2012 ഡിസംബർ 31, തിങ്കളാഴ്‌ച

പുതു വര്‍ഷത്തിലേക്ക് .....


വീണ്ടും ഒരു പുതു വര്‍ഷം ...
ലാഭ നഷ്ട കണക്കെടുപ്പിനു മുഴുകാതെ 
ആഘോഷിച്ചു തീര്‍ക്കാനൊരു രാവും പകലും ..
പുറം കാഴ്ചയായ് നീങ്ങുന്ന മനുഷ്യായുസ്സിനു 
മദ്യ പാഷാണം ആമോദമാക്കുമ്പോള്‍ 
കാത്തിരിക്കുന്നത് ആത്മാവില്ലായ്മയെ ...
പുതുവര്‍ഷതലേന്ന് ഭൂമി കണ്ണട 
മാറ്റുമെത്രേ .....
സ്വന്തം കണ്ണ് എന്നോ നഷ്ടപ്പെട്ട  ഭൂമിക്കു 
 വര്‍ഷാവര്‍ഷം കണ്ണട മാറ്റാതെ  എങ്ങിനെ 
കാണാനാകും.
മലാലയും ഒബാമയും മുര്‍സിയും അവസാനം 
നീല ദല്‍ഹിയിലെ ജ്യോതിയും 
മങ്ങിയും തെളിഞ്ഞും നിറഞ്ഞു 
നിന്നപ്പോള്‍ ഭൂമി പറഞ്ഞു.
"എനിക്കിനി കണ്ണട മാറ്റണം "....
അപ്പോഴാണെത്രെ പുതു വര്‍ഷം സംഭവിച്ചത് .
പുതിയ കാഴ്ചകളെ കുറിച്ച് ഭൂമി സ്വപ്നവും  കാണും,
നിറങ്ങള്‍ ഏറെയുള്ള സ്വപ്നം .
സ്വപ്നത്തില്‍ മാത്രമേ ഭൂമിയും നിറങ്ങള്‍ 
കാണാറോള്ളൂ ....
ഈയിടെയായി കണ്ണടയിട്ടാലും ഇല്ലെങ്കിലും 
ഭൂമിയുടെ കാഴ്ച കരി പിടിച്ചതായിട്ടുണ്ട് .
ഭൂമിക്കു മുകളില്‍ ജീവിക്കുന്ന മനുഷ്യന്‍ 
എന്ന ജീവിയുടെ മനസ്സിനെ ആസ്പദമായിട്ട് പോല്‍ 
ഭൂമി കാഴ്ചയുടെ നിറഭേദങ്ങള്‍ ....
അസ്ഥിത്വം നഷ്ടപ്പെട്ട മനുഷ്യന്റെ നിസ്സഹായ 
നിലവിളി പുതുവര്‍ഷതിലെങ്കിലും ഭൂമി 
പ്രതീക്ഷിക്കാറുണ്ട് ....
നഷ്ടപ്പെടലിന്റെ സത്യം ഇക്കാലമത്രയും 
മനുഷ്യനറിഞ്ഞില്ലന്ന വിവരം ഭൂമി അറിഞ്ഞില്ല പോല്‍ ....
പുതുവര്‍ഷ തലേന്ന്  ഭൂമി ബോധരഹിതയാകാന്‍ 
തുടങ്ങിയതിനു പതിറ്റാണ്ടുകളുടെ മാത്രം 
പഴക്കമുള്ളൂ ...
ഒരിക്കലൊരു തവണ മാത്രം പുതു വര്‍ഷതലേന്ന് 
ബോധം പോയ ഭൂമിക്കു ഒരു വര്‍ഷം 
കഴിഞ്ഞു അത് തിരികെ കിട്ടാന്‍ ...
അതു പോലൊരു  വര്‍ഷം ഭൂമി കൊതിക്കുന്നു 
വീണ്ടുമിപ്പോള്‍ .....
പുതുവര്‍ഷം വീണ്ടും വരുന്നു  ....
പക്ഷെ , നിലാവിനഴക്  കറുപ്പുതന്നെ.
പകലിന്റെ കാഴ്ച വെളുപ്പും .
വലിചെടുക്കുമ്പോള്‍ കുത്തഴിഞ്ഞു വരുന്ന
അടിവസ്ത്രത്തിന്റെ ചരട് പെണ്ണിന്റേതു  തന്നെ ...
മാറ്റങ്ങളില്ലാതെ കാലം കടന്നു 
പോകുമ്പോള്‍ നാം വീണ്ടും പറയുന്നു 
കാലം മാറിയെന്നും ഇത്  പുതു കാലമാണെന്നും .

2012 ഡിസംബർ 26, ബുധനാഴ്‌ച

അരുന്ധതിയും പ്രതിഷേധ ആഘോഷങ്ങളും


സമകാലിക സാഹചര്യങ്ങളോട് വ്യതിരക്തമായി സംവദിക്കുക എന്നത്  സാംസ്കാരിക  നേതാക്കളുടെയും ബുദ്ധിജീവികളുടെയും ഇടയില്‍ ഒരു പതിവാണ്.
കുപ്രസിദ്ധമായി  തീര്‍ന്ന ഡല്‍ഹി പീഡനവും  പ്രതിഷേധ ആഘോഷങ്ങളും അരങ്ങു തകര്‍ക്കുമ്പോള്‍ ഒരു ജനകീയ പ്രതിഷേധത്തിന്റെ മുഖാവരണം അതിനു ചാര്‍ത്തി നല്‍കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ തെല്ലൊന്നുമല്ല പാട് പെട്ടിട്ടുള്ളത് . വ്യതസ്ത കൊണുകളിലെ അഭിപ്രായ
പ്രകടനങ്ങള്‍ നമുക്ക് മനസ്സിലാക്കി തന്നത് ഈ മീഡിയകള്‍ തങ്ങളുടെ അത്യ ധ്വാനതിനു ഫലം കണ്ടു എന്ന് തന്നെയായിരുന്നു.
തനിച്ചാണെന്ന് ബോധ്യമാകുംപോള്‍ എഫ് ടി  വി യിലേക്കും ഹോട്ട് മസാലയിലെക്കും റിമോട്ട് നീക്കി അര്‍ദ്ധ മേനികള്‍ കണ്ടാസ്വദിക്കുന്ന  ഞരമ്പ് രോഗത്തിന്റെ താഴെ തട്ടില്‍ കിടക്കുന്ന  മാന്യന്മാരായ രോഗികള്‍ മുതല്‍ പീഡന കേസുകളില്‍  ഡോക്ട്രറ്റ് നേടിയ പ്രഫഷണല്‍ ഞരമ്പ്‌ രോഗികള്‍ വരെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും വലിയ "പീഡന വിരുദ്ധര്‍ " അകാറാണല്ലോ പതിവ് . ഇവിടെയും അത് തന്നെയായിരുന്നു  സംഭവിച്ചത്. നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി വരെ ചോദിച്ചു പോയി ....."നമ്മള്‍  കേരളീയര്‍ക്കെന്താ  പെട്രോള്‍ വില കൂട്ടിയാല്‍ മാത്രമേ ഹര്‍ത്താല്‍ നടത്താന്‍ അറിയൂ ,...തലസ്ഥാന നഗരി കത്തുമ്പോള്‍ നമ്മള്‍ പീഡിപ്പിക്കപെട്ട  പെണ്‍കുട്ടിക്ക് വേണ്ടി എന്തു ചെയ്തു "- സുരേഷ് ഗോപിയുടെ ഡയലോഗിനെ തല്‍ക്കാലം ഒരു ഷിറ്റ് അടിച്ചു നമുക്ക് മുന്നോട്ടു നീങ്ങാം .
വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതില്‍ മുഖവിലക്കെടുക്കേണ്ടത്  അരുന്ധതി രോയിയുടെത് തന്നെ ആണെന്നാണ് എനിക്ക് തോന്നുന്നത് .
ഡല്‍ഹി പീഡനം എന്നല്ല എല്ലാ  പീഡനങ്ങളും അപലപിക്കപെടെണ്ടത് തന്നെയാണ് .ഇന്ത്യയില്‍  ഓരോ 20 മിനിറ്റിലും ഒരു സ്ത്രീ പീഡിപ്പിക്കപെടുന്നു എന്ന പുതിയ കണക്കുകളാണ്  നമ്മെ ചിന്തിപ്പികേണ്ടത് ...
നമ്മുടെ മാധ്യമ ലോകം കാലങ്ങളായി തുടര്‍ന്ന് വരുന്ന ഒരു രീതിയുണ്ടല്ലോ ......അതിന്റെ പരിധിക്കുള്ളിലെ വാര്‍ത്തകളെ ഹൈ ലൈറ്റ് ചെയ്യുക എന്നത് .
"ബംഗ്ലാദേശില്‍ കടത്തു ബോട്ട് മുങ്ങി 130 ആളുകള്‍ മരിച്ച വാര്‍ത്ത‍ ഉള്‍പേജില്‍ നാലു കോളത്തില്‍ ഒതുങ്ങുമ്പോള്‍ നമ്മുടെ നാട്ടിന്‍ പുറത്തു പെട്ടിഓട്ടോ  മറിഞ്ഞു രണ്ടു പേര്‍ മരിച്ചത് മുന്‍പേജില്‍ വരുന്നത് ഈ ഒരു പാരമ്പര്യ പത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമാണല്ലോ ?.....പക്ഷെ , ദല്‍ഹി പീഡന വിശേഷത്തില്‍ ആ പതിവും നമ്മുടെ മീഡിയകള്‍ ഭെദിക്കുകയുണ്ടായി.
കൂട്ട ബാലാത്സംഘവും പീഡന മുറകളും ഒന്നിന് പിറകെ ഒന്നൊന്നായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന നമ്മുടെ കൊച്ചു കേരളത്തിലെ പീഡന വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനെക്കാള്‍ താല്പര്യം ദല്‍ഹി പീഡന കേസില്‍ പുറത്തെടുത്തിന്റെ ഉദ്ധേശ ശുദ്ധിയെ നമുക്ക് സംശയിക്കുന്നതില്‍ തെറ്റുണ്ടോ?
ദേശീയ ധാരാ മാധ്യമങ്ങളില്‍ ലയിച്ചു ചേരുന്നതിന്റെ ഭാഗമായിരുന്നോ ഇത്?....
പീഡനങ്ങളെ ഒരു ആഘോഷമാക്കുന്ന പതിവ് നമുക്ക് പണ്ടേ ഉണ്ടല്ലോ....
സൂര്യ നെല്ലിയും കിളിരൂരും പറവൂരും തുടങ്ങി കേരളത്തിന്റെ സംഭാവനകള്‍ ഒട്ടും കുറവല്ല .അതിനു പുറമേ ഒറ്റപെട്ട തീര്‍ത്തും ദയാരഹിതമായ മറ്റനേകം പീഡനങ്ങളും നമ്മുടെ കൊച്ചു കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട് . പക്ഷെ ,അക്കലങ്ങളിലോന്നും പ്രകടമാകാത്ത മാധ്യമ ഇടപെടലുകളും മനുഷ്യാവകാശ ശബ്ദങ്ങളും ഇവിടെ മാത്രം മുഴങ്ങി കേള്‍ക്കുമ്പോഴാണ് അരുന്ധതി റോയിയുടെ അഭിപ്രായപ്രകടനങ്ങളില്‍ കഴമ്പില്ലെ എന്ന് തോന്നി പോകുന്നത് .
ഇന്ത്യന്‍ പട്ടാള വര്‍ഗ്ഗത്തിന്റെ കൊടും പീഡനങ്ങള്‍കിരയായ ഒരു പാടു പെണ്‍കൊടികളുടെ കദന കഥകള്‍ തനിക്കു നേരിട്ട് അറിയാമെന്നു അവര്‍ തുറന്നു പറയുന്നു.പീഡിപ്പിക്കപ്പെട്ട ഒരായിരം ദലിത് പിന്നോക്ക തരുണികളുടെ കഥയും നമുക്കറിയാം.അന്നൊന്നും മുഴങ്ങാത്ത മനുഷ്യാവകാശ നിലവിളിയും ഫെമിനിസ്റ്റ് ശബ്ദവും ഇവിടെ മാത്രം മുഴങ്ങാന്‍ എന്തേ കാരണം?
അതിനു മറുപടിയും റോയ് തന്നെ പറയുന്നുണ്ട്. മറ്റു പീഡനങ്ങളിലെല്ലാം  പ്രതിസ്ഥാനത്ത്  വരേണ്യ വര്‍ഗമോ അധികാര ഉദ്യോഗസ്ഥ വിഭാഗമോ ആയിരുന്നു.പീഡിപ്പിക്കപ്പെട്ടതാകെട്ടെ  ....അധസ്ഥിതരും .
നമ്മുടെ പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ ലൈംഗികാതിക്രമാങ്ങളുടെ  പുനരാവര്‍ത്തനങ്ങള്‍ .
"തൊട്ടു കൂടാത്തവന്‍ ,തീണ്ടി കൂടാത്തവന്‍ ...പക്ഷെ , ലൈംഗികാ  ഭിനിവേശം തീര്‍ക്കാന്‍ ഒരു വിലക്കും  ഇല്ലാത്തവര്‍ "....വരേണ്യ  വര്‍ഗത്തിന് എന്നും മോഹം ക്ഷമിപ്പിക്കാനുതകുന്ന ഉപകരണങ്ങലായിരുന്നല്ലോ ഈ അധകൃത വര്‍ഗങ്ങള്‍ .,,, ,..പക്ഷെ  ലൈംഗികവൃത്തിയിലെ സ്ത്രീ ശരീരം ഒരു മേലാള വര്‍ഗതിന്റെത് ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ .ഇത് തന്നെയാകുമായിരുന്നു അവസ്ഥ. ഇപ്പോള്‍ നമ്മുടെ തലസ്ഥാന നഗരിയില്‍ അരങ്ങേറി കൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ .....
പീഡനം ആരുടെ ഭാഗത്ത്‌ നിന്നുണ്ടായാലും എതിര്‍ക്കപെടെണ്ടാതാണ് .സര്‍ക്കാരിന്റെ കുറെ വസ്തു വഹകള്‍ കത്തി ചമ്പലാക്കിയാല്‍ തുടച്ചു നീക്കാവുന്നതല്ല നമ്മുടെ പീഡന പരമ്പരകള്‍ .കുറെ ഏറെ അസഭ്യ വര്‍ഷങ്ങള്‍ ചൊരിഞ്ഞത് കൊണ്ടോ പ്രതിഷേധ മാര്‍ച്ച് നിയന്ത്രിച്ച നിയമ പാലകരെ ചവിട്ടി കൊന്നത്  കൊണ്ടോ നമ്മുടെ രാജ്യത്തെ സ്ത്രീകളെ സുരക്ഷിതത്തിന്റെ ഫയരെട്ടട് ഗ്ലാസിനകത്തു ഒളിപ്പിക്കാംഎന്നത് വ്യാമോഹം മാത്രമാണ് .
ഒരു പ്രതിഷേധ സെലിബ്രെഷന്‍  ആയിരുന്നു വാസ്തവത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറിയത് .എന്തും ഏതും ആഘോഷമാക്കി തീര്‍ക്കുന്ന നമ്മുടെ യൂത്തിനു മറ്റൊരു ഹസാരെ സമരം കണക്കെ ഒരു  സെലെബ്രെട്ടി ....ആര്‍ത്തു വിളിച്ചും പൊട്ടിചിരിച്ചും മാറും ചന്തിയും കുലുക്കിയും കൂട്ടിയുരുമ്മിയുമുള്ള പ്രതിഷേധ മാമാങ്കങ്ങള്‍ ...
ഈ പ്രതിഷേധങ്ങള്‍ക്കിടയില്‍ തന്നെയാണ് തൊട്ടപ്പുറത്ത് മൂന്നു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞു ലൈഗികാതിക്രമാതിനു ഇരയായതും മറ്റൊരിടത്ത് വീട്ടമ്മയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു നഗ്നയാക്കി നടത്തിയതും .ഈ പ്രതിഷേധങ്ങള്‍ എന്തെങ്കിലും ഫലം ചെയ്തിരുന്നെങ്കില്‍ ഒരല്‍പ്പ നേരത്തേക്കെങ്കിലും പീഡനങ്ങള്‍ക്ക് വിരാമമുണ്ടാകുമായിരുന്നു .
കുറ്റവാളികളെ  വീശിപ്പിടിക്കാന്‍ കെല്‍പ്പുള്ള വലകളില്‍ തന്നെയാണ് അവര്‍ക്ക് പുറത്തു കടക്കാനുള്ള ദ്വാരവും പണിയുന്നത് .
വഴിപാടു പോലെയുള്ള നമ്മുടെ ശിക്ഷാ മുറകള്‍ ഇതിനെക്കാള്‍ മുന്തിയ സാമൂഹ്യ അവസ്ഥ തീര്‍ക്കുമെന്ന് നിനക്കുന്ന നാമെല്ലേ സത്യത്തില്‍ മൂഡന്മാര്‍ .
പത്തു വയസ്സ് മാത്രം പ്രായമുള്ള പോന്നു മോളെ ആഗ്രഹസഫലീകരനാനന്തരം പൊന്തന്‍ കാടുകളിലുപെക്ഷിച്ചു പോയ കിരാതന് അര്‍ഹമായ ശിക്ഷ നല്‍കാന്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് തന്നെ ആയുധം കയ്യിലെടുക്കേണ്ട നാണിപ്പിക്കുന്ന കഥയാണ് നമ്മുടെ "നീതി കേരളത്തിന്റെത്"
സാമാന്യ ജനത്തെ കൊണ്ട് നിയമവും ആയുധവും കയ്യിലെടുപ്പിക്കുന്നിടത് എത്തി നില്‍ക്കുന്നു നമ്മുടെ നിയമ വ്യവസ്ഥകള്‍ .
കുറ്റവാളികള്‍ രക്ഷപ്പെടുകയും നിരപരാതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന തീര്‍ത്തും ലജ്ജാകരമായ അവസ്ഥാവിശേഷം .
വെന്റിലാട്ടരില്‍ കിടക്കുന്ന പെങ്കൊച്ചിനു വേണ്ടി രാഷ്ട്രപതി ഭവന്റെ മുന്നിലോ സഫദര്‍ജംഗ്  ആശുപത്രിക്ക് മുന്‍പിലോ ബഹുജനം അലമുറയിട്ടത് കൊണ്ട് ജീവിതത്തിലേക്ക് അവള്‍ തിരികെ വരുമെന്ന് ആരും കരുതുന്നില്ല .
അതെ സമയം ഇത്തരത്തില്‍ മനുഷ്യാവകാശ ശബ്ദങ്ങള്‍ ഉയരേണ്ട എത്രയോ അവസ്ഥകള്‍ ഇന്നും നമ്മുടെ സമകാലിക ഇന്ത്യയില്‍ നിലവിലുണ്ടെന്ന് ആരും ഓര്‍ക്കാതെ പോകുന്നു .
വിചാരണ തടവുകാരായും അലാതെയും നിരപരാതികളായ ആയിരക്കണക്കിന് ആളുകള്‍ -മദനി ഉള്‍പ്പെടെ  , നമ്മുടെ രാജ്യത്തെ പല ജയിലുകളില്‍ ഇത്തരം മനുഷ്യാവകാശ ശബ്ദങ്ങള്‍ മോഹിക്കുന്നുണ്ട് .ഈ പ്രതിഷേധങ്ങള്‍ വേണ്ടത് അവിടെയാണ് ....
പീഡന കഥകള്‍ റിപ്പോര്‍ട്ട്‌  ചെയ്യാതിരിക്കാന്‍ കുറെ കൂടെ കാര്യ ക്ഷമമായ മാര്‍ഗങ്ങള്‍ തേടുകയും വേണം കൂട്ടത്തില്‍ .
നിയന്ത്രിക്കേണ്ട ഒട്ടനവധി മേഘലകളുണ്ട്  നാം .നമ്മുടെ സിനിമ ,സീരിയല്‍ ,സ്ത്രീ ജീവിത രീതികള്‍ ,വസ്ത്ര ധാരണം ,സാമൂഹ്യ ചുറ്റുപാടുകള്‍ ,ജോലിക്ക് വേണ്ടിയുള്ള വിദ്യാഭ്യാസതോടൊപ്പം അനിവാര്യമായ ധാര്‍മിക പഠനങ്ങള്‍ ,ലൈംഗിക സമീപനങ്ങള്‍ -തുടങ്ങി ഒരു പാട് മേഖലകളില്‍ കാതലായ മാറ്റം അനിവാര്യമാണ് .
ഒരു തൂക്കി കൊല കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല ഈ പീഡന പരമ്പരകള്‍ .ഇസ്ലാമിക ശരീഅത് പ്രാബല്യത്തിലുള്ള രാജ്യങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ കുറയുന്നതിന് കാരണം കടുത്ത ശിക്ഷാ മുറകള്‍ക്ക്‌ പുറകെ മേല്പറഞ്ഞ എല്ലാ മേഖലകളിലും ശക്തമായ നിയന്ത്രണങ്ങള്‍ അനുവര്‍ത്തിക്കുന്നത് കൊണ്ടും കൂടിയാണ് .
ഈ മേഖലകള്‍ കുറെ കൂടെ സഭ്യ വല്ക്കരിക്കുംപോള്‍ മാനുഷിക മൂല്യങ്ങളും വിചാരങ്ങളും ഉന്നതി പ്രാപിക്കും .അവിടെയാണ് സ്വയം നിയന്ത്രണങ്ങളും വിലക്കുകളും സാധ്യമാകുന്നത് .
വ്യക്തിയും കുടുമ്പവും അത് വഴി സാമൂഹിക മാറ്റവും സാധ്യമാകുംപോഴാണ് അതിന്റെ ഗുണ ഫലങ്ങള്‍ നമ്മുടെ രാജ്യതിനാകമാനം അനുഭവിക്കാന്‍ കഴിയുക ...........

2012 ഡിസംബർ 22, ശനിയാഴ്‌ച

മഞ്ഞു താഴ്വരയിലേക്കൊരു ചരമഗീതം

"മേരെ ഹോനേ വാലെകു ലെനെകെലിയെ ദൂസരാ ചോക്ര ആരെ ആജ് . കുച്ച്  ഐഡിയ ബതാഹോ യാര്‍ " മോഹിച്ചത്  നഷ്ടപ്പെടുമെന്നാകുമ്പോള്‍  ഉണ്ടാകുന്ന എല്ലാ മാനുഷിക വികാരങ്ങളും അപ്പോള്‍ അവന്റെ മുഖത്ത് പ്രകടമായിരുന്നു.
കഷ്ടി ഒരു വര്‍ഷം മാത്രം അടുപ്പമുള്ള എന്റെ ഒരു നേപ്പാളി കൂട്ടുകാരന്‍ ആയിരുന്നു അവന്‍ , ദാമ്പേര്‍ പ്രസാദ്‌ . ദേശത്തിന്റെയോ മതത്തിന്റെയോ അതിര്‍ വരമ്പുകള്‍ ഒരിക്കലും തടസ്സമാകാത്ത സൗഹ്രുദതിലെ ഒരു കണ്ണി.....
ഒരു ബാല്യ കാല പ്രണയമായിരുന്നു അവന്റെത്‌ . കൂട്ടുകാരി  നിഷ. എന്നും അവളെ കുറിച്ചും അവളുടെ സ്നേഹത്തെ കുറിച്ചും പറയാനായിരുന്നു അവനു സമയം. അവന്റെ പ്രണയ കഥയിലൂടെ മഞ്ഞു മൂടിയ നേപ്പാളിന്റെ ഹിമകണങ്ങള്‍ പെയ്തിറങ്ങുന്ന താഴ്വാരങ്ങള്‍ ഞാന്‍ മനസ്സില്‍ കണ്ടു.....
അവരുടെ ജീവിതം, ഭക്ഷണ രീതി, സാമൂഹികാവസ്ഥ, കുടുംബാന്തരീക്ഷം.....കണ്ടറിയാത്ത നേപ്പാളിനെ അങ്ങിനെ അവനിലൂടെ ഞാന്‍ ഒരു പാട് അടുത്തറിഞ്ഞു .
അതില്‍ ഞങ്ങള്‍ക്ക് ഏറ്റവും ചിരിക്കാന്‍ വക നല്‍കിയത്  അവരുടെ വിവാഹ രീതിയെ കുറിച്ചുള്ള ഒരു പുത്തന്‍ അറിവായിരുന്നു. ....
കല്യാണ ശേഷം പുതുമണവാട്ടി  ആദ്യത്തെ പതിനഞ്ചു ദിവസം ഭര്‍ത്താവിന്റെ അമ്മയുടെ കൂടെ രാപ്പാര്‍ക്കനമെത്രേ .....
"എങ്കില്‍ ദാമ്പേര്‍ അമ്മയുടെ റൂമിന്റെ ഓടിളക്കി ഇറങ്ങും ".....ഞങ്ങളുടെ കൂട്ടത്തിലെ ശ്രീലങ്കന്‍ രിഫാസിന്റെ തമിഴ് കലര്‍ന്ന മലയാളത്തിലുള്ള കമന്റ്‌ കേട്ട് എല്ലാവരും ആര്‍ത്തു ചിരിച്ചു.
അവന്റെ ബാല്യ കാല സഖിയെ പെണ്ണ്  കാണാന്‍ ഒരുത്തന്‍ വന്ന വിവരമറിഞ്ഞ ടെന്‍ഷന്‍ പങ്കുവെക്കുകയാണ് .
"ഫിറോസ്‌ ഭായ് മൈ ക്യാ കരും " കൂട്ടത്തില്‍ മുതിര്‍ന്ന ഫിരോസ്ക്കയോട്  അഭിപ്രായമരാഞ്ഞെങ്കിലും  തീര്‍ത്തും തമാശ രൂപെനയാണ്‌  പ്രതികരിച്ചത്.
" കൊണ്ട് പോകുന്നെങ്കില്‍ അങ്ങ് പോകെട്ടെട ,,..." മലയാളം കേട്ടാല്‍ മനസ്സിലാകുന്ന  അവനു തമാശയാണെന്നറിഞ്ഞിട്ടും മുഖത്തെ വാട്ടം മാറിയില്ല.
പിന്നെ തുടരെ തുടരെ ഫോണ്‍ വിളിയായിരുന്നു നാട്ടിലേക്ക്.
എന്തൊക്കെയോ ജയിച്ചടക്കിയ മുഖഭാവമായിരുന്നു വൈകുന്നേരം അവനെ കാണുമ്പൊള്‍ ..
"സാലീ ഭായ്...പൂര ടീക്‌ ഹോഗയാ ....മെര ലട്കി മുജെ ചോടകി കിദര്‌ബി നഹി ജായാഗ ...."
രണ്ടു വീട്ടുകാരും പരസ്പരം സംസാരിച്ചു എല്ലാം ശരിയാക്കി..മൂന്നു മാസത്തിനു ശേഷം ദാമ്പേര്‍ ലീവിന് വന്നാല്‍ ഉടനെ കല്യാണം.
പിന്നീട് നാട്ടില്‍ പോകുന്നത് വരെയും ആഘോഷ തിമാര്‍പ്പയിരുന്നു അവനു. മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങി തയ്യാറെടുപ്പുകള്‍........ ........,,,,
പല മലയാളി സുഹൃത്തുക്കളില്‍ നിന്നും കിട്ടാത്ത അനുഭവമാണ്  ലീവിന് പോയ ശേഷം എല്ലാവര്‍ക്കും അവനില്‍ നിന്നും ലഭിച്ചത്. പലര്‍ക്കും സ്ഥിരമായി വിളിക്കും ...ഫേസ് ബുക്കില്‍ കണ്ടാല്‍ രണ്ടു മൂന്നു മെസ്സേജ് എങ്കിലും നിര്‍ബന്ധമാണ്‌..  ,,,ഓരോ വിശേഷങ്ങളും വിളിച്ചറിയിക്കും കല്യാണം കഴിഞ്ഞത് മുതല്‍ മൂന്നു ദിവസം മുന്‍പ് വിളിച്ച്  താന്‍ ഒരച്ചനാകാന്‍ പോകുന്ന സന്തോഷം വരെ ഞങ്ങളുമായി പങ്കുവെച്ചു .
തീര്‍ത്തും അപ്രതീക്ഷിതമായിട്ടയിരുന്നു ഇന്ന് ആ വാര്‍ത്ത‍ ഞങ്ങളെ തേടി എത്തിയത് . ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റിനു  ഓഫീസില്‍ എത്തി  എ സി  ഓണ്‍ ചെയ്യുന്നതിനിടെയാണ്‌  ലങ്കന്‍ കൂട്ടുകാരന്‍   ഇബാദ്  വന്നു പറഞ്ഞത് , അതും  ഒറ്റ വാക്കില്‍ " ടെമ്പേര്‍ മരിച്ചു ".....എന്താണെന്നു ചോദിച്ചറിയും മുന്‍പേ അവന്‍ പുറത്തു കടന്നിരുന്നു.
പിന്നീടു വാര്‍ത്ത‍ സ്ഥിരീകരിച്ചപ്പോള്‍ ,...........കേട്ടത് ശരിയാകരുതെയെന്നു  എല്ലാവരും കൊതിച്ചിരുന്നു.പക്ഷെ നമ്മുടെ കൊതി കൊണ്ട്  ശരി തെറ്റാകില്ലല്ലോ ........
കഴിഞ്ഞ ബുധനാഴ്ച്ച  നടന്ന ഒരു ബൈക്ക് അപകടമാണ്  ഒരു ജീവന്റെ അവസാനത്തിനും  മറ്റ്  രണ്ടു ജീവന്റെ  മുന്‍പില്‍ ചോദ്യ ചിന്നതിനും  കാരണമായത് ...അതിലൊന്ന്  ഇനിയും  ഭൂലോകത്തിന്റെ സ്പന്ദനങ്ങള്‍ എന്താണെന്നു തിരിച്ചറിഞ്ഞിട്ടില്ലാത്ത അവന്റെ സഹാദര്‍മണിയുടെ  ഉദരത്തില്‍ പിറക്കും മുന്‍പേ പിതാവ് നഷ്ടപെട്ട  ആണെന്നോ പെണ്ണെന്നോ  വേര്‍തിരിക്കാന്‍ സമയമായിട്ടില്ലാത്ത ഒരു മാംസ പിണ്ഡം .....
"ദൈവമേ ശത്രുകള്‍ക്ക് പോലും ഇത്തരം ഒരവസ്ഥ കൊടുക്കല്ലേ......" ആരും മനമുരുകി പ്രാര്‍ഥിച്ചു പോകുന്ന സന്ദര്‍ഭം....
"നേപ്പാള്‍ സുന്ദര്‍ഹൈ" ...റൂമിലേക്ക്‌  കോണി പടി കയറി ചെല്ലുമ്പോള്‍ ദാമ്പെരിന്റെ കയ്യക്ഷരത്തില്‍ കോറിയിട്ട  വാക്കുകള്‍  എന്നും   അവനെ ഓര്‍ക്കാന്‍  കാരണമായിട്ടുണ്ടെന്ന്  കൂട്ടുകാരന്‍ നസീര്‍ പറയുന്നു......
ഞങ്ങളോടൊപ്പം കൂടി മലയാളി ഭക്ഷണം ശീലമാക്കിയ പോലെ കുറെ ഏറെ  മലയാള  വാക്കുകളും അവന്‍ പഠിച്ചിരുന്നു..." എന്താടാ  ചെങ്ങായീ ...." അവന്‍ സ്ഥിരമായി ഞങ്ങളെ അഭിസംബോദന ചെയ്യുന്നതങ്ങിനെയായിരുന്നു........
രോഹിത്  ഹിന്ദി പഠിക്കാന്‍ അവന്റെ കൂടെ  കൂടിയത് കൊണ്ടാണ്  ദാമ്പേര്‍ മലയാളം പഠിചെതെന്നു എല്ലാവരും പറയാറുണ്ട്‌ ....
അന്‍സാര്‍  ഉപയോഗിക്കുന്ന ഫേനയില്‍  നോക്കി  ഷബ്നാസ് ഒരിക്കല്‍  പറഞ്ഞു...." ഡാ  ഇത്  ടെമ്പെരിന്റെ ഫേന അല്ലെ....?  ടെമ്പെരിന്റെയോ?.....അന്‍സാര്‍ ചോദ്യ രൂപേണ  ശബ്നാസിനെ  നോക്കി....ഇടയില്‍ കയറി  ശകീഫ് തീര്‍ത്തു  കല്‍പ്പിച്ചു....."ഇതില്‍ പേര് കണ്ടില്ലേ?  നിഷ .....
ടെമ്പേര്‍ അവന്റെ മനസ്സിന് പുറമേ പലയിടത്തും അവന്റെ പ്രിയതമയുടെ നാമം കൊത്തിവെച്ചിരുന്നു ......
" ടെമ്പേര്‍ നാട്ടില്‍ നിന്നും വന്നാല്‍  ഞാന്‍ കൊടുക്കും..അത് വരെ ഉപയോഗിചോളാന്‍  എന്നോട് പറഞ്ഞിട്ടുണ്ട് .....അന്‍സാറിന് കാത്തിരിക്കാന്‍ ഇനി ആരുണ്ട്‌....... ...... ,,,....

ജീവിച്ചു തുടങ്ങും മുന്‍പേ നിലച്ചു പോയ ആത്മാവേ,......
നിനക്കായി നല്‍കാന്‍ മരിക്കാത്ത ഓര്‍മ്മകള്‍ അല്ലാതെ
ഒന്നുമില്ല എന്നില്‍... ....,......
സത്യവും മിഥ്യയും കൂട്ടി കുഴഞ്ഞ  ഈ
ഭൂമിയില്‍  നിത്യ സത്യം  ഒന്നേയുള്ളൂ  ....
ആ മരണമെന്ന യാഥാര്‍ത്ഥ്യം ഇപ്പോള്‍
നീ രുചിച്ചറിഞ്ഞു .....
അടുത്ത ഏതു നിമിഷത്തില്‍ വേണമെങ്കിലും
വിരുന്നെതാവുന്ന യാഥാര്‍ത്ഥ്യത്തിനു
ആരും അപരാചിതരെല്ലന്നറിയുമ്പോള്‍
നിന്റെ വിരഹം സൃഷ്ടിക്കുന്ന നൊമ്പരം
ഞങ്ങള്‍ നിനവില്‍ കാണുന്ന  ലോകവുമായി
കൂടുതല്‍ അടുക്കുന്നു.

2012 ഡിസംബർ 19, ബുധനാഴ്‌ച

സൈബര്‍ ഫാദര്‍

മിനികഥ

കളിപ്പാട്ടമോ ഉടുപ്പോ - പുത്തനായിട്ടു എന്തു കിട്ടിയാലും 
ആദ്യം അച്ഛനു കാണിച്ചു കൊടുക്കുന്നത് ഇതിനകം 
അവള്‍ ഒരു പതിവാക്കിയിരിക്കുന്നു.
വീഡിയോ ചാറ്റിങ്ങിലൂടെ എന്നും വിരുന്നെത്തുന്ന അച്ഛന്‍ 
ആ രണ്ടര വയസ്സുകാരിക്കു ഇന്ന്  ഒരപരിചിതനല്ല.
ലോകത്തിന്റെ  നാഴിക കണക്കുകള്‍ സൈബര്‍ 
കുമ്പിളില്‍  ശോഷിച്ചുണങ്ങിയപ്പോള്‍ ദൂരങ്ങള്‍ 
എത്തിപ്പിടിക്കാന്‍ ഒട്ടും ആയാസപെടേണ്ടി വന്നില്ല......
തന്റെ കൊഞ്ചലും ലാളനയും ഇണക്കവും 
പിണക്കവുമെല്ലാം ആ കുഞ്ഞിളം മനസ്സുമായി  പങ്കുവെക്കാനയാള്‍ക്ക് 
മുന്നിലെ ലാപ്ടോപ്‌  തന്നെ ധരാളമായിരുന്നു.
"അച്ഛനെന്നാ വര്വാ ...." ഇടക്കിടെയുള്ള  കൊഞ്ചല്‍ നാദം 
അയാള്‍ക്ക്‌ സമ്മാനിച്ചിരുന്നത്  നിര്‍വൃതി നിറഞ്ഞ 
ആകാംഷകളായിരുന്നു .....
ഇന്നലെയും കുഞ്ഞു മോണ കാട്ടി അവള്‍ ചിരിച്ചു.
"അച്ഛാ നോക്യേ ,.....മുത്തച്ചനിന്നലെ കൊണ്ടന്ന ആന "
ശരിക്കൊരു പൂച്ചയുടെ അത്രയും വലിപ്പത്തില്‍   മരത്തില്‍ തീര്‍ത്ത 
ചന്തമുള്ള കൊമ്പനാന .....
മോളതിനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരിക്കുന്നു....
മോളോടു പറഞ്ഞ അവധി ഇന്ന് തീരുകയാണ് .
കളിക്കും ചിരിക്കും കൊഞ്ചലിനുമെല്ലം  സൈബര്‍ ലോകത്തിന്റെ 
അകമ്പടി കുറച്ചു നാളത്തേക്ക് ഒഴിവാക്കി പൊന്നോമനയെ  കോരിയെടുത്തു 
ഓമന കവിളില്‍ ഒരായിരം ചുമ്പന വര്‍ഷം ചൊരിയാന്‍ 
ഇപ്പോള്‍ അയാള്‍ക്ക്‌ തിടുക്കമായി .
ആദ്യ കാഴ്ചയിലെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല .....
"മോളച്ചനെ കണ്ടില്ലേ ?....." 
മുത്തശ്ശിയുടെ ചോദ്യവും അമ്പരപ്പ് മാറ്റിയില്ല  .....
ചെറിയ കണ്ണുകള്‍ വലിയ വട്ടത്തില്‍ വിടര്‍ത്തി നോട്ടം 
ആവര്‍ത്തികുക തന്നെയാണ് .
അവള്‍ക്കായി കൊണ്ട് വന്ന അവളോളം വലിപ്പമുള്ള 
കളിപ്പാട്ടം സമ്മാനിച്ച്‌  കൊരിയെടുക്കാനുള്ള അയാളുടെ ശ്രമം 
വിഫലമായെങ്കിലും കളിപ്പാട്ടം നിരസിച്ചില്ല.
"അമ്മച്ചീ....വാ .....ലാപ്‌ടോപിന്റെ മുമ്പിലേക്കാണ്  വിളിക്കുന്നത്‌ .
" ഇച്ച് അച്ഛനെ  കാനനം ,...മാമന്‍  തന്ന വാവനെ കാറ്റണം ......"
തുരക്കമ്മചീ ......കുഞ്ഞു കൈ വിരലുകള്‍ മൌസിലെക്കും കീ ബോഡിലെക്കും 
നീങ്ങുമ്പോള്‍ തൊട്ടപ്പുറത്തെ റൂമില്‍ തന്റെ ലാപ്‌ ടോപ്പില്‍ ലോഗിന്‍ 
ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അയാള്‍ ....തന്റെ മകള്‍ക്ക് 
വേണ്ടി ഒരു സൈബര്‍ ഫാദറാകാന്‍ .....

2012 ഡിസംബർ 8, ശനിയാഴ്‌ച

കഥയില്ലാത്ത മരുഭൂ കഥകള്‍

കഥ

കൃത്യമായി പറഞ്ഞാല്‍ 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണു ഞങ്ങള്‍ തീര്‍ത്തും അവിചാരിതമായി ഇന്ന് കണ്ടു മുട്ടിയത്‌.. ........... .
മരുഭൂമിയില്‍ പ്രവാസി എന്നും ഒരു സ്വപ്ന ജീവിയനെല്ലോ?
പ്രത്യേകിച്ചു തനിച്ചാകുമ്പോള്‍ . .....
മരുഭൂമിയിലെ നിലാവിന് പോലും വല്ലാത്ത ഊഷരതയാണ് . നിലാവില്‍ തിളങ്ങി നില്‍ക്കുന്ന പോന്നംബിളിയെ എന്റെ കാല്‍കീഴില്‍ തരാനും
 എനിക്ക് തോന്നുമ്പോള്‍ തട്ടിത്തെറിപ്പിച്ചു ഒരായിരം അമ്പിളിമാരെ സൃഷ്ടിക്കാനും ഒരു പോയ്കയോ തടാകമോ എവിടെ? 
സ്വപ്നത്തിലാണെങ്കിലും ഞാന്‍ ഇതൊക്കെ അനുഭവിക്കുന്നത് എന്റെ നാട്ടിലെതുമ്പോഴാണ് . പിന്നെ എന്റെ പോന്നു മോളും അവളുടെ കളിയും ചിരിയും 
എല്ലാം ഇന്ന് ഞാന്‍ കാണുന്നത് സ്വപ്നതിലെല്ലേ?......
അത്തരം ഒരു സ്വപ്ന യാത്രയിലാണ് അദ്ദേഹം എന്റെ മുന്നില്‍ വന്നു പെട്ടത്.
എന്റ ഒരു ജേഷ്ഠസഹോദരന്‍ എന്ന് പറയുന്നതാകും ശരി.
കൌമാരത്തിന്റെ പെടപെടപ്പില്‍ മനസ്സില്‍ വരുന്നതെന്തും തുറന്നു ചോദിയ്ക്കാന്‍ , കാട്ടി കൂട്ടലുകള്‍ തുറന്നു പറഞ്ഞു ഊറ്റം കൊള്ളാനും ചിലപ്പോള്‍ ശകാരം കേള്‍ക്കാനും .....എന്തിനും  ഏതിനും ഒരു വലിയ കൂട്ട്.
പ്രവാസ ജീവിതത്തിന്റെ നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 
ആദ്യം വരുന്നത് ഈ ബന്ധങ്ങളുടെ അര്‍ദ്ധ വിരമാങ്ങളായിരിക്കും. 
അത്തരം ഒരു അര്‍ദ്ധ വിരാമാതിനോടുവിലാണ് ഇപ്പോള്‍ ഞാന്‍ അദ്ധെഹതെ കണ്ടെത്തിയിരിക്കുന്നത്.
എന്റര്‍ ഓര്‍മയിലെ അദ്ധെഹത്തിന്റെ മുഖം പ്രസന്നതയുടെ പ്രതീകമായിരുന്നു.നിരാശനായി കണ്ടതായി ഞാന്‍ ഓര്‍ക്കുന്നെയില്ല.
പക്ഷെ, പ്രവാസ ജീവിതത്തിന്റെ നിരര്‍ത്ഥകത ആകാം ഇന്നു ഞാന്‍ അയാളുടെ മുഖത്ത് കാണുന്ന നിസ്സംഗത ......
ഞങ്ങളുടെ ഈ  സമാഗമത്തിന്  ഇതിനേക്കാളേറെ അനുഭൂതിയും നിര്‍വൃതിയും ഉണ്ടാകേണ്ടതായിരുന്നു.പക്ഷെ,ഞങ്ങളുടെ ബന്ധത്തിന്റെ ആഴം വെച്ച് അളന്നത് കൊണ്ടാകാം, എന്റ മനസ്സില്‍ ഇങ്ങിനെ ഒരു തോന്നല്‍ ഉണ്ടാക്കിയത്.....
റോഡ്‌ മുറിചു കടന്നാല്‍ തീരെ ചെറുതെല്ലാത്ത ഒരു പാര്‍ക്കുണ്ട് . 
ബലദിയ്യയുടെ രണ്ടു ബസ്സുകള്‍ അടുത്തടുത്ത്‌ വന്നപ്പോള്‍ നടത്തം അല്‍പ്പം തടസ്സപ്പെട്ടു . ..തിരക്കിട്ട് നടന്നപ്പോള്‍ ഒന്ന് വേച്ചു ഞാന്‍ വീഴാന്‍ പോയതായിരുന്നു,പക്ഷെ  അദ്ധേഹത്തിന്റെ പെട്ടന്നുള്ള താങ്ങല്‍ ,...എന്തോ എന്റെ മനസ്സില്‍ പണ്ട് ഇയാളില്‍ നിന്നെനിക്ക് കിട്ടിയിരുന്ന കരുതല്‍ നഷ്ട്ടപെട്ടിട്ടില്ല എന്ന തോന്നലുളവാക്കുന്നു...
മരത്തിന്റെയും സിമന്റിന്റെയും കുറെയേറെ ബെഞ്ചുകള്‍ അവിടെ കാലിയായി കിടന്നിരുന്നെങ്കിലും പച്ചപ്പ്‌ നിറഞ്ഞ നിലത്തു ചമ്രം പടിഞ്ഞിരിക്കാനായിരുന്നു ഞങ്ങള്‍ക്ക് താല്‍പ്പര്യം ...എനിക്കെന്തോ ആ ഇരുത്തത്തില്‍ കുറച് കൂടെ കാപട്യവും കൃത്രിമത്വവും കുറവാണെന്ന് തോന്നി.....
ഞങ്ങള്‍ക്കപ്പുറത്തു  പരസ്പരം ചേര്‍ന്നിരുന്നു തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഒരു ഫിലിപ്പീനി യുവാവിനെയും യുവതിയെയും കണ്ണിമവെട്ടാതെ നോക്കി കൊണ്ടേയിരിക്കുകയായിരുന്നു  എന്റെ കൂട്ടുകാരന്‍ . 
എന്റെ തോണ്ടലില്‍ സ്വബോധം വീണ അദ്ധേഹത്തിന്റെ മുഖത്ത് 
പക്ഷെ സ്വാഭാവികമായും അത്തരം ഘട്ടങ്ങളിലുണ്ടാകേണ്ട ഒരു ചമ്മലോ ,നാണമോ 
ഒന്നും ഞാന്‍ കണ്ടില്ല ..
പകരം ചോദ്യമോ ഉത്തരമോ എന്ന് വിവേച്ചിചറിയാന്‍ കഴിയാത്ത  വെറും പറചിലെന്നു തോന്നിപ്പിക്കുന്ന ഒരു  വാക്ക്.....
നാമും ഇവരെ പോലെ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...,..
ഇവരെ പോലെ?....
അതെ ,,ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ...സ്നേഹം കൊടുക്കാനും വാങ്ങാനും ആരോടും ഒരു കരാറോ ഉടമ്പടിയോ ഇല്ലാതെ ...
അപ്പോള്‍ ?.....
അപ്പോള്‍ പിന്നെ ആര്‍ക്കും നമ്മെ വന്ജിക്കാം ...സ്നേഹം നഷ്ട്ടപ്പെടുമ്പോള്‍ നമുക്ക് സങ്കടപ്പെടേണ്ട ...
എനിക്ക് ചിലതൊക്കെ മണക്കാന്‍ തുടങ്ങി......അദ്ധെഹത്തിന്റെ നിസ്സംഗതയ്ക്ക്  മറ്റെന്തൊക്കെയോ തലങ്ങളുള്ളതായി എനിക്ക് തോന്നി ....
സുലൈമാന്ക്കയുടെ മനസ്സില്‍ എന്തൊക്കെയോ പ്രശ്നങളില്ലേ ?.......
എന്റെ ചോദ്യം ഒരിക്കലും ഞാന്‍ തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അതങ്ങിനെ ആണെല്ലോ,.....ചിലപ്പോള്‍  അവസരതിനോതുള്ള വാക്കുകളും പ്രവര്‍ത്തികളും നാം പോലും അറിയാതെയാകും നമ്മില്‍ നിന്നും സംഭവിക്കുക..
എന്റെ ചോദ്യം തീര്‍ത്തും അവസരോചിതമായെന്നും ചോദിക്കണോ വേണ്ടയോ എന്ന ആശങ്കയില്‍ നിര്ജീവനായി നിന്നിരുന്നെങ്കില്‍ പിന്നീടത്‌ എന്നില്‍ വലിയ നഷ്ട ബോധമുണ്ടാക്കുമായിരുന്നെന്നും ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.
സുലൈമാന്‍ക്ക ആദ്യം ഒന്ന് ഞെട്ടിയെങ്കിലും എന്റെ ആ ചോദ്യം അദ്ധെഹം ആഗ്രഹിച്ചിരുന്നെന്നു  ആ മുഖത്ത് നിന്നും ഞാന്‍ വായിച്ചെടുത്തു.
ഇത്രമാത്രം നിര്‍വീര്യനാകാന്‍ മാത്രം എന്തുണ്ടായി?
എന്റ കുടുംബം ,..,..
എന്റ ചെറിയ ചോദ്യത്തിനു ഒറ്റ വാക്കില്‍ തന്നെ ഇക്ക ഉത്തരം തന്നു...
ങേ ...സുലമാന്‍ക്കയുടെ കുടുംബം?....എന്റ ചോദ്യം പുറത്തേക്കു വന്നില്ല...
എനിക്കറിയാത്ത എന്താണ് അദ്ധെഹത്തിന്റെ കുടുംബതിലുള്ളത് ...അമ്മാവന്റെ മകളെ തന്നെയാണ് സുലൈമാന്‍ക്ക കല്യാണം കഴിച്ചത്. അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നെങ്കിലും രണ്ടു വീടുകാരുടെയും നിര്‍ബന്ധത്തിനു അവസാനം അദ്ധേഹം കീഴടങ്ങുകയായിരുന്നു. ആ താല്പര്യ കുറവ് അദ്ധേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സുമോഹനമായ വിവാഹത്തിന്റെ ആദ്യനാളുകളുടെ സുരഭിലനിമിഷങ്ങള്‍ അവര്‍ക്ക് നഷ്ടമാക്കുകയും ചെയതു . പക്ഷെ രണ്ടു വര്‍ഷത്തിനു ശേഷം  വിരുന്നെത്തിയ പോന്നുമോള്‍ അവര്‍ക്ക് നഷ്ടപെട്ടതെല്ലാം തിരികെ നല്‍കി ....സുലൈമാന്‍ക്ക ഇടക്കൊക്കെ പറയാറുണ്ട്....
ദാമ്പത്യജീവിതത്തിലെ ആദ്യ രണ്ടു വര്‍ഷം ഞങ്ങള്‍ ഉപവാസതിലായിരുന്നു ....ആവശ്യങ്ങള്‍ക്കോ അവകാശങ്ങള്‍ക്കോ വേണ്ടിയെല്ലാത്ത ഉപവാസം.എപ്പോഴാ ഞങ്ങള്‍ അറിയാതെ ഉപവാസം നേര്‍തില്ലാ തായ ഒരു രാത്രിയില്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഗതി മാറിയോഴുകുകയായിരുന്നു..മോളുടെ വരവ് ഞങ്ങളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം ...മോളോടൊപ്പം ഞാന്‍ അവളെയും പ്രണയിച്ചു തുടങ്ങുകയായിരുന്നു...
.പ്രവാസ ജീവിതം ദാമ്പത്യ ജീവിതത്തിനു നേരെ പത്തിവിടത്തി ആടുന്ന ഒരു സര്‍പ്പമായി അന്നു  സുലൈമാന്‍ക്കയുടെ മുന്‍പില്‍ ഇല്ലാതിരുന്നതിനാല്‍ അനുരാഗനാളുകള്‍ ആമോദിച്ചു തീര്‍ക്കാന്‍ മറ്റൊരു തടസ്സവും അദ്ധെഹതിനുടായിരുന്നില....
അവിവാഹിതനായ എനിക്കന്നു ഏറെ നിറങ്ങള്‍ സമ്മാനിച്ച കാഴ്ചകളായിരുന്നു സുലൈമാന്‍ക്കയുടെയും സൈനതയുടെയും അനുരാഗ നാളുകള്‍ ....
അവരുടെ ഒന്നിച്ചുള്ള യാത്രകളും കളിയും ചിരിയുമെല്ലാം ആ കൌമാര പ്രായത്തിലും എന്നില്‍ വിവാഹ സ്വപ്‌നങ്ങള്‍ തീര്‍ക്കാന്‍ പര്യാപ്തമായിരുന്നു..കൂടെ പഠിക്കുന്നവരേയും ഒപ്പം യാത്രചെയ്യുന്നവരെയും എന്തിനേറെ വഴിയില്‍ കാണുന്ന ഏതു സുന്ദരി പെണ്ണിനേയും ചേര്‍ത്തു ഞാന്‍ സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി.....അതിലും എനിക്കേറെ ആശ്വാസമായത് ഈ തോന്നലുകളെല്ലാം അതെ പടി തുറന്നു പറയാന്‍ സുലൈമാന്‍ ക്കയുടെ രൂപത്തില്‍ ഒരു മുതിര്‍ന്ന കൂട്ടുകരനുണ്ടായതായിരുന്നു .
രണ്ടോ മൂന്നോ വര്‍ഷത്തിനു ശേഷം സുലൈമാന്‍ക്കയുടെ സുലുമോള്‍ക്ക്‌ ഒരു അനിയനെയും കിട്ടി...
രണ്ടും സിസേറിയന്‍ ആയതിനാല്‍ സൈനതയുടെ "പേറു" പൂതിക്ക്  അതോടെ പൂര്‍ണ വിരാമമായി ...മോനുണ്ടായെങ്കിലും സുലുമോളോടുള്ള സുലൈമാന്‍ക്കയുടെ സ്നേഹത്തിനു ഒരു കുറവും പറ്റിയില്ല ... മോളുടെ താരാട്ട്പാടിന്റെ ഓഡിയോ കാസെറ്റ്  അപ്പോഴും ആവര്‍ത്തിചവര്തിച്ചു അയാള്‍ കേള്‍ക്കുമായിരുന്നു.
മോള്‍ക്ക്‌ എട്ടു വയസ്സുള്ളപ്പോഴാണ് അദ്ധെഹം പ്രവാസജീവിതം ആരംഭിച്ചത്.
അറബുനാടിന്‍റെ കൌതുക കഥകളുമായി ഇടയ്ക്കിടെ സുലൈമാന്‍ക്കയുടെ കത്തുകള്‍ എനിക്ക് വിരുന്നു തീര്‍ത്തു .പണക്കാരനായ ഒരു അറബിയുടെ വീട്ടില്‍ തോട്ടം പണിയായിരുന്നു ആദ്യം.വളെരെ പെട്ടന്ന് തന്നെ ലൈസന്‍സ് എടുത്തു ആ വീട്ടുകാരുടെ ഇഷ്ട ജോലിക്കാരനായി മാറാന്‍ അദ്ധേഹത്തിന് കഴിഞ്ഞു.വിരഹം പ്രവാസ ജീവിതത്തിന്റെ ഒരു പൊതുദുഖമാണെങ്കില്‍ ജോലിയും ജീവിതാന്തരീക്ഷങ്ങളും നല്‍കുന്ന സുഖദുഖങ്ങള്‍ പലര്‍ക്കും ഏറിയും കുറഞ്ഞുമിരിക്കും. ആ അര്‍ഥത്തില്‍ നോക്കിയാല്‍ ഗള്‍ഫിലെത്തിയ മൂന്നു വര്‍ഷം വളെരെ സുഖകരമായി തന്നെ സുലൈമാന്‍ക്ക ജീവിചു . അതു അക്കാലങ്ങളില്‍ എനിക്ക് വന്ന കത്തുകളിലൂടെ ഞാന്‍ മനസ്സിലാക്കിയിരുന്നു.അതിന്നിടയില്‍ സുലൈമാന്‍ക്ക ഗള്‍ഫ്‌കാരന്റെ എല്ലാ വിധ പത്രാസുകളോടും കൂടെ ഒരിക്കല്‍ നാട്ടില്‍ വരികയും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഗള്‍ഫിന്റെ നറുമണം നന്നായി വിളമ്പുകയും ചെയ്തു.
ഗള്‍ഫുകാരന്റെ ആചാരങ്ങള്‍ക്കോന്നും അദ്ധേഹം ഒരു കുറവും വരുത്തിയില്ല.കുറവ്  വരുത്താന്‍ വേണ്ടപ്പെട്ടവര്‍  അനുവദിച്ചില്ല എന്നു പറയുന്നതാകും ശരി.
സുലുമോള്‍ ആറാം തരത്തില്‍ പഠിക്കുമ്പോഴായിരുന്നു അദ്ധേഹത്തിന്റെ ആദ്യ വരവ്. ഒരു ബാപ്പയും മക്കളെ ഇങ്ങിനെ സ്നേഹിക്കില്ലെന്നുള്ളതാണ് വീട്ടുകാര്‍ക്ക് അദ്ധേഹത്തെ കുറിച്ചുള്ള ഏക പരാതി.സുലുമോള്‍ ബാഗ്‌ എടുത്തു സ്കൂള്‍ ബസ്സിലേക്ക് കയറുമ്പോള്‍ ഇക്കയുടെ കണ്ണ് നിറയുന്നത് സൈനത പലപ്പോഴും കണ്ടുപിടിച്ചു കളിയാക്കിയിട്ടുണ്ട്.ഒരിക്കല്‍ എന്റെ മുന്നില്‍ നിന്നും പറയുന്നത് കേട്ടു "അല്ലാ ...മോളിപ്പേ നാല് മണിയാകുമ്പോ ഇങ്ങോട്ട് തന്നെ വരുന്നതെല്ലേ? അതിനിപ്പോ നിങ്ങള്‍ കരയെ ?.......
ഒന്നും പറയാതെ ഒരു നേര്‍ത്ത ചിരിയും പാസ്സാക്കി അകത്തേക്ക് കയറി പോകുമ്പോള്‍ സൈനതയുടെ കണ്ണില്‍ നിന്നും ആനന്ദഅശ്രു കണങ്ങള്‍ പൊടിയുന്നത് ഞാന്‍ കണ്ടു.....
മക്കള്‍ പിതാക്കളാല്‍ സ്നേഹിക്കപെടുമ്പോള്‍ അമ്മമാരുടെ നെഞ്ചകത്തു തളിരിടുന്ന സന്തോഷ വല്ലികള്‍ ....
നാലു മാസത്തെ ലീവിനു ശേഷമുള്ള അദ്ധേഹത്തിന്റെ പ്രവാസ ജീവിതത്തിലേക്കുള്ള മടക്കം പഴയ പോലെ അത്ര സുഖകരമായിരുന്നില്ല.....പഴയ അറബിയുടെ മരണ ശേഷം മകനാണിപ്പോള്‍ എല്ലാത്തിനും അവകാശി.പലയിടത്തും സംഭാവികാറുള്ള പോലെ, പിതാവിന്റെ നാമം നന്മയോടെ സ്മരിക്കാനോ എന്തോ മക്കള്‍ ദയാ രഹിതരാകുന്ന അപ്രിയ സത്യം തന്റെ കാര്യത്തിലും സംഭവിച്ചത് സുലൈമാന്‍ക്ക തിരിച്ചറിഞ്ഞു. ദുഖങ്ങള്‍ എന്നോട് പങ്കുവെച്ച് ദുഖ ഭാരം കുറക്കെന്ടെന്നു കരുതിയോ, അതോ അനിവാര്യമാല്ലാത്ത സഹതാപം ഞാന്‍ വഴി ഏറ്റു  വങ്ങേണ്ടി വരുമെന്ന് ഭയന്നോ അതിനു ശേഷം പങ്കുവെക്കലിന്റെ കുറിമാനങള്‍ എന്നെ തേടി വരുന്നത് തീര്‍ത്തും അപൂര്‍വമായി .
കാല പ്രവാഹത്തില്‍ ഈ മരുപച്ചയില്‍ അഭയം തേടി ഞാന്‍ വരുന്ന വിവരം വിളിച്ചറിയിക്കുകയും ഇവിടെ എത്തി ഒന്ന് രണ്ടു തവണ ബന്ധപ്പെടുകയും ചെയ്തതോടെ തീര്‍ന്നു ,....വലിയൊരു ബന്ധത്തിന് താല്‍കാലികമായെങ്കിലും വിരാമമാവുകയായിരുന്നു .....
ഫിലിപ്പീനി മിഥുനങ്ങള്‍ സ്ഥലം കാലിയാക്കിയിരുന്നു ......
പാര്‍ക്കും ഏറെ ക്കുറെ നിശബ്ദമായിട്ടുണ്ട്....ഇനി നന്നേ വൈകുന്നേരമാകണം ..ഇവിടം വീണ്ടും സജീവമാകാന്‍ ....
സുലുമോള്‍ ...?...പറഞ്ഞു തുടങ്ങും മുന്‍പേ അദ്ധേഹത്തിന്  തൊണ്ടയിടറി ....
അതെനിക്കറിയാമെല്ലോ  ഇക്കാ .....ഇപ്പോള്‍ ആള്‍ അസുഖമെല്ലാം മാറി സുന്ദരി പെണ്ണായില്ലേ ?......
ഞാന്‍ ഇങ്ങോട്ട് വരുന്നതിന്റെ ഒന്ന് രണ്ടു വര്‍ഷം മുന്‍പായിരുന്നു അത് ....പനിയിലായിരുന്നു തുടക്കം .....വിട്ടു  മാറാത്ത പനി ..കൂടെ തലക്കനവും ഉന്മേഷകുറവും ..ആദ്യമാദ്യമെല്ലാം കുറെ മരുന്നും സാദാ ചികിത്സയുമായി നീങ്ങി ....പിന്നീടെപ്പോഴോ അപകടാവസ്ഥ മനസ്സിലാക്കി..അപ്പോഴേയ്ക്കും പക്ഷെ , ഒരു കിഡ്നി പൂര്‍ണമായും മറ്റേതു ഭാഗിഗമായും അസുഖം കവര്‍ന്നിരുന്നു ....
പിന്നീടു ഞാന്‍ പോലും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ദിനരാത്രങ്ങളായിരുന്നു  അദ്ധേഹത്തിന്റെ കുടുമ്പത്തിനു ...ആശുപത്രിയും  മരുന്നും ചികിത്സയും അതിനു വേണ്ടിയുള യാത്രകളും .....
അവസാനം ഡോക്ടര്‍മാര്‍ തന്നെ പരിഹാര മാര്‍ഗവുമായി രംഗത്തെത്തി ...കിഡ്നി മാറ്റി വെക്കണം ..എങ്കില്‍ ഒരു പക്ഷെ.....
സാധ്യത എന്നാലും പറയാന്‍ കഴിയില്ല ...
സുലുമോളുടെ പുഞ്ചിരി നിറഞ്ഞു  നില്‍ക്കുന്ന ചുണ്ടുകളെല്ലാതെ എല്ലാം ശോഷിച്ചിരുന്നു ....അവളുടെ മുന്ന്നില്‍ നില്‍ക്കുമ്പോള്‍ ഉയര്‍ന്നു വന്നിരുന്ന നെടുവീര്‍പ്പുകളെ എങ്ങിനെയെക്കെയോ പ്രയാസപ്പെട്ടു  മന്ദസ്മിതങ്ങളാക്കി മാറ്റി ...
എല്ലാം നഷ്ട്ടപെട്ടവന്റെ നിസ്സഹായനിലവിളി പോലെ യാണ്  അദ്ധേഹം ഡോക്ടറുടെ അടുത്തേക്ക് കയറിചെന്നതും തന്റെ കിഡ്നി എടുതാനെങ്കിലും മോളെ മരണത്തിനു വിട്ടുകൊടുക്കരുതേ എന്ന് യാചിച്ചതും .....
പിന്നെ എല്ലാം പെട്ടന്നായിരുന്നു ...ഉള്ള രണ്ടു കിഡ്നിനിയിലോന്നു  പോന്നുമോള്‍ക്ക്‌  കൊടുത്തു മോളെ മരണ കിടക്കയില്‍ നിന്നും തന്റെ വാത്സല്ല്യതിന്റെ കരവലയതിലെക്കടുപ്പിച്ചു .......
ഇതെല്ലാം എനിക്കറിയാവുന്ന കാര്യങ്ങളാണ് ...അതെല്ലാം കഴിഞ്ഞു വര്‍ഷം എത്രയോ ആയി ...
പൂര്‍വാധികം പ്രസരിപ്പോടെ സുലുമോള്‍ കോളേജില്‍ പോകുന്നു ,റബ്ബിന്റെ  മഹാകാരുണ്യമാകാം ....കുറച്ചു മരുന്നുണ്ടാന്നെതെല്ലാതെ സുലൈമാന്‍ക്കാക്കും പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല .....
മോള്‍ക്ക്‌ പുതിയ വല്ല ആരോഗ്യ പ്രശ്നവും ?......
ഞാന്‍ അദ്ധേഹത്തിന്റെ മുഖത്തേക്ക് സാകൂതം നോക്കി കൊണ്ട് തന്നെയാണ് ചോദിച്ചത് ....
ഏയ് ...ഒന്നുമില്ല ...
പിന്നെയെന്താ ..ഇപ്പോള്‍ മോളുടെ കാര്യത്തില്‍ ഒരു ആശങ്ക ....
വയസ്സ് ഇരുപതു കഴിഞ്ഞില്ലേ ..ഡിഗ്രി പൂര്‍ത്തിയാക്കി മതി കല്യാണം എന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഞാനും അത് ശരിവെക്കുകയായിരുന്നു ...അത് കഴിഞ്ഞപ്പോള്‍ പി ജി  ആയി ....അപ്പോഴേ  പലരും പറയാന്‍ തുടങ്ങിയിരുന്നു .....നടത്തേണ്ടത് അപ്പപ്പോള്‍  നടത്തണം ..
ഓരോന്നിനും അതിന്റെതായ സമയമുണ്ട് ,അത് തെറ്റിയാല്‍ പിന്നെ പഠിപ്പും പത്രാസ്സുമുണ്ടായിട്ടു ഒരു കാര്യവുമില്ല ...
തനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല ....
മോളുടെ ആഗ്രഹം അങ്ങിനെ ആണെങ്കില്‍ രണ്ടു വര്‍ഷം കൂടെ കഴിയെട്ടെ എന്ന് കരുതി ...
എല്ലാ തയ്യാറെടുപ്പുകളോടും കൂടെയാണ് കഴിഞ്ഞ തവണ നാട്ടില്‍ പോയത് ....
പത്തു പതിമൂന്നു വര്‍ഷം ഇവിടെ നഷ്ട്ടപ്പെടുതിയെങ്കിലും തരക്കേടില്ലാത്ത ഒരു പേരും വിലാസവും ഉണ്ടാക്കിയെടുകാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് ....
അത്യാഗ്രഹമില്ലെങ്കിലും  മോളുടെ വിവാഹത്തെ കുറിച്ച് എനിക്കും ഉണ്ടാകില്ലേ മോനെ ചില സങ്കല്പങ്ങള്‍ .....  ഈ സങ്കല്‍പ്പങ്ങള്‍ നടന്നു കാണാന്‍ എനിക്ക് മറ്റൊരു  മോളും ഇല്ലല്ലോ?.....
പിന്നെ ഞാന്‍ എന്തു ചെയ്യും ....?
എന്റെ മോളിന്നു പുതു തലമുറയിലെ ഒരു അംഗമാണ് .വിവാഹത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും തങ്ങളുടേതായ താല്പര്യങ്ങള്‍ സ്വപ്നം കാണുകയും പ്രാക്ടിക്കലാക്കുകയും ചെയ്യുന്ന ന്യൂ ജെനറേഷന്‍ .......
പക്ഷെ,...ഞാനും എതിരു പറയില്ലായിരുന്നു .....എന്റെ  മോളുടെ കണ്ടെത്തല്‍ , ഏതെങ്കിലും  നിലക്ക് മോള്‍ക്കതു അനുഗുണ മാകുമോ  എന്ന ചോദ്യത്തിനു മുന്‍പില്‍ എപ്പോഴെങ്കിലും എനിക്കൊരു മനസ്സ് നിറഞ്ഞ മറുവാക്ക്  അവളില്‍  നിന്ന് കിട്ടിയിരുന്നെങ്കില്‍ ,,,,,
അറിയുന്നവര്‍ അറിയുന്നവര്‍ എല്ലാവരും എന്നോട് പറയുന്നു ,,,സുലൈമാന്‍ക്ക അവള്‍ വീട്ടില്‍ ഇരുന്നാലും വേണ്ടില്ല ...ആ ചെറുക്കന് അവളെ കൊടുക്കെല്ലേ .....
ഞാന്‍ ആരെ വിശ്വസിക്കും ..ആരുടെ വാക്ക് മുഖവിലക്കെടുക്കും.....
മോള്‍ക്ക്‌ നല്‍കാന്‍ നല്ല ന്യായീകരണങ്ങള്‍ ഒന്നുമില്ല എന്ന് എനിക്ക് എപ്പോഴോ മനസ്സിലായതാണ് ...അതാണ് എന്നെ ഏറെ ആലോസരപ്പെടുതുന്നതും ....എല്ലാം അറിഞ്ഞു കൊണ്ട് മോളെ കുരുതി കൊടുക്കണോ?.....
എതിര്‍ക്കുമ്പോള്‍ പലപ്പോഴും അവളില്‍ പ്രകടമായിരുന്ന ഭാവ മാറ്റങ്ങള്‍ ...ന്യായ വാദങ്ങള്‍ ..
അവനു വേണ്ടി അവള്‍ വായ കീറുമ്പോള്‍ ചിലപ്പോഴെങ്കിലും ഞാന്‍ ഭയപ്പെട്ടിട്ടുണ്ട് ,മറ്റൊന്നുംകൊണ്ടല്ല....അവളുടെ ആരോഗ്യാവസ്ഥ ...സംസാരിക്കാനാണെങ്കിലും കൂടുതല്‍ സട്രൈന്‍ എടുക്കുമ്പോള്‍ മോള്‍ക്കതു താങ്ങാന്‍ കഴിയുമോ എന്ന ഒരുള്‍ഭയം ...ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്....അവളെപ്പോലെ  ഞാനും ഒരു അപൂരണനാണെല്ലോ ?...എന്റെ  മോള്‍ എപ്പോഴെങ്കിലും അവളുടെപക്ഷത്തു നിന്ന്   എനിക്ക് വേണ്ടി ഇങ്ങിനെ ചിന്തിച്ചു കാണുമോ?.....
കൂടുതല്‍ ഭീഷണി ഒന്നും ഇത് വരെ അവളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല ...
പക്ഷെ,....കല്യാണം....അതുണ്ടെങ്കില്‍ ഇവനുമായി മാത്രം...അതുപോരെ  എനിക്ക്....
എന്റെ സമപ്രായക്കാരായ എത്രയോ പേര്‍ ...നാട്ടില്‍ പോകുന്നു ,,മക്കെളെ കെട്ടിക്കുന്നു ..പേരകുട്ടികളുമായി സമയം പങ്കിടുന്നു....
അവരിലാരും മക്കളുമായി കിഡ്നി പങ്കിട്ടവരില്ല ....
ലീവ് തീരും മുന്‍പേ ഞാന്‍ തിരിച്ചു പോന്നതാണ് ....
ഞാന്‍ കൊടുത്തയച്ച മൊബൈലില്‍ അവനുമായി കിന്നരിച്ചു വിവാഹവും ജീവിതവും സ്വപ്നം കണ്ടു അവള്‍ കഴിയുന്നു...ഇത്ര കാലവും തലയുയര്‍ത്തി നടന്ന നാട്ടിലൂടെ ഇനിയും അങ്ങിനെ തന്നെ നടക്കണം എന്ന കൊച്ചു സ്വപ്നവുമായി, മോള്‍ക്ക്‌  നല്ല മനസ്സ് പ്രാര്‍ത്ഥനയായും ആശംസയായുംനേര്‍ന്നു കൊണ്ട് ഞാന്‍ ഇവിടെയും കഴിയുന്നു...
സുലൈമാന്‍ക്ക  ഒന്നിനും  ഒരു കണക്കും വെച്ചിട്ടില്ല . അയച്ചു കൊടുത്ത കാഷിനോ പകുത്തു നല്‍കിയ സ്നേഹത്തിനോ  വാത്സല്യതിനോ ....ഒന്നിനും  ഏതിനും ...
അദേഹത്തിന്റെ  കണക്കില്ലായ്മയും കഥയില്ലായ്മയും വായിചെടുക്കാന്‍  അവര്‍ക്കോട്ടു നേരവുമില്ല ....

2012 നവംബർ 29, വ്യാഴാഴ്‌ച

കലികാലം


വെളുക്കെ ചിരിച്ചു അണക്കല്‍ കാമം തിളയ്ക്കുന്ന 
കണ്ണുമായി ഇന്നലെ ഞാന്‍ കണ്ടത് 
നിന്റെ അച്ഛനെ......
കാമപൂരണം  ചോരയില്‍  തീര്‍ത്ത മര്‍ത്ത്യന്റെ 
നീരില്‍ കണ്ടില്ല  ഞാനെങ്ങും മനുഗുണം.
കാലമിത്രയും വൃഥാവിലായ  നിന്റെ  അച്ഛനെന്ന 
വിളിക്ക് തിരികെ നല്കനെന്തുണ്ടവന്റെ  കയ്യില്‍ ...
നിന്റെ കൂടെ ഗര്‍ഭപാത്രം പങ്കിട്ട ചോരയും 
നിന്നൊപ്പം ശയിക്കുന്ന കാഴ്ച 
വീണ്ടും എനിക്ക് സമ്മാനിക്കുന്നത്  ദുര്‍കണികള്‍ ....
നിലാവില്‍ ഓരിയിടുന്ന പട്ടിക്കു നീ 
കൂട്ടാകുന്നത്  നിന്റെ തെറ്റാണെന്ന്  ഞാന്‍ 
തീരെ പറഞ്ഞില്ല ....
കാമ കേളിയാടി നിന്നെ പൊത്തിലോളിപ്പിച്ചു 
വെച്ചവന്‍ ഇന്നലെ വരെ നിന്റെ തോഴനായിരുന്നു.....
ഗര്‍ഭപാത്രം  മുളക്കാത്ത നിന്റെ 
ഉദരത്തില്‍ പാഷാണ  ബീജം വര്‍ഷിച്ചവനെ എന്തെ 
നീ തിരിച്ചറിഞ്ഞില്ല ....
തിരിച്ചറിവിന്റെ അറിവിലെതും  മുന്‍പേ 
നിന്റെ ഗുരു നിന്ന്നെ തിരിച്ചറിഞ്ഞത്  നിന്റെ 
മേനിയിലെ.........?;.....
കേളിയാടി തിരികെയെത്തുന്ന നിന്നെ 
തലക്കടിച്ച് മോക്ഷം വാങ്ങി നല്‍കാന്‍ 
നിനക്കൊരാങ്ങള ഇല്ലാതെ പോയത് 
നിന്റെ തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല....
കലികാലമെന്ന ഓമന പേരിട്ടു നിന്റെ 
ദുര്‍വിധിക്ക്  കാരണം തേടുന്നതെല്ലാതെ 
പരിഹാരമാകാന്‍ നീ പോലും വഴി 
തെടുന്നില്ലല്ലോ ,,, പിന്നെങ്ങിനെ ,,,,...........

2012 നവംബർ 28, ബുധനാഴ്‌ച

മഅദനി:മാധ്യമ ചര്‍ച്ചകള്‍ ഫലം കാണുമോ?


മഅദനി വിഷയം ചെറുതായെങ്കിലും വീണ്ടും മാധ്യമ ചര്‍ച്ചയായത്  എന്തൊക്കെയോ ശുഭ സൂചനകള്‍ നല്‍കുന്നില്ലേ? അടുത്ത കാലത്തായി മാധ്യമ സ്വാധീനം ജനങ്ങള്‍കിടയില്‍ എത്രെയോ മടങ്ങ്‌ കൂടിയിട്ടുണ്ട്..വിശിഷ്യ ദൃശ്യ മാധ്യമങ്ങളുടെ സജീവത രാഷ്ട്രീയക്കാരുടെയും പൊതുജനങ്ങളുടെയും നിത്യ ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അപരാതിയെ നിരപരാതിയാക്കാനും കുറ്റവാളിയെ മാന്യദേഹമാക്കിയെടുക്കാനും നമ്മുടെ മാധ്യമങ്ങള്‍ വിചാരിച്ചാല്‍ വളെരെ എളുപ്പം സാധ്യമാണ് ഇന്ന്. ഇത്തരത്തില്‍ "കളര്‍ മുക്കിയെടുക്കള്‍ " പ്രോഗ്രാമുകള്‍ ഒട്ടനവധിസ്ഥിരമായി നടന്നു വരുന്നുണ്ട് നമ്മുടെ ഒട്ടുമിക്ക ചാനലുകളിലും. അടുത്ത കാലത്ത് നടന്ന പല പീഡന കേസുകളിലും ഇരയായി പോയ പെണ്‍കൊടികളെ സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത വിധത്തില്‍ പൊതു ജനസമക്ഷം കൊത്തിവലിച്ചു അന്നം കണ്ടെത്തിയ പാവം മാധ്യമ തൊഴിലാളികളും ഉണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ .ഇപ്പറഞ്ഞത്  നമ്മുടെ ഹൈ സ്റാന്‍ടെര്‍ട്  വാര്‍ത്ത‍ ചാനലുകളുടെ അവസ്ഥ ആണെങ്കില്‍ പൈകിളി ചാനെലിന്റെ കഥ പറയാതിരിക്കലാണ് ഭേദം.എന്തായാലും  ഇവിടെ നമ്മുടെ ചര്‍ച്ച അതല്ല.
രണ്ടു കൊല്ലം മുന്‍പ് ഒരും" കൊടും ഭീകരനെ" കേരളത്തില്‍ നിന്നും കര്‍ണാടക പോലീസ് കൊണ്ട് പോയത് നാമാരും പൂര്‍ണമായും മറന്നു കാണില്ല. ഇന്ത്യയിലെ എല്ലാ ചാനെലുകളും ഗംഭീര റേറ്റിംഗ് നേടിയുടുത്ത മാധ്യമ ആഘോഷം തന്നെ ആയിരുന്നു അത്.ഇന്ന് നാളെ അറസ്റ്റ് എന്ന രീതിയില്‍ കര്‍ണാടക പോലീസ് ചവിട്ടു നാടകം കളിച്ചപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ പ്രതീക്ഷിച്ച പോലെ വാര്‍ത്താവിശകലന നാടകത്തിനു ആയുസ്സ് നീട്ടി കിട്ടി കൊണ്ടേ യിരുന്നു. എന്തായിരുന്നു അനവാര്‍ശേരിയുടെ മുന്‍പിലെ കാഴ്ചകള്‍ . പത്രക്കാര്‍ക്കും  ടി വി ക്കാര്‍ക്കും ഒരു ചാകര കിട്ടിയ ആഹ്ളാദ ആരവങ്ങള്‍ ...അടുത്ത ദിവസങ്ങളില്‍ ഒന്നും അറസ്റ്റ് നടക്കരുതെ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു കൊണ്ട്  മാധ്യമ മേലാളന്മാര്‍ , അത്  മദനിയോടുള്ള താല്പര്യം കൊണ്ടൊന്നും ആയിരുന്നില്ല, മദനിയെ കൊണ്ട് പോയാല്‍ പിന്നെ ഈ പൂരപ്പറമ്പില്‍ ആരുണ്ട്‌...... ..,,മദനിയുടെയും അന്‍വാര്‍ശേരിയിലെ പിഞ്ചു യതീം മക്കളുടെയും ചുടു കണ്ണുനീര്‍ ഇറ്റിറ്റി വീഴുമ്പോള്‍ അത് ഒപ്പിയെടുതിരുന്ന ക്യാമറ കണ്ണുകളില്‍ സന്തോഷാശ്രു കണങ്ങള്‍ പോടിയുന്നതും നാം കണ്ടു....
അവസാനം മദനിയെയും കൊണ്ട് കര്‍ണാടക പോലീസിന്റെ വാഹനം അതിര്‍ത്തി വിട്ടപ്പോള്‍ വലിയൊരു ഉത്തരവാദിത്വം  നിറവെറ്റിയവനെ പോലെ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്ന് മൂരി നിവര്‍ന്നു.കഴിഞ്ഞു ,,തങ്ങളുടെ ഉത്തരവദിത്വം ഭംഗിയാക്കി......
പിന്നെ പതിയെ പതിയെ നമ്മെല്ലാം ആ വിഷയം മറന്നു,ഓര്‍മിപ്പിക്കാന്‍ മാധ്യമങ്ങള്‍ ആരും അതൊട്ട്‌ ഒരു ചര്‍ച്ചയും ആക്കിയില്ല.ഇടയ്ക്കു ഇടയ്ക്ക് ജാമ്യ ഹര്‍ജി തള്ളിയ വിവരം കോടതി വരാന്തകളില്‍ നിന്നും നമ്മെ അപ്പപ്പോള്‍ അറിയിച്ചു കൊണ്ടിരുന്നു.അല്ലാതെ  മീഡിയ എന്ത് ചെയ്യാന്‍ ,,,ഇവിടെ ഒരു മദനി പോയാല്‍ അടുത്ത ബാല്‍താകേറെ,അല്ലെങ്കില്‍  ഒബാമ,ഒസാമ,കസബ് ,പീഡനങള്‍ ,കൊല പാതകങ്ങള്‍ .........ഇങ്ങിനെ തീര്‍ത്താല്‍ തീരാത്ത വിഷയങ്ങള്‍ ഉള്ളപ്പോള്‍ മദനി എവിടെ? എപ്പോഴെങ്കിലും പുറത്തിറങ്ങുമ്പോള്‍ അല്ലെ അപ്പോള്‍ നോക്കാം , എന്ന മട്ടില്‍ ....
രണ്ടു കൊല്ലം പൂര്‍ത്തിയായ മദനിയുടെ പുതിയ ജയില്‍വാസ അജണ്ടയ്ക്കു കാര്യമായ മാറ്റൊങ്ങലോന്നും ഇത് വരെ നാം കണ്ടിരുന്നില്ല .എല്ലാം പഴയ കോയമ്പത്തൂര്‍ തിരക്കഥ തന്നെ. നായകന്‍ വില്ലനും എല്ലാം പഴയ ടീം തന്നെ ,ലൊക്കേഷന്‍ മാത്രം വ്യത്യാസമുണ്ട്.
പക്ഷെ കഴിഞ്ഞ ആഴ്ചകളില്‍ ഒരു ശുഭ സൂചന കണ്ടു തുടങ്ങിയിരിക്കുന്നു. ആദ്യം റിപ്പോര്‍ട്ടര്‍ ചാനലും ഇന്നലെ സാക്ഷാല്‍ ഏഷ്യനെറ്റും മദനി വിഷയം വീണ്ടും ചര്ചെക്കെടുതിരിക്കുകയാണ് .
മദനി നേരിടുന്ന മനുഷ്യാവകാശ നിഷേധം തന്നെയാണ് മുഖ്യ പ്രമേയം .അത് തന്നെ ആണ് നമുക്കും പറയാനുള്ളത്. മദനിയുടെ രാഷ്ട്രീയവും നിലപാടുകളും അദ്ധെഹത്തിന്റെ  പാര്ട്ടികാരും അദ്ധെഹവും നോക്കെട്ടെ.....നമ്മുടെ സമകാലത്തില്‍ നമ്മോടൊപ്പം ജീവിക്കുന്ന ഒരു മനുഷ്യ ജീവിയുടെ  നിഷേടിക്കപ്പെട്ട മനുഷ്യാവകാശപ്രശ്നമാണ് നമ്മുടെ ചര്‍ച്ച...
നന്മ ആരുടെ ഭാഗത്ത്‌ നിന്നായാലും അഭിനന്ദിക്കാതെ തരമില്ല.
മദനിയെ പോലെ തന്നെ  നീതി നിഷേദിക്കപ്പെട്ടു ആയിരകണക്കിന്  യുവാക്കള്‍ ഭാരതത്തിന്റെ പല ജയിലുകളിലും കഴിയുന്നതായി കണക്കുകള്‍ കാണിക്കുന്നു..അതില്‍ ഭൂരിഭാഗവും മുസ്ലിം ചെരുപ്പകാരനെന്നും കണക്കുകള്‍ കാണിക്കുന്നു..
മദനിയും ഈ യുവാക്കളും ഈ പുതിയ കാല ഘട്ടത്തില്‍ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യ ജന്മങ്ങള്‍ ആണെല്ലോ? തോള്ളയിരവും ആയിരവും വര്‍ഷങ്ങള്‍ ജീവിച്ചിരുന്ന പൂര്‍വ കാല മനുഷ്യരെ നാം ചരിത്രത്തില്‍ ഒരു പാട് വായിച്ചിട്ടുണ്ട്.നൂഹു നബി  950 വര്‍ഷക്കാലം ജനങ്ങളെ സത്യ സരണിയിലേക്ക്‌ ക്ഷണിച്ചു എന്നാണ് ചരിത്രം പറയുന്നത്. പക്ഷെ ശരാ ശരി 50-55 വര്‍ഷക്കാലം ആയുസുള്ള ഇക്കാലത് പാത്തും പതിനജും വര്ഷം ജയിലിനകത്ത് കഴിച്ചു കൂട്ടുക എന്നത് ഏതു നീതിയുടെ തുലാസ് വെച്ച് നമുക്ക് അളക്കാന്‍ കഴിയും. മദനി ഇനി കേസില്‍ അകപ്പെട്ടാല്‍ തന്നെ 5 വര്‍ഷത്തെ ജയില്‍വാസം ആകും ശിക്ഷ എന്ന്  സോബസ്റ്യന്‍ പോളിനെ പോലെയുള്ള നിയമ വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നു.അപ്പോള്‍  കുറ്റം തെളിയുക ആണെങ്കില്‍ ഒരു 3 വര്ഷം കൂടെ ജയില്‍ വാസം പൂര്തീകരിപ്പിച്ചു തിരികെ മദനിയെ നമുക്ക് കേരളത്തിലേക്ക് ആനയിപ്പിക്കാം.പക്ഷെ നിരപരാതി ആണെന്ന് കോടതി വിധിചാലോ? നഷ്ട്ടപ്പെട്ട 2 വര്‍ഷം നാം എങ്ങിനെ പരിഹാരം കാണും?പണ്ട്  ഒരു ഒന്‍പതര കൊല്ലം നമ്മുടെ മദനിക്ക് കടമുള്ള കാര്യം ഇവിടെ വിസ്മരിക്കാന്‍ പാടില്ല.
എന്തായാലും പുതിയ മാധ്യമ ചര്‍ച്ചകള്‍ ചൂട് പിടിക്കട്ടെ..ഒപ്പം നമ്മുടെ സോഷ്യല്‍ നെറ്റ് വോര്‍ക്കുകളും .അടുത്ത  കാലത്തായി  ഒരു പാട് വലിയ വിപ്ലവങ്ങള്‍ക്ക് ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ഭാഗവക്കാകാന്‍ ഫേസ്ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക്‌  കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അറബ് വസന്തം യാഥാര്‍ത്ഥ്യ മാക്കിയതില്‍  ചെറിയ പങ്കല്ല ഇത്തരം മീഡിയകള്‍  വഹിച്ചിട്ടുള്ളത് .
നമ്മുടെ ഓരോ ശെയരിങ്ങും  ലൈകുകളും വലിയ ഒരു മനുഷ്യാവകാശ പോരാട്ട വീഥിയില്‍ വിജയ ഘടകമാകുമെങ്കില്‍ നാമെന്തിനു മടിച്ചു നില്‍ക്കേണം . നമ്മുടെ മീഡിയകളുടെ ശബ്ദം ആത്മാര്‍ത്ഥമായിട്ടനെങ്കില്‍ നമുക്കുംപങ്കു ചേരാം ഈ  നേരിന്റെ പാതയില്‍ ....നമ്മുടെ ചര്‍ച്ചകള്‍ ആ വഴിക്ക് നീങ്ങട്ടെ ....

2012 നവംബർ 26, തിങ്കളാഴ്‌ച

ഇസ്രായേല്‍ ക്രൂരതയുടെ പര്യായമോ?


സാമ്രാജ്യത്വം എന്ന വാക്കിനോട് കൂട്ടി വായിക്കേണ്ട ഒരു പദമാണ് ക്രൂരത.അധിനിവേശം സാധ്യമായിടതെല്ലാം കൊളോണിയല്‍ ശക്തികള്‍ നിഷ്ടൂരമായ ക്രൂര കൃത്യങ്ങളും നടത്തിയിട്ടുണ്ട്.സാമ്രാജ്യത്ത വിരുദ്ധ പോരാട്ടങ്ങളുടെയും സ്വതന്ത്ര സമര ചരിതങ്ങളുടെയും ഒരായിരം കഥകള്‍ പറയാനുള്ള നമുക്ക് ബ്രിട്ടീഷ് ക്രൂര കൃത്യങ്ങളുടെ നടുക്കുന്ന ഓര്‍മ്മകള്‍ ഒട്ടനവധിയുണ്ട്‌.. ..വാഗണ്‍ ട്രാജെടിയും ജാലിയന്‍ വലാബഗും നിറം മങ്ങാതെ എക്കാലവും നമ്മുടെ ഒര്മാകളിലുണ്ടാകും.അധിനിവേശ സാമ്രാജ്യതിലുപരി സാംസ്‌കാരിക സാമ്രാജ്യത്തില്‍ ശ്രദ്ധ  യൂന്നുന്ന കൊളോണിയല്‍ ശക്തികള്‍ സാമ്രാജ്യത്ത രീതിയിലും കാലോചിതമായ മാറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ട്.ലോകത്തിന്റെ ചുമരെഴുത്തുകള്‍  വയിചെടുത്ത അവര്‍ സാമ്പത്തിക -സാംസ്‌കാരിക മേഖലകളുടെ അടിവേരുകളിലാണ് കണ്ണ് വെക്കുന്നത്.അത് കൊണ്ട് തന്നെ പഴയ പോലെ പ്രത്യക്ഷമായ ക്രൂര വിനോദങ്ങളും  നന്നേ കുറവാണ്. പക്ഷെ ,അതിലും അപകടകരമായ സാഹചര്യമാണ് നിയോ കോലോനിയളിസതിന്റെ ഫലം എന്ന വസ്തുത മറച്ചു വെക്കുന്നില്ല.പക്ഷെ,കൊളോണിയല്‍ ശക്തികളുടെ അമ്മിഞ്ഞപ്പാലില്‍ മുട്ടിലിഴഞ്ഞു വളര്‍ന്നു വലുതായി ഇന്നും അവരുടെ മാറിന്റെ ചൂടേറ്റു ജീവിക്കുന്ന ഇസ്രയേല്‍ എന്ന  അവിഹിത സന്തതി തങ്ങളുടെ "തന്തമാര്‍ "നടത്തി പോന്നിരുന്ന നിഷ്ടൂര ക്രൂര കൃത്യങ്ങള്‍ തങ്ങളുടെ സംരക്ഷകരായിരുന്ന ഒരു ജനതയുടടെ മേല്‍  ആഘോഷിച്ചു തീര്‍ക്കുകയാണ്.
ഇസ്രയേല്‍ പലസ്തീന്‍ -സംഘട്ടനങ്ങളുടെ അടിവേരന്യേഷിച്ചു പോകുമ്പോള്‍ തീര്‍ത്തും വിചിത്രമായ ഒരുപാടു വിശേഷങ്ങളാണ് നമുക്ക് വായിച്ചെടുക്കാന്‍ കഴിയുക.
ആധുനിക കാലഘട്ടത്തില്‍ ക്രൂരതയുടെ പര്യായപദമായി നാം ഇസ്രായേലിനു വായിക്കുമ്പോള്‍ ചരിത്രങ്ങള്‍ പിറകിലേക്ക് മറിക്കുമ്പോള്‍ തീര്‍ത്തും നിരാലംബരായ ചിലപ്പോള്‍ പീഡിതരായ ഒരു സമൂഹത്തിന്റെ കഥയാണ്‌ ഈ ക്രൂരന്മാരുടെത്.നിസ്സഹായരായിരിക്കുംപോള്‍ തന്നെ അല്പം സൌഭാഗ്യം കടന്നു വരുമ്പോള്‍ തിരിഞ്ഞു കൊഞ്ഞനം കുത്തുന്ന അശുദ്ധ അണുക്കള്‍ പണ്ട് മുതലേ ഇവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്.
ഇബ്രാഹിം നബി യുടെ പുത്രനായ ഇസ്ഹാക്ക് നബിയുടെ മകന്‍ യഖൂബ്  നബിയുടെ മറ്റൊരു പേരാണ് ഇസ്രയേല്‍ . ഇവരുടെ സന്താന പരമ്പരയില്‍ പെട്ടവരെ ബനൂഇസ്യെലികള്‍ എന്നാണ് വിളിച്ചിരുന്നത്‌.. ഖുര്‍ആനില്‍ പലയിടങ്ങളില്‍ ബനൂ ഇസ്രയെലികളെ പരാമര്ഷിക്കുന്നുമുണ്ട്. ഒരു മഹത്തായ നാമാം ക്രൂരതയുടെ പര്യായ പദമാക്കി മാറ്റിയെടുതെങ്കില്‍ പിന്നീട് വന്ന സന്തതികള്‍ തങ്കളുടെ പ്രവര്‍ത്തന ഫലമായി അങ്ങിനെ ഒരു വിശേഷണം നേടിയെടുക്കുക ആയിരുന്നു, അതായതു  ആ വിശേഷണത്തിന് അവര്‍ തീര്‍ത്തും അര്‍ഹരായിരുന്നു.
മൂസാ നബിയുടെ ജനനത്തിനു മുന്‍പ് ബനൂ ഇസ്രയെലുകള്‍ വളെരെ അധികം വേട്ടയാദപ്പെട്ടു.ചരിത്രം വളെരെ പ്രശസ്തമാണ്.ബനൂ ഇസ്രായേലില്‍ ജനിക്കുന്ന ഒരു സന്തതി തന്റെ നാശത്തിനു കാരണക്കാരന്‍ ആകുമെന്ന് മുന്‍പേ മനസ്സിലാകിയ ഫിര്‍ഔന്‍ ബനൂ ഇസ്രെയെലര്‍ക്ക് നേരെ നടത്തിയ നര നായാട്ടു തുല്യത ഇല്ലാത്ത ക്രൂരതയായിരുന്നു.ബനൂ ഇസ്രായേലിലെ കുഞ്ഞുങ്ങള്‍ക്ക്‌ ജനിക്കാനുള്ളസ്വതന്ത്രം നിഷേധിക്കപ്പെട്ടു കിബ്ത്തിസേനയുടെ നരനായാട്ടിനു മുന്‍പില്‍ നിസ്സഹായരയപ്പോള്‍ അല്ലാഹു മൂസാ എന്ന ഒരു രക്ഷകനിലൂടെ ഭൂമിയില്‍ വീണ്ടും ആയുസ്സ് നീട്ടി കൊടുത്തു. 
ഫിര്‍ഔന്റെ ക്രൂരതകള്‍ക്ക് അന്ത്യം വരുത്തി ബനൂഇസ്രായേലികള്‍ക്ക് ജീവിതവും അസ്തിത്വവും നേടികൊടുത്ത മൂസാ നബിയോട്  നന്ദി കേടു കാണിച്ചു കൊണ്ടാണ് ചരിത്രത്തില്‍ ഇവര്‍ തങ്ങളുടെ തനി നിറം കാണിച്ചു തന്നത്. 
തങ്ങളെ പിന്തുടര്‍ന്ന ഫിര്‍ ഔനെയും കിങ്കരന്മാരെയും നദിയില്‍ മുക്കി കൊന്നു ദൈവ സഹായം കരസ്ഥമാകിയ ഇസ്രയെലര്‍ തൊട്ടടുത്ത നിമിഷം ദൈവ നിന്ദ പ്രകടിപ്പിക്കുന്ന വേദനാജനകമായ അനുഭവമാണ് മൂസ നബിക്ക് സമ്മാനിച്ചത്‌ .ചെങ്കടല്‍  കടന്നു ജബല്‍ മൂസായിലൂടെ ജോര്‍ദാന്‍ വഴി പലസ്തീനിലേക്ക് കടന്നാല്‍ അവിടെത് കരോട് യുദ്ധം ചെയ്യേണ്ടി വരുമെന്ന ഭീരുത്വം കാരണം തങ്ങളുടെ രക്ഷകനായ മൂസ നബിയെ കയ്യൊഴിഞ്ഞു പറഞ്ഞത് "മൂസേ ,, നീയും  നിന്റ  രക്ഷിതാവും പോയി യുദ്ധം ചെയ്തോളൂ ,ഞങ്ങള്‍  ഇവിടെ ഇരുന്നോളാം "എന്നായിരുന്നു.. ഇസ്രയെലെരുടെ വഞ്ചനയുടെ ചരിത്രം അവിടെ തുടങ്ങുകയായിരുന്നു. പിനീട് അഭയം തന്നവരെ തന്നെ തിരിചാക്രമിച്ചു  പലപ്പോഴായി ഇവര്‍ ചരിത്രം ആവര്‍ത്തിച്ചു .
യേശുവിന്റെ ഘാതകര്‍ എന്ന നിലക്ക്  യഹൂദരെ ക്രിസ്ത്യാനികള്‍ ലോക വ്യാപകമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഘതികിട്ടാ പ്രേതങ്ങളായി നൂറ്റാണ്ടുകളോളം അലയുകയായിരുന്നു ഈ വര്‍ഗം.
ഹിട്ലരുടെ ജൂത കശാപ്പു ആധുനിക ഉന്മൂലന ചരിത്രമാണെങ്കില്‍ അതിനും എത്രയോ മുന്‍പ് ക്രിസ്ത്യാനികള്‍ പലവിധത്തില്‍ ഇവരെ വേട്ടയാടിയിരുന്നു.പക്ഷെ  ചരിത്രത്തിലെവിടെയും മുസ്ലിംകള്‍ ജൂത വേട്ട നടത്തിയതായിട്ടോ അന്യായമായി അവരെ അക്രമിച്ചതായോ നമുക്കെവിടെയും കാണാന്‍ കഴിയില്ല.അതെ സമയം വിരോധബാസമെന്നു പറയെട്ടെ പരസ്പരം തഴുകി തലോടി നടക്കുന്ന ക്രൈസ്തവ -സയണിസ്റ്റ്  ടീമുകളാണ് ഒരു കാലത്ത് കൊമ്പ് കോര്തിരുന്നത്. പക്ഷെ ഏതു ഉടമ്പടിയുടെ പെരിലാനാവോ ഈ ഘാതക വര്‍ഗത്തിന് ക്രൈസ്തവ ലോകം മാപ്പ് കൊടുത്തത്.ജൂതരുടെ ജരൂസലമിലെ വിശുദ്ധ ദേവാലയമായ സോളമന്‍ ടെമബേല്‍ പൊളിച്ചു മാറ്റി റോമ സാമ്രാജ്യത്തിന്റെ സേന നായകന്‍ ടൈറ്റസ് ജൂത വര്‍ഗ്ഗത്തിന്റെ സംഹാരത്തിനു ആഹ്വാനം ചെയ്തപ്പോള്‍ പരിപ്രന്തരായി ചിതറി ഓടി  നിലവിളിക്കുകയായിരുന്നു ഇവര്‍ . ലോക ചരിത്രത്തില്‍ തന്നെ നീതിയിലും സമത്വ ഭാവനയിലും പകരം വെക്കാനില്ലാത്ത ഭരണാധികാരി  ഖലീഫ  ഉമര്‍ റ എ ഡി  637 ല്‍ പലസ്തീന്‍ കീഴടക്കിയപ്പോഴാണ്  അലഞ്ഞു തിരിയുകയായിരുന്ന യാഹൂടികള്‍ക്ക് നീതി കിട്ടി തുടങ്ങിയത് .സ്വതന്ത്രമായി ജീവിക്കാനുള്ള എല്ലാ മനുഷ്യാവകാശങ്ങളും ഖലീഫ ഉമര്‍ ഇസ്ലാമിക ഭരണത്തിന് കീഴില്‍ അവര്‍ക്ക് സാദ്യമാക്കി കൊടുത്തു.ഒരു പക്ഷെ ഇസ്രയെലര്‍ ഏറ്റവും സുരക്ഷിതവും സമാധാനവുമായി ജീവിച്ചത് ആ കാലങ്ങളില്‍ മാത്രമായിരിക്കും.
പിന്നീട് ഭരണ കൂടെങ്ങള്‍ മാരിവന്നെങ്കിലും ഇസ്ലാമിക ഭരണത്തില്‍ തന്നെയായിരുന്നു പലസ്തീന്‍ ജനത.തീര്‍ത്തും ന്യൂനപക്ഷമായിരുന്ന യാഹൂടികള്‍ പക്ഷെ ഒരു നിലക്കുള്ള നീതി നിഷേധവും അവിടെ ഏല്‍ക്കേണ്ടി വന്നില്ല.
1850 വരെ യുള്ള കാലങ്ങളില്‍ തുര്‍ക്കിയിലെ ഓട്ടോമന്‍ സുല്‍ത്താന്മാരുടെ ഭരണത്തില്‍ ബഹു ഭൂരി പക്ഷം വരുന്ന ഫലസ്തീനി മുസ്ലിമ്കല്‍ക്കൊപ്പം തീര്‍ത്തും ന്യൂന പക്ഷമായ ഈ സയനിസ്റ്റു വര്‍ഗ്ഗവും ജീവിച്ചു.
ഉറഞ്ഞു തുള്ളാന്‍ അവസരമില്ലതതിനാല്‍ ഉറങ്ങി കിടക്കുകയായിരുന്ന അക്കാലമത്രയും ഇവരുടെ ക്രൂരതയുടെ മനം.1800 ന്റെ അവ്സനങ്ങളില്‍ കൊളോനിയലിസം  ലോകത്തെ  ആകെമാനം വിശിഷ്യ ഏഷ്യന്‍ മേഘലയെ വരിഞ്ഞു മുറുക്കിയപ്പോള്‍ ഗാസയും വെസ്റ്റ് ബാങ്കും ജോര്‍ദാനും ഇസ്രയേലും പലസ്തീനും എല്ലാം ഉള്‍പ്പെടുന്ന വിശാല പ്രവിശ്യ ബ്രിടന്റെ കയ്യില്‍ വന്നു ചെരുകയായിരുന്നല്ലോ? ഒന്നാം ലോക മഹാ യുദ്ധത്തില്‍ ജര്‍മനിയെ പിതുനച്ചതിന്റെ പേരില്‍ തുര്‍ക്കിക്കു കിട്ടിയ പരാചയ സമ്മാനമായിരുന്നു ഈ അധപതനം. അതിനും മുന്‍പേ ചരിത്രത്തില്‍ ഒരിടത് മാത്രം അരങ്ങേരിയിട്ടുള്ള കുടിലമായ "കുടിയേറ്റ സാമ്രാജ്യത്വ ഭീകരത ആരംഭിച്ചിരുന്നു".
അവസരം ഒത്തു വന്നപ്പോള്‍ താഴ്ത്തി വെച്ചിരുന്ന പത്തികള്‍ ഉഗ്ര വിഷത്വോടെ വിടര്‍ത്തി യാടുന്ന കാഴ്ചയാണ് നാം കണ്ടതും ഇപ്പോള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നതും.
ആശക്തരകുംപോള്‍ ഉറങ്ങി കിടക്കുക,അവസരം വരുമ്പോള്‍ ചീറിയടുത്തു കടിച്ചു കീറുക എന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരാണ് യൂദ വര്‍ഗം.കാലമത്രയും ഇസ്ലാമിക ഭരണത്തിന്റെ കീഴില്‍ സുഖ സുശുപ്തമായി കഴിഞ്ഞു ഇപ്പോള്‍ തങ്ങളുടെ സംരക്ഷകര്‍ക്ക് നേരെ കുതിര കേറുന്ന ഈ നേരികെടിനെ എന്ത് പേരിട്ടു വിളിക്കണം?

2012 നവംബർ 23, വെള്ളിയാഴ്‌ച

മദനി:ആവര്‍ത്തിക്കപ്പെടുന്നത് കുറ്റകരമായ മൌനം

മദനി വിഷയത്തില്‍ എന്തെങ്കിലും പറയുക എഴുതുക എന്നത് ആവര്‍ത്തിക്കേണ്ട ആവര്‍തനമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.കുറ്റകരമായ മൌനങ്ങല്‍ക്കെതിരെ ഒരു ഓര്‍മ്മപ്പെടുത്തല്‍ ... .നീതി പീടവും നിയമ സംഹിതയും മുഖം തിരിക്കുന്നിടത് മനുഷ്യാവകാശ ശബ്ദങ്ങള്‍ നിലവിളിയാകുന്ന അത്യന്തം അപകടകരമായ അവസ്ഥാ വിശേഷം.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള നമ്മുടെ സ്വതന്ത്ര സമര ചരിതങ്ങള്‍ വായിച്ചു നാം പുളകിതരവുകയും പലപ്പോഴും സാമ്രാജ്യത്ത ഭീകരതയുടെ പുരാതന മുഖത്തിന്റെ കിരാതതം ഓര്‍ത്തു നെടു വീര്‍പ്പിടുകയും ഒപ്പം അക്ഷരാഭ്യാസതിന്റെയോ ലോക പരിഞാനതിന്റെയോ കുറവ് കൊണ്ട് ഈ നീതി നിഷേധം അനുഭവിച്ചു തീര്‍ത്ത നമ്മുടെ പൂര്‍വികരെ ഓര്‍ത്തു സഹതാപിക്കുകയോ നിരാശപ്പെടുകയോ ചെയ്തിട്ടുണ്ട് നാം.
സ്വതന്ത്ര അനന്തരം നമ്മുടെ അത്തരം നിരാശകല്‍ക്കെല്ലാം സമാപ്തി ആയെന്നെല്ലേ നാമെല്ലാം നിനച്ചത്. പക്ഷെ നമ്മുടെ ആ ധാരണകളെ തിരുത്തി കുറിക്കുന്ന ഒട്ടനവധി സംഭവങ്ങളാണ് പിന്നീടു സ്വതന്റ്രാനന്തര ഭാരതത്തില്‍ അരങ്ങേറിയത്.അതില്‍ ഏറ്റവും ഭീകരമായ
നീതി നിഷേടതിന്റെ ഇരയാണ് അബ്ദുല്‍ നാസര്‍ മദനി.
ഇന്ത്യയിലെ ചുരുക്കം ഫാസിസ്റ്റ് രാഷ്ട്രീയ നേതാക്കള്‍ അല്ലാത്ത എല്ലാ രാഷ്ട്രീയ നേതാക്കളും മതാചാര്യന്മാരും മനുഷ്യാവകാശ പ്രസ്ഥാനക്കാരും സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മദനിയുടെ രാഷ്ട്രീയ നയങ്ങളോട് യോജിക്കുന്നവരും എല്ലാത്തവരുമായ മുഴുവന്‍ പേരും മദനിക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ നിഷേധത്തിനെതിരെ ഒരേ അഭിപ്രായക്കാരാണ്.മുന്‍ കാല ന്യായാധിപര്‍ ഉള്‍പ്പെടെ പല പ്രമുഖരും പലപ്പോഴായി അദ്ധെഹത്തിന് വേണ്ടി രംഗത്ത്‌ വന്നിട്ടുണ്ട്. പക്ഷെ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്ന ഈ നീതിയുടെ പക്ഷം ചെറിയൊരു ന്യൂന പക്ഷത്തിന്റെ തല്പ്പര്യതിനനുസ്സരിച്ചു മാറ്റി മരിക്കപ്പെടുകയാണ് നമ്മുടെ രാജ്യത്ത് എന്ന് സംശയിച്ചാല്‍ തെറ്റുണ്ടോ? സത്യത്തില്‍ ഈ നീതി നിഷേധം തന്നെ അല്ലെ സ്വതന്ത്ര ലബ്തിക്ക് മുന്‍പ് നമ്മുടെ പൂര്‍വികര്‍ അനുഭവിചിരുന്നതും.ന്യൂന പക്ഷമായിരുന്ന ഇംഗ്ലീഷ് കൊളോണിയല്‍ ശക്തികളുടെ ആയുധ ശക്തിക്കും അധികാര ഗര്‍വിനും മുന്‍പില്‍ ഭൂരിപക്ഷമായിരുന്നിട്ടും വിദേയപ്പെട്ടു ജീവിക്കാനായിരുന്നല്ലോ ഭാരത മക്കളുടെ യോഗം.
മദനിയുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്റെ ലക്ഷ്യമല്ല.പക്ഷെ അദ്ധെഹതിനെതിരെയുള്ള മനുഷ്യാവകാശ  നിഷേധം കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാകുമോ?
മദനിയുടെ ജീവ ചരിത്രം വര്‍ത്തമാന കേരള രാഷ്ട്രീയത്തിന്റെ പകപോക്കലിന്റെ ചരിതം കൂടിയാണ്.90 കളില്‍ ഇന്ത്യയിലാകെ സംജാതമായ ഒരു പ്രത്യേക രാഷ്ട്രീയ അരക്ഷിതാവസ്തയിലാണ് മദനി ഉദയം ചെയ്യുന്നത്.നാവിനു എല്ലില്ലാത്ത വിദത്തില്‍ വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയുകയും ആ പ്രഖ്യാപനങ്ങള്‍ ഒരു സമൂഹത്തിന്റെ വികാരം മൊത്തം ഇളക്കി വിടുകയും ചെയ്യുന്ന ഒരു അപകട രാഷ്ട്രീയ അവസ്ഥയായിരുന്നു സവര്‍ണ ഫസിസ്ടുകള്‍  ആ കാല ഘട്ടത്തില്‍ സ്വീകരിച്ചിരുന്നത് .
നിലനില്പ് ആഗ്രഹിച്ചിരുന്ന ന്യൂനപക്ഷങ്ങള്‍ പല തരത്തില്ലാണ് ഈ അപകട അവസ്ഥയെ നേരിട്ടത്. കാര്യങ്ങള്‍  പൂര്‍ണാര്‍ഥത്തില്‍ കൈ വിടുമ്പോഴും സംയമനത്തിന്റെ പാത കൈ വിട്ടു പോകാതിരിക്കാന്‍ വലിയൊരു പക്ഷം തീരുമാനിച്ചു.പക്ഷെ വാക്ക് കൊണ്ടെങ്കിലും ഈ നേരികെടിനു മറുപടി നല്‍കണമെന്ന് തീരുമാനിക്കുകയും അതിനു വേണ്ടി തന്റെ ഊര്‍ജം ചിലവഴിക്കുകയും ചെയ്തതായിരുന്നു മദനി ചെയ്ത പാതകം.ഇതിനു അദ്ധെഹം നല്‍കേണ്ടി വന്ന വില തന്റെ ജീവിതം തന്നെ യായിരുന്നു.അന്യ സംസ്ഥാന ജയിലറകള്‍ അദ്ധെഹത്തിന്റെ പാര്‍പ്പിടമായി തീരും മുന്‍പേ പലപ്പോഴായി തന്റെ വിഗലാംഗത്വവും പേറി കേരളത്തിലെ കോടതികളും പോലീസ് സ്റ്റേഷന്കളും കയരിയിരങ്ങാനായിരുനു അദ്ധെഹത്തിന്റെ യോഗം.പ്രതി യോഗികള്‍ക്കെല്ലാം എളുപ്പം പക തീര്‍ക്കാന്‍ കഴിയുന്ന തീര്‍ത്തും നിരാലംബമായ അവസ്ഥയിലേക്ക് മദനി എത്തി ചേരുകയായിരുന്നു.കേരളത്തിലെ കൂട്ട് കക്ഷി ഭരണത്തില്‍ കൂട്ട് കൂടാതെ ഒറ്റപ്പെട്ടു നിന്നതിന്റെ ഫലമായി, വന്നു ചേര്‍ന്ന പ്രതിസന്തികളെല്ലാം പങ്കുവെക്കാന്‍ ഒരു മുന്നണിയും കൂടെയുണ്ടായില്ല. അവസാനം മനുഷ്യാവകാശത്തിന്റെ എല്ലാ സീമകളും ലംഘിച്ചു തന്റെ യുവത്വത്തില്‍ നിന്നും ഒരു പതിറ്റാണ്ട് തകര്‍ന്നു തരിപ്പണമായ ഇന്ത്യന്‍ നീതി വ്യവസ്ഥയുടെ ശവ മഞ്ചത്തില്‍ ഒരു റീത്ത് കണക്കെ സമര്‍പ്പിച്ചു കേരളത്തിലേക്ക് തിരികെ എത്തിയപ്പോള്‍ അദ്ധെഹതെ മാലയിട്ടു സ്വീകരിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന സഖാക്കളേ കണ്ടു നാം ഊറി ചിരിച്ചു.കാരണം പത്തു വര്‍ഷം മുന്‍പ് ഇതേ കൈകള്‍ തന്നെയായിരുന്നു ഇദ്ധെഹത്തെ ആരാച്ചര്‍മാരുടെ കയ്യിലെക്കെല്‍പ്പിച്ചു കൊടുത്തതും.ചരിത്ര പരമായ പല വിഡ്ഢിത്വങ്ങളും പറ്റിയിട്ടുള്ള ഇവരുടെ മറ്റൊരു അബദ്ധമായിരുന്നോ പത്തു വര്‍ഷം മുന്‍പുള്ള ആ കൈമാറല്‍  എന്ന് നാം സംശയിച്ചു. മദനിയെ മുന്നില്‍ നിറുത്തി കേരളത്തില്‍ അരങ്ങേറിയ പല ചവിട്ടു നാടകങ്ങള്‍ക്കും പിന്നീട് നാം കാഴ്ചക്കാരായി.
നഷ്ടപ്പെട്ട മദനിയുടെ 10 വര്‍ഷങ്ങള്‍ക്കു പകരം നല്കാന്‍ നമ്മുടെ നീതി പീടതിന്റെ കയ്യില്‍ എന്തുണ്ടെന്ന് മാനവിക കേരളം ഒന്നടങ്കം തൊണ്ട പൊട്ടുമാര്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു .ഇനി മദനി ക്കെന്നല്ല ഒരാള്‍ക്കും ഇത്തരമൊരവസ്ഥ ഉണ്ടാകരുതെന്നും ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും മാനവിക കേരളം ഒന്നിച്ചു പ്രതിന്ജ എടുത്തു.പ്രതിനജയുടെ ചൂടാറും മുന്‍പ് മാനുഷിക കേരളത്തിന്റെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി സവര്‍ണ ഭരണ കൂടം വീണ്ടും മദനിയെ കൊണ്ടുപോയി.പ്രതിന്ജ എടുത്തവരും അലറി വിളിച്ചവരും അടുത്ത അവസരത്തിനായി മൈക്കും വേദിയും കാത്തിരുന്നു.
ആയിരം അപരാതികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ ആപ്ത വാക്യം.പക്ഷെ മദനിയുടെ കാര്യത്തില്‍ ഇത് തീര്‍ത്തും ലംഘിക്കപ്പെട്ടന്നു പത്തുവര്‍ഷത്തെ വിചാരണ തടവിലൂടെ നമ്മുടെ നീതി പീഠം മുന്‍പേ തെളിയിച്ചിരുന്നു. നീതി നിഷേധാതിനെതിരെയുള്ള ശബ്ദങ്ങള്‍ ദീന രോദനമായി മാറുന്ന ദയനീയ കാഴ്ചയാണ് അതിലും കഷ്ടം.
മദനിയുടെ രാഷ്ട്രീയ നയങ്ങളെ അംഗീകരിച്ചാലും ഇല്ലെങ്കിലും മനുഷ്യാവകാശ ധ്വംസനത്തിന്റെ
പേരിലെങ്കിലും നമുക്ക് മിണ്ടാതിരിക്കാന്‍ എന്ത് ന്യായമാനുള്ളത്.അദ്ധെഹത്തിന്റെ ഫോട്ടോയും പീഡന കഥകളും വോട്ടാക്കി മാറ്റുമ്പോള്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും അദ്ധെഹത്തിന്റെ നയത്തിലെ തെറ്റും ശരിയും വേര്‍തിരിച്ചെഴുതാന്‍ മേനക്കെട്ടിരുന്നില്ലല്ലോ? പാതിരാ നീളുന്ന മത പ്രഭാഷണങ്ങളിലൂടെ നാക്കിട്ടടിച്ചു ലക്ഷങ്ങള്‍ പിരിവെടുത്തു തരുമ്പോള്‍ ഏതെങ്കിലും മഹല്ല് ജമാഅത്ത് കാര്‍ എന്തെങ്കിലും ഉപാധി വെച്ചിരുന്നോ ?നമ്മുടെ നാട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചിലതെങ്കിലും പള്ളികളുടെ നിര്‍മാണ ചെലവിനു മദനിയുടെ നാവിന്റെ ഊര്‍ജം നാം ഉപയോഗിച്ചിട്ടില്ലേ?
നമ്മുടെ മത രാഷ്ട്രീയ നേത്രുത്വത്തിന്റെ കുറ്റകരമായ മൌനം സൃഷ്ടിക്കുന്ന നിശബ്ദ ഭീകരതയാവണം നമ്മെ ഏറെ അലോസരപെടുത്തേണ്ടത് .