2014 ജൂൺ 27, വെള്ളിയാഴ്‌ച

വിലക്കു വാങ്ങാം വിപ്ളവകാരിയെ ....


വില പേശലിൽ സ്വാസ്ഥ്യം കെട്ട
വിപ്ളവകാരിയുടെയസ്ത്രം 
ആവനാഴിയിലന്തിയുറങ്ങി...

ക്ളാസ്സിഫൈഡിലഞ്ചു വരി 
പരസ്യം കൊടുത്തവൻ 
കൈവള്ളയിലിട്ടു കറക്കിയ
മൊബൈലിൽ കണ്ണും നട്ടിരുന്നു....

വിരിഞ്ഞ മാറുണ്ട്  മാറിൽ ചിരിച്ചിരിക്കുന്ന
ചെഗുവേരയുണ്ട്...
കത്തുന്ന കണ്ണിൽ അന്യൻറെ കിനാക്കൾക്ക്
തീ കൊളുത്താൻ നാമ്പുമുണ്ട്...
ഇതിലപ്പുറം പിന്നെന്തു വേണമൊരു
വിപ്ളവകാരിക്ക്..

ചൂഷിതന്റെ അലമുറയിടുന്ന ചോരയും
ആർതട്ടഹസിക്കുന്ന ചൂഷകന്റെ ചോരയും
നിസ്സംഗതയോടെ നക്കി തുടക്കുന്ന
വിവേകം നഷ്ടപെട്ട നീണ്ട നാക്കുണ്ടവന്റെ
വായ്കകത്ത്‌ ..

പുസ്തക താളുകളിൽ ദൈവത്തെ വെല്ലു
വിളിക്കാനും ചന്തിയുറപ്പിക്കാനൊരിടതിനായി
ആൾ ദൈവത്തെ പൂവിട്ടു തൊഴാനും തോൽക്കന-
മുണ്ടാവശ്യതിലേറെ....

മുഷ്ടി ചുരുട്ടി വാനിലെക്കെറിയുന്ന
കൈപ്പിടിക്കുള്ളിൽ പാതിരാ വേലയുടെ
കൂലിയുമിരിപ്പുണ്ട്  ചോന്ന നോട്ടിന്റെ കോലത്തിൽ ....

നിലാവിന്റെ പരിലാളനകൾക്ക്  കളങ്കം
ചാർത്താൻ പാതിരാ പട്ടിയുടെ മോങ്ങലുകൾകൂറ്റം
നൽകി ഉടപ്പിറപ്പിന്റെ വരെ ശിരസ്സും പാദവും
വെട്ടിയൊപ്പിചു മാനവ സമത്വം പാരിനേകാൻ
ഞാൻ വിപ്ളവ കാരിയുണ്ടിവിടെ....

കുറഞ്ഞ സമയവും പണവും
വലിയ വിപ്ളവം
അതാണിപ്പോൾ എന്റെ പരസ്യ വാചകം.

അമ്മേ... വാക്ക് തരുമോ?....


അമ്മേ...പിറവിയെടുക്കാനെനിക്ക്  വാക്ക്
തരുമോ?....
എൻറെ പിറവി ഇരുളിൻറെ മറവിലൊരു
അമ്മ തൊട്ടിലിലല്ല, പുഞ്ചിരി വെട്ടത്തിലെ-
ന്നമ്മ തൻ മടി തട്ടിലിലാകുമെന്നു.

എൻ ചുണ്ടിണകൾ നാപ്പിട്ടടക്കില്ലെന്നും
എനിക്കായി പാൽ ചുരത്താതെ കൊട്ടിയട-
ക്കില്ല  മാറെന്നും നെഞ്ചിലെ ചൂടും ചൂരും
അപ്രാപ്യമാക്കി ഉന്തു വണ്ടിയിലെന്നെ മലഞ്ചര-
ക്കാക്കില്ലെന്നും വാക്കു നല്കാനാകുമോ?.....

ഗർഭ പാത്രം പങ്കിട്ട ഉടപ്പിറപ്പിന്റെ
പാഷാണ ബീജമെൻ ഉദരത്തിൽ വളരി-
ല്ലെന്നും എൻറെ കിടാവെന്റെ അച്ചനെ-
അച്ചനെന്നു വിളിക്കില്ലെന്നും വാക്കു
തരാനാകുമോ യെന്നമ്മേയെൻ പിറവിക്കായ്.

കറുത്ത കോട്ടിട്ട ആരാച്ചരാൻമാർ
കോടതി കൂട്ടിലെന്നെ വലിച്ചു കീറുമ്പോൾ
മിന്നി മറയുന്ന ഫ്ളാഷ്  വെട്ടങ്ങൾക്കിടയിൽ
മുഖവും തലയും മുണ്ടിട്ടു മൂടി നടയടി നേടി
ഇരുൾ പാളിയിലഭയം തേടുമ്പോൾ
കൂട്ടിനൊരു വിഷകുപ്പി നല്കുമെന്ന്
അമ്മേയെനിക്കു വാക്കു നല്കുമോ?...

എൻറെ ശവക്കല്ലറ തുറക്കില്ലെന്നും
ഒടിഞ്ഞു തൂങ്ങിയ കുരിശിനരികിൽ
പൊട്ടി പൊളിഞ്ഞ കല്ലറക്ക്  ചെരുവിൽ
എനിക്ക്  വിശുദ്ധ നരകം തീർക്കില്ലെന്നും
എനിക്ക് നിത്യ നിദ്രയനുവധിക്കുമെന്നും
യെന്നമ്മേ ...വാക്കു നല്കാനാകുമോയെനിക്ക് ...

2014 ജൂൺ 20, വെള്ളിയാഴ്‌ച

ഭാഗ്യം ചെയ്ത ആത്മാക്കൾ


തെക്ക് നിന്നും വടക്ക് നിന്നും 
ഓരോ ആംബുലൻസുകൾ.
ഏക മകളുടെ തീരോധാനത്തിൽ 
ഹൃദയം പൊട്ടി മരിചൊരു പിതാവും 
മറ്റൊന്നിൽ ഭൂമി മടി തട്ടിലേക്ക്‌ 
കിനിഞ്ഞിറങാനോരുങ്ങി 
നിൽക്കുന്നൊരു പൂ പൈതലും.

തെക്കൻ ആംബുലൻസിലെ 
പ്രായം ചെന്ന ആത്മാവിനോട് 
വിരിയാനൊരുമ്പി നിന്ന 
കുഞ്ഞനാത്മാവ് 
ഉപദേശം തേടി.
മാറോടു ചേർതടക്കി പിടിച്ചു 
നാലഞ്ചു നിമിഷം കൊണ്ടാരായിരം 
കാര്യങ്ങളോതി കുഞ്ഞനാത്മാവിൻ 
ചെവിയിൽ.

കുഞ്ഞനെന്തോ തീരുമാനിച്ചുറച്ചു,
അമർത്തി മൂളി...
ആംബുലൻസുകൾ ഒരുമിച്ചു പിറകോട്ടെടുത്തു 
പിന്നെ ധൃതിയിൽ വന്നു കൂട്ടിയിടിച്ചു.
നിലവിളികൾ, പരക്കം പാച്ചിലുകൾ....
ബഹളത്തിനിടയിലെപ്പോഴോ 
വല്യാത്മാവിന്റെ വിരലിൽ തൂങ്ങി 
കുഞ്ഞനും യാത്രയായി...

2014 ജൂൺ 13, വെള്ളിയാഴ്‌ച

ഭീകര വാദി


സ്ക്രീനിൽ ഒരു ട്രെയിൻ അപകടം..
ചിതറി തെറിച്ച മൃതശരീരങ്ങൾ, ആധി പൂണ്ട കുടുമ്പഅംഗങ്ങൾ അലമുറയിട്ട് പാളത്തിനു
 ചുറ്റും തല തല്ലി ചതക്കുന്നു..പോലീസ് വാഹനങ്ങളുടെയും
ഫയർ ഫൊർസിന്റെയും നീണ്ട നിര, സംസ്ഥാനത്തെ തന്നെ ഒട്ടു മിക്ക ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്...
                പരികേറ്റവരെ ഏറെ കുറെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്...മൃത ശരീരങ്ങൾ എടുത്തു മാറ്റാൻ അല്പം കൂടെ സമയം എടുക്കും..
       തീവണ്ടിയുടെ പകുതി ബോഗി പാളത്തിലും പകുതി പുറത്തുമായി ഒരു ട്രിപ്പീസ് കളിക്കാരനെ ഓർമിപ്പിക്കും വിധം..
   വണ്ടികളെല്ലാം വഴി തിരിച്ചു വിടുന്നുണ്ട് കുറെ പോലീസുകാരും നാട്ടുകാരും.
ആളുകൾ അവരവരുടെ വാഹനത്തിലിരുന്നു അപകടത്തെ ശപിക്കുകയും മുരുമുറുപ്പിൽ അവ്യക്തമായ എന്തെക്കെയോ തെറി പദങ്ങൾ പറയുകയും ചെയ്തു. തങ്ങളുടെ യാത്ര വൈകിയതിലുള്ള അമർഷം തീർക്കുക യായിരുന്നു അവർ..."പണ്ടാരടങ്ങാൻ ഇത് വല്ല ഒഴിഞ്ഞ ഭാഗത്തും പോയി മരിഞ്ഞൂടായിരുന്നോ ?"....ഇത്തരത്തിലുള്ള ശാപ വാക്കുകളാണ് ഏറെ പേരും ഉരുവിട്ടിരുന്നത്.
എന്റെ കൈ തണ്ടയിൽ ഇതൊന്നുമറിയാതെ ക്ഷീണിച്ച് ഉറങ്ങുന്നുട്  എന്റെ 5 വയസുകാരനായ മകൻ ഒന്നാം ക്ലാസ് വിദ്യാർഥി അതുൽ . ഞങ്ങളുടെ ആ കുഞ്ഞു വണ്ടി ഒരു ഊടു വഴിക്ക് വേണ്ടി ഒന്ന് മുന്നോട്ടു ആഞ്ഞതും അതാകിടക്കുന്നു ഒരു കേബിൾ കുഴിയിലേക്ക് ..സർക്കാർ വക ടെലെഫോനിനു വേണ്ടി കുഴിച്ച ഒന്നര അടി ആഴത്തിലുള്ള കുഴിയാണ്.
"ഇനി രക്ഷയില്ല"...ഡ്രൈവർ പറഞ്ഞു....തിരക്ക് കഴിയുമ്പോഴേക്കും എന്റെ മോൻ...മനസ്സിൽ ആധി കൂടി കൂടി വന്നു.
         ഇനി ഒരു ഫ്ലാഷ് ബാക്ക് ...........
ഞാനും നാലഞ്ചു കൂട്ടുകാരും ഒരു സെക്കന്റ്‌ ഷോ കഴിഞ്ഞു വരുന്ന വഴിയായിരുന്നു...
ഇരുട് നിറഞ്ഞ വഴികളിലൂടെ കൂട്ടുകാരുമൊത്തു കഥ പറഞ്ഞു നടന്നു നീങ്ങാൻ നല്ല രസമാണ്...
                           ഇനി ഒന്നര മണിക്കൂർ കഴിയണം അത് വഴി ഒരു ട്രെയിൻ കടന്നു പോകാൻ..
പിന്നെയെന്തിന് പേടിക്കണം.
പാട്ടും കഥകളുമായി റയിൽ പാളത്തിലൂടെ കൂട്ടമായും ചിലപ്പോൾ വരിയായും ഞങ്ങൾ നടന്നു.

      ഷുക്കൂറിന്റെ കാൽ എവിടെയോ വെച്ചൊന്നു കുത്തി..റിലീസ് ദിവസമായതിനാൽ സെക്കന്റ്‌ ഷോക്കും നല്ല തിരക്കായിരുന്നു...
       അതിനിടയിൽ ആരോ അവന്റെ ചെരിപ്പിന്റെ വള്ളിയിൽ ചവിട്ടിയതായിരുന്നു. അങ്ങിനെ ആ രാത്രി നന്ഗ്ന പാദനായാണ്‌  ഇത്രയും നേരം അവൻ നടന്നത്.
                                നീണ്ടു കിടക്കുന്ന റെയിൽ പാളത്തിൽ ഇരുട്ടത്ത്‌  അഭ്യാസം നടത്താൻ മുതിർന്നതാണവൻ.
                  "എടാ ഹമുക്കെ....കാലിൽ ചെരിപ്പിലെങ്കിൽ പിന്നെ മര്യാദക്ക് നടന്നൂടെ.....നിന്റെയൊരു ബ്രേക്ക്‌ ഡാന്സ് ".....പോകെറ്റിൽ നിന്നും മൊബൈൽ എടുത്തു ഞാൻ അവന്റെ കാലിലേക്ക് വെളിച്ചം തെളിച്ചു...
         ആദ്യം ഞങ്ങൾക്ക് ഒരു പിടുത്തവും കിട്ടിയില്ല.....
        പാളത്തിൽ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കിയ ഞങ്ങൾ ഞെട്ടിപ്പോയി...പാളത്തിൽ അഞ്ചോ ആറോ സെന്റീമീറ്റർ വ്യത്യാസത്തിൽ നാലും അഞ്ചും സെന്റി മീറ്റർ വ്യാസത്തിൽ എണ്ണിയാൽ തീരാത്തത്ര കുഴികൾ ...
                             "ഇതാരോ മനപൂർവ്വം ചെയ്തിരിക്കുകയാ......ഏതോ ഭീകര വാദികൾ ഒപ്പിച്ച പണിയാവുമിത് ..."
                          ഞങൾ ഏകാഭിപ്രായം പാസാക്കി...നമ്മളിനി എന്തു ചെയ്യും...?എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി..
                       ഞങ്ങളെ ഒരുമിച്ചു ബാധിക്കുന്ന ഒരു കാര്യമാകുമ്പോൾ മിക്കപ്പോഴും തീരുമാനം പറയുന്നത് ഞന ആയിരിക്കും...
                                        ഞാൻ അൽപ നേരം നിശബ്ദനായി.
                 "നമ്മൾ ഇതിൽ ഇട പെടാതിരിക്കലാവും നല്ലത്...പിന്നെ പോലീസ്,സാക്ഷി പറയൽ ,പത്രക്കാർ ,ഉള്ള സമാധാനം പോയിക്കിട്ടും" ...
                മണി ലാൽ തന്റെ അഭി പ്രായം പാസ്സാക്കി..
                     ഞാൻ എന്തോ ചിന്തിച്ചു പറയാനായി തുനിഞ്ഞതും എന്റെ മൊബൈൽ റിങ്ങ് ചെയ്ഹു...
                           "ചേട്ടാ ..ഇതെവിടെയാ....."
                            അങ്ങേ തലക്കൽ നിന്നും ഭാര്യയുടെ വേവലാതി പൂണ്ട തേങ്ങലാണ് മൊബൈലിൽ വന്നലക്കുന്നത് ...
                      എന്ത് പറ്റി സുധീ?....
നമ്മുടെ മോൻ................
പിന്നെയൊന്നും മുഴുമിപ്പിക്കുന്നില്ല...മനസ്സിൽ വീണ്ടുമോരിടിവെട്ടി....
മോന് എന്ത് പറ്റി ?....
മോന്  നല്ല പനി ....ഒന്നും മിണ്ടുന്നില്ല....കിടക്കുമ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു...നമ്മുടെ മോന് എന്തോ പറ്റിയിട്ടുണ്ട് ചേട്ടാ....
മണി,ഷുക്കൂരെ , എന്റെ മോന് എന്തോ തീരെ വയ്യെത്രേ....എനിക്കെത്രെയും പെട്ടന്ന് വീട്ടിൽ എത്തണം .
അപ്പോൾ ഇവിടെ?...ഇത് നിങ്ങൾ വേണ്ട പോലെ കൈകാര്യം ചെയ്യ് ...
     
                              അച്ഛാ നമ്മൾ എങ്ങോട്ടാ ഈ രാത്രിയിൽ ?...എന്താ ഇവിടെ ഇത്രയധികം വണ്ടികൾ ?....
ഹാവൂ അമ്മയുടെ പോന്നു മോൻ കണ്ണ് തുറന്നോടാ....?
                               സുധിയുടെ മുഖത്ത് പൂത്തിരി കത്തിയ പോലെ....റെയിൽ പാളത്തിൽ നിന്നും അപ്പോഴും പച്ച ഇറച്ചിയുടെ മണം തീവണ്ടിയുടെ ചൊർന്നൊലിച ഇന്ധനവുമായി കൂടി കുഴഞ്ഞു അന്തരീക്ഷത്തിൽ ഒരു മനം മടുപ്പിക്കുന്ന മണം രൂപപെട്ടു ...

എന്താ ചേട്ടാ അവിടെ?....മോൻ കണ്ണ് തുറന്നപ്പോഴാണ് സുധിയും  പുറം ലോകത്തേക്ക് കണ്ണ് തുറന്നത് ...
അവിടെ ഒരു ട്രെയിൻ പാളം തെറ്റി.കുറെ പേര് മരിച്ചു..അതിലേറെ പേർക്ക് വലിയ പരിക്കുകളും പറ്റി...
എങ്ങിനേ പാളം തെറ്റിയെ ?...സുധിക്ക് വീണ്ടും സംശയങ്ങൾ
ഏതോ ഭീകര വാദികൾ റെയിൽ പാളത്തിൽ തുളയുണ്ടാക്കി...ഇതറിയാതെ ട്രെയിൻ പാളത്തിലൂടെ കടന്നു പോയി...
പാതിരാത്രി ആയതു കൊണ്ട് ആരും കണ്ടിട്ടുണ്ടാവില്ല അല്ലെ?....സുധിയുടെ വക ചോദ്യവും സ്വയം ഉത്തരവും...
ആ കണ്ടിരുന്നു ഒരു അഞ്ചു പേർ ...
എന്നിട്ട് അവർ എന്തെ പോലീസിനോട് പറഞ്ഞില്ല..?
.അവരും ഭീകര വാദികളായിരുന്നു.
ങേ ..സുധി വീണ്ടും നടുങ്ങി..
അതെ
സ്വന്തം കാലിലൊരു മുള്ളു തറചോപ്പോൾ ശിരസ്സറ്റു അടുത്ത് കിടക്കുന്ന സഹജീവിയെ അവൻ മറന്നു...സർകാരിന്റെ ലിസ്റ്റിൽ പേരില്ല എന്നെയുള്ളൂ, അവരും ഭീകര വാദികളാ....സുധിക്ക് അയാൾ പറഞ്ഞത് പകുതി മനസ്സിലായി...

