരെ നിർമാർജനം ചെയ്തു വാക്ക് പാലിക്കാൻ തയ്യാറായ പാരമ്പര്യമാണ് 'ക്ഷേമ' ഭാരതതിറെ ഇന്നലകളിൽ നാം കണ്ടത്. അത്തരത്തിലുള്ള മോഹങ്ങൾക്കും മോഹ ഭംഗങ്ങൾക്കും പുതിയ നിർദേശം ഒരവസാനമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം ....