2014 ഏപ്രിൽ 9, ബുധനാഴ്‌ച

ചില തെരഞ്ഞെടുപ്പ് ഓർമകൾ


ഏഴാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത്ഭുതപ്പെടുകയൊന്നും വേണ്ട. ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് ആയിരുന്നു അത്. പുതുപൊന്നാനി എ യു പി സ്കൂളിൽ ആയിരുന്നു എൻറെ യു പി സ്കൂൾ ജീവിതം. ആറും ഏഴും ക്ലാസ്സുകൾ മാത്രം. അധ്യയനം ആരംഭിച്ചതിനു ശേഷമാണ് ഞാൻ ആറാം ക്ലാസ്സിലേക്ക്  എത്തുന്നത്‌. അത് കൊണ്ട് തന്നെ ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്കെല്ലാം  അവസാനമായിരുന്നു.  പക്ഷെ എഴാം ക്ലാസ്സിലേക്ക് എത്തുമ്പോഴേയ്ക്കും ലീഡർ സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള ജനകീയ സെറ്റപ്പ് ഞാൻ നേടിയെടുത്തിരുന്നു...ഇപ്പോൾ തുറന്നു പറയുന്നത് ഒരു രസമെല്ലേ ....മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്‌ എന്നതാവും കുറെ കൂടെ അനുയോജ്യം...അത് വഴിയെ ബോധ്യമാകും....1992 ജൂണ്‍ മാസത്തിലാണ്‌ ആ സംഭവ ബഹുലമായ തെരഞ്ഞെടുപ്പു നടന്നത്. ബാലറ്റ് പെട്ടിയും പേപ്പറുമോന്നുമില്ല, കൈ പൊക്കൽ സമ്പ്രദായമായിരുന്നു...പല വോട്ടർമാരുടെയും പ്രതിഷേധത്തിനിടെയിലാണ്  ഈ സമ്പ്രദായം നടപ്പിലാക്കിയത്.ആണ്‍ പെണ്‍ സാമുദായിക ധ്രുവീകരണം നന്നായി നിലനിന്നിരുന്ന ക്ലാസ് ആയതാണ് സത്യത്തിൽ എനിക്ക് ഏറ്റവും വലിയ അനുഗ്രഹമായത്. കിട്ടുന്ന അവസരങ്ങളിലെല്ലാം ആണ്‍ പെണ്‍ വാഗ്വാദങ്ങളും ഏറ്റു മുട്ടലുകളും നന്നായി അരങ്ങേറി. മുനീർ ,ഷരീഫ്, റാഫി, കൂട്ടത്തിൽ ഞാനും ആണ്‍ പക്ഷത്തിനു വേണ്ടി മുൻ നിരയിൽ എപപോഴുമുണ്ടായിരുന്നു. സിമി മാത്യു ( ഹെഡ് മാഷ്ടെ മോൾ ) റഹമത് , ശജരത് , ബുഷറ തുടങ്ങിയ പെണ്‍ പുലികൾ പലപ്പോഴും ഞങ്ങൾക്ക് വലിയ വെല്ലു വിളി തന്നെ തീർത്തിരുന്നു....
ഹെഡ് മാഷിന്റെ മകൾ സിമി മാത്യു ആറാം ക്ലാസിൽ ഞങ്ങളുടെ ലീഡർ...അവളുടെ ചില സ്വജനപക്ഷ പാത സമീപനങ്ങളിൽ  അമർഷം പൂണ്ട കാരണം കൊണ്ടാണ് അടുത്ത തെരഞ്ഞെടുപ്പിൽ ഒരു നിലക്കും സ്ത്രീ പക്ഷത്തു നിന്നും ഒരാളെ സ്കൂൾ  പാർലിമെന്റ് കാണിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചത്.