2014 ജൂൺ 10, ചൊവ്വാഴ്ച

തണുത്തു മരിച്ച സ്വപ്‌നങ്ങൾ


കുളിർ മഞ്ഞിൽ പൊടിയുന്ന നിൻ 
നറുതേൻ  കണങ്ങളിൽ 
ചുംബിചൊഴുകുന്ന കാട്ടരുവിക്കിങ്ങിനെ
മധുരമായമൃത്  പോൽ.

പൂനിലാ തോൽക്കുമീ പുഞ്ചിരിക്കിങ്ങിനെ
നിനവിൽ പുഷ്പ്പിക്കും ചെമ്പക പൂവിന്റെ
സൌന്ദര്യമോ സൌരഭ്യമോയെനിക്കറിയില്ല.

കാറ്റൊരു കുസൃതി ചൊല്ലി
തിര തൻ ചെവിയിൽ.
നിൻ തിരയൊടുങ്ങും നാളിൽ 
ഞാനൊരു നിഴലായി കാത്തിടാം 
നിൻ നുരയും പതയും..

കത്തുന്ന വെയിലിന്റെ കുത്തുന്ന 
നോവിനൊപ്പം ഉരുകുന്ന 
നിണ കണം നിറം മാറി 
ഉപ്പും പുളിയും ചെർന്നലിഞ്ഞു 
മണ്ണിൻറെ മാറിൽ ചേറിലലിഞ്ഞു 
വീണ്ടുമലിഞ്ഞു കാണാതെ പോയ്‌ .

ഇമ പൊയ്കയിൽ കളിവഞ്ചി കരക്കടു-
ത്തു  ഹിമ കണങ്ങൾ അലിയാനൊരുമ്പാതെ 
ഘനീഭവിച്ചങ്ങിനെ കിടന്നു..

തണുത്തു മരിച്ച സ്വപ്‌നങ്ങൾ 
മോക്ഷം കിട്ടാത്ത ദുർമെദസ്സുകളായി 
പറ്റിയൊരു മനസ്സ് തേടിയലഞ്ഞു.

പാതിവഴിയിൽ യാത്രയോടുക്കിയ 
വസന്ത രാവുകൾ പെയ്തൊഴിയാൻ 
പുതിയ ലോകം തേടിയലഞ്ഞു..

മന്ത്ര വാദികൾ കയ്യിൽ എലസ്സുമേന്തി 
ഭൂമിയുടെ പൊക്കിൾ കൊടി തേടിയോടി  
ശിരസ്സുയർതാതെ ഗർഭപാത്രത്തിലേക്ക് 
നുഴഞ്ഞു കയറി...

മർത്യനെ തിരിച്ചു വിളിക്കാനൊരുങ്ങിയ 
ദൈവം പിന്തിരിഞ്ഞു നടന്നു 
ഭൂമിയോട് മൊഴിഞ്ഞു , നീ കുറച്ചു കൂടെ  
അനുഭവിച്ചു തീർക്ക് .........

