മഅദനി തരംഗം കേരളത്തിൽ ശക്തമായ സമയത്ത് മഅദനിയെ ഗാന്ധിജിയോടുപമിച്ചു കമ്മ്യൂണിസ്റ്റ് ആചാര്യൻ സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട് നടത്തിയ പ്രസ്താവന രാഷ്ട്രീയ കേരളം ഏറക്കാലം കൊട്ടിഘോഷിച്ച ഒന്നായിരുന്നു. ഇപ്പോൾ ഇന്ത്യയാകെ അലയടിച്ചു കൊണ്ടിരിക്കുന്ന കേജ്രിവാൾ തരംഗത്തെ മഅദനി തരംഗവുമായി ഉപമിക്കുമ്പോൾ ചിലർക്കെങ്കിലും നെറ്റി ചുളിയാൻ സാധ്യതയുണ്ട്. വിഭിന്ന അഭിപ്രായങ്ങൾ പല കോണുകളിൽ നിന്നും ഉണ്ടാകാമെങ്കിലും ഒരു പാട് സാമ്യതകൾ ആശയപരമായും പ്രകടന പരമായും രണ്ടു പേരിലും സമ്മേളിച്ചിരുന്നു. "അവർണ്ണന് അധികാരം പീഡിതർക്ക് മോചനം " എന്ന മുദ്രാവാക്യമായിരുന്നു തന്റെ പാർട്ടിയുടെ പ്രഖ്യാപിത നയമായി മഅദനി മുന്നോട്ടു വെച്ചത്. ആം ആദ്മി മുന്നേറ്റത്തിലൂടെ കേജ്രിവാൾ അവതരിപ്പിക്കുന്നതും ഏറെക്കുറെ ഇതേ നയം തന്നെ.ഐ എസ് എസ് എന്ന ഒരു തീവ്ര സാമുദായിക സംഘടനയുടെ പശ്ചാത്തലം മഅദനിയുടെ രാഷ്ട്രീയ പ്രവേശനത്തിനില്ലായിരുന്നുവെങ്കിൽ അദ്ധെഹത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.
"സാധാരണക്കാരൻ " എന്ന പ്ലാറ്റ്ഫോമിലുപരി പീഡിതർ, അവർണർ ,എന്ന കാറ്റഗറിക്ക് മഅദനി പ്രാമുഖ്യം കൊടുത്തു. തന്റെ പാർട്ടി എന്നെങ്കിലും അധികാരത്തിലെത്തുകയാണെങ്കിൽ പിന്നോക്ക വിഭാഗത്തിൽ പെട്ട ഒരു അവർണനായിരിക്ക്കും അതിനെ നയിക്കുക എന്ന് പ്രഖ്യാപിക്കാനും അദ്ദേഹം മടി കാണിച്ചില്ല. ദേശീയ തലത്തിൽ തന്നെ മുലായം സിംഗുമായി കൂടി കാഴ്ച നടത്തി ദലിത് പിന്നോക്ക വിഭാഗങ്ങളെ ഒരുമിപ്പിക്കെണ്ടാതിന്റെ ആവശ്യകതയും സമകാലിക അനിവാര്യതകളും ചർച്ചയ്ക്കു തുടക്കമിടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അംബെദ്ക്കറുടെ ജന്മദിനത്തിൽ രൂപം കൊടുത്ത അദ്ധെഹത്തിന്റെ പ്രസ്ഥാനം മഅദനിയുടെ പശ്ചാത്തലക്കറ കഴികിക്കളയാൻ ആവുന്നത്ര ശ്രമങ്ങൾ നടത്തി നോക്കി. പക്ഷെ, പി ഡി പി യുമായുള്ള രാഷ്ട്രീയ കൂട്ട് കെട്ടുകളെ വരെ അംഗീകരിക്കാൻ തയ്യാറാകാതെ ഒരുമിച്ചു വേദി പങ്കിട്ടവരെ പോലും ഒറ്റപ്പെടുത്തി മഅദനിയുടുള്ള സാമുദായിക അകൽച്ച മതേതരത്വം പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകൾ വരെ നടപ്പിലാക്കി. മഅദനിയുടെ പശ്ചാത്തലക്കറയുടെ കാഠിന്യം അദ്ധെഹം തന്നെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഇന്ന് കേജ്രിവാൾ ഒരു അലകടലായി മുഖ്യധാരാ രാഷ്ട്രീയ ശക്തികൾക്കെതിരെ ആഞ്ഞടിക്കുമ്പോൾ പണ്ട് കേരളത്തിലങ്ങോളമിങ്ങോളം പതിനായിരങ്ങളെ അഭിസംബോധനം ചെയ്തു നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിക്കെതിരെ വജ്രാസ്ത്രങ്ങൾ തൊടുത്തുവിട്ടിരുന്ന യുവ നേതാവിനെയാണ് ഓർമപ്പെടുത്തുന്നത്.
പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാക്കളെല്ലാം അദ്ധെഹത്തിന്റെ വാക്ക് ശരങ്ങൾക്ക് മുന്നിൽ പതിതാഴ്തുന്ന ഒട്ടനേകം രംഗങ്ങൾക്ക് തൊണ്ണൂറുകളിൽ കേരളം സാക്ഷിയായി. ഹരിയാനയിൽ നിന്നു കേജ്രിവാൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന രാഷ്ട്രീയ സമ്മേളനങ്ങൾക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, യു.പി , തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നല്കി വരുന്ന സ്വീകരണങ്ങൾ വാസ്തവത്തിൽ അധികാര കേന്ദ്രങ്ങളുടെ ഉറക്കം നഷ്ട്ടപെടുതിയിരിക്കുകയാണ് . അദ്ധേഹത്തിന്റെ ഗുജറാത്ത് യാത്രയും മോഡിയെ നേരിട്ട് കണ്ടു ചോദിക്കാൻ തയ്യാറാക്കിയ 16 ചോദ്യാവലിയും വൻ മാധ്യമ പ്രാധാന്യമാണ് നേടിയത്. എക്സിസ്റ്റ് പോളുകളിൽ മോഡി തരംഗത്തിന് വാൻ ഇടിവ് സംഭവിപ്പിക്കാനും ഇത് കാരണമായിട്ടുണ്ട്. ഏറെക്കുറെ ഇതേ കാഴ്ചയായിരുന്നു തൊണ്ണൂറിന്റെ ആദ്യ പകുതിയിൽ മഅദനിയിലൂടെ കേരളവും കണ്ടത്. ബാബരി മസ്‌ജിദ് പുനർനിർമിക്കുക, ടാഡ പിൻവലിക്കുക, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് മഅദനി രാജ് ഭവൻ മാർച്ച് നടത്തുമ്പോൾ പാർട്ടിക്ക് രണ്ടു വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. പക്ഷെ, മുന്നണി സംവിധാനം വെച്ച് എംപി മാരെയും എം എൽ എ മാരെയും വാർത്തെടുത്തു രാഷ്ട്രീയ നാടകം കളിക്കുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കക്ഷികൾക്ക് സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത അതിഗംഭീര രാഷ്ട്രീയോത്സവമായിരുന്നു അത്. ചുരുക്കി പറഞ്ഞാൽ ജനക്കൂട്ടത്തെ ആകർഷിക്കുന്ന പോലെ ഒരു കാലത്ത് മഅദനിയും ജനങ്ങളെ നന്നായി ആകർഷിച്ചിരുന്നു. നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോരായ്മകളും സ്വതന്ത്രം കിട്ടി ഇത്ര വർഷമായിട്ട്ടും വികസനത്തിന്റെ കാറ്റ് എത്തിപ്പെടാത്ത നാട്ടിൻ പുറങ്ങളെ കുറിച്ചുള്ള കഥകളും അഴിമതിയുടെ തീരാകണക്കുകളുമാണ് രണ്ടു കൂട്ടരും മുന്നോട്ടു വെച്ചത്.ഹർഷദ് മേത്തയുടെ ഹവാലാ ഇടപാടും ലാലുവിന്റെ കാലിതീട്ടയുമെല്ലാം മഅദനിക്ക് വിഷയങ്ങലായപ്പോൾ യു പി എ സർക്കാരിന്റെ ഔദാര്യം കൊണ്ട് കേജ്രിവാളിനു അഴിമതിയെ കുറിച്ച് സംസാരിക്കാൻ വിഷയത്തിനു ഒരു പഞ്ഞവുമുണ്ടായില്ല.
ഏത് ഈർക്കിലി പാർട്ടിക്കും മുന്നണി സംവിധാനത്തിൽ നിന്ന് കൊണ്ട് നേട്ടങ്ങൾ കൊയ്തെടുക്കാവുന്ന ഒരു "പൊളിറ്റിക്കൽ സിസ്റ്റ " മാനെല്ലൊ നമ്മുടെ രാജ്യത്തുള്ളത്. ഏഴു വീതം ഘടക കക്ഷികളെ ഒരുമിച്ചു കെട്ടി 94 ലും 95 ലും യു ഡി എഫ് -എൽ ഡി എഫ് മുന്നണികൾ ഗുരുവായൂരിലും തിരൂരങ്ങാടിയിലും തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഇരു മുന്നണി കളോടും സമദൂരം പാലിക്കുന്ന രാഷ്ട്രീയ സമീപനമാണ് മഅദനി സ്വീകരിച്ചത്. ഒരു വർഷം മാത്രം പഴക്കമുള്ള പി ഡി പി അന്ന് നേടിയത് പതിനാലായിരത്തി അഞ്ഞൂറോളം വോട്ടുകളായിരുന്നു. വിജയിച്ച എൽ ഡി എഫ് ന്റെ പി ടി കുഞ്ഞിമുഹംമെദ് മുന്നണി സംവിധാനത്തിലൂടെ നേടിയത് പി ഡി പി ഒറ്റയ്ക്ക് നേടിയതിന്റെ ഇരട്ടി മാത്രമായിരുന്നു. ഇതേ ചരിത്രം തിരൂരങ്ങാടിയിലും ആവർത്തിച്ചു. പക്ഷെ,അവിടം ലീഗിന്റെ കൊട്ടയായിരുന്നതിനാൽ എ കെ ആന്റണി കനത്ത ഭൂരിപക്ഷം നേടുകയുണ്ടായി. മുന്നണി സംവിധാനത്തിലൂടെ മത്സരിച്ച എൽ ഡി എഫും തനിച്ചു മത്സരിച്ച പി ഡി പി യും തമ്മിലുള്ള അന്തരം കേവലം പതിനായിരം വോട്ടുകളുടെതായിരുന്നു. അതായത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇരു മുന്നനികളിലെയും ഘടക കക്ഷികലായിരുന്ന പല പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ പി ഡി പി ഒരു വലിയ കക്ഷി തന്നെയായിരുന്നു. എങ്കിലും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളോട് സമരസപ്പെടാൻ തയ്യാറല്ലാത്ത കാരണത്താൽ അവർ തനിച്ചു നില്ക്കുകയും "അധികാരമില്ലാത്ത രാഷ്ട്രീയ പാർട്ടിക്ക് നില നില്പ്പില്ലെന്ന " വാക്കിനെ അന്വര്തമാക്ക്കി അങ്ങിനെയൊരു പാർട്ടി തന്നെ ചരിത്രമായി തീരുകയും ചെയ്ത സംഭവമാണ് കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ നാളുകളിൽ നാം കണ്ടത്.
ഇതേ ഒരു രാഷ്ട്രീയ സിദ്ധാന്തമാണ് ഇപ്പോൾ കേജ്രിവാലും മുന്നോട്ടു വെച്ചിരിക്കുന്നത്. വർഗീയതയുടെ കരിപുരണ്ട ബി ജെ പി യെയും അഴിമതിയിൽ മുങ്ങി കുളിച്ച കൊണ്ഗ്രസ്സിനെയും സമദൂരം നിറുത്തി ഏക കക്ഷി സംവിധാനത്തിലൂടെ ഇന്ത്യ ആകെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണവർ. അത്തരമൊരു പരീക്ഷണം ഡൽഹിയിൽ വിജയിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ് തെരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി ഇത്രമേൽ വ്യാപിച്ചത്. ഫലം തിരിച്ചായിരുന്നെങ്കിൽ കേജ്രിവാലിന്റെ മോഹം സ്വപ്നമായി അവശേഷിചേനെ....പക്ഷെ, ആം ആദ്മിയുടെ ഭാവി ഇപ്പോഴും തുലാസിൽ തന്നെ. ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്കിൽ ഈ അവേശമെല്ലാം ആവിയായ് മാറും. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ എ എ പി നില നില്ക്കണോ വേണ്ടയോ എന്ന് കൂടി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്.
ആം ആദ്മിയുടെ ഉദയം തൊട്ടു കണ്ടു വരുന്ന ഒരു പ്രവണതയാണ് കേജ്രിവാളിൽ കേന്ദ്രീകരിച്ചു കൊണ്ടുള്ള നേതൃത്വം. ഒരു നേതാവിന്റെ ഗർവൊ ഹുങ്കോ അദ്ദേഹം പ്രകടിപ്പിക്കുന്നില്ലെങ്കിലും അറിഞ്ഞോ അറിയാതയോ പാർട്ടി മൊത്തമായി അദ്ധേഹത്തിൽ കേന്ദ്രീകൃതമാകുന്ന നല്ലതല്ലാതൊരു പ്രവണത ആപ്പിൽ നില നില്ക്കുന്നുണ്ട്. പി ഡി പി യുടെ കാര്യത്തിൽ പണ്ട് സംഭവിച്ചതും ഇതായിരുന്നു. മഅദനി ഇല്ലെങ്കിൽ പാർട്ടി ഇല്ല എന്ന ഒരവസ്ഥ. അതുകൊണ്ട് തന്നെ അദ്ദേഹം ജയിലിലായപ്പോൾ നോക്കി നടത്താൻ ആളില്ലാതെ പൂട്ടി പോകേണ്ട അവസ്ഥയിലായി പാർട്ടി. പ്രശാന്ത് ഭൂഷനെ പോലെ യോഗേന്ദ്ര യാദവിനെപൊലെ കുമാർ ബിശ്വാസിനെ പോലെ പ്രതിഭാ സമ്പന്നരായ നേതാക്കൾ ഒരു പാടുന്ടെങ്കിലും കേജ്രിവാൾ എന്ന ഒരു വ്യക്തിയിൽ എല്ലാം കേന്ദ്രീകരിക്കപ്പെടുന്നു. ഇത് സ്വാഭാവികമായും കെജ്രിവാളിനു ശേഷം ആര് എന്ന ചോദ്യം ചോദിക്കാൻ സാദാരണക്കാരെ പ്രേരിപ്പിക്കുന്നു.
