ആന കൊടുത്താലും ആശ കൊടുക്കരുതെന്നെല്ലേ ചൊല്ല്.കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ആനയില്ലാതെ ആശ മാത്രമായി കഴിയുകയനെല്ലോ ഇന്ത്യയിലെ കോടിക്കണക്കിനു വോട്ടർമാർ. തെരഞ്ഞെടുപ്പു വിജയം ലക്ഷ്യം വെച്ചു പുറത്തിറക്കുന്ന പ്രകടന പത്രിക പിന്നീട് പേരിനെങ്കിലും തുറന്നു നോക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും താത്പര്യം കാണിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. ഈ അവസരത്തിലാണ് സുപ്രീം കോടതി നിർദേശത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ ശ്രദ്ധേയമാകുന്നത്.
പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ നിർദേശങ്ങളെ മറികടക്കുന്നതുമായ പ്രഖ്യാപനങ്ങൾക്കാണ് സുപ്രീം കോടതി ഉത്തരവ് വഴി കൂച്ചു വിലങ്ങ് വീഴുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയുമെന്ന രൂപത്തിലുള്ള വാഗ്ദാനങ്ങൾ മാത്രമേ പൊതുജന സമക്ഷം സമർപ്പിക്കാവൂ എന്ന് കമ്മീഷൻ നിർദേശിക്കുന്നുണ്ട്. പക്ഷെ, കാലമിത്രയും രാഷ്ട്രീയ പാർട്ടികൾ പുറപ്പെടുവിച്ച പ്രകടന പത്രികയിൽ അത്തരത്തിൽ പ്രതീക്ഷ നല്കുന്ന ഒരായിരം പദ്ധതികളുണ്ടായിരുന്നു. ലളിതമായി നടപ്പിലാക്കാവുന്ന അത്തരം പദ്ധതികൾ പോലും പ്രാബല്യത്തിൽ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ട രാഷ്ട്രീയ പാർട്ടികൾ, ഇതെല്ലം തെരഞ്ഞെടുപ്പിന് മുൻപ് തങ്ങൾ സംവിധാനിക്കുന്ന പുകമറ മാത്രമാണെന്ന് നമ്മെ വീണ്ടും വീണ്ടും ദ്യോതിപ്പിച്ചു കൊണ്ടേയിരിക്കുന്നു ....
പ്രകടന പത്രികയിലെ പൊള്ള വാഗ്ദാനങ്ങൾക്കെതിരെ കമ്മീഷൻ രംഗത്തെതുമ്പോൾ ഏതു നിലക്കാണ് ഈ നിർദേശം നടപ്പിൽ വരുതുന്നതെന്നറിയാൻ പൊതു ജനത്തിന് ആഗ്രഹമുണ്ട്. മോഹന വാഗ്ദാനങ്ങളുമായി രംഗത്തെത്തുകയും അധികാരതിലെതുന്നതോടെ 'പറ്റിച്ചേ " എന്നും പറഞ്ഞു വീണ്ടും അഞ്ചു കൊല്ലം ഞെളിഞ്ഞിരിക്കുവാനും നമ്മുടെ നേതാക്കൾക്ക് ഒരു ഉളുപ്പും കാണില്ല. അത് കൊണ്ട് കുറെ കൂടെ പ്രായോഗികമായ നിർദേശങ്ങൾ കമ്മീഷന്റെ ഭാഗത്തു നിന്നും ഈ വിഷയത്തിൽ ഉണ്ടാവേണ്ടതുണ്ട്.
ഓരോ രാഷ്ട്രീയ പാർട്ടികളും പുറപ്പെടുവിക്കുന്ന പ്രകടന പത്രികയിലെ കാര്യങ്ങൾ അക്കമിട്ടു കമ്മീഷൻ രേഖപ്പെടുത്തണം. പറഞ്ഞ കാലയളവിനുള്ളിൽ അധികാരം ലഭിച്ചിട്ടും വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പു വിജയത്തെ പോലും ചോദ്യം ചെയ്യുന്ന നിയമ നടപടികൾക്ക് അത് കാരണമാവുകയും വേണം. മുൻപ് പലപ്പോഴായി അധികാരത്തിൽ വന്ന പാർട്ടികൾ പുതുതായി പുറത്തിറക്കുന്ന പ്രകടന പത്രികകൾ പരിശോധിക്കുകയും ഇവരുടെ മുൻ പ്രകടന പത്രിക യാഥാർത്യമാക്കാൻ ഇവർ എത്രത്തോളം മുൻപോട്ടു പോയി എന്ന് വിലയിരുത്താനും കമ്മീഷന് കഴിയണം. വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച പറ്റിയവർ, വാക്ക് കസർതിനും വോട്ടു സമ്പാദ്യത്തിനുമായി പുതിയ പത്രികയിൽ എഴുതി ചേർത്ത വാഗ്ദാനങ്ങൾ ഭേദഗതി വരുത്തി പൊതു ജനത്തെ മോഹ ഭംഗത്തിൽ നിന്നും രക്ഷപ്പെടുത്താനും കമ്മീഷന് ബാധ്യതയുണ്ട്.
ഔദ്യോദികമായി പ്രകടന പത്രിക പുറത്തിരക്കിയിട്ടില്ലെങ്കിലും പ്രധാനപ്പെട്ട രണ്ടു വാഗ്ദാനങ്ങൾ മുന്നോട്ടു വെച്ചാണ് ആം ആദ്മി രംഗതിരങ്ങിയിരിക്കുന്നത്. കർഷകർക്കും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികർക്കും ആനുകൂല്യങ്ങൾ ,സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണം തിരിചെതികൽ - എന്നീ രണ്ടു പ്രഖ്യാപനങ്ങളാണ് പ്രഥമ ഘട്ടത്തിൽ അവർ മുന്നോട്ടു വെക്കുന്നത്. ദൽഹിയിലെ 49 ദിവസം മാത്രം നീണ്ട അവരുടെ ഭരണം വെച്ച് വിലയിരുത്തുമ്പോൾ മറ്റു പരമ്പരാഗത പാർട്ടികളെ അപേക്ഷിച്ചു പത്രിക പാലിക്കുന്നതിൽ ഊർജ ശ്രമം ഇവരുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് നമുക്ക് വിശ്വസിക്കാം.
ദാരിദ്ര നിർമാർജനം പറഞ്ഞു അധികാരതിലെതിയവർ ദരിദ്രരെ നിർമാർജനം ചെയ്തു വാക്ക് പാലിക്കാൻ തയ്യാറായ പാരമ്പര്യമാണ് 'ക്ഷേമ' ഭാരതതിറെ ഇന്നലകളിൽ നാം കണ്ടത്. അത്തരത്തിലുള്ള മോഹങ്ങൾക്കും മോഹ ഭംഗങ്ങൾക്കും പുതിയ നിർദേശം ഒരവസാനമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