2014 ജൂൺ 2, തിങ്കളാഴ്‌ച

നിളാ പക്ഷിയുടെ സ്വപ്നകൂട്


                                     പണ്ട് പൂര പറമ്പുകളിൽ യന്ത്ര ഊഞ്ഞാലിൽ കയറി ആകാശത്തോളം പരന്നുയരുംപോഴാണ്  ഇങ്ങിനെയൊരവസ്ഥ. തീരെ ഭാരമില്ലാതെ ഒരു പഞ്ഞി കെട്ട് പോലെ പാറി നീങ്ങുന്ന ഒരനുഭവം. സീറ്റ് ബെൽട്ട് നന്നായി മുറുക്കിയിട്ടുണ്ടെങ്കിലും ഊർന്നു വീഴുന്നൊരു പ്രതീതി...
  നൈസാമിന്റെതു ആദ്യത്തെ വിമാന യാത്രയോന്നുമല്ല. കഴിഞ്ഞ പത്ത് കൊല്ലം കൊണ്ട്
നാലോ അഞ്ചോ തവണ നാട്ടിൽ വന്നു പോയിട്ടുണ്ട്. പക്ഷെ,അവനിപ്പോഴും  ആദ്യ യാത്ര പോലെയാണ്. ചെക്കിങ്ങ് കൌണ്ടെറിലും എമിഗ്രാഷനിലുമെല്ലാം  അകാരണമായ ഒരു ഭീതി ഇപ്പോഴും പ്രകടിപ്പിക്കും.
ഫ്ലൈറ്റിനകത്ത് കയറിയാലാകട്ടെ, കിളി വാതിലിനടുത്തു തന്നെ ഇരിക്കണം. ഇനി സീറ്റ് അവിടെയെല്ലെങ്കിൽ അടുത്തിരിക്കുന്ന ആളെ പറഞ്ഞു വശത്താക്കി കാര്യം സാധിപ്പിക്കും.
കൊച്ചു കുട്ടികളെ പോലെ പുറത്തെ കാഴ്ചകൾ നോക്കിയിരിക്കലാണ്  വിമാന യാത്രയിലെ പ്രധാന ഹോബി.
വിമാനം റണ്‍വേയിലൂടെ മൂവ് ചെയ്യുമ്പോഴും പറന്നുയരുംപോഴും അവൻ മറ്റൊന്നും ചിന്തിക്കാറില്ലത്രെ...
മഞ്ഞു പാളികൾക്കിടയിലൂടെ ശാന്തമായി വിമാനം ചലിച്ചു തുടങ്ങിയാൽ നൈസാമിന്റെ വിമാന യാത്രയുടെ പകുതി ആരവം അവസാനിച്ചു. ഇനി തിരിച്ചിറങ്ങുംപോഴാണ്‌ .
ബെൽറ്റ്‌ അഴിച്ചു വെച്ച് സ്വതന്ത്രരായികൊള്ളാനുള്ള സന്ദേശം കിട്ടിയതോടെ ഭക്ഷണം പോലും കാര്യമാക്കാതെ തന്റെ പതിവ് മയക്കത്തിലേക്കവൻ തല ചായ്ച്ചു കൊടുത്തു.
ഈ യാത്രയിലവൻ മനോഹരമായൊരു സ്വപ്നം കണ്ടു. ...തീരെ തുടർച്ചയില്ലാത്ത സ്വപ്നം, പക്ഷെ മുഖങ്ങളെല്ലാം വ്യക്തം..
ചിരിച്ചു കൊണ്ടോടി വരുന്ന ഓമനത്വം വിട്ടു മാറാത്ത നാല് വയസ്സുകാരി ചിന്നു എന്ന സന മോളും തൊട്ടു പിറകെ അവളുടെ ഉമ്മച്ചിയും..തന്റെ ഭാര്യയും മകളും..
ഒറ്റ ചാട്ടത്തിനു ചിന്നു തന്റെ മാറിലെക്കും പിന്നെ കഴുത്തിലേക്കുമെത്തി. കഴുത്തിൽ കയ്യിട്ടു കെട്ടി പിടിച്ചു ഒന്ന് രണ്ടു ആവർത്തി തന്റെ കവിളിൽ ഉമ്മ വെച്ചു. കയ്യിലുള്ള പത്തു മുപ്പതു കിലോ തൂക്കം വരുന്ന ലഗെജു്  തീർത്തും നിസ്സാരമായി കയ്യിലേന്തി വീട്ടിനകതേക്ക്  ഒറ്റയോട്ടം...
    ധൃതിയിൽ പെട്ടിയുടെ കയറുകൾ വലിച്ചഴിച്ചു കളിക്കോപ്പുകൾ വാരിയെടുത്തു അവനെ നോക്കി പുഞ്ചിരിച്ചു നിന്നു .....ആത്മ നിർവൃതിയുടെ പുഞ്ചിരി. വർഷങ്ങൾക്കു ശേഷം വാപ്പചിയെ വീണ്ടു കിട്ടിയ നിർവൃതി .
 ഇത് നിളയോരം..
   മലയാളത്തിൻറെ പ്രിയ കാഥികൻ എം ടി പലപ്പോഴായി മലയാളി മനസ്സിലേക്ക് അലകളുയർത്തി വിട്ട ഓളവും കാറ്റും സ്വന്തമായുള്ള നിളാ നദിയും ഓർമ്മകൾ തങ്ങി നിൽക്കുന്ന അതിന്റെ തീരവും.നിളയുടെ ഓരത്ത് പുതുതായി പണി കഴിപ്പിച്ച ഉദ്യാനത്തിലാണിപ്പോൾ നൈസാം..കൂട്ടിനവന്റെ മോളും പ്രിയതമയും..
   കാത് വട്ടം പിടിച്ചു വടക്കൻ പാട്ടിൻറെ സംഗീതം സാകൂതം ശ്രവിച്ച് ഇടയ്ക്കിടെ നിശ്ചലമാകുന്നുണ്ടയാൾ...പണ്ടെപ്പോഴോ ആരെല്ലാം പകുതി പാടി നിറുത്തിയ പാടിന്റെ തുടർ വരികൾ അങ്ങിനെ നിൽക്കുമ്പോൾ അയാൾ കേൾക്കാറണ്ടെത്രെ....
പുഴയോട് ചേർന്ന്  പണിതിരിക്കുന്ന വലിയ ഇരുമ്പു കമ്പിയിൽ തൂങ്ങിയാടി രസിക്കുകയാണ് ചിന്നു..
              ഉപ്പച്ചീ വാ..വാ.........ഞാനൊരു കൂട്ടം കാണിച്ചു തരാം...
   കാഴ്ച കാണാൻ ക്ഷണിക്കുകയാണ് ചിന്നു..മാറിൽ ചേർന്നിരിക്കുന്ന അവളുടെ ഉമ്മച്ചിയുടെ ശരീര ഭാരം ഒരു പൂവെടുത്ത്‌ വെക്കുന്ന ലാളനയോടെയെടുത്ത് മാറ്റി ചിന്നുവിന്റെയടുതേക്ക് നീങ്ങി........
                            എന്താ പൊന്നൂ..... ?
       ദാ ..അങ്ങോട്ടു നോക്ക്യാ ....
             