ഏഴാം തരത്തിലെ അധ്യായനം തുടങ്ങിയതിനു ശേഷമാണ് ആ സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത്. ക്ലാസിൽ ആണ്‍ കുട്ടികളെക്കാൾ പത്തു അംഗസംഖ്യ പെണ്‍കുട്ടികൾ കൂടുതലാണ് . സമുദായികാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടന്നാൽ ഒരു രക്ഷയുമില്ല...അവസാനം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ വജ്രായുധം തന്നെ പുറത്തെടുത്തു ...സിമി മാത്യുവിന്റെ കൂടെ പഠനത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന രഹ്മതിനെ പാട്ടിലാകി..അവസാനം അവളെ വിമത സ്ഥനാര്തിയാക്കി പെണ്‍കുട്ടികളുടെ വോട്ടിൽ വൻ വിള്ളൽ വരുത്തി. തെരഞ്ഞെടുപ്പു ദിവസം ആണ്‍ കുട്ടികൾ ഒന്നടങ്കം എനിക്ക് വോട്ടു ചെയ്തു. സ്ത്രീ വോട്ടുകൾ കൃത്യമായി വിഭജിച്ചു..പകുതി മാത്യുവിനും പകുതി രഹ്മതിനും ...പെണ്‍ മേല്ക്കോയ്മ തകർത്തു എന്നതെല്ലാതെ അവളെ പോലെ ഒരു മാതൃകാ ലീഡർ ആവാൻ എനിക്കൊരിക്കലും കഴിഞ്ഞില്ല....ലിജിത ടീച്ചറുടെ കണക്കു ക്ലാസിൽ ലീഡർ സ്ഥിരമായി പുറത്തായിരുന്നു....ക്ലാസിൽ ടസ്റെർ എറിഞ്ഞു കളിച്ചതിനു മിക്കപ്പോഴും പഴിയും മുന്നരിയുപ്പും പിന്നെ ക്ലാസ്സിലെ നീണ്ടു വെളുത്ത കാണാൻ ചന്തമുള്ള പെണ്‍  കുട്ടിയെ കരണ കുറ്റിക്ക് പെടച്ച്‌ ക്ലാസ്സിൽ കയറാൻ പേടിച്ചു ഗ്രൗണ്ടിൽ പതുങ്ങി നടന്നതും ക്ലാസ്സ് ലീഡർ ആയിരുന്നു..ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത ഒരാളെ എങ്ങിനെ അയൊഗ്യനാക്കും എന്നത് കൊണ്ട് മാത്രമാകും എന്നെ ക്ലാസ് അവസാനം വരെ ലീഡർ സ്ഥാനത്തു നില നിറുത്തിയത്.
 പൊന്നാനി എം ഐ ഹൈസ്കൂളിൽ ഒൻപതാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ്  കുറെ കൂടെ ജനാധിപത്യ രീതിയിൽ നടന്ന ഒരു തെരഞ്ഞെടുപ്പിൽ ഞാൻ ജനവിധി തേടിയത്. തെരഞ്ഞെടുപ്പിന് മുൻപ് ശക്തമായ പ്രചരണ പരിപാടികൾ നടന്നിരുന്നു. അടുത്ത ചില കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് സ്ഥനാര്തിത്വം എന്ന സാഹസത്തിനു മുതിർന്നത്. ശക്തമായ രണ്ടു മുന്നണികളെ നേരിട്ട് വേണമായിരുന്നു വിജയം നേടാൻ...കാമ്പസുകളിലെ സജീവ സാനിധ്യമായ ഇടതു വലതു മുന്നണികൾക്കെതിരെയായിരുന്നു മത്സരം. വലതു പക്ഷ മുന്നണി സ്ഥാനാർഥിയുടെ വലം കയ്യും ക്ലാസ്സിലെ ഏറ്റവും മുതിർന്ന അംഗവുമായ നൗഷാദ്  പരസ്യ ഭീഷണി മുഴക്കി. ക്ളാസ്സിൽ എം എസ് എഫ് സ്ഥാനാർഥി തോൽക്കുന്ന പക്ഷം അതിന്റെ ഭവിഷ്യത് എല്ലാവരും അനുഭവിക്കേണ്ടി വരും...പലരും ആ ഭീഷണിയിൽ നന്നായി പേടിച്ചു. സ്ഥാനാർഥിത്വം പിൻവലിക്കാൻ വരെ അടുത്ത പല കൂട്ടുകാരും ഉപദേശിച്ചു. തോല്ക്കാൻ എനിക്ക് വളരെ വിഷമമായിരുന്നു. പക്ഷെ വിജയിചാലുല്ല ഉത്തരവാദിത്വങ്ങളെ കുറിച്ച് പെടിയുമുണ്ടായിരുന്നു....എങ്കിലും പ്രചാരണ പരിപാടികൾ കേമമായി തന്നെ നടന്നു.
തെരഞ്ഞെടുപ്പു കഴിഞ്ഞു പെട്ടി പൊളിച്ചപ്പോൾ ആയിരുന്നു രസാവഹം. 13 വോട്ടു മാത്രം നേടിയ എസ് എഫ് ഐ സാരഥി പുറത്ത് ..19 വീതം വോട്ടു നേടി ഞാനും എം എസ് എഫ് സ്ഥാനാർഥി മഹ്ബൂബും ഒപ്പത്തിനൊപ്പം...അവസാനം റിട്ടേണിംഗ് ഓഫീസർ വന്നു നറുക്കെടുപ്പ് നടത്തി ..എന്റെ ഭാഗ്യത്തിന് മഹബൂബ് അസ്ലം വിജയിയായി...കാരണം ഞാൻ തോറ്റതുമില്ല ...ലീഡറുടെ ഉത്തര വാദിത്വം ഏല്ക്കേണ്ടിയും വന്നില്ല..
1998 ൽ നടന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക കൃത്യ നിർവഹണം നടത്താനുള്ള ഒരവസരം ലഭിക്കുകയുണ്ടായി. പൊലീസുകാർക്കൊപ്പം തെരഞ്ഞെടുപ്പു സുരക്ഷയ്ക്ക് ഞങ്ങൾ എൻ സി സി കേടറ്റിനെയും ഉൾപ്പെടുത്തിയിരുന്നു. എം ഇ എസ് പൊന്നാനിയിൽ പഠിക്കുന്ന കാലമായിരുന്നു അത് ...സുരക്ഷയ്ക്ക് വേണ്ടി എന്നെ പോലുള്ള കോലങ്ങളെ വിളിച്ച സുരക്ഷാ ഉധ്യോഗസ്തരുടെ കാര്യം ആലോചിച്ചു എനിക്കിപ്പോഴും ചിരി വരാറുണ്ട്...എടപ്പാളിനടുത്ത മാണൂർ പാള്ളിയോടു ചേർന്ന ഒരു മദ്രസ്സയിലായിരുന്നു ഞങ്ങൾക്ക് ഡ്യുട്ടി. ഒരു പോലീസുകാരനും മൂന്നോ നാലോ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥരും പിന്നെ എൻ സി സി കേടറ്റ ആയ ഞാനും. ഒരു പോലീസുകാരനുമായി ഉള്ളു തുറന്നു സംസാരിക്കാൻ കിട്ടിയ അവസരമായിരുന്നു അത് ..നിർത്താതെ സംസാരിക്കുന്ന സരസനായ കാക്കിയുടുപ്പുകാരൻ..രാത്രി കുറെ നേരം ഞങ്ങൾ ഇലക്ഷൻ സാമഗ്രികൾക്ക് കാവൽ നിന്ന്  സ്വാറ പറഞ്ഞിരുന്നു....തെരഞ്ഞെടുപ്പു ഡ്യുട്ടി ക്കു രണ്ടു സ്കൂൾ ടീച്ചര്മാരുമുണ്ടായിരുന്നു..കാണാൻ തരക്കേടില്ലാത്ത ചെറുപ്പകാരികളായ രണ്ടു പേർ . രാത്രി ഭക്ഷണം കഴിഞ്ഞു അടുത്തുള്ള ഒരു വീട്ടിലേക്ക് അവർ ഉറങ്ങാൻ പോയി. വൈകുന്നേരം മുതലേ അവരുമായി കമ്പനി കൂടിയ നമ്മുടെ പോലീസുകാരൻ അവരോടു പറയുന്നുണ്ടായിരുന്നു "  എന്തിനാ ആ വീട്ടുകാരെ ബുദ്ധിമുട്ടിപ്പിക്കുന്നെ ...നിങ്ങൾക്കിവിടെ തങ്ങി കൂടെ ...അയാളുടെ കള്ള ചിരിയിൽ നിന്നും കാര്യം പിടി കിട്ടിയത് കൊണ്ടാകാം ടീച്ചർമാർ വേഗം അടുത്ത വീട്ടിലേക്കു യാത്രയായി ...അഞ്ചു മണിക്കു അവസാന വോട്ടും പെട്ടിയിൽ വീണതോടെ അവിടെ നിന്നിറങ്ങി പോലീസ് സ്റ്ഷനിൽ പോയി 350 രൂപ കൂലിയും മേടിച്ചു ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പു ഡ്യുട്ടിയും നിർവഹിച്ചു വീടും ലക്ഷ്യമാക്കി യാത്രയായി ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