വ്യതസ്ഥമായ പ്രകടനാത്മകത കൊണ്ട് മഅദനിയും കേജ്രിവാളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രകടനാത്മകത ലാളിത്യവത്കരിക്കാൻ ശ്രമിച്ചു എന്നതാണ് കെജ്രിവാളിന്റെ പ്ലസ് പോയിന്റ് . ഉത്തരഇന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടു വന്നിരുന്ന കരിമ്പൂച്ച സംസ്കാരത്തെ കേരളത്തിന് ആഘോഷ പൂർവ്വം പരിചയപ്പെടുത്തി വരവറിയിച്ച നേതാവായിരുന്നു മഅദനി. കറുത്ത പാന്റും ടി ഷർട്ടും തലയിൽ ഹെൽമറ്റും കയ്യിൽ മുച്ചാൻ വടിയുമായി മഅദനിക്ക് അകമ്പടി സേവിച്ചിരുന്ന കരിമ്പൂച്ചകൾ കുറച്ചു കാലം കേരളത്തിന് ആഘോഷ കാഴ്ചകളായിരുന്നു. തന്റെ വാക്കിലും പ്രവർത്തിയിലും പ്രകടനാത്മകത കുത്തിനിറച്ച മഅദനി , അത് കൊണ്ട് തന്നെ അതിനതീതമായി ചിന്തിക്കുന്ന ആളുകളെ സ്പർശിക്കാതെ പോയി. പക്ഷെ കേജ്രിവാളാകെട്ടേ ലാളിത്യത്തെ പ്രകടവത്കരിച്ചു.
തണുപ്പ് കാലങ്ങളിലെ ദൽഹിക്കാരുടെ അനൗദ്യോഗിക യൂണിഫോമായ കറുത്ത രോമകുപ്പായവും ധരിച്ചു റിപ്പബ്ലിക് ദിന പരേഡിന് സല്യൂട്ട് സ്വീകരിക്കുന്ന ഡൽഹി മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യൽ നെറ്റ് വർക്കുകളിൽ ഒരു വൈറലായി പടർന്നിരുന്നു .പിന്നേടദ്ദേഹം, പാരമ്പര്യമായി അധികാരി വർഗങ്ങൾ ഉപയോഗിച്ച് വന്നിരുന്ന സൌകര്യങ്ങളെ ഒഴിവാകിയും കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ലളിതനാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങിനെ ലാളിത്യതെയും പ്രകടവാത്കരിക്കാം എന്ന ഒരു പാഠം പാരമ്പര്യ രാഷ്ട്രീയക്കർക്കദേഹം പകർന്നു കൊടുത്തു. രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ കേജ്രിവാലിന്റെ ഈ ലാളിത്യ സമീപനങ്ങളെ പിന്തുടർന്നത് സമകാലിക സംഭവങ്ങൾ. കേജ്രിവാലിന്റെ ലാളിത്യ വത്കരണം കൂടിപ്പോകുന്നുണ്ടോ എന്നതു പലര്ക്കുമിപ്പോൾ ഒരു സംശയമായി ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം മുംബയിൽ വിമാനമിറങ്ങിയ കേജ്രിവാൾ ഓട്ടോ മാർഗമാണ് അന്ധേരി റെയിൽവേ സ്റെഷനിൽ എത്തിയത്. അവിടെ നിന്നും സാദാരണക്കാരുടെ യാത്രാ മാർഗമായ ലോക്കൽ ട്രെയിൻ വഴി ചർച്ച് ഗെട്ടിലെക്കും. കേജ്രിവാളിനെ പോലുള്ള ഒരു ദേശീയ നേതാവാകുംപോൾ ഒപ്പം ആളുകൾ കൂടലും തിരക്കനുഭാവപ്പെടലും സ്വാഭാവികം. പക്ഷെ,സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകൾക്ക് ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിചെന്ന് മുംബൈ സംസാരം. കേജ്രിവാൾ സ്വപ്നം കാണുന്ന ഇന്ത്യ യാഥാർത്യമാകണമെങ്കിൽ കുറച്ചു കാലം കൂടെ അദ്ദേഹം ജീവിചിരിക്കൽ അനിവാര്യമാണ്. രാഷ്ട്രപിതാവ് ഉൾപ്പെടെയുള്ള സമുന്നതരായ രാഷ്ട്ര നേതാക്കൾ കൊല ചെയ്യപ്പെട്ടിട്ടുള്ള നാടാണ് നമ്മുടേത്. ഭരണ ഘടന അനുവദിക്കുകയും അനുശാസിക്കുകയും ചെയ്യുന്ന സുരക്ഷ സ്വീകരിക്കൽ കേജ്രിവാലിനു വേണ്ടിയെല്ലെങ്കിലും അദ്ദേഹം സ്വപ്നം കാണുന്ന ഇന്ത്യക്ക് വേണ്ടി നല്ലതായിരിക്കും.
തനിക്കു പറയാനും പകരാനുമുള്ള ആശയങ്ങൾ മുന്നോട്ടു വെക്കുമ്പോൾ അതനനുകൂലമായ ഒരു നിലം അദ്ദേഹം ഉഴുതു മറിച്ചു പകപ്പെടുതിയിരുന്നു. വലിയൊരു ഗൃഹ പാഠം നടത്തിയാണ് അദ്ദേഹം അങ്കതട്ടിലെക്കിരങ്ങിയത്. ഡൽഹിക്ക് പുറത്തുള്ളവരെ സംബന്ധിച്ച് 2012 ൽ ഉദയം ചെയ്ത "ആം ആദ്മി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണ് കേജ്രിവാൾ. പക്ഷെ തന്റെ സ്വന്തം തട്ടകത്തിൽ വർഷങ്ങളായി അദ്ദേഹം പണിയെടുക്കുകയായിരുന്നു. ജോയിന്റ് കമ്മീഷണർ ജോലി രാജിവെച്ചു "പരിവർതൻ" എന്ന സംഘടനയിലൂടെ നിരന്തരം ബോധവത്കരണം നടത്തി അഴിമതിക്കെതിരെയും വർഗീയതെക്കെതിരെയും ചിന്തിക്കുന്ന കുറെയേറെ മനസ്സുകളെ പാകപ്പെടുതിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.മഅദനി കാണാതെ പോയതും അതായിരുന്നു. തീരെ ഗൃഹ പാഠമില്ലാത്ത ഒരു വിദ്യാർഥിയുടെ പരീക്ഷ പോലെ യായിരുന്നു അത്. തന്റെ നാക്ക് ബലത്തിന്റെ ആവേശത്തിൽ മാത്രം ഒരുമിച്ചു കൂടിയവരെ "വെറും ഒരാൾ കൂട്ടം " എന്ന് മഅദനി തന്നെ പിന്നീട് തിരുത്തുകയുണ്ടായി.
കേജ്രിവാളിന്റെ ഭാഷണത്തിൽ പക്ഷെ ആക്രോശങ്ങളോ അലമുരയിടാലോ ഇല്ല. ശുദ്ധ ഹിന്ദിയിൽ സദസ്സിനു കൂടെ ഇടപെടാൻ അവസരം കൊടുത്തു ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് കൊണ്ടുള്ള സംസാരം. മഅദനിയുടേത് പോലെ ശ്വാസമടക്കി പിടിച്ചിരുന്നു കേൾക്കുന്ന കേൾവിക്കാർ എവിടെയുമില്ല. മോഡിയുടെ വികസന പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്യുമ്പോൾ സദസ്സിനെ കൂടെ ഉൾപ്പെടുത്തി മോടിയുടെത് നിരർതക വാദമാണെന്ന് തെളിയിക്കുന്നു.യു.പി. യിലെ കർഷകരും ദലിതരും നേരിടുന്ന പിന്നോക്കാവസ്ഥ കണക്കുകൾ വെച്ച് നിരത്തുമ്പോൾ "ജീ സാബ്"എന്ന മറുപടി പറയാൻ അവർ തയ്യാറാവുന്നു.തെരുവിൽ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് നഗരവാസികളുടെ ഉന്നമനമില്ലായ്മയെ കുറിച്ച് വാചാലമാകുമ്പോൾ തിരിച്ചൊന്നും മറുപടി നല്കാൻ നഗര വാസികൾക്ക് വാക്കുകൾ കിട്ടുന്നില്ല.ഓരോയിടങ്ങളിലും അതതു പ്രദേശത്തെ തദ്ധെശീയരുടെ പ്രശ്നനങ്ങൾ അവതരിപ്പിക്കാനും കയ്യടി നേടാനും കേജ്രിവാലിനു കഴിയുന്നുണ്ട്.
ദളിത് പിന്നോക്ക ന്യൂന പക്ഷങ്ങളുടെ പ്രശ്നങ്ങളെകുറിച്ച് മഅദനി വാചാലനായിരുന്നെങ്കിലും അദ്ധേഹത്തിന്റെ മുസ്ലിം ഐഡന്റിറ്റി വലിയൊരു തടസ്സമായിരുന്നു.തൊപ്പിയും താടിയും വെച്ച മുറ തെറ്റാതെ ആരാധന കർമങ്ങൾ അനുഷ്ടിക്കുകയും ചെയ്യുന്ന മഅദനിയിൽ നിന്നും ലഭിക്കുന്ന മോചന വഴികൾ,അതെത്ര സുതാര്യമാണെങ്കിലും നിരുപാധികം അതിനെ വാരിപ്പുണരാൻ ദളിത് പിന്നോക്ക ജനത തയ്യാറായില്ല.പറഞ്ഞു ഫലിപ്പിച്ച മത മൗലിക വാദത്തിന്റെ തൊപ്പിയും താടിയും മഅദനിയിൽ ഒരു മോചകനെ കാണാൻ അവർക്ക് തടസ്സമായി. അത് കൊണ്ട് തന്നെ എൻപതു ശതമാനത്തോളം വരുന്ന പിന്നോക്ക -ദളിത് ന്യൂന പക്ഷ കൂട്ടായ്മ എന്ന മഅദനി സ്വപ്നം എങ്ങുമെത്തിയില്ല.പി ഡി പി വെറുമൊരു മുസ്ലിം രാഷ്ട്രീയ പാർട്ടിയായി ഒതുങ്ങി.
കേജ്രിവലിന്റെ നല്ല കാലത്തിനോ എന്തോ കഴിഞ്ഞ യു പി എ ഭരണ കാലത്ത് ആവശ്യത്തിലേറെ അഴിമതി കഥകൾ വീണു കിട്ടി.അണ്ണാ ഹസ്സരയുമൊതു രാംലീല മൈതാനിയിൽ തുടങ്ങിയ അഴിമതി വിരുദ്ധ സമരം വിദ്യാസമ്പന്നരായ ലക്ഷകണക്കിന് യുവതെയെയാണ് ആകർഷിച്ചത്. അവരെ ഏറെ ക്കുറെ തനിക്കൊപ്പം നിറുത്തുന്നതിലും കേജ്രിവാൾ വിജയിച്ചു.പക്ഷെ,അന്നത്തെ മുഖ്യ സഹകാരികളായ ഹസ്സാരെയും കിരണ്‍ ബേദിയും കൂട് വിട്ട് പോയത് വലിയ നഷ്ടമായി.കേജ്രിവാലിന്റെ പ്രവർത്തനങ്ങളിൽ ആത്മാർഥത ദർശിച്ചത് കൊണ്ടാകാം ഒട്ടേറെ വിദ്യാഭ്യാസ വിചക്ഷണരും ജഡ്ജിമാരും ഐ പി എസ് കാരുമുൾപ്പെടെ സമൂഹത്തിൽ വിലയും നിലയുമുള്ള ഏറെ പേർ ആം ആദ്മിയിലേക്ക് കടന്നു വന്നത്.
ആപ്പിലേക്ക് കയറി വന്നതിനേക്കാൾ ഏറെ പ്രമുഖർ ഇപ്പോഴും അർദ്ധ മനസ്സോടെ പുറത്തു നില്പ്പുണ്ട്.അരുന്ധതി റോയിയെ പോലുള്ളവർ അതിൽ ചിലർ മാത്രം. നയ വ്യക്തതയില്ലായ്മയാണ് അവരുടെ അർദ്ധ മനസ്സിന് കണ്ടെത്തുന്ന മുഖ്യ കാരണം.ഏറെക്കുറെ അത് ശരിയുമാണ്. പക്ഷെ രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അൽപ്പം കൂടെ സാവകാശം നൽകേണ്ടതുണ്ട് . പക്ഷെ, പിണറായി വിജയൻ പറയുന്ന പോലെ ഒരു അരാഷ്ട്രീയ വാദം ആപ്പിൽ കാണേണ്ട ആവശ്യമില്ല.അഴിമതിക്കെതിരെ എന്നതല്ലാതെ മറ്റെന്തൊരു നയമാണ് ആപ്പിനുള്ളതെന്നു പിണറായി ചോദിക്കുന്നു. വർഗീയതക്കെതിരെ കടുത്ത പ്രഖ്യാപനങ്ങൾ നടത്തിയ കേജ്രിവാൾ മതേതര വിശ്വാസികൾക്ക് പ്രതീക്ഷകൾ നല്കുന്നുണ്ട്." ഞങ്ങൾ 18 കോടി മുസ്ലിംകൾക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു എന്ന ചോദ്യത്തിനു നിങ്ങൾ 18 കൊടിയല്ല നാം 120 കൊടിയാനെന്നാനു കേജ്രിവാൾ മറുപടി നല്കിയത്.കടുത്ത വർഗീയത മനസ്സിൽ സൂക്ഷിക്കുന്നവരുടെ വരെ മനസ്സിളക്കാൻ പ്രാപ്തമാണ് ഈ വാകുകളെന്നു നമുക്ക് വിശ്വസിക്കാം.
കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യുന്ന പോലെ ഒരു മനുഷ്യ ജീവിതത്തിനു വേണ്ട ജീവിത ക്രമങ്ങൾ പടചെടുക്കുന്ന ഒരാശയ സംഹിത സമർപ്പിക്കേണ്ട ബാധ്യതയൊന്നും ഇവിടെ രാഷ്ട്രീയ പാർട്ടികൾക്കില്ല. അതെല്ലാം മതത്തിന്റെ വരുതിയിൽ വരുന്നു.
പൌരന്മാരുടെ അടിസ്ഥാന പ്രശ്നങ്ങളായ ഭക്ഷണം പാർപ്പിടം വസ്ത്രം എന്നിവയിൽ നിന്നും തുടങ്ങി വിദ്യാഭ്യാസം സാമൂഹിക ജീവിതം ഗതാഗത സംവിധാനങ്ങൾ ആരാധന സ്വതന്ത്രം മുതലായവ സ്വസ്ഥമായും ക്രമമായും ചെയ്തു പോരാനുള്ള അനുയോജ്യ അവസ്ഥ സൃഷ്ടിച്ചുതരിക എന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രഥമ കർമ പരിപാടി. കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന പോലെ അവരുടെ വിശ്വാസ കർമങ്ങളെ കൂടെ സ്വോധീനിക്കേണ്ട ബാധ്യത രാഷ്ട്രീയ പാർട്ടികൽക്കില്ല. ബി ജെ പി ,ശിവ സേന പോലുള്ള രാഷ്ട്രീയ പാർട്ടികൾ അത്തരം ഇടപെടലുകൾ ശക്തമായി നടത്തിയതിന്റെ ദുരന്ത ഫലങ്ങളാണ് മതേതര ഇന്ത്യ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായി നില നില്ക്കുന്ന രണ്ടു സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. ഇവിടെങ്ങളിൽ മത വിശ്വാസത്തിനു എന്ത് കുറവാണുള്ളത്?...എന്താണിതിനർത്ഥം ?...കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ഘടകമായ ദൈവിക നിരാകരണത്തെ അവർ തന്നെ അംഗീകരിക്കുന്നില്ല എന്നല്ലേ ഇത് വ്യകതമാക്കുന്നത്.
എങ്കിലും,ആപ് നയ നിലപാടുകൾ വ്യക്തമാക്കേണ്ട ഒട്ടനേകം മേഖലകൾ അല്ലാതെ തന്നെ കിടപ്പുണ്ട്. വിദേശ നിക്ഷേപം,കാർഷിക മേഖല,ഇസ്രയേൽ അമേരിക്ക തുടങ്ങിയ കൊളോണിയൽ ശക്തികളോടുള്ള സമീപനങ്ങൾ -തുടങ്ങീ സമകാലികമായി നമ്മെ ബാധിക്കുന്ന വിഷയങ്ങളിൽ ആപ് നയം വ്യക്തമാക്കി അർദ്ധ മനസ്സിൽ നില്ക്കുന്നവരെ സ്വതന്ത്രമാക്കണം.
ഡൽഹിയിൽ സാധ്യമാക്കിയത് പോലെ ഒരു അധികാര പ്രവേശമാണ് കേജ്രിവാലിന്റെ ഭാരത പര്യടനത്തിലൂടെ ആപ് ലക്‌ഷ്യം വെക്കുന്നത്. പക്ഷെ,ഗുണതെക്കാളേറെ ദോഷമേ ഇപ്പോൾ ആപ്പിനു ഇത് നല്കുകയുള്ളൂ .പൊരുതി നിൽക്കാനുള്ള കുറെ ഏറെ എം പി മാരെ സൃഷ്ടിചെടുക്കുന്നതിനപ്പുറാം നിൽപ്പുറപ്പിക്കും മുൻപ് ഇന്ത്യ പോലുള്ള ഒരു മഹാരാജ്യത്തിന്റെ ഭരണം കയ്യാളാനുള്ള രാഷ്ട്രീയ താണിയൊന്നും ആപ് നേടിയെടുത്തിട്ടില്ല.കുറച്ചു കൂടെ വർഷങ്ങൾ എടുത്തു സംഘടനാ സംവിധാനം കുറെ കൂടെ ശക്തവും സുദൃഡവും ആകിയതിനു ശേഷം അത്തരമൊരു സാഹസത്തിനു മുതിരലാണ് ആപ്പിനു നല്ലത്.
49 ദിവസത്തെ ഭരണം കൊണ്ട് ഒട്ടേറെ പരിഷ്കരണ പ്രവർത്തങ്ങൾക്ക് കേജ്രിവാൾ മുന്നിട്ടിറങ്ങിയെങ്കിലും അദ്ധേഹത്തിന്റെ ചില പ്രഖ്യാപനങ്ങൾ യഥാർത്ഥ ഫലം ചെയ്തുവോയെന്നു പലരും സന്ധേഹിക്കുന്നുണ്ട്. ഉദാഹരണമായി ഡൽഹിയിൽ പ്രഖ്യാപിച്ച ഇലക്ട്രിസിറ്റി ബില്ലിളവ് . പകുതിയായി വെട്ടി കുറച്ച കറന്റു ചാർജു പ്രത്യക്ഷത്തിൽ ജനങ്ങൾക്ക് ആശ്വാസമായെങ്കിലും പരോക്ഷമായി ജനങ്ങളുടെ പണം തന്നെയെല്ലേ സബ്സിഡിയായി ചോർന്നത് . അമ്പതു ശതമാനം സർക്കാർ സബ്സിഡി നൽകുമ്പോൾ സാധാരണകാരന്റെ നികുതിപ്പണത്തിൽ നിന്നു തന്നെയാണ് റിലയൻസ് പോലെയുള്ള കുത്തക സ്വകാര്യ കമ്പനികളുടെ കാശ് കൌണ്ടറിലേക്ക് പണമോഴുകിയത്. നേരെ മറിച്ചു വൈദ്യുത വിതരണം നടത്തുന്ന കമ്പനികളെ കൊണ്ട് വില കുറപ്പിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ സാധാരണക്കാരന് പൂർണ ആശ്വാസമാകുമായിരുന്നു. ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ പ്രവർത്തി പഥത്തിൽ കൊണ്ട് വരാൻ എത്രത്തോളം സാധ്യമാകും എന്ന് കൂടെ വിലയിരുത്തുന്നത് നന്നായിരിക്കും.
സാംസ്കാരിക മേഖല,ശാസ്ത്രീയ മേഖല,എന്ന പോലെ തന്നെ രാഷ്ട്രീയവും അതിനെ ചുറ്റി പറ്റി മാത്രമുള്ളവരുടെ ഒരു മേഖലയാണ് ഇന്ത്യയിൽ. സത്യത്തിൽ എല്ലാ മേഖലയിലുമുള്ളവർ ഒന്ന് ചേരേണ്ട ഒരു മേഖലയെല്ലേ രാഷ്ട്രീയം. ബുദ്ധിയും ഗ്രാഹ്യ ശക്തിയുമുള്ള വലിയൊരു വിഭാഗം എന്നും അകന്നു നിന്ന് മാത്രമാണ് രാഷ്ട്രീയത്തെ വീക്ഷിക്കാര് . അവരെ കൂടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുക എന്ന വലിയൊരു ദൌത്യം ആപ്പിനു നിറവേറ്റാനുണ്ട് . ആപേക്ഷികമായി അത് നിറവേറ്റുന്നത് "ആപ് " തന്നെ എന്ന സത്യം വിസ്മരിക്കുന്നില്ല.
സത്യത്തിൽ ഇതൊന്നുമല്ല ആപ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി. വ്യതസ്ത മത വിഭാഗങ്ങളും ജാതികളും ഉപ ജാതികളും സമ്മിശ്രമായി കഴിയുന്ന ലോകത്തെ അപൂർവ്വം രാജ്യമാണ് ഇന്ത്യ. ജാതി താല്പര്യവും സാമുദായിക ചിന്തയും ചെറുതായൊന്നുമല്ല സമൂഹത്തെ സ്വോധീനിചിട്ടുള്ളത് . നമ്മുടെ കൊച്ചു കേരളത്തിലെ സാമുദായിക അവസ്ഥ തന്നെ പരിശോധിച്ചാൽ നമുക്കത് മനസ്സിലാക്കാൻ കഴിയും. അപ്പോൾ പിന്നെ പ്രവിശാലമായ ഇന്ത്യാ മഹാ രാജ്യത്തെ ആയിരക്കണക്കിന് ജാതി സംഘടനകളെയും സാമുദായിക പ്രസ്ഥാനങ്ങളെയും പിണക്കാതെ എങ്ങിനെ കൊണ്ട് പോകാം എന്നിടത്താണ് കേജ്രിവാൾ പരീക്ഷണങ്ങൾ നടത്തേണ്ടത്. സ്ഥാനാർഥി നിർണയത്തിലും പ്രകടന പത്രികയിലും പദ്ധതി പ്രഖ്യാപനങ്ങലിലുമെല്ലാം ഈ വെല്ലുവിളി മുന്നിൽ കാണേണ്ടതുണ്ട്. ബി ജെ പി പോലുള്ള മതകീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വിഭിന്ന വികാരങ്ങളെ മാനിക്കേണ്ട ആവശ്യമില്ല.പക്ഷെ, ആപ്പിനെ പോലുള്ള ഒരു മതേതര പ്രസ്ഥാനത്തിന്റെ അവസ്ഥ അതല്ലല്ലോ....
ചുരുക്കി പറഞ്ഞാൽ തിരിച്ചു പോകാൻ കഴിയാത്ത വിധത്തിൽ കുറഞ്ഞ കാലം കൊണ്ട് കേജ്രിവാലും സംഘവും ബഹുദൂരം മുന്നേറി കഴിഞ്ഞു. പക്ഷെ, സൂപ്പെർ ഗെയിമുകൾ ഇനിയാണ് കിടക്കുന്നത്.ലൈഫ് ചാൻസുകൾ വളരെ കുറവാണ് .നോക്കൌട്ട് മത്സരങ്ങൾ എന്ന് വേണമെങ്കിൽ പറയാം. ആവേശതിനടിമാപ്പെടാതെ സശ്രദ്ധം നീങ്ങിയാൽ ലക്ഷ്യതിലെതാനുള്ള സാദ്ധ്യതയുണ്ട്. അതായതു ആം ആദ്മി ഇന്ത്യ ഭരിക്കും. അല്ലെങ്കിൽ പതിവ് പോലെ അംബാനിമാർ തന്നെ ഭരണം നടത്തും




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