 മണൽ ആർത്തിയോടെ വലിച്ചു കുടിച്ചപ്പോഴും ബാക്കി വെച്ചിരിക്കുന്ന കുറച്ചൽപ്പം തെളിനീർ ഒരു ചെറിയ തടാകം കണക്കെ അങ്ങ് ദൂരെ.....ഇതൊരു പുഴയാണെത്രെ...ആയിരുന്നെത്രെ.....നിറഞ്ഞൊഴുകിയിരുന്ന, കാല വർഷങ്ങളിൽ ആർതലചിരുന്ന ഭാരത പ്പുഴയോട് ചേർന്ന നിളാ നദി..ഇപ്പോഴിതൊരു തരിശു ഭൂമി മാത്രം....വെള്ളം മുഴുവനായി മണൽ കുടിചിറക്കുമ്പോഴും ബാക്കിയായി നിൽക്കുന്ന പോയ്കയാണിപ്പോൾ ചിന്നുവിന്റെ കാഴ്ച വസ്തു...മൂന്നു കുട്ടികളുൾപ്പെടെ നാലഞ്ചു പേർ അവിടെ തിമർത്തുല്ലസിക്കുന്നുണ്ട് .
                    ഇക്കങ്ങുട് പൂവണം ....
                             ഇപ്പോഴോ?...
               ആ........ഇപ്പം തന്നെ................    മോളൂ...മഗ് രിബു  വാങ്ക് കൊടുക്കാനായി ..ഇനിയും നേരം വൈകിയാൽ ഉപ്പുപ്പ ചീത്ത പറയും....
       പൊയ്ക നോക്കി വിടർന്ന കണ്ണുകളിൽ  കണ്ണീരിന്റെ നനവ്‌ പടർന്നു.സായാഹ്ന സൂര്യൻറെ വിഷാദ ഭാവം പോലെ മോഹ ഭംഗയായവൾ ശബ്ദമില്ലാതെ തേങ്ങി.....
   നൈസാമിന്റെ മനസ്സലിയാൻ അത് ധാരാളമായിരുന്നു....
ചിന്നുവുമൊത്  ഓർമയിൽ തങ്ങി നിൽക്കുന്ന ഒരു സായാഹ്നം, കഥകളിരമ്പുന്ന നിളയുടെ തീരത്ത്....
                   കാഴ്ചയിലിപ്പോൾ അറബിക്കടൽ ...അലകളായി വന്നു പതിക്കുന്ന തിരകളിൽ വേവും നോവും വേണ്ടുവോളം..ഒരായിരം സ്വപ്നങ്ങളും മോഹഭംഗങ്ങളും മുറു മുറുപ്പെതുമില്ലാതെ ഏറ്റുവാങ്ങിയ കടലമ്മയുടെ മടിത്തട്ട് അതിന്റെ മക്കളുടെ ദുഖങ്ങൾ ഏറ്റു വാങ്ങാൻ ഇനിയും വിശലമാണ് .
ചിന്നു തിരമാലകൾക്കിടയിലൂടെ ചാടി മറിയുന്നുണ്ട്..വേവഥു പൂണ്ട അവളുടെ ഉമ്മച്ചി കടലിലേക്കിറങ്ങുമ്പോൾ അവൻ വിലക്കി...അവളൊരു അമ്മയുടെ മടിതട്ടിലാണിപ്പോൾ, പേടിക്കേണ്ട...
                         ഒരു വലിയ മല ...താഴ്‌വാരത്തിൽ അമ്മയുടെ  കണ്ണുനീർ തുള്ളി പോലെ കളങ്കമേശാത്ത തെളിനീർ അരുവിയായി ഒഴുകി.. ചിന്നുവും കൂടെ സമപ്രായക്കാരായ പിന്നെയും കുറെ കുരുന്നുകൾ...തലയിൽ മുല്ലപ്പൂ വെച്ച്  കയ്യിലും കാതിലും പൊന്നാഭരണമണിഞ്ഞു ഒരു മണവാട്ടി പോലെ ചിന്നു മോൾ...അവൾക്കു ചുറ്റും കൈ കൊട്ടി പാടി കുരുന്നു പട..പെട്ടന്നൊരു ഇടി വെട്ടി ...ചിന്നു ഓടി വന്നു അവനെ അണച്ചു പിടിച്ചു. കുഞ്ഞിളം ചുണ്ടിൽ ഭീതി നിറഞ്ഞ സങ്കടം...മുത്തിനെ മാറോടടുക്കി പിടിച്ചു ...നന്നായി ചേർത്ത് പിടിച്ചപ്പോൾ ആരോ ഉയരത്തിൽ നിന്നും താഴെക്കെടുത്തു എറിഞ്ഞ പോലെ ...ഞെട്ടിയുണർന്നപ്പോൾ മനസ്സിലായി വിമാനം റണ്‍വേയിൽ ഇറങ്ങിയതാണ് ...
             മനസ്സിൽ പറഞ്ഞറിയിക്കാനാവാത്തൊരു അനുഭൂതി...ചിന്നുവിന്റെയും അവളുടെ ഉമ്മചിയുടെയും സാമീപ്യം തരുന്ന സായൂജ്യം...മനസ്സ് തിടുക്കം കൂട്ടി, ഫ്ലൈറ്റിനു പുറത്തു കടക്കാൻ.കാത്തു നിൽക്കുന്ന ചിന്നുവിനെ കോരിയെടുത്തു കവിളിലോരായിരം മുത്തം നൽകാൻ ..കടക്കണ്ണ്  കൊണ്ട് അവളുടെ ഉമ്മച്ചിയുടെ നേർക്കൊരു നോട്ടമെറിയാൻ ..
         കൊട്ടിയടച്ച വിമാനത്തിന്റെ ഗുഹാ വാതിലിലൂടെ എയർ പോർട്ടിനകത്തു കടന്നതും നൈസാമിന്റെ തലയിൽ കൊള്ളിയാൻ മിന്നിയതും ഒരുമിച്ചായിരുന്നു...
               ഇത്  ദുബൈ എയർപോർട്ട്‌ ആണ് ...തന്നെ കാത്തു പുറത്തു ചിന്നു മോളും ഉമ്മച്ചിയും ഉണ്ടാകില്ല..മണിക്കൂറുകൾക്കു മുൻപ് നെടുമ്പാശേരിയിൽ നിന്നും ചിന്നുവിനെ കോരിയെടുത്തതും ആർത്തിയോടെ കുഞ്ഞു കവിളിൽ മുത്തം കൊടുത്തതും മോള് വാവിട്ടു കരഞ്ഞതും കണ്ണ്നീർ തുടച്ചു ചെകിംഗ്  കൌണ്ടറിലേക്ക് നീങ്ങിയതുമെല്ലാം  സ്വപ്ന ലഹരിയിൽ നൈസാം മറന്നിരുന്നു.....തന്റെ മുന്നിൽ ഇനി നീണ്ടു കിടക്കുന്ന പ്രവാസ ജീവിതമാണ്...ചിലപ്പോൾ  അത് രണ്ടു കൊല്ലം വരെ നീളാം...നൈസാമിറെ സ്വപ്‌നങ്ങൾ മരുഭൂമിയുടെ ഊഷരതയിൽ ആവിയായി ഉയർന്നു ..റൂം,മെസ്സ്, ഡ്യൂട്ടി,ഉറക്കം, ഫോണ്‍ വിളി....നൈസാം തന്റെ ജീവിതം വീണ്ടും പ്രവാസ ലോകത്തേക്ക് റീ കണക്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു..